കൊച്ചി: കേരളത്തിൽ കൂടുതൽ ജനപിന്തുണ ആർജിക്കാനാവശ്യമായ നടപടികൾ സംസ്ഥാന ബിജെപി നേതൃത്വം സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പാർട്ടിയിലേക്ക് ആകർഷിക്കാൻ സാധിക്കണം. കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ പരമാവധി ജനങ്ങളിലേക്ക് എത്തിക്കണമെന്നും ബിജെപി കോർ കമ്മിറ്റി യോഗത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി.

അമ്പലമുകളിലെ പൊതുപരിപാടികൾക്കു ശേഷം വൈകിട്ടു നാലരയോടെയാണ് മോദി പാർട്ടി യോഗത്തിനെത്തിയത്. പൊതുപരിപാടിയുടെ വേദിയോടു ചേർന്നു പ്രത്യേകം സജ്ജമാക്കിയ സമ്മേളന ഹാളിലായിരുന്നു യോഗം. കേരളത്തിലെ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്താനാണ് കമ്മിറ്റി ചേർന്നത്.

സംസ്ഥാനത്ത് ജനപിന്തുണ ആർജ്ജിക്കാനുള്ള പൊതു നിർദ്ദേശങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപിയുടെ കോർ കമ്മിറ്റി യോഗത്തിൽ നൽകിയതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചു. തിരഞ്ഞെടുപ്പിലേക്ക് ഇറങ്ങുന്ന സമയത്ത് ഏതെല്ലാം തരത്തിലുള്ള പ്രവർത്തനങ്ങൾ സംഘടനാ തലത്തിൽ ഉണ്ടാകണമെന്നത് സംബന്ധിച്ചുള്ള നിർദ്ദേശങ്ങളാണ് പ്രധാനമന്ത്രി നൽകിയതെന്ന് കോർ കമ്മിറ്റി യോഗം കഴിഞ്ഞിറങ്ങിയ ബിജെപി നേതാക്കൾ പറഞ്ഞു.

കേരളത്തിലെ ബിജെപി സീറ്റുകളുടെ എണ്ണം ഒന്നിൽ നിന്ന് 71 ആക്കാനുള്ള പ്രവർത്തനങ്ങൾ ഉണ്ടാകണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചതായി ബിജെപി ദേശീയ നിർവാഹക സമിതിയംഗം പികെ കൃഷ്ണദാസ് പ്രതികരിച്ചു. കേരളത്തിലെ കാലിക രാഷ്ട്രീയ സാഹചര്യം ബിജെപി സംസ്ഥാന നേതൃത്വം പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംഘടനാപരമായി കേരളത്തിൽ പാർട്ടിയുടെ അടിത്തറ വിപുലമാക്കണമെന്നും അതിനാണ് പ്രാമുഖ്യം നൽകേണ്ടതെന്നും പ്രധാനമന്ത്രി സംസ്ഥാന നേതാക്കൾക്ക് നിർദ്ദേശം നൽകിയതെന്നും വിവരമുണ്ട്. എല്ലാ വിഭാഗങ്ങളെയും പാർട്ടിയിലേക്ക് കൊണ്ടുവരണമെന്നും അതിനുള്ള പരിശ്രമങ്ങൾ നേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതുണ്ട് എന്നും മോദി പറഞ്ഞതായാണ് സൂചന.

കേന്ദ്രത്തിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ഉത്തരവാദിത്തം ബിജെപി സംസ്ഥാന ഘടകത്തിനുണ്ടെന്നും പാർട്ടിയിലെ പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്ത കോർ കമ്മിറ്റി യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ദക്ഷിണേന്ത്യയിൽ കർണാടക ഒഴികെയുള്ള സംസ്ഥാനങ്ങളിൽ അധികാരം പിടിക്കാൻ ബിജെപിക്ക് സാധിച്ചിട്ടില്ല.

തദ്ദേശ തിരഞ്ഞെടുപ്പിലും മറ്റും നിർണായക വോട്ടുപങ്കാളിത്തം നേടിയതു നിയമസഭാ തിരഞ്ഞെടുപ്പിലെ നേട്ടത്തിലേക്കു മാറ്റാനുള്ള തീവ്രശ്രമത്തിലാണു ബിജെപി. അതിന് ഊർജം നൽകാൻ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിനു സാധിക്കുമെന്നാണു പാർട്ടി കരുതുന്നത്. കേരളത്തിലെ സംഘടനാച്ചുമതലയുള്ള സി.പി.രാധാകൃഷ്ണൻ കേരളത്തിലെ തിരഞ്ഞെടുപ്പുകാര്യ ചുമതലക്കാരൻ കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി, സഹ ചുമതലക്കാരനും കർണാടക ഉപമുഖ്യമന്ത്രിയുമായ സി.എൻ. അശ്വഥ്‌നാരായൺ, സംഘടനാ സഹ പ്രഭാരിയും കർണാടക എംഎൽഎയുമായ വി.സുനിൽകുമാർ എന്നിവരും യോഗത്തിനെത്തി.

സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാർ, കേന്ദ്രമന്ത്രി വി.മുരളീധരനും ഒ.രാജഗോപാൽ എംഎൽഎയും കുമ്മനം രാജശേഖരനുമടക്കമുള്ള മുൻ സംസ്ഥാന അധ്യക്ഷന്മാർ തുടങ്ങിയവരും കോർ കമ്മിറ്റി അംഗങ്ങളാണ്. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ ജാഥ തുടങ്ങും മുൻപു പ്രധാനമന്ത്രി തന്നെ പാർട്ടി പരിപാടിയിലെത്തുന്നത് തിരഞ്ഞെടുപ്പു തയ്യാറെടുപ്പിന് ഊർജമേകുമെന്ന പ്രതീക്ഷയിലാണു ബിജെപി.