ന്യൂഡൽഹി:ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങൾ ലംഘിച്ചുവെന്ന് പരാതി ലഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞു. പരാതി പരിശോധിച്ച് വരികയാണ് ചെയ്യുന്നത് എന്നും പരാതി പരിശോധിച്ച ശേഷം കൂടുതൽ വിവരങ്ങൾ മാധ്യമങ്ങളെ അറിയിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷണർ ഉമേഷ് സിൻഹ പറഞ്ഞു.

അതേസമയം, തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന പരാതിയിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ല. ഗുജറാത്തിൽ വോട്ടു ചെയ്ത ശേഷം റോഡ് ഷോ നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടും കമ്മിഷൻ കണ്ടില്ലെന്നു നടിച്ചതായി കോൺഗ്രസ് പരാതിപ്പെടുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തിരുന്നു.

വോട്ടെടുപ്പിന് 48 മണിക്കൂറിനുള്ളിൽ പരസ്യ പ്രചാരണം പാടില്ലെന്നിരിക്കെ സബർമതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ടു രേഖപ്പെടുത്തിയ ശേഷം പാർട്ടി പതാക വച്ച വാഹനത്തിൽ റോഡ് ഷോ നടത്തിയതിൽ കമ്മിഷൻ ഇടപെട്ടില്ലെന്നും പോളിങ് ബൂത്തിനു സമീപം ജനങ്ങൾ തിങ്ങിക്കൂടിയതും പെരുമാറ്റച്ചട്ട ലംഘനമാണെന്നും കോൺഗ്രസ് ആരോപിച്ചു.

തിരഞ്ഞെടുപ്പ് കമ്മിഷൻ ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങൾ മറക്കുകയാണെന്നും ഗുജറാത്തിൽ നരേന്ദ്ര മോദിയുടെ പെഴ്‌സണൽ സെക്രട്ടറിയായിരുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പ്രധാനമന്ത്രിയുടെ ഓഫീസ് നൽകുന്ന നിർദ്ദേശങ്ങൾ കേട്ടാണ് പ്രവർത്തിക്കുന്നതെന്നും കോൺഗ്രസ് നേതാവ് അശോക് ഗെലോട്ട് പറഞ്ഞു.