- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രൈസ്തവർ ജീവിക്കേണ്ടത് 10 കൽപനകളും അഞ്ച് പ്രമാണങ്ങളും അനുസരിച്ച്; അതിൽ അന്യമതത്തിൽനിന്ന് വിവാഹം കഴിക്കരുതെന്ന നിയമവും ഉൾപ്പെടുന്നു; പാലാ ബിഷപ്പ് പറഞ്ഞത് വിശ്വാസികളോടെന്ന് ആവർത്തിച്ച സീറോ മലബാർ സഭ വിവാദത്തിൽ പിന്നോട്ടില്ല; മുഖ്യമന്ത്രിയുടെ വാക്കുകളും തള്ളി 'നർകോ ജിഹാദിൽ' ഉറച്ചു നിൽക്കും
കൊച്ചി: പാലാ ബിഷപ്പ് ഉന്നയിച്ച നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ സീറോ മലബാർ സഭ ഉറച്ചു നിൽക്കുമെന്ന തെളിവാണ് ഇന്നലെ സഭ ഇറക്കിയ പ്രസ്താവന. മുഖ്യമന്ത്രി പിണറായി വിജയൻ കണക്കുകൾ നിരത്തി പാലാ ബിഷപ്പിന് മറുപടി നൽകിയെങ്കിലും സഭ തങ്ങളുടെ വാദത്തിൽ ഉറച്ചു നിൽക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്. വിശ്വാസികളോടായാണ് ബിഷപ്പ് സംസാരിച്ചത് അതുക1ാെണ്ട് പിന്നോട്ടില്ലെന്നാണ് സഭയുടെ നിലപാട്.
പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് കുർബാന മധ്യേ നടത്തിയ പ്രസംഗത്തിന്റെ പേരിൽ നടക്കുന്ന വിവാദം ദൗർഭാഗ്യകരമാണെന്നു സിറോ മലബാർ സഭ പബ്ലിക് അഫയേഴ്‌സ് കമ്മിഷൻ പ്രസ്താവിച്ചു. ഏതെങ്കിലും മതത്തെയോ മതവിശ്വാസത്തെയോ കുറ്റപ്പെടുത്തി അദ്ദേഹം സംസാരിച്ചിട്ടില്ലെന്നു പാലാ രൂപതാ കേന്ദ്രവും വ്യക്തമാക്കിയിട്ടുണ്ട്. 'നർകോ ജിഹാദ്' എന്ന വാക്ക് അഫ്ഗാനിസ്ഥാനിൽ നടത്തുന്ന മയക്കുമരുന്നു കച്ചവടവുമായി ബന്ധപ്പെടുത്തി യൂറോപ്യൻ ഫൗണ്ടേഷൻ ഫോർ സൗത്ത് ഏഷ്യൻ സ്റ്റഡീസിന്റെ 2017ലെ പ്രബന്ധത്തിൽ ഉപയോഗിച്ചിട്ടുള്ളതാണ്. ഇത് നാർക്കോ വിവാദത്തിൽ നിന്നും പിന്നോട്ടില്ലെന്ന വ്യക്തമായ സൂചനയാണ്.
മാർ ജോസഫിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ബോധപൂർവമായ പ്രചാരണം നടത്തുന്നവർ അതിൽ നിന്നു പിന്മാറണമെന്നു കമ്മിഷൻ അഭ്യർത്ഥിച്ചു. അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ സാഹചര്യവും ഉദ്ദേശ്യശുദ്ധിയും വ്യക്തമാണെന്നിരിക്കേ നടപടി സ്വീകരിക്കണമെന്ന മുറവിളി ആസൂത്രിതമാണ്. സമൂഹത്തിൽ നിലനിന്നുപോരുന്ന സാഹോദര്യവും സഹവർത്തിത്വവും നഷ്ടപ്പെടുത്താനേ ഇത്തരം നീക്കങ്ങൾ ഉപകരിക്കൂ. യാഥാർഥ്യമറിഞ്ഞിട്ടും പലവിധ സമ്മർദങ്ങൾക്കു വഴങ്ങി മാർ ജോസഫ് കല്ലറങ്ങാട്ടിനെ കുറ്റപ്പെടുത്താനുള്ള നീക്കം ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും കമ്മിഷൻ വ്യക്തമാക്കി.
കേരളത്തിന്റെ മതസൗഹാർദവും സാമുദായിക ഐക്യവും കാത്തുസൂക്ഷിക്കാനും പരിപോഷിപ്പിക്കാനും സിറോ മലബാർ സഭ പ്രതിജ്ഞാബദ്ധമാണ്. മതവിദ്വേഷവും സാമുദായിക സ്പർധയും വളർത്തുന്ന പ്രചാരണങ്ങളിൽനിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നു കമ്മിഷൻ അഭ്യർത്ഥിച്ചു. അതേസമയം, കേരള സമൂഹത്തിന്റെ നന്മയും സമാധാനവും ഇല്ലാതാക്കുന്ന സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചു ഫലപ്രദമായ അന്വേഷണം വേണം. ഇത്തരം തിന്മകൾക്കെതിരെയുള്ള സന്ധിയില്ലാസമരം തുടരുമെന്നും കമ്മിഷൻ അറിയിച്ചു.
കമ്മിഷൻ ചെയർമാൻ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷനായിരുന്നു. മാർ പോളി കണ്ണൂക്കാടൻ, മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, മാർ ജോസ് പുളിക്കൽ, മാർ ജോസഫ് പണ്ടാരശ്ശേരിൽ, മാർ തോമസ് തറയിൽ, കമ്മിഷൻ സെക്രട്ടറിമാർ തുടങ്ങിയവർ പ്രസംഗിച്ചു.
അതേസമയം പള്ളിക്കകത്ത് നടന്ന കാര്യങ്ങൾ രാഷ്ട്രീയക്കാർ ഏറ്റെടുക്കേണ്ടതില്ല. മതം മതത്തിന്റെ വഴിക്കും രാഷ്ട്രീയം രാഷ്ട്രീയത്തിന്റെ വഴിക്കും പോകണം. ഈ നിലപാട് വരും ദിവസങ്ങളിൽ പരസ്യമായി പ്രഖ്യാപിക്കുമെന്ന് പാലാ രൂപതയുമായി ബന്ധപ്പെട്ട ഉന്നതരും ആവർത്തിക്കുന്നു. സംസ്ഥാനത്തെ ക്രൈസ്തവരിൽ ബഹുഭൂരിപക്ഷവും റോമൻ കത്തോലിക്കരാണ്. പാലാ ബിഷപ്പിനെ എതിർത്ത സി.എസ്‌ഐ, മലങ്കര വിഭാഗങ്ങൾക്ക് അനുയായികൾ കുറവാണ്. ജനപിന്തുണയില്ലാത്തവരുടെ അഭിപ്രായം മുഖവിലയ്ക്ക് എടുക്കേണ്ടതില്ലെന്നും അവർ കരുതുന്നു. മതസൗഹാർദ സമ്മേളനങ്ങളിലൊന്നും സിറോ മലബാർ സഭയിൽപെട്ട പുരോഹിതർ ആരും പങ്കെടുത്തിരുന്നില്ല. 10 കൽപനകളും അഞ്ച് പ്രമാണങ്ങളും അനുസരിച്ചാണ് ക്രൈസ്തവർ ജീവിക്കേണ്ടത്.
അതിൽ അന്യമതത്തിൽനിന്ന് വിവാഹം കഴിക്കരുതെന്ന നിയമവും ഉൾപ്പെടുന്നുണ്ട്. ഈ കാര്യങ്ങൾ സഭാ വിശ്വാസികളിൽ പകർന്നുനൽകേണ്ട ഉത്തരവാദിത്തം ബിഷപ്പിനുണ്ട്. ഇത് നിർവഹിച്ചതാണ് ഇപ്പോൾ വിവാദമാക്കുന്നതെന്നാണ് പാലാ രൂപതയുടെ നിലപാട്. മറ്റ് ക്രൈസ്തവ സഭകളിൽനിന്നുപോലും വിവാഹ ബന്ധം നിഷിദ്ധമായ സഭപോലും കേരളത്തിലുണ്ടെന്നത് മറന്നാണ് വിവാദം ഉയർത്തുന്നത്.
വിവാദത്തിന്റെ തുടക്കത്തിൽ ബിഷപ്പിനെ ന്യായീകരിച്ച മുഖ്യമന്ത്രി പിന്നീട് മലക്കം മറിഞ്ഞതും രൂപതയെ ചൊടിപ്പിച്ചിട്ടുണ്ട്. ബിഷപ്പിന് പൂർണ പിന്തുണയുമായി വിശ്വാസികളും രംഗത്തുണ്ട്. വർഷങ്ങളായി പുരോഹിതർ ഉന്നയിക്കുന്ന വിഷയങ്ങൾ മാത്രമാണ് ബിഷപ് ആത്മീയ ഉപദേശത്തിലൂടെ നൽകിയതെന്ന് സിറോ മലബാർ അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി പറഞ്ഞു. ബിഷപ്പിനെ ശക്തമായി പിന്തുണക്കുകയാണെന്നും ഫോറം പ്രഖ്യാപിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ