തിരുവനന്തപുരം: മറ്റുള്ളവരുടെ അവകാശങ്ങൾക്കു വേണ്ടി പേന പടവാളാക്കുന്നവരാണു പത്രപ്രവർത്തകർ. മനുഷ്യാവകാശധ്വംസനമെവിടെക്കണ്ടാലും അരയും തലയും മുറുക്കി രംഗത്തുവരുന്നവർ. കേരളത്തിന്റെ അജൻഡ നിശ്ചയിക്കുന്നതു തങ്ങളാണെന്നു സ്വയം വീമ്പിളക്കുന്നവർ. സമൂഹത്തിലെ വരേണ്യവിഭാഗമാണു തങ്ങളെന്നു സ്വയം ധരിക്കുന്നവർ. എന്നാൽ പത്രമുതലാളി ആജ്്ഞാപിക്കുന്നതു നടപ്പിലാക്കാൻ വിധിക്കപ്പെട്ടവരാണു തങ്ങളെന്നു പത്രപ്രവർത്തകർക്ക് എപ്പോഴും ബോധ്യമുണ്ട്്, പുറത്തു പറയുന്നില്ലെന്നേയുള്ളൂ.

അതു വാർത്തകളുടെ കാര്യത്തിൽ. എന്നാൽ അതുവിട്ട,് പത്രപ്രവർത്തകരുടെ സ്വന്തം വ്യക്തിത്വവും അവകാശങ്ങളും നിഷേധിക്കുന്ന കാര്യമായാലോ? അടിമകളെപ്പോലെ പഞ്ചപുച്ഛമടക്കി നിന്ന് അനുസരിക്കേണ്ടി വരുന്ന അപഹാസ്യമായ അവസ്ഥയിലാകും അവർ. അത്തരമൊരു ദുർഗതിയിലാണ് കേരളത്തിലെ ഏറ്റവും പാരമ്പര്യവും സംസ്‌കാരവും അവകാശപ്പെടുന്ന മാതൃഭൂമിയിലെ പത്രപ്രവർത്തകർ. മുതലാളിമാരുടെ കൊള്ളരുതായ്മകൾ ചോദ്യം ചെയ്തതിനു മാതൃഭൂമി പത്രത്തിൽനിന്ന് പുറത്താക്കപ്പെട്ട ചീഫ് റിപ്പോർട്ടർ സി നാരായണൻ കേരള പത്രപ്രവർത്തക യൂണിയൻ തെരഞ്ഞെടുപ്പിൽ സംസ്്ഥാന ജനറൽ സെക്രട്ടറിയായി മത്സരിക്കുന്നുണ്ട്. 

നാരായണനെ പരാജയപ്പെടുത്താൻ സോഷ്യലിസ്റ്റ് നേതാവെന്ന് അവകാശപ്പെടുന്ന പത്രമുതലാളി വീരേന്ദ്രകുമാർ ആഞ്ഞുശ്രമിക്കുന്നുമുണ്ട്. സി നാരായണന് വോട്ടുചെയ്യുന്നവരെ പുറത്താക്കുമെന്ന അപ്രഖ്യാപിത ഭീഷണിയും മാതൃഭൂമി മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുണ്ട്. കെയുഡബ്ല്യൂജെയുടെ ജനറൽ സെക്രട്ടറിയായിരുന്നു എൻ പത്മനാഭന്റെ നേതൃത്വത്തിലേക്ക് നാരായണനെ പുറത്താക്കിയതിനെതിരെ മാതൃഭൂമിയിലേക്ക് മാർച്ച് സംഘടിപ്പിച്ചിരുന്നു. എന്നാൽ ഈ വിഷയത്തിൽ പത്മനാഭന്റെ ഇടപടെലുകളിൽ സംശയം ഉന്നയിച്ചാണ് നാരായണൻ മത്സരത്തിനിറങ്ങിയത്. ഈ സാഹചര്യത്തിൽ നാരായണനെ തോൽപ്പിക്കാൻ മാതൃഭൂമി മാനേജ്‌മെന്റ് ശ്രമിക്കുമ്പോൾ അത് വിജയിച്ചാൽ ജയിക്കുക സമരം നയിച്ചെന്ന് അവകാശപ്പെടുന്ന പത്മനാഭനാണ്.

തങ്ങളുടെ കൂടി അവകാശങ്ങൾക്കു വേണ്ടി നിലനിന്നതിനു പുറത്താക്കപ്പെട്ട നാരായണനെ വിജയിപ്പിക്കണമെന്നു മാതൃഭൂമിയിലെ ബഹുഭൂരിപക്ഷം പത്രപ്രവർത്തകരും ആഗ്രഹിക്കുന്നുമുണ്ട്. പക്ഷേ നാരായണൻ തോറ്റാലും ജയിച്ചാലും മുതലാളി തങ്ങളെ വെറുതേ വിടില്ലെന്നു ഭയന്നു ചൊവ്വാഴ്ച നടക്കുന്ന വോട്ടെടുപ്പിൽനിന്നു മാറിനിൽക്കാൻ മാതൃഭൂമിയിലെ പത്രപ്രവർത്തകർ തീരുമാനമെടുത്തു. വോട്ടെടുപ്പിൽ പങ്കെടുക്കരുതെന്നു നിർദ്ദേശിച്ചുകൊണ്ടു മാതൃഭൂമി സെല്ലിന്റെ ഇമെയിൽ സന്ദേശം എല്ലാവർക്കുമെത്തിക്കഴിഞ്ഞു. തിരുവായ്‌ക്കെതിർവായില്ലല്ലോ. നേരത്തെ യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നും മാതൃഭൂമിയിലെ ജീവനക്കാർക്ക് സർക്കുലർ നൽകിയിരുന്നു. അതനുസരിച്ച് ആരും മത്സരിക്കുന്നില്ല. ഇതിന്റെ ചുവട് പിടിച്ചാണ് വോട്ട് ചെയ്യരുതെന്നുള്ള സർക്കുലർ.

സി നാരായണൻ ജയിച്ചാൽ മാതൃഭൂമി ജേണലിസ്റ്റ് യൂണിയൻ നേതാക്കൾക്കെതിരെ നടപടിയെടുക്കാനാണത്രേ വീരേന്ദ്രകുമാറിന്റെ തീരുമാനം. ആർക്ക് വോട്ടുചെയ്താലും നാരായണന്റെ ജയം തങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുമെന്ന് മനസിലാക്കിയാണ് മാതൃഭൂമി ജേണലിസ്റ്റ് യൂണിയൻ നേതാക്കൾ തെരഞ്ഞെടുപ്പ്തന്നെ ബഹിഷ്‌കരിക്കാൻ നിർദ്ദേശിച്ചത്. ആരെങ്കിലും രഹസ്യമായി വോട്ടു ചെയ്യാനെത്തിയാലോ, അപ്പോൾ പത്രമുതലാളി അറിയും, പിന്നെ വോട്ടു ചെയ്യുന്നവനെ അഗർത്തലയിൽ നോക്കിയാൽ മതി. സി നാരായണൻ ജനറൽ സെക്രട്ടറിയായാൽ ഈ രണ്ടുവർഷം യൂണിയനുമായി സഹകരിക്കരുതെന്നും മാതൃഭൂമി ജീവനക്കാർക്ക് നിർദ്ദേശമുണ്ട്. അങ്ങയൊണെങ്കിൽ മാതൃഭൂമിയിലെ 200 ഓളം ജേണലിസ്റ്റുകളെ യൂണിയൻ പ്രാഥമികാംഗത്വത്തിൽനിന്നുതന്നെ പുറത്താക്കേണ്ടിവരുമെന്ന നിലപാടിലാണ് ഇപ്പോഴത്തെ ഭാരവാഹികൾ.

സി നാരായണന്റെ കാര്യത്തിൽ പത്രപ്രവർത്തക യൂണിയൻ ഇരട്ടത്താപ്പ് നയം സ്വീകരിച്ചുവെന്ന ആക്ഷേപവും മാതൃഭൂമി ജേണലിസ്റ്റ് യൂണിയൻ ഉന്നയിക്കുന്നുണ്ട്. നാരായണനെ പുറത്താക്കിയ ശേഷം യൂണിയൻ നടത്തിയ 'നിലനിൽപ്പ് സമരം' അഡ്ജസ്റ്റ്‌മെന്റ് ആയിരുന്നുവെന്നും പുറത്താക്കുന്നതിനു മുമ്പ് സമരം നടത്തിയിരുന്നെങ്കിൽ നാരായണന്റെ ജോലി സംരക്ഷിക്കാമായിരുന്നുവെന്നും മാതൃഭൂമിക്കാർ വിശ്വസിക്കുന്നു.
മജീദിയ വേജ്‌ബോർഡ് ശുപാർശ അനുസരിച്ച് ശമ്പളം നല്കണമെന്ന് ആവശ്യപ്പെട്ടു മാതൃഭൂമിയിൽ സമരം നടത്തിയതിനും പിന്നീട് നിസാരമായ എന്തോ അച്ചടക്കലംഘനത്തിന്റെ പേരിലുമാണ്് നാരായണനെ പുറത്താക്കിയത്. ഇവിടെ പത്മനാഭന്റെ നേതൃത്വത്തിൽ ഒത്തുകളിച്ചുവെന്നാണ് ആരോപണം.

അമൃതാ ടിവി, ടിവി ന്യൂ, ഇന്ത്യാവിഷൻ, ജീവൻ ടിവി എന്നി സ്ഥാപനങ്ങളിലെ പ്രശ്‌നം ഉടൻ പരിഹരിക്കാമെന്ന് പറഞ്ഞ് മാദ്ധ്യമ പ്രവർത്തകരെ വഞ്ചിച്ചെന്നും ആക്ഷേപമുണ്ട്. അമൃതാ ടിവി മാനേജ്്‌മെന്റിൽ നിന്ന് കാശു വാങ്ങിയാണ് ഒത്തുതീർപ്പുണ്ടാക്കിയതെന്നാണ് ആരോപണം. വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുമായി പ്രതിരോധ വകുപ്പിന്റെ കോഴ്‌സിന് പോയ അമൃതാ ടിവി ലേഖകന് ഇടനിലക്കാരനായി പ്രവർത്തിച്ചെന്നാണ് ആക്ഷേപം. വിവധ സ്ഥാപനങ്ങളിലെ തൊഴിൽ പ്രശ്‌നങ്ങളുയർത്തി നടത്തി നിൽപ്പ് സമരത്തിനായി തയ്യാറാക്കിയ ബ്രോഷറിൽ പോലും അമൃതാ ടിവിയിലെ തൊഴിൽ പ്രശ്‌നങ്ങൾ സൂചിപ്പിച്ചില്ല. ഇതു പോലെ മാതൃഭൂമി മാനേജ്‌മെന്റുമായും ഒത്തുകളിച്ചുവെന്നാണ് ആരോപണം.

മാതൃഭൂമിയിൽ വേജ് ബോർഡിനു വേണ്ടി അന്നു സമരം നടത്തിയ നിരവധിപേരെ എം പി വിരേന്ദ്ര കുമാർ രാജ്യത്തിന്റെ വിവിധകോണുകളിലേക്കു തെറിപ്പിക്കുകയായിരുന്നു. കേരളത്തിൽ മാത്രമായി ജോലി ചെയ്തു പരിശീലിച്ചവർ ഒറ്റപ്പെട്ട മേഖലകളിൽ പോയി ജോലി ചെയ്തുവരികയാണ്. അതോടെ വീരേന്ദ്ര കുമാറിനെതിരേ കമാന്നൊരക്ഷരം പറയാൻ ആദർശധീരന്മാരുടെ കൂട്ടായ്മയ്ക്കു സാധിച്ചിട്ടില്ല. തങ്ങൾക്കു വ്യക്തിപരമായി ചെറിയൊരു അസൗകര്യമുണ്ടാകുന്നതു പോലും പത്രപ്രവർത്തകർക്കു സഹിക്കാനാവില്ലാത്തതിനാൽ പത്രമുതലാളി പറയുന്നത് അപ്പടി വിഴുങ്ങാനേ നിവൃത്തിയുള്ളൂ. അതു പത്രമുതലാളിക്കുമറിയാം.

റിട്ടയർ ചെയ്യാറായി നിൽക്കുന്ന, ആദർശം പ്രസംഗിച്ചുനടന്ന നേതാക്കൾ പോലും മുതലാളിക്കെതിരേ ശബ്ദിക്കുന്നില്ല. സ്വന്തം കാര്യം വരുമ്പോളിങ്ങനെ കുന്തം വിഴുങ്ങിനിൽക്കുന്നവർ മറ്റുള്ളവരുടെ വാർത്തകളുടെ കാര്യത്തിലാണെങ്കിൽ ആദർശവും ആവേശവും പ്രസംഗിക്കും.