ബെയ്ജിങ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്തി ചൈനീസ് മാദ്ധ്യമങ്ങൾക്ക് മതിതീരുന്നില്ല. മുൻ അമേരിക്കൻ പ്രിഡന്റ് റിച്ചാർഡ് നിക്‌സണിന്റെ നയതന്ത്ര ചാതുര്യത്തോടാണ് മോദിയുടെ മികവിനെ പ്രമുഖ ചൈനീസ് പത്രങ്ങൾ താരതമ്യം ചെയ്യുന്നത്. പ്രധാനപ്പെട്ട തർക്കങ്ങളിലെല്ലാം ചൈനയുമായി ഒത്തു തീർപ്പിലെത്താൻ മോദിക്ക് കഴിയുമെന്നാണ് വിലയിരുത്തൽ. എന്നാൽ അമേരിക്കയേയും ജപ്പാനേയും കൂട്ടുപിടിച്ച് ചൈനയെ മറികടക്കാമെന്ന വ്യാമോഹം വേണ്ടെന്ന മുന്നറിയിപ്പും ചൈനീസ് മാദ്ധ്യമങ്ങൾ മോദിക്ക് നൽകുന്നു.

തന്ത്രപരമായ ഉൾക്കാഴ്ചയുള്ള നേതാവാണ് മോദി. നിക്‌സണ് തുല്യനായ രാജ്യതന്ത്രജ്ഞനാണ് മോദി. പ്രായോഗികതയും പ്രധാന പ്രശ്‌നങ്ങളെ പരിഹരിക്കാനുള്ള ഇന്ത്യൻ പ്രധാനമന്ത്രിയുടെ മികവിനേയും ഗ്ലോബൽ ടൈംസ് പുകഴ്‌ത്തുന്നു. ഇന്ത്യയ്ക്കും ചൈനയ്ക്കുമിടിയിലെ എല്ലാ പൊതുവായ വികസന പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള കഴിവ് മോദിക്കുണ്ടെന്നാണ് അവരുടെ നിരീക്ഷണം. ചൈനീസ് സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പത്രമാണ് മോദിയെ പുകഴ്‌ത്തുന്നത്. മോദി ചൈനയിൽ എത്തുന്നതിന് മുമ്പ് വിമർശനാത്മക നിലപാടാണ് പത്രം സ്വീകരിച്ചത്. എന്നാൽ ചൈനയെ കൈയിലെടുത്തതോടെ കാര്യങ്ങൾ മാറി. വിമർശനങ്ങൾ പുകഴ്‌ത്തലുകൾക്ക് വഴിമാറി.

പ്രധാനമന്ത്രി ലി കെചിയാങുമൊത്തുള്ള ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സെൽഫി സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് ലോകമാദ്ധ്യമങ്ങളിലും ചർച്ചയ്ക്ക് വഴിതുറന്നത്. പുതിയ ലോകശക്തികളുടെ സമവാക്യമായാണ് യുഎസ് മാദ്ധ്യമങ്ങൾ സെൽഫിയെ വിശേഷിപ്പിച്ചത്. ബെയ്ജിങിലെ ടെംപിൾ ഓഫ് ഹെവൻ സന്ദർശിക്കുന്നതിടെയാണ് ക്ഷേത്രത്തിന്റെ കൽപടവുകളിൽ നിന്ന് നരേന്ദ്ര മോദി ലി കെചിയാങുമൊത്തുള്ള സെൽഫിയെടുത്തത്. കൈവശമുണ്ടായിരുന്ന സ്മാർട് ഫോൺ ഉപയോഗിച്ച് മോദിയാണ് ചിത്രം പകർത്തിയത്. മിനിറ്റുകൾക്കുള്ളിൽ െസൽഫി സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.

ലോകരാഷ്ട്രീയചരിത്രത്തിെല ഏറ്റവും ശക്തമായ സെൽഫിയാണോ മോദിയുടെത് എന്ന ചോദ്യം തലക്കെട്ടായി നൽകിയാണ് ദ് വാൾ സ്ട്രീറ്റ് ജേണൽ ഈ വാർത്ത നൽകിയത്. ഒരു ഫോട്ടോഗ്രഫറെ പോലും ഇടപെടുത്താതെ ലോകത്തിലെ മൂന്നിലൊന്ന് ജനസംഖ്യയെ മോദി ഫ്രെയിമിലാക്കിയെന്നും ദ് വാൾ സ്ട്രീറ്റ് ജേണൽ പറയുന്നു. ലോകസാമ്പത്തിക ശക്തികളുടെ സെൽഫിയെന്നായിരുന്നു ഫോബ്‌സ് മാഗസിൻ ചിത്രത്തെ വിശേഷിപ്പിച്ചത്.

ഇരുരാജ്യങ്ങളുടെയും ജിഡിപിയെ അടിസ്ഥാനമാക്കി ഒരുലക്ഷം കോടി അമേരിക്കൻ ഡോളറാണ് മോദിയുടെ സെൽഫി കാണിക്കുന്നതെന്നായിരുന്നു സിഎൻബിസിയുടെ വിശേഷണം.40 മിനിറ്റിൽ 9,21,000 റീട്വീറ്റുകളിലുടെ സെൽഫികളുടെ റെക്കോർഡ് കുറിച്ച ഓസ്‌കർ വേദിയെയും ഒബാമഡേവിഡ് കാമറൺ കൂടിക്കാഴ്ചയെയും കടത്തിവെട്ടി മോദിലി കെചിയാങ് സെൽഫി മുന്നേറി.