ബംഗളൂരു: ചരിത്രങ്ങളെ വളച്ചൊടിച്ച് സമൂഹത്തെ ഭിന്നിപ്പിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്നു പ്രധാന മന്ത്രി നരേന്ദ്ര മോദി.
വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി സുൽത്താന്മാരുടെ ജയന്തി ആഘോഷിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാവപ്പെട്ട വിഭാഗങ്ങളിൽനിന്നുള്ളവർ ഉന്നതപദവിയിലെത്തുമ്പോൾ കോൺഗ്രസിന് അസ്വസ്ഥതയുണ്ടാകുകുന്നു. ദളിത് നേതാവ് രാംനാഥ് കോവിന്ദിനെ ബിജെപി. രാഷ്ട്രപതിയാക്കിയതിൽ കോൺഗ്രസ് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. അംബേദ്കറെ കോൺഗ്രസ് അംഗീകരിച്ചിരുന്നില്ല. എന്നാൽ കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് രാംനാഥ് കോവിന്ദിനെ രാഷ്ട്രപതിയാക്കുന്നതിൽ താൽപര്യമുണ്ടായിരുന്നില്ല. ദളിത് വിഭാഗങ്ങളെ മുന്നിൽനിർത്തി ജനങ്ങളെ കോൺഗ്രസ് തെറ്റിദ്ധരിപ്പിക്കുകയാണ്. സംസ്ഥാന സർക്കാർ ടിപ്പുജയന്തി ആഘോഷിച്ചതിനെ രൂക്ഷമായി വിമർശിച്ചാണ് നരേന്ദ്ര മോദി സംസാരിച്ചത്.

ടിപ്പുസുൽത്താൻ ജയന്തി ആഘോഷിക്കുന്നതിനായി കോൺഗ്രസ് ചരിത്രത്തെ വളച്ചൊടിക്കുകയായിരുന്നു. ആരുടെ ജയന്തിയാണ് ആഘോഷിക്കപ്പെടേണ്ടത്? ജയന്തി ആഘോഷിക്കുന്നത് പുതുതലമുറയിൽ മഹാത്മാക്കളുടെ ഓർമകൾ പുതുക്കുന്നതിനും പ്രചോദനം നൽകുന്നതിനുമാണ്. കർണാടകത്തിൽ നിന്നുള്ള ധീരവനിതകളെയും മഹാത്മാക്കളെയും കോൺഗ്രസ് മറന്നു. എന്നാൽ, വോട്ടുബാങ്ക് രാഷ്ട്രീയത്തിനായി സുൽത്താന്മാരുടെ ജയന്തി ആഘോഷിക്കുകയാണ് അവർ.

വീര മദ്ദാകരി, ഒനക ഒബവ്വ എന്നിവരെ മറക്കുകവഴി കർണാടകത്തിലെ ജനങ്ങളെയാണ് അപമാനിച്ചത്. കർണാടകത്തിൽനിന്നുള്ള വീരനായകരെ ജയിലിലാക്കിയവരുടെ ജയന്തിയാണ് സർക്കാർ ആഘോഷിക്കുന്നത്. കോൺഗ്രസ് ദളിത് വിഭാഗത്തിന്റെ താൽപര്യം അവഗണിക്കുകയും ഭരണഘടനാശിൽപി ഡോ. ബി.ആർ. അംബേദ്കറെ അപമാനിക്കുകയാണു ചെയ്തതെന്നും നരേന്ദ്ര മോദി കുറ്റപ്പെടുത്തി.

പ്രധാനമന്ത്രിയായിരുന്ന ജവാഹർലാൽ നെഹ്രുവിനെ ചോദ്യംചെയ്തതിനു മുൻ മുഖ്യമന്ത്രി എസ്. നിജലിംഗപ്പയെ കോൺഗ്രസ് തഴയുകയായിരുന്നു. മൈസൂരിൽനിന്നുള്ള നേതാവായ നിജലിംഗപ്പയ്ക്ക് കോൺഗ്രസിൽ നിന്നും അവഗണനയാണ് ലഭിച്ചത്. എന്നാൽ, ദളിത് പിന്നാക്ക വിഭാഗങ്ങളോട് എന്നും അനുകമ്പകാണിച്ച പാർട്ടിയാണ് ബിജെപി.യെന്നും നരേന്ദ്ര മോദി പറഞ്ഞു.