ഗസ്റ്റ് 29-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിൽ കുറിക്കാൻ പോകുന്നത് ഒരു സർവകാല റെക്കോഡാണ്. ഒറ്റയടിക്ക് 9500-ലേറെ റോഡ് പദ്ധതികൾ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് മോദിയും രാജസ്ഥാൻ സർക്കാരും റെക്കോഡിടുന്നത്. ദേശീയ പാതകളും സംസ്ഥാന പാതകളും ഉൾപ്പെടെയുള്ള സുപ്രധാന പദ്ധതികളും ഇതിൽപ്പെടും. 27,000 കോടി രൂപയുടെ പദ്ധതികൾക്കാണ് തുടക്കം കുറിക്കുന്നത്.

ചില പദ്ധതികളുടെ ഉദ്ഘാടനത്തിനും ചിലതിന്റെ നിർമ്മാണപ്രവർത്തികൾക്ക് തുടക്കം കുറിക്കുന്നതിനുമാണ് പ്രധാനമന്ത്രി എത്തുന്നത്. കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയും മോദിയോടൊപ്പമുണ്ട്. ഉദ്ഘാടനം ചെയ്യപ്പെടുന്ന പദ്ധതികളിൽ 3000 കിലോമീറ്ററിലേറെ ദൈർഘ്യമുള്ള 109 എണ്ണം കേന്ദ്ര റോഡ് ഗതാഗത വകുപ്പിന്റെയും ദേശീയ പാതാ അഥോറിറ്റിയുടെയും സഹായത്തോടെയാണ് നിർമ്മിക്കുന്നത്.

ഹൈവേകളുടെ വീതികൂട്ടലും പുതിയ പാതകളുടെ നിർമ്മാണവും അതിലുൾപ്പെടും. ഇതിന് മാത്രം 15,000 കോടി രൂപയോളം വരും. നിർമ്മാണം പൂർത്തിയായ 11 ദേശീയപാതാ പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കോട്ടയിൽ ചംബൽ നദിക്ക് കുറുകെ നിർമ്മിക്ക ആറുവരിപ്പാലത്തിന്റെ ഉദ്ഘാടനവും ഇതിലുൾപ്പെടും.

പ്രധാനമന്ത്രി സഡക് യോജനയുടെയും രാജസ്ഥാൻ റോഡ് സെക്ടർ മോഡേണൈസേഷൻ പ്രോജക്ടിന്റെയും ഗ്രാമീൺ ഗൗരവ് പാത്തിന്റെയും ഭാഗമായാണ് ഭൂരിഭാഗം റോഡ് നിർമ്മാണങ്ങളും നടപ്പിലാക്കിയിട്ടുള്ളത്. 31 പദ്ധതികൾ ബിൽറ്റ്-ഓപ്പറേറ്റഡ്-ട്രാൻസ്ഫർ (ബി.ഒ.ടി) പദ്ധതി പ്രകാരമുള്ളതാണ്. പൊതു-സ്വകാര്യ മേഖലകളുടെ പങ്കാളിത്തത്തോടെ റോഡ് വികസനം നടപ്പിലാക്കുന്നതിൽ മുൻപന്തിയിലാണ് രാജസ്ഥാൻ.

ഉദ്ഘാടനത്തിനെത്തുന്ന മോദിയെ സ്വീകരിക്കാൻ വമ്പനൊരു റാലിയും ബിജെപി ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ചടങ്ങിന്റെ തത്സമയ സംപ്രേഷണത്തിനും സൗകര്യമൊരുക്കിയിട്ടുണ്ട്. റോഡുകൾക്ക് പുറമെ, ഭവന നിർമ്മാണ പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കുമെന്നും സൂചനയുണ്ട്.