പീറ്റർമാരിറ്റ്‌സ്ബർഗ്(ദക്ഷിണാഫ്രിക്ക): വർണവിവേചനത്തിന്റെ കാഠിന്യം ഗാന്ധിജി നേരിട്ടറിഞ്ഞ ട്രെയിൻ യാത്രയുടെ സ്മരണപുതുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്രയാത്ര. കറുത്തനിറത്തിന്റെപേരിൽ ഗാന്ധിജിയെ ട്രെയിനിൽനിന്ന് പുറന്തള്ളിയ പീറ്റർമാരിറ്റ്‌സ്ബർഗ് റെയിൽവേ സ്‌റ്റേഷൻ മോദി സന്ദർശിച്ചു. ദക്ഷിണാഫ്രിക്കൻ സന്ദർശനത്തിന്റെ രണ്ടാംദിനമായ ഇന്നലെ പെൻട്രിച്ചിൽനിന്ന് 15 കിലോമീറ്റർ അകലെയുള്ള പീറ്റർമാരിറ്റ്‌സ്ബർഗിലേക്ക് ട്രെയിനിലാണ് മോദി എത്തിയത്.

എല്ലാം കൊണ്ട് ദക്ഷിണാഫ്രിക്കയിലേത് ചരിത്രയാത്രയായിരുന്നുവെന്ന് മോദിയുടെ വിശദീകരിച്ചു. 'ഏറെ തൃപ്തി നൽകുന്നതായിരുന്നു ദക്ഷിണാഫ്രിക്കൻ സന്ദർശനം. വ്യത്യസ്തമായ വിവിധ പരിപാടികളിൽ പങ്കെടുക്കാനും നിരവധിയാളുകളുമായി ഇടപെടാനും സാധിച്ചു. ഈ ദക്ഷിണാഫ്രിക്കൻ യാത്ര എനിക്കൊരു തീർത്ഥയാത്രയായിരുന്നു. മഹാത്മാ ഗാന്ധിയുമായി അടുത്ത ബന്ധമുള്ള നിരവധി സ്ഥലങ്ങൾ സന്ദർശിക്കാനുള്ള അവസരവും ലഭിച്ചു. മികച്ച സ്വീകരണവും മറ്റു സൗകര്യങ്ങളും ഒരുക്കിയ ദക്ഷിണാഫ്രിക്കൻ സർക്കാരിന് നന്ദി പറയുന്നു'-മോദി ട്വിറ്ററിൽ കുറിച്ചു. ഇന്ത്യ സാമ്പത്തികമായ മാറ്റത്തിന്റെ പാതയിലാണ്. ആഫ്രിക്കയുടെ പ്രധാനപ്പെട്ട സമ്പദ്!വ്യവസ്ഥകളിൽ ഒന്നാണ് ദക്ഷിണാഫ്രിക്കയുടേത്. നമ്മുടെ സാമ്പത്തിക ബന്ധങ്ങൾ ശക്തമാണെന്നും മോദി പറഞ്ഞു. ഡർബനിൽ ഹൈക്കമീഷണറും മേയറും ഒരുക്കിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ക്രിക്കറ്റ് ബന്ധത്തെയും മോദി സൂചിപ്പിച്ചു. ക്രിക്കറ്റിനോടുള്ള സ്‌നേഹവും വികാരവും സമൂഹത്തിൽ വളരെ ആഴത്തിലുള്ളതാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ക്രിക്കറ്റിന് പ്രധാനപ്പെട്ട പങ്കുണ്ടെന്നും മോദി പറഞ്ഞു. ദക്ഷിണാഫ്രിക്കയുടെ മനം കവർന്ന് മോദി ടാൻസാനിയയിൽ എത്തിക്കഴിഞ്ഞു. ആഫ്രിക്കൻ പര്യടനത്തിൽ മോദിയുടെ നയതന്ത്രനീക്കങ്ങൾ ലോക രാജ്യങ്ങൾ ഉറ്റുനോക്കുകയാണ്.

വർണവിവേചനത്തിനെതിരേ ഗാന്ധിജിയുടെ ആദ്യപ്രതിഷേധത്തിന്റെ സ്മരണപുതുക്കാനാണു മോദി പീറ്റർമാരിറ്റ്‌സ്ബർഗിലെത്തിയത്. റെയിൽവേ സ്‌റ്റേഷനിൽ ഗാന്ധിജിയെ തള്ളിയിട്ട സ്ഥലം പ്രധാനമന്ത്രി സന്ദർശിച്ചു. ഗാന്ധിയൻ സ്മരണകളുറങ്ങുന്ന ഫീനിക്‌സ് സെറ്റിൽമെന്റും അദ്ദേഹം സന്ദർശിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. 1893 ജൂൺ ഏഴിന് ഡർബനിൽനിന്നു പ്രിട്ടോറിയയിലേക്കുള്ള യാത്രയ്ക്കിടെയാണ് ദക്ഷിണാഫ്രിക്കയിലെ വർണവിവേചനത്തിന്റെ ശക്തി ഗാന്ധിജി അറിഞ്ഞത്. ഇത് തന്നെയായിരുന്നു മോഹൻദാസ് കരംചന്ദ് ഗാന്ധിയെ ഗാന്ധിജിയായി രൂപാന്തരപ്പെടുത്തിയതും. ഫസ്റ്റ് ക്ലാസ് ടിക്കറ്റിൽ യാത്ര ചെയ്തിരുന്ന ഗാന്ധിജിയോട് മൂന്നാം ക്ലാസ് കമ്പാർട്ട്‌മെന്റിലേക്കു പോകാൻ സഹയാത്രികനായ വെളുത്തവർഗക്കാരൻ ആവശ്യപ്പെട്ടു. തനിക്കു ഫസ്റ്റ് ക്ലാസ് ടിക്കറ്റുണ്ടെന്നും കമ്പാർട്ട്‌മെന്റ് മാറാൻ തയാറല്ലെന്നും വ്യക്തമാക്കിയ ഗാന്ധിജിയെ പീറ്റർമാരിറ്റ്‌സ്ബർഗ്് റെയിൽവേ സ്‌റ്റേഷനിൽവച്ച് വെളുത്തവർഗക്കാരൻ ട്രെയിനിൽനിന്നു തള്ളിപ്പുറത്താക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്കയിൽ പര്യടനംനടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പെന്റ് റിച്ച് സ്റ്റേഷനിൽനിന്നു പീറ്റർമാരിറ്റ്‌സ്ബർഗിലേക്കു യാത്രചെയ്തു. ട്രെയിനിന്റെ ഉൾവശം തടികൊണ്ടു നിർമ്മിച്ച്, നൂറ്റാണ്ടുമുൻപത്തെ കാലം പുനഃസൃഷ്ടിച്ചു. പീറ്റർമാരിറ്റ്‌സ്ബർഗിൽ ഗാന്ധിജിയെ പുറത്തെറിഞ്ഞ സ്ഥലത്തെത്തിയ മോദി മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞു. ഇതിനൊപ്പം പീറ്റർമാരിറ്റ്‌സ്ബർഗ് റെയിൽവേ സ്‌റ്റേഷനിൽ ഗാന്ധിജിയുടെ ജീവിതം വരച്ചുകാട്ടുന്ന പ്രദർശനം മോദി ഉദ്ഘാടനം ചെയ്തു. ഡർബനിൽ ഇന്ത്യൻ സമൂഹം ഒരുക്കിയ സ്വീകരണസമ്മേളനത്തിൽ അദ്ദേഹം പങ്കെടുത്തു.

ദ്വിദിന സന്ദർശനത്തിനായി ദക്ഷിണാഫ്രിക്കയിലെത്തിയ മോദി, പ്രസിഡന്റ് ജേക്കബ് സുമയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഗാന്ധി, നെൽസൺ മണ്ടേല സ്മാരകങ്ങൾ സന്ദർശിച്ച് പ്രധാനമന്ത്രി ആദരം അർപ്പിക്കുകയും ചെയ്തു.