നോയിഡ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹത്തിനു വഴിതെറ്റിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പൊലീസുകാർക്കു സസ്‌പെൻഷൻ. ക്രിസ്മസ് ദിനത്തിൽ ഡൽഹി മെട്രോയുടെ മജന്ത ലൈൻ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹനത്തിനു വഴിതെറ്റിയത്. ഇത് വൻ സുരക്ഷാ വീഴ്ചയായി വിലയിരുത്തുകയും ചെയ്തു.

ഇതേതുടർന്നാണ് സംഭവത്തിൽ അന്വേഷണം നടത്തി പൊലീസ് നേതൃത്വം രണ്ട് ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുത്തത്. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തെ നയിച്ച നോയിഡ പൊലീസിലെ ഉദ്യോഗസ്ഥർക്കെതിരേയാണു നടപടി. വാഹനവ്യൂഹത്തിലെ ആദ്യ വാഹനം ഓടിച്ചിരുന്നത് ഇവരായിരുന്നു.

നോയിഡയിലെ മഹാമയ ഫ്‌ളൈഓവറിനടുത്തുനിന്ന് ഇവർ തെറ്റായ വഴിയിലൂടെ നീങ്ങിയതിനെ തുടർന്നാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിനു പൂർണമായി വഴിതെറ്റിയ സാഹചര്യമുണ്ടായത്. ഇതേതുടർന്ന് വാഹനവ്യൂഹം കടന്നു പോകുന്ന വഴിയിലൂടെ പ്രധാനമന്ത്രിക്ക് ട്രാഫിക് ഉദ്യോഗസ്ഥർ വഴിയൊരുക്കുകയായിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡിജിപിയോടു കർശന നടപടി ആവശ്യപ്പെട്ടിരുന്നു.