ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ടൂറടിച്ച വകയിൽ സർക്കാർ നൽകാനുള്ളത് 35.94 കോടി രൂപ. സ്വീഡൻ, യുകെ, ജർമനി, റഷ്യ, ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂർ, ചൈന എന്നീ രാജ്യങ്ങളിലായി നടത്തിയ നാലു വിദേശ യാത്രകളുടെ പണമാണ് ഇനിയും ൽകാനുള്ളത്. ഇക്കഴിഞ്ഞ പ്രിൽ മുതൽ ജൂൺ വരെ നടത്തിയ വിമാന യാത്രയുടെ പണമാണ് കടമായി കിടക്കുന്നത്.

ഫണ്ടിന്റെ അപര്യാപ്തത മൂലമാണ് ഇനിയും ഈ പണം നൽകാത്തതെന്നാണ് കേന്ദ്രം രാജ്യസഭയിൽ വ്യക്തമാക്കിയിരിക്കുന്നത്. സ്വീഡൻ, യു.കെ, ജർമനി എന്നിവിടങ്ങളിലേക്ക് ഏപ്രിലിലാണ് യാത്ര നടത്തിയത്. മെയിൽ റഷ്യ സന്ദർശിച്ചു. മൂന്നാമത്തെ സന്ദർശനം ഇന്തോനേഷ്യ മലേഷ്യ സിംഗപ്പൂർ എന്നീ രാജ്യങ്ങളിലേക്കായിരുന്നു. ജൂണിൽ ചൈനയും സന്ദർശിച്ചു. ഇതിന്റെ പണമാണ് ഇനിയും നൽകാനുള്ളത്.

അടിക്കടിയുള്ള വിദേശ യാത്രകളുടെ പേരിൽ ഏറ്റവും കൂടുതൽ പഴികേട്ട പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. എന്നാൽ അദ്ദേഹത്തിന്റെ മുൻഗാമി ആയിരുന്ന മന്മോഹൻ സിങും വിദേശ യാത്രയുടെ കാര്യത്തിൽ അത്ര പിന്നിലായിരുന്നില്ല എന്ന് തന്നെയാണ് ഇപ്പോഴത്തെ വാർത്തകൾ സൂചിപ്പിക്കുന്നത്. അത് വിദേശ യാത്രയുടെ കാര്യത്തിലായാലും ചെലവിന്റെ കാര്യത്തിലായാലും അങ്ങനെ തന്നെ.

യുപിഎ സർക്കാരിന്റെ കാലത്ത് മന്മോഹൻസിങിനെ തേടി രണ്ടാംവട്ടം പ്രധാനമന്ത്രി പദം എത്തിയപ്പോൾ 38 വിദേശ യാത്രകളാണ് മന്മോഹൻ സിങ് നടത്തിയത്. 1,346 കോടിയാണ് മന്മോഹൻ സിങ് തന്റെ വിദേശ യാത്രകൾക്കായി ചെലവിട്ടത്. അതേസമയം നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി 48 വിദേശ യാത്രകളാണ് ഇതിനകം നടത്തിയത്. 2,021 കോടി രൂപയാണ് നരേന്ദ്ര മോദി ഇതിനായി ചിലവഴിച്ചത്.

വിമാനങ്ങളുടെ മെയിന്റനെൻസിനടക്കമാണ് ഇത്രയുംതുക ചെലവാക്കിയതെന്നും ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ട കണക്കിൽ പറയുന്നു. ഏറ്റവും കൂടുതൽ പണം ചെലവാക്കിയത് മോദിയുടെ വിദേശ യാത്രയ്ക്ക് തന്നെ. 2015ൽ മോദിയ നടത്തിയ ഒരു ടൂർ പ്രോഗ്രാമിനാണ് ഏറ്റവും കൂടുതൽ പണം ചെലവിട്ടത്.

ഫ്രാൻസ്, ജർമനി, കാനഡ എന്നിവിടങ്ങളിലേക്ക് നടത്തിയ ഒമ്പത് ദിവസത്തെ ടൂറിനാണ് കോടികൾ ചെലവാക്കിയത്. 2015ഏപ്രിൽ ഒമ്പതു മുതൽ 17 വരെയായിരുന്നു ഈ ടൂർ പ്രോഗ്രാം. മോദിയുടെ വിദേശ യാത്രയ്ക്ക് ചാർട്ടേഡ് ഫ്‌ളൈറ്റിന് മാത്രമായി 429.28 കോടി യാണ് ചെലവിട്ടത്. അതേസമയം മന്മോഹൻസിങ് ചാർട്ടേഡ് ഫ്‌ളൈറ്റുകൾക്കായി മാത്രം 493.22 കോടി രൂപ ചെലവിട്ടു.