ഡബ്ലിൻ: അമേരിക്കയിലേക്കുള്ള യാത്രയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അയർലൻഡിലെത്തി. എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ ഡബ്ലിൻ വിമാനത്താവളത്തിലെത്തിയ നരേന്ദ്ര മോദിയെ ഐറിഷ് മന്ത്രിസഭാംഗങ്ങളും ഇന്ത്യൻ അംബാസഡർ രാധിക ലാർലോകേഷും ചേർന്ന് സ്വീകരിച്ചു.

അറുപതു വർഷത്തിനിടെ അയർലൻഡ് സന്ദർശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. 1956ൽ ജവഹർ ലാൽ നെഹ്‌റുവാണ് അവസാനമായി അയർലൻഡ് സന്ദർശിച്ചത്.

ഐറിഷ് പ്രധാനമന്ത്രി എൻഡ കെന്നി ഒരുക്കുന്ന സ്വീകരണത്തിൽ മോദി പങ്കെടുക്കും. തുടർന്നു ഇരു രാജ്യങ്ങളും തമ്മിൽ വാണിജ്യ വ്യാപാര മേഖലയിൽ വിവിധ കരാറുകളിൽ ഒപ്പുവയ്ക്കും. ഉച്ചഭക്ഷണത്തിനുശേഷം ഇന്ത്യൻ സമൂഹവുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം അതിനുശേഷം അമേരിക്കയിലേക്ക് തിരിക്കും.

അയർലൻഡ് സന്ദർശനത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരാഴ്ചത്തെ വിദേശപര്യടനത്തിന്റെ തുടക്കം. ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭാ സുസ്ഥിര വികസന സമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി, യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തും.

പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം ഇതു രണ്ടാം തവണയാണ് മോദി യുഎസ് സന്ദർശിക്കുന്നത്. ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയുടെ 70-ാം വാർഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക സമ്മേളനത്തിലും ജി 4 രാജ്യങ്ങളുടെ ഉച്ചകോടിയിലും മോദി പങ്കെടുക്കും.