ന്യൂഡൽഹി: പാക് വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസിനെ സാക്ഷിയാക്കി പാക് പിന്തുണയുള്ള ഭീകരവാദപ്രവർത്തനങ്ങൾക്കെതിരെ ആഞ്ഞടിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. അഫ്ഗാനിസ്ഥാനിൽ സമാധാനം കൊണ്ടു വരേണ്ടത് മറ്റു രാജ്യങ്ങളുടെ കടമയാണെന്നു മോദി പറഞ്ഞു. ഭീകരവാദത്തിനെതിരെ എല്ലാ രാജ്യങ്ങളും കൈകോർക്കണമെന്നും മോദി ആവശ്യപ്പെട്ടു.

പഞ്ചാബിലെ അമൃതസറിൽ ഹാർട്ട് ഓഫ് ഏഷ്യ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. ഭീകരർക്കെതിരെ മാത്രമല്ല, ഭീകരവാദ പ്രവർത്തനങ്ങൾക്ക് സാമ്പത്തികമായും അല്ലാതെയും സഹായം നൽകുന്നവർക്കെതിരെയും കടുത്ത നടപടികൾ കൂടിയേ തീരൂവെന്നും മോദി അഭിപ്രായപ്പെട്ടു.

പാക് വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസും മോദിയുടെ പ്രസംഗത്തിനു സാക്ഷിയായി. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ പാക്കിസ്ഥാൻ വഹിക്കുന്ന പങ്കിനെ തുറന്നുകാട്ടുന്ന പ്രസംഗവുമായി അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗനിയും ചടങ്ങിന്റെ സംയുക്ത ഉദ്ഘാടനം നിർവഹിച്ചു.

അഫ്ഗാനിസ്ഥാന്റെ ഭൂപ്രകൃതിയേയും അവിടുത്തെ ജനങ്ങളെയും ഭീകരവാദത്തിന്റെ ഭീഷണികളിൽനിന്ന് സംരക്ഷിക്കുന്നതിനാകണം നാം മുൻഗണന നൽകേണ്ടതെന്നും മോദി ലോകരാജ്യങ്ങളെ ഓർമിപ്പിച്ചു. അഫ്ഗാനിസ്ഥാന്റെ വളർച്ചയിൽ താൽപര്യമുള്ള ആർക്കൊപ്പവും തോൾചേർന്ന് പ്രവർത്തിക്കാൻ ഇന്ത്യ സന്നദ്ധമാണെന്നും മോദി പറഞ്ഞു.