- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിയുടെ ഭരണത്തിൽ ആർക്കൊക്കെയാണ് നല്ലകാലം വന്നത്? മതഭ്രാന്തന്മാരും കോർപ്പറേറ്റുകളും പൊട്ടിച്ചിരിക്കുമ്പോൾ ജനം കരയുന്നു! സൂക്ഷിക്കുക, ഒരു ഏകാധിപതി ജനിക്കുന്നത് ഇങ്ങനെയൊക്കെയാണ്
ശ്രീരാമപാദുകം മുന്നിൽവച്ച് രാജ്യം ഭരിക്കുന്ന കാലത്ത്, കാട്ടിൽപോയി ഭരതൻ ജ്യേഷ്ഠനെ കണ്ടഭാഗം വാത്മീകി രാമായണത്തിൽ വർണിക്കുന്നുണ്ട്. രാമന്റെ ആദ്യ ചോദ്യംതന്നെ 'നിന്റെ രാജ്യത്ത് ചാർവാകന്മാർക്ക് സുഖമാണോ' എന്നാണ്. രാജാവെന്നോ പുരോഹിതരെന്നോ ഭേദമില്ലാതെ തെറ്റുകളെ, അതിനിശിതമായി വിമർശിക്കുന്നവരാണ് ചാർവാകന്മാർ. വ്യവസ്ഥിതിയോടുള്ള നിരന്ത
ശ്രീരാമപാദുകം മുന്നിൽവച്ച് രാജ്യം ഭരിക്കുന്ന കാലത്ത്, കാട്ടിൽപോയി ഭരതൻ ജ്യേഷ്ഠനെ കണ്ടഭാഗം വാത്മീകി രാമായണത്തിൽ വർണിക്കുന്നുണ്ട്. രാമന്റെ ആദ്യ ചോദ്യംതന്നെ 'നിന്റെ രാജ്യത്ത് ചാർവാകന്മാർക്ക് സുഖമാണോ' എന്നാണ്. രാജാവെന്നോ പുരോഹിതരെന്നോ ഭേദമില്ലാതെ തെറ്റുകളെ, അതിനിശിതമായി വിമർശിക്കുന്നവരാണ് ചാർവാകന്മാർ. വ്യവസ്ഥിതിയോടുള്ള നിരന്തരമായ ഏറ്റുമുട്ടലാണ് ചാർവാക സംഹിതകൾ. അതുകൊണ്ടുതന്നെ ചാർവാകന്മാർ സുഖമായിരുക്കുന്ന രാജ്യത്ത് അഭിപ്രായസ്വാതന്ത്യം ഉണ്ടാവുമെന്നും അതുതന്നെയാണ് സദ്ഭരണത്തിന്റെ അടിസ്ഥാനതത്ത്വമെന്നുമാണ് വാത്മീകി ഇതിലൂടെ ഉദ്ദേശിച്ചത്.
എതാണ്ട് രാമരാജ്യം വാഗ്ദാനംചെയ്ത് അധികാരത്തിലേറിയ നരേന്ദ്ര മോദി ഭരണം ഒരു വർഷം പിന്നിടുമ്പോഴേക്കും ഭീതികാരണം നാട്ടിൽ ചാർവാകന്മാരില്ലാത്ത അവസ്ഥ വന്നിരിക്കുന്നു. എവിടെയും ഭയം നിലനിൽക്കുന്നു. ഒരു ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ, സമരങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ, കഥയോ നോവലോ എഴുതിയതിന്റെ പേരിൽ, (പരുമാൾ മുരുകന്റെ അനുഭവം ഓർക്കുക) എന്തിന് ബീഫ് കഴിച്ചാൽപോലും നിങ്ങൾ അറസ്റ്റുചെയ്യപ്പെടാം; അല്ലെങ്കിൽ ആക്രമിക്കപ്പെടാം! ചരിത്രത്തിലും ഭക്ഷണത്തിലും എന്നുവേണ്ട നമ്മുടെ ചിന്തയിൽപോലും വിഷം കലരുന്നു. ഒന്നുപറഞ്ഞ് രണ്ടാമത്തേതിന് അത്തരക്കാർ പാക്കിസ്ഥാനിൽ പോയ്‌ക്കോളൂവെന്ന് ആക്രോശം ഉയരുന്നു. എന്നിട്ടും നാം പറയുന്നു എല്ലാം ഭദ്രം.
നരേന്ദ്ര മോദി സർക്കാർ ഒരു വർഷം പിന്നിടുമ്പോൾ ഈ നാട്ടിലെ പാവപ്പെട്ടവന് എന്താണ് കിട്ടിയത്? ഒരുകൈയിൽ കോർപ്പറേറ്റുകളെയും മറുകൈയിൽ ജാതിഭ്രാന്തന്മാരെയും വച്ച് സർക്കസ് കളിക്കുന്ന ഒരു പ്രധാനമന്ത്രിയെയാണ് ദൗർഭാഗ്യവശാൽ നമുക്ക് കാണാൻ കഴിയുന്നത്.
എല്ലാം മന്മോഹന്റെ തുടർച്ച; മോദിയും കോർപ്പറേറ്റുകളുടെ തോഴൻ
തോണിക്കാരന്റെ കഥപോലെയാണ് നമ്മുടെ മുൻപ്രധാനമന്ത്രി മന്മോഹൻസിങ്ങിന്റെ കാര്യം. മന്മോഹൻ ഭരിച്ച് കുളമാക്കിയതുകൊണ്ട് ഏതൊരാൾ അധികാരത്തിൽ കയറിയിലും ഇതിനേക്കാൾ മെച്ചമായി ആദ്യഘട്ടത്തിൽ തോന്നും. ഒന്നിനുപിറകിൽ ഒരു ഡസനിലേറെ പൂജ്യങ്ങൾവരുന്നത്ര കോടികളുടെ അഴിമതി നടത്തി പൊതുമുതൽ കൊള്ളയടിച്ച മന്മോഹനും കൂട്ടരും നമ്മുടെ ഭരണയന്ത്രത്തെയും തകർത്തിട്ടിരിക്കയായിരുന്നു. അഴിമതിയും, ധൂർത്തും, കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥരിലും വ്യാപകമായി. പുതിയൊരാൾ വന്നപ്പോൾ ആ ഭരണയന്ത്രം അൽപ്പം മെച്ചപ്പെട്ടു.[BLURB#1-VR]പക്ഷേ തുടർന്നുണ്ടായ സംഭവങ്ങൾ നോക്കുക. ജനങ്ങളെ മറന്ന് കുത്തകകൾക്ക് പിന്നാലെപോയ മന്മോഹന്റെയും കോൺഗ്രസിന്റെയും അതേ പാതയിലാണ് മോദിയും. ജപ്പാനിൽ മോദിയോടൊപ്പം മാത്രമല്ല, നമ്മുടെ വിഴഞ്ഞത്തുപോലും അദാനി എത്തിക്കഴിഞ്ഞു. മോദിയുടെ തണലിൽ എത്രപെട്ടന്നായിരുന്നു ഇവരുടെയൊക്കെ വളർച്ച. അദാനിക്ക് മാത്രമല്ല, ടാറ്റക്കും, ബിർളയ്ക്കും, വോഡഫോണിനും, അമ്പാനി സഹോദരന്മാർക്കും ഒക്കെയുണ്ട് കോടികളുടെ നികുതി ഇളവും സഹായങ്ങളും. കോർപ്പറേറ്റ് ലോകം ഒറ്റക്കെട്ടായി മോദിക്കുപിന്നിൽ അണിനിരക്കുമ്പോൾ, 'സ്വദേശി ജാഗരൺ മഞ്ചു'ണ്ടാക്കിയ ആർ.എസ്.എസുകാരൊക്കെ അമ്പരന്ന് നിൽക്കയാണ്. മന്മോഹൻ കോർപ്പറേറ്റുകളെ വഴിവിട്ട് സഹായിച്ചെങ്കിൽ, മോദിക്കാലത്ത് അവർ അടുക്കളയിൽ കയറി നിരങ്ങുകയാണ്. അവർക്കായി നയങ്ങൾവരുന്നു, അവർക്കായി നിയമങ്ങൾ വരുന്നു. പുതിയ ഭൂമി ഏറ്റെടുക്കൽ ഓർഡിനൻസൊക്കെ വായിച്ചാൽ മന്മോഹൻ എത്ര നല്ലവനായിരുന്നെന്ന് നമുക്ക് തോന്നിപ്പോവും![BLURB#2-H] മറ്റൊരു പ്രധാനമന്ത്രിക്കും കിട്ടാത്ത ഭാഗ്യം കിട്ടയ വ്യക്തിയാണ് മോദി. പാർലിമെന്റിൽ നല്ല ഭൂരിപക്ഷം. അതുകൊണ്ടുതന്നെ ആരെയും പേടിക്കാതെ ധൈര്യമായി മുന്നോട്ട് നീങ്ങാം. ക്രൂഡ് ഓയിൽവില കുത്തനെ ഇടിഞ്ഞത് മോദിക്ക് കിട്ടിയ രണ്ടാമത്തെ ഭാഗ്യമായി. എന്നിട്ടും പെട്രോളിനും ഡീസലിനും വിലകുറച്ചോ. ദാരിദ്ര്യലഘൂകരണമല്ല മോദിയുടെ അജണ്ടയെന്ന് ഇതിൽനിന്ന് തന്നെ വ്യക്തമാണ്. അധികാരമേറ്റ അൽപ്പം കഴിയുന്നതിനുമുമ്പുതന്നെ റെയിൽവേ നിരക്കും കൂട്ടിയതോടെ കട്ട സംഘികൾപോലും 'പ്ലിങ്ങായി'.
നിയോ ലിബറൽ നയങ്ങൾ നടപ്പാക്കുന്നതിലും സാമ്പത്തിക ഉദാരവത്ക്കരണത്തിനും മോദിയും ജയറ്റിലിയും വേഗംകൂട്ടുമ്പോൾ, പറയുക, കോൺഗ്രസും ബിജെപിയും തമ്മിൽ എന്തുവ്യത്യാസമാണ് ഉണ്ടായിരുന്നത്. പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ ആധാർ കാർഡിനെ ശക്തമായി എതിർത്ത ബിജെപി ഭരണത്തിലത്തെിയപ്പോൾ അതുതന്നെ തുടർന്നത് നോക്കുക. ഓരോ നയപരമായകാര്യത്തിലും പഴയ സർക്കറിന്റെ തുടർച്ചയാണിത്. ഫലത്തിൽ ഇപ്പോൾ ചിരിക്കുന്നത് കോൺഗ്രസിനെ നാമാവശേഷമാക്കിയെന്ന പാപഭാരംപേറുന്ന മന്മോഹൻ സിങ്ങാണ്.
കള്ളപ്പണം വീതിച്ചെടുക്കൽ എവിടെയത്തെി; ഇതാ അഴിമതിയും തുടങ്ങി
വാക്കും പ്രവർത്തിയും തമ്മിലെ വൈരുദ്ധ്യത്തിന് ഉദാഹരണങ്ങൾ നിരത്തിയാൽ തീരില്ല. നൂറുദിവസംകൊണ്ട് സ്വസ്ബാങ്കിലെ കള്ളപ്പണം കണ്ടത്തി ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് തെരഞ്ഞെടുപ്പ് പ്രസംഗങ്ങളിൽ ആവർത്തിച്ചയാളാണ് മോദി. ഒരു ഘട്ടത്തിൽ ആവേശം കയറി, ഈ കള്ളപ്പണം വീതിച്ചെടുത്താൽ രാജ്യത്തെ ഓരോ പൗരന്റെയും ബാങ്ക് അക്കൗണ്ടിൽ ലക്ഷങ്ങൾ ഉണ്ടാവുമെന്നും പറഞ്ഞു. എന്നിട്ടെന്തായി. കള്ളപ്പണം അവിടെതന്നെ. കള്ളപ്പണം തടയുന്നതിനുള്ള നിയമം കൊണ്ടുവരാൻപറ്റിയെന്നത് നല്ലകാര്യം തന്നെ. പക്ഷേ ആ നിയമത്തെ എങ്ങനെ വളച്ചൊടിക്കുമെന്നും ദുർവാഖ്യാനംചെയ്യുമെന്നും കണ്ടറിയേണ്ടിയിരക്കുന്നു.[BLURB#3-VR] അഴിമതിരഹിതമാണ് തന്റെ മന്ത്രിസഭയെന്ന നരേന്ദ്ര മോദിയുടെ പ്രസ്താവന ഏതാണ്ട് ശരിയായിരുന്നു. യു.പി.എ സർക്കാറിനെപ്പോലെ രാജ്യം ഞെട്ടിയ കുംഭകോണങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല. പക്ഷേ ഇപ്പോഴിതാ, വിമാന അഴിമതിയുമായി നമ്മുടെ എ.കെ ആന്റണി ആദ്യ വെടിപൊട്ടിച്ചിരിക്കുന്നു. മുൻ പ്രതിരോധമന്ത്രികൂടിയാണെല്ലോ അദ്ദേഹം. വരും ദിനങ്ങളിൽ ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരുമെന്നാണ് അറിയുന്നത്. ദേശസ്‌നേഹികളായ ബിജെപിക്കാരുടെ കാലത്തെ ശവപ്പെട്ടി കുംഭകോണം ആരും മറന്നിട്ടുണ്ടാവില്ല.
മോദി ഇന്ത്യയുടെ അന്തസ് ഉയർത്തിയോ?
പ്രധാനമന്ത്രിമാർ വിദേശരാജ്യങ്ങൾ സന്ദർശിക്കുന്നത് സ്വാഭാവികമാണ്. നയതന്ത്രപരമായും, സാമ്പത്തികപരമായുമുള്ള പല സുപ്രധാന തീരുമാനങ്ങളും ഉണ്ടാവുക ഇത്തരം സന്ദർശനങ്ങളിലൂടെയാണ്. അതുകൊണ്ടുതന്നെ ഇതൊരു പാഴ്‌ചെലവായി കാണാൻ കഴിയില്ല. പക്ഷേ വിദേശത്ത് പെറ്റുകിടക്കുന്ന പ്രതീതിയുണ്ടാക്കുന്നത് ഒരു ഭരണത്തലവന് ഭൂഷണമാണോ. അതും ഇന്ത്യൻ പാർലിമെന്റ് സമ്മേളിക്കുമ്പോൾ. ഫേസ്‌ബുക്കിലൊക്കെ പിള്ളേരു കളിയാക്കി കൊല്ലുകയാണ്.
ഇനി ഈ വിദേശ പര്യടനങ്ങൾകൊണ്ട് കോടികളുടെ വിദേശ നിക്ഷേപം വന്നുവെന്നതും പൊള്ളയാണെന്ന് ആരോപണമുണ്ട്. വിദേശനിക്ഷേപമല്ല, നിക്ഷേപ സാധ്യതകളാണ് അത്. അതായത് ഏതെങ്കിലും ഒരു വിദേശകമ്പനി ഇന്ത്യയിലെ എന്തെങ്കിലും സാധ്യതകൾ ചോദിച്ചറിഞ്ഞാൽതന്നെ മോദിയുടെ പിആർഒ മാർ അത് സമർഥമായി കോടികളുടെ വിദേശ നിക്ഷേപമായി വ്യാഖ്യാനിക്കും. ഈ വ്യാഖ്യാനമല്ലാതെ നിക്ഷേപമെന്നും നടന്നിട്ടില്ലെന്ന്, ഇടഞ്ഞുനിൽക്കുന്ന ബിജെപി സഹയാത്രികൻ അരുൺഷൂരി രേഖകൾ സഹിതം ഈയിടെ എഴുതിയിരുന്നു. നമ്മുടെ കുഞ്ഞാലിക്കുട്ടി നടത്തിയ 'ജിമ്മിന്റെ'പേരിൽ എന്തെല്ലാം ബഡായികളായിരുന്നു. എന്നിട്ട് കേരളത്തിൽ എത്ര വിദേശ നിക്ഷേപം വന്നു. ഏതാണ്ട് അതുപോലൊക്കെ തന്നെയാണ് മോദിയുടെ യാത്രകളെന്നും ചുരുക്കം.
ഇനി നയതന്ത്രതലത്തിലെ എന്തെങ്കിലും പരിശ്രമംകൊണ്ട് ഇന്ത്യക്കാരുടെ അന്തസ് ഉയർന്നിട്ടുണ്ടോ. ഗൾഫ് രാജ്യങ്ങളിലൊക്കെ ഫിലിപ്പേനികളെയും, ഇന്തോനേഷ്യക്കാരെക്കാളും മോശമായ അവസ്ഥയിലാണ് ഇന്ത്യയും, പാക്കിസ്ഥാനുമൊക്കെ. ഈ കൊച്ചു രാജ്യങ്ങളുടെ എമ്പസികൾക്കുള്ള കഴിവുപോലും മഹത്തായ ഇന്ത്യൻ എമ്പസിക്കില്ല. പാസ്‌പോർട്ട് സ്‌പോൺസറുടെ കൈയിൽ കൊടുക്കാതെ അതാത് രാജ്യത്തിന്റെ എമ്പസികളിൽ സൂക്ഷിക്കുകയെന്ന ഈ രാജ്യങ്ങൾ നടപ്പാക്കിയ നയംപോലും ഇന്ത്യയ്ക്ക് ചെയ്യാൻ കഴിഞ്ഞെങ്കിൽ അവിടെ അടിമപ്പണിചെയ്യേണ്ടിവരുന്ന പാവങ്ങൾക്ക് എത്ര ആശ്വാസമാവുമായിരുന്നു.
ഇന്ത്യയുടെ കാൽക്കീഴിലെ കണ്ണുനീർത്തുള്ളിപോലെ ഭൂപടത്തിൽ കാണുന്ന രാജ്യമല്ലേ ശ്രീലങ്ക. ഈ രാജ്യത്തിന്റെ നേവി നമ്മുടെ രാമേശ്വരത്തെ എത്ര മത്സ്യത്തൊഴിലാളികളെ വെടിവച്ച് കൊന്നിട്ടുണ്ട്; ഇപ്പോഴും കൊല്ലുന്നുമുണ്ട്. കുളിച്ച് കുട്ടപ്പനായി സെൽഫിയെടുത്ത് നടക്കുന്ന മോദി ഒന്ന് ശക്തമായി പ്രതികരിച്ചിരുന്നെങ്കിൽ തമിഴ്‌നാട് മത്സ്യത്തൊഴിലാളികൾക്ക് എന്ത് ഉപകാരമായേനെ. രാഷ്ട്രത്തലവന്മാർക്ക് ഇതിനൊന്നും നേരമില്ലെങ്കിൽ പിന്നെ എങ്ങനെയാണ് ഇന്ത്യാക്കാരുടെ അന്തസ് ഉയരുന്നത്. ഇനി അന്തസ് ഉയർന്നില്ലെന്ന് മാത്രമല്ല, തലകുനിച്ച് നടക്കാനുള്ള വകുപ്പാണ് സംഘികളുടെ തണലിൽ ജീവിക്കുന്ന മതഭ്രാന്തന്മാർ ഉണ്ടാക്കിയെടുത്തത്.
മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഇല്ലാത്ത ഇന്ത്യ
ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യയിൽ മുമ്പ് സങ്കൽപ്പിക്കാൻപോലും പറ്റുമായിരുന്നോ ഇതുപോലൊരു കാമ്പയിൻ. 2015 ഡിസംബറിനകം 'മുസ്ലിങ്ങളും കൃസ്താനികളുമില്ലാത്ത ഒരു ഇന്ത്യ' എന്നതാണ് ധരം ജാഗരൻ സമിതി അദ്ധ്യക്ഷൻ രാജേശ്വർ സിംഗിന്റെ മുദ്രവാക്യം! സംഭവം വൻ വിവാദമായതോടെ ആർഎസ്എസ് ഇയാളെ തൽക്കാലത്തേയ്ക്ക് അടക്കിനിർത്തിയിരക്കയാണെന്ന് മാദ്ധ്യമ റിപ്പോർട്ടുകളുണ്ട്. ഇനി പ്രവീൺ തൊഗാഡിയയും, ഗിരിരാജ് സിങ്ങും, സാക്ഷിമഹാരാജാവും, നിരഞ്ജൻ ജ്യോതിയും, സ്വാധി പ്രാചിയും തൊട്ട് നമ്മുടെ ശശികല ടീച്ചവരെയുള്ളവർ നാക്കുകൊണ്ട് ന്യൂനപക്ഷങ്ങൾക്കെതിരെ ഉയർത്തിയ ചാട്ടുളികൾ ലോകത്തിനുമുന്നിൽ ഇന്ത്യയുടെ അന്തസ്സ് ഉയർത്തിയോ? രാഷ്ട്രപിതാവിനെ വെടിവച്ചുകൊന്ന നീചന് ക്ഷേത്രം പണിയണമെന്ന് ആവശ്യപ്പെടുന്ന ഏഭ്യന്മാരെ ലോകത്തിൽ എവിടെയെങ്കിലും കാണാൻ കഴിയുമോ. ചെറുതുംവലുതുമായ നിരവധി പള്ളികൾക്കുനേരെ ഉത്തരേന്ത്യയിൽ ആക്രമണം നടക്കുകയും, ഒടുവിൽ അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമതന്നെ ഇന്ത്യയിലെ വർധിച്ചുവരുന്ന മത അസഹ്ഷ്ണുതയെ ചൂണ്ടിക്കാട്ടിയപ്പോൾ ലോകത്തിനുമുമ്പിൽ ഇന്ത്യ ശരിക്കും തലയുയർത്തിയല്ലോ. ക്രിസ്ത്യൻ പാതരിമാരെ 'ഫാദർ' എന്ന് വിളിക്കാൻപോലും സംഘികൾ ഉത്തരേന്ത്യയിൽ പലേടത്തും അനുവദിക്കുന്നില്ല. ക്രിസ്തുമസ് ദിനം അവധിദിനം ആക്കിയതിനെയും അവർ എതിർക്കുന്നു.[BLURB#5-VR]3000 മുതൽ 8000 രൂപവരെ കൊടുത്ത് പാവങ്ങളെ 'ഘർവാപ്പസിയാക്കിയപ്പോൾ' രാജ്യത്തിന്റെ യശസ്സ് ഉയർന്നിരിക്കണം. (ഒരു നേരത്തെ ഭക്ഷണത്തിന് ഗതിയില്ലാത്തവന് എന്തു മതം) റിപ്പബ്ലിക്ക് ദിനത്തിൽ സർക്കാർ നൽകിയ പരസ്യത്തിൽ മതേതരം സോഷ്യലിസം എന്നീ വാക്കുകൾ ഒഴിവായതും വിവാദമായി. അപ്പോൾ ശിവസേന പറഞ്ഞത് ഓർക്കണം. ഈ രണ്ടു പദങ്ങളും ഭരണഘടനയിൽ നിന്ന് നീക്കം ചെയ്യണമെന്ന്!
ഈ ഘട്ടങ്ങളിലൊക്കെ വിദേശത്തുപോയി വീണവായിക്കുകയായിരുന്നു നമ്മുടെ മോദി. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ രക്ഷയ്‌ക്കെത്തേണ്ടത് ഇന്ത്യൻ പ്രധാനമന്ത്രിയല്ലാതെ മറ്റാരാണ്. എന്നിട്ടും ഈ വിഷങ്ങളെ നിയന്ത്രിച്ചും തള്ളിപ്പറഞ്ഞുമുള്ള ശക്തമായ ഒരു പ്രസ്താവനയെങ്കിലും മോദിയുടെ ഭാഗത്തു നിന്ന് ഉണ്ടായോ. ഗുജറാത്ത് കലാപക്കാലത്തെപോലെ, കുറ്റകരമായ മൗനം തുടരുകയല്ലേ അദ്ദേഹം ചെയ്തത്. ബീഫ് കഴിക്കണമെന്നുള്ളവർ പാക്കിസ്ഥാനിലേക്ക് പോകണമെന്ന് ബിജെപിയിലെ മുസ്ലിം മുഖമായ മുക്താർ അബ്ബാസ് നഖ്വി പറഞ്ഞത് ഈയിടെയാണ്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി! ഇന്ത്യയെന്നത് വെറും ഭ്രാന്തന്മാരുടെ നാടാണെന്ന പ്രതീതിയല്ലേ ഇതുമൂലം ഉണ്ടാവുക.
ഇനി ഒരു ശാസ്ത്രകോൺഗ്രസ് നടന്നതാണ് ഈ വട്ടിന്റെയൊക്കെ മൂർധന്യം കാണിച്ചുതന്നത്. നാളിതുവരെയുണ്ടായ ഏല്ലാ ശാസ്ത്രനേട്ടവും നമ്മുടെ പുരാണവും ഇതിഹാസവും അനുസരിച്ചാണത്രേ. പുഷ്പകവിമാനം തൊട്ട് സുദർശന ചക്രംവരെ ലോകശാസ്ത്ര കോൺഗ്രസിൽ വരുന്നു! ഹൈഡ്രജൻബോംബും, ജറ്റുവിമാനവും, സൂപ്പർ കമ്പ്യൂട്ടറുമൊക്കെ കണ്ടുപിടച്ചത് ഭാരത്തിലെ ഋഷികളാണുപോലും. ഇതുപോലെ ചരിത്രത്തെയും വിദ്യാഭ്യാസത്തെയും കാവിവത്ക്കരിക്കുന്നുണ്ട്.
ഒരു എകാധിപതി ജനിക്കുന്നു!
ഫാസിസം എന്നത് ജനാധിപത്യത്തിലൂടെ കടന്നുവരില്ലെന്ന അമിതമായ ആത്മവിശ്വാസം നമ്മുടെ ചരിത്രബോധത്തിന്റെ കുറവിനെയാണ് കാണിക്കുന്നത്. ഹിറ്റ്‌ലർ തന്നെ നല്ലൊരു ഉദാഹരണം. പതുക്കെപതുക്കെ നരേന്ദ്ര മോദിയും സ്വേച്ഛാധിപത്യത്തിന്റെ പാതയിലാണെന്ന് അദ്ദേഹത്തിന്റെ സമകാലീന നടപടികൾ തെളിയിക്കുന്നു. മോദി, അമിത് ഷാ, അരുൺ ജയറ്റ്‌ലി.... ഈ ത്രിമൂർത്തികളാണ് ഇന്ന് സർക്കാരിന്റെ കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത്. (കോൺഗ്രസിൽ ജനാധിപത്യം ഇല്ലെന്നും മന്മോഹൻസിങ്ങിനെ നോക്കുകുത്തിയാക്കി, മദാമ്മയും മകനും ഭരിക്കുന്നു എന്നായിരുന്നല്ലോ, നേരത്തെ ബിജെപിയുടെ പരാതി) ബാക്കിയുള്ളവരെല്ലാം വെറും ഏറാന്മൂളികൾ മാത്രമാണ്. കോൺഗ്രസിൽ മുമ്പുണ്ടായിരുന്ന ജനാധിപത്യവിരുദ്ധത ബിജെപിയിലേയ്ക്കും കടന്നിരിക്കുന്നെന്ന് ചുരുക്കം. സംഘപരിവാരത്തിന്റെ ബുദ്ധിജീവികളിൽ ഒരാളായ എഴുത്തുകാരനും മുൻകേന്ദ്രമന്ത്രിയുമായ അരുൺഷൂരി ഇക്കാര്യം തുറന്നുപറഞ്ഞു കഴിഞ്ഞു. രാംജത്മലാനിയും, എന്തിന് നമ്മുടെ സുബ്രമണ്യം സ്വാമിവരെ ഈ അഭിപ്രായക്കാരാണ്. പക്ഷേ എന്തുഫലം. ബിജെപിയെ മോദി പൂർണമായും കൈപ്പിടിയിൽ ഒതുക്കിക്കഴിഞ്ഞു. ആ തിരുവായ്ക്ക് ഇനി എതിർവാ ഉണ്ടാവില്ല. തെരഞ്ഞെടുപ്പിന് മുമ്പ് ഒരു ചായക്കടക്കാരന്റെ മകൻ എന്നും മറ്റുമുള്ള പ്രതിച്ഛായയായിരുന്നു മോദി ബോധപുർവം ഉയർത്തിവിട്ടതെങ്കിൽ ഇപ്പോഴത് കോർപ്പറേറ്റുകളുടെ തോഴനായ, ഒരുസഫാരിസ്യൂട്ട് ജന്റിൽമാന്റെ ഇമേജാണ്.
ഈ ആത്മരതിമൂലമുണ്ടാകുന്ന ക്രിമിനൽ സ്‌കീസോഫ്രീനിയയാണ്, അഞ്ചുപൈസയുള്ള വിറ്റാമിൻ ഗുളിക കിട്ടാത്തതിനാൽ പ്രതിവർഷം രണ്ടുലക്ഷത്തിലേറെ കുട്ടികൾ അന്ധരാവുന്ന, ആർത്തവസമയത്ത് പഴന്തുണി കിട്ടാത്തതിനാൽ മണ്ണുകഴുച്ച് ഉപയോഗിച്ച് യോനിയിൽ വ്രണങ്ങൾവന്ന് മരിക്കുന്ന വീട്ടമ്മമാരുള്ള, പുതപ്പില്ലാത്തതിനാൽ തണുപ്പുകൊണ്ടും, മേൽക്കൂരയില്ലാത്തതിനാൽ സൂര്യാതപം കൊണ്ടും നിരവധിപേർ മരിക്കുന്ന ഈ ഭാഗ്യംകെട്ട നാട്ടിൽ ലക്ഷങ്ങൾ വിലയുള്ള കോട്ടും, അതിൽ ആസകലം നരേന്ദ്ര ദാമോദർ ദാസ് മോദിയെന്ന പേര് ആലേഖനം ചെയ്യാനും നമ്മുടെ പ്രധാനമന്ത്രിയെ പ്രേരിപ്പിച്ചത്. മോദിക്കുവേണ്ടി ക്ഷേത്രം പണിയാൻപോലും അണികൾ ഉണ്ടായ നാടാണിത്. വന്നുവന്ന് താൻ മഹാവിഷ്ണുവിന്റെ അവതാരമാണോയെന്ന് അദ്ദേഹത്തിന് തോന്നിപ്പോവുന്നുണ്ടോ? എല്ലാവരും എന്നെ വണങ്ങണമെന്നും ഞാൻ എല്ലാറ്റിനും അതീതമാണ് എന്ന ചിന്തതന്നെ ഫാസിസ്റ്റുകളുടെ അടിസ്ഥാന ലക്ഷണമാണ്. ഏറ്റവും ഒടുവിലായി ഇതാ എല്ലാപൊതുമേഖലാ സ്ഥാപനങ്ങളിലും പ്രധാനമന്ത്രിയുടെ ഫോട്ടോവെക്കണമെന്ന ഉത്തരവ് എത്തിയിരിക്കയാണ്... ഹരഹരഹര മോദി![BLURB#4-VL] മോദി സർവശക്തനാണെന്ന ധാരണ ഡൽഹിയിലെ മാദ്ധ്യമ പ്രവർത്തകരിലൊക്കെ പടർന്നുകഴിഞ്ഞു. അതുകൊണ്ടുതന്നെ അദ്ദേഹത്തെ വിമർശിക്കാനും അവരിൽ പലർക്കും പേടിയാണ്. ഒരേസമയം ആരാധിക്കുമ്പോൾതന്നെ അവർ മോദിയെ ഭയക്കുകയും ചെയ്യുന്നു. ഒരു ഫേസ്‌ബുക്ക് പോസിറ്റിന്റെ പേരിൽപോലും നിങ്ങൾ കോടതി കയറേണ്ടകാലമാണിത്. എന്നിട്ടും സി.എൻ.എൻഐ.ബി.എൻ അടക്കമുള്ള മാദ്ധ്യമങ്ങൾ മോദിയെ വാഴ്‌ത്തുന്നു.
ഇതേ പ്രാപ്പഗൻഡ മാനേജ്‌മെന്റ് തന്നെയാണ് മോദി ഗുജറാത്തിലും നടത്തിയത്. പേടിപ്പിച്ച് നിർത്തേണ്ടവനെ പേടിപ്പിച്ചും ലാളിച്ചുനിർത്തേണ്ടവനെ അങ്ങനെയും മാനേജ്‌ചെയ്യാൻ അദ്ദേഹത്തിനറിയാം. ആ സംസ്ഥാനം ഒരുതവണ സന്ദർശിച്ചവർക്കറിയാം ഗുജറാത്ത് വികസനമെന്നപേരിൽ എത്രവലിയ നുണയാണ് ഇവർ അടിച്ചുവിടുന്നതെന്ന്. ഉത്തരേന്ത്യയിലെ മറ്റുസംസ്ഥാനങ്ങളേക്കാൾ അൽപ്പം മെച്ചമാണ് എന്നല്ലാതെ, കേരളവുമായൊക്കെ തട്ടിച്ചുനോക്കുമ്പോൾ എത്രയോ പിറികിലാണ് ഗുജറാത്ത് ഗ്രാമങ്ങൾ. വൻ കെട്ടിടങ്ങും വ്യവസായവുമൊക്കെ നഗരങ്ങളിൽമാത്രം. (അഹമ്മദബാദ് പോലുള്ള ഒരു പ്രമുഖ നഗരത്തിലും പകലന്തിയോളം പണിയെടുക്കുന്ന ഒരു തൊഴിലാളിക്ക് കിട്ടുക വെറും 110 രൂപയാണ്) ഗ്രാമങ്ങൾ പഴയപടി. എന്നിട്ടും അതൊക്കെ മൂടിവെയ്ക്കാനും ഗുജറാത്ത് വംശഹത്യയുടെ പാപഭാരത്തിൽനിന്ന് ശ്രദ്ധതിരക്കാനും മോദിക്ക് കഴിഞ്ഞു.
അതേ തന്ത്രംതന്നെ അദ്ദേഹം ഇന്ദ്രപ്രസ്ഥത്തിലും പറയറ്റുന്നു. പ്രത്യക്ഷത്തിൽ ഒരുകാര്യവും ഇല്ലെങ്കിലും എന്തൊക്കെയൊ സംഭവിപ്പിച്ചതായി തോന്നിപ്പിക്കാൻ സ്തുതിപാഠകരിലൂടെ കഴിയുന്നു. മറിച്ച് പറയാൻ ആർക്കും ധൈര്യവുമില്ല. ചാർവാകന്മാരുടെ കാലത്തുനിന്ന് നാം എത്ര പിറകോട്ടുപോയെന്ന് ഓർത്തുനോക്കുക!