കൊതുകുകടി സഹിച്ച് പ്രാഥമികാവശ്യം പോലും നിർവഹിക്കാനാകാതെ റെയിൽവേസ്‌റ്റേഷനിലെ സിമന്റ് ബെഞ്ചിൽ കിടന്ന് ഒന്നുറങ്ങാൻ ശ്രമിച്ച് ഇച്ഛാഭംഗമുണ്ടായ അനുഭവം മിക്കവർക്കുമുണ്ടാകാം. എന്നാൽ അത്തരത്തിലുള്ള ഇന്ത്യയിലെ മിക്ക റെയിൽവേസ്റ്റേഷനുകളും സ്വപ്നസമാനമായി പരിഷ്‌ക്കരിക്കാനാണ് പ്രധാനമന്ത്രി മോദി പദ്ധതിയൊരുക്കുന്നത്. ഇത് യാഥാർത്ഥ്യമായാൽ റെയിൽവെസ്റ്റേഷനിൽ നിന്ന് എന്ത് സാധനവും അനായാസം വാങ്ങിക്കാൻ യാത്രക്കാർക്ക് വഴിയൊരുങ്ങും. അതിനായി അന്താരാഷ്ട്ര നിലവാരത്തിലുള്ള സൂപ്പർമാർക്കറ്റുകളാണ് സ്റ്റേഷനുകളിൽ ഒരുങ്ങുക. വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഉണ്ടാക്കുന്ന ട്രയിനിലെ വടയും സമൂസയും ചായയും കഴിച്ച് വിശപ്പടക്കേണ്ടുന്ന ഗതികേടും പുതിയ പരിഷ്‌കാരത്തിലൂടെ ഇല്ലാതാകുമെന്നാണ് കരുതുന്നത്. അതിന് വേണ്ടി ഉയർന്ന ഗ്രേഡിലുള്ള അത്യന്താധുനിക മൾട്ടികുസിൻ റസ്‌റ്റോറന്റുകളാണ് റെയിൽവേസ്‌റ്റേഷനുകളിൽ തയ്യാറാകുക.

ഇതിന് പുറമെ സൈബർ കാലഘട്ടത്തിന് യോജിച്ച രീതിയിൽ വൈഫൈ ലഭ്യമാക്കിക്കൊണ്ട് സ്റ്റേഷനുകളിലെ വെയിറ്റിങ് ലോഞ്ചുകൾ സ്മാർട്ടാക്കാനും പദ്ധതിയുണ്ട്. ഇത്തരം ലോഞ്ചുകൾ എയർകണ്ടീഷൻ ചെയ്യുകയും ചെയ്യും. ഇത്തരത്തിലുള്ള പരിഷ്‌കാരങ്ങളിലൂടെ റെയിൽവെസ്റ്റേഷനുകളെ വിമാനത്താവളങ്ങളോട് മത്സരിക്കാൻ പ്രാപ്തമാക്കുകയാണ് മോദി ചെയ്യുന്നത്. എന്നാൽ ഇവയെല്ലാം സ്വകാര്യവൽക്കരണത്തിലൂടെയാണ് യാഥാർത്ഥ്യമാക്കാനൊരുങ്ങുന്നതെന്നതാണ് എടുത്ത് പറയേണ്ടുന്ന വസ്തുത. സ്വകാര്യവൽക്കരണത്തിന്റെ കാര്യത്തിൽ മുൻ പ്രധാനമന്ത്രി മന്മോഹനെ കടത്തി വെട്ടാനാണ് മോദി മത്സരിക്കുന്നതെന്ന് ഇതിലൂടെ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ.്

റെയിൽവെ സ്‌റ്റേഷനുകളിൽ യാത്രക്കാർക്ക് ലഭ്യമാക്കുന്ന സേവനങ്ങൾ സ്വകാര്യവൽക്കരിക്കാൻ പദ്ധതിയിടുന്നതായി ഇന്നലെയാണ് പ്രധാനമന്ത്രി വെളിപ്പെടുത്തിയത്. മേഘാലയിലേക്കുള്ള ആദ്യ ട്രെയിനിന് പച്ചക്കൊടി കാണിക്കുന്ന വേളയിലാണ് ഇന്നലെ പ്രധാനമന്ത്രി ഈ നിർണായകമായ പദ്ധതിയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. റെയിൽവേ സൗകര്യങ്ങൾ ഇപ്പോഴും 100 വർഷങ്ങൾക്ക് പിന്നിലാണെന്നും റെയിൽവെ സ്‌റ്റേഷനുകൾ സ്വകാര്യവൽക്കരിച്ച് അവയെ നവീകരിക്കുമെന്നുമാണ് മോദി പറഞ്ഞത്. ഇതു സംബന്ധിച്ച പരിഷ്‌കാരങ്ങൾ തുടക്കത്തിൽ പത്തോ പന്ത്രണ്ടോ സ്ഥലങ്ങളിൽ നടപ്പിലാക്കുമെന്നും മോദി പറഞ്ഞു. പാവപ്പെട്ടവരാണ് റെയിൽവേ യാത്രാസൗകര്യം കൂടുതലായി പ്രയോജനപ്പെടുത്തുന്നതെന്നതിനാൽ റെയിൽവേ സ്റ്റേഷനകൾ വിമാനത്താവളങ്ങളേക്കാൾ മെച്ചപ്പെടുത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ആഢംബര ഹോട്ടലുകൾ, റസ്‌ററോറന്റുകൾ, മറ്റ് സൗകര്യങ്ങൾ എന്നിവ റെയിൽവേസ്‌റ്റേഷനിൽ സൃഷ്ടിക്കാൻ സ്വകാര്യകമ്പനികളെ അനുവദിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

റെയിൽവെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണെന്നും അതിനാൽ അതിനെ കാലോചിതമായി പരിഷ്‌കരിക്കേണ്ടതുണ്ടെന്നും മോദി പറഞ്ഞു. അതിനാൽ രാജ്യത്തുടനീളമുള്ള റെയിൽവേ സ്റ്റേഷനുകളെ സ്വകാര്യവൽക്കരിക്കാൻ സർക്കാർ പദ്ധതി തയ്യാറാക്കിയിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കേവലം ഒരു കോച്ച് കൂട്ടിച്ചേർത്തതു കൊണ്ടോ ഒരു സ്‌റ്റേഷൻ അപ്‌ഗ്രേഡ് ചെയ്തതുകൊണ്ടോ ഒന്നുമാവില്ലെന്നും രാജ്യമാകമാനം റെയിൽവേ രംഗത്ത് സത്വര വികസനമുണ്ടാകണമെന്നുമാണ് മോദി പറയുന്നത്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ എൻജിനാണ് റെയിൽവേയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വാതന്ത്ര്യം ലഭിച്ച് 70 വർഷത്തിന് ശേഷമാണ് മേഘാലയ ഇന്ത്യൻ റെയിൽവേ മാപ്പിൽ അടയാളപ്പെടുത്തപ്പെടുന്നത്. വാസ്തു ശാസ്ത്രപ്രകാരം ഇന്ത്യയുടെ വടക്ക് കിഴക്ക് ദിക്കിൽ അഥവാ ഈശാനകോണിലാണ് മേഘാലയ വരുന്നതെന്നും ഈ സ്ഥലത്തിന് പ്രാധാന്യമേറെയുണ്ടെന്നും മോദി പറഞ്ഞു. രാജ്യത്തിന്റെ ക്ഷേമത്തിന് ഈ മേഖലയെ പ്രത്യേകം പരിഗണിക്കേണ്ടതുണ്ടെന്നും മോദി പറഞ്ഞു. വടക്ക്കിഴക്ക് മേഖലയിലാണ് അഷ്ടലക്ഷ്മികൾ വാണരുളുന്നതെന്നും അതിനാൽ ഈ മേഖലയെ നന്നായി പരിപാലിച്ചാൽ മാത്രമെ രാജ്യത്തിന് അഭിവയോധികിയുണ്ടാകുകയുള്ളൂവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളിലുള്ളവർ വടക്ക് കിഴക്കൻ പ്രദേശത്തെ മികച്ച ടൂറിസം മേഖലയായാണ് കാണുന്നതെന്നും അതിനാൽ ഇവിടേക്കുള്ള യാത്രാസൗകര്യങ്ങൾ വികസിപ്പിക്കേണ്ടതാവശ്യമാണെന്നും മോദി പറഞ്ഞു.

റെയിൽവേയുടെ ആധുനികവൽക്കരണത്തിനായി സർക്കാർ 100 ശതമാനം എഫ്ഡിഐ അനുവദിച്ചതായും പ്രധാനമന്ത്രി വെളിപ്പെടുത്തി. റെയിൽ വെ സർവീസിന്റെ എല്ലാ തലങ്ങളും പഠിപ്പിക്കാനായി സർക്കാർ നാല് റെയിൽവേ യൂണിവേഴ്‌സിറ്റികൾ തുറക്കാൻ സർക്കാർ ആലോചിക്കുന്നതായും മോദി പറഞ്ഞു.

സ്വകാര്യകമ്പനികൾ റെയിൽവേ സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ മുതൽക്കൂട്ടാകുമെങ്കിലും സ്റ്റേഷന് ചുറ്റുമുള്ള നഗരത്തിലെ പ്രധാനപ്പെട്ട സ്‌പേസുകൾ അവർ ദുരുപയോഗം ചെയ്യാൻ സാധ്യതയേറെയാണെന്ന് റെയിൽവേയിലെ ഒരു മുതിർന്ന് ഉദ്യോഗസ്ഥൻ ആശങ്ക പ്രകടിപ്പിച്ചു. മോദി സർക്കാർ സുപ്രധാന മേഖലകളിലെല്ലാം സ്വകാര്യവൽക്കരണം കൊണ്ടു വരുന്ന പ്രവണത പ്രബലമാകുകയാണ്. എന്തിനേറെ പറയുന്നു രാജ്യത്തെ പ്രതിരോധ മേഖലയിൽ വരെ വിദേശനിക്ഷേപം കൊണ്ടുവരാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്ന് കാണാം.