അഹമ്മദാബാദ്: ഗുജറാത്തിൽ ഇലക്ഷൻ അടുത്ത് വന്ന സാഹചര്യത്തിൽ എല്ലാ പാർട്ടികളും അവരവരുടെ ശക്തി തെളിയിക്കുവാനുള്ള ഓട്ടത്തിലാണ്, ബിജെപി പ്രധാന മന്ത്രിയെ മുന്നിൽ നിർത്തിയും കോൺഗ്രസ് രാഹുലിനെ മുന്നിൽ നിർത്തിയുമാണ് കരുക്കൾ നീക്കുന്നത്. നിരവധി പ്രസംഗങ്ങൾ കൊണ്ട് ആവേശം വിതറുകയാണ് ഇരുവരും ചെയ്യുന്നത്.

എന്നാൽ കഴിഞ്ഞ ദിവസം മോദിയുടെ പ്രസംഗത്തിനിടയിലെ മറ്റൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഒഴിഞ്ഞ കസേരകൾക്ക് മുമ്പിൽ നിന്നുകൊണ്ട് ഗുജറാത്ത് റാലിയിൽ സംസാരിക്കുന്ന പ്രധാനമന്ത്രിയുടെ അവസ്ഥയാണ് അത്. റാലിയിൽ മോദി സംസാരിക്കവേ സദസിലെ മിക്ക കസേരകളും ഒഴിഞ്ഞുകിടമ്പോൾ എബിപി ചാനലിലെ മാധ്യമപ്രവർത്തകനായ ജൈനേന്ദ്രകുമാറാണ് മോദിയുടെ പ്രസംഗത്തിലെ കാഴ്ചക്കാരെക്കുറിച്ച് ഒരു വീഡിയോ ട്വിറ്ററിൽ ഷെയർ ചെയ്തത്.

ഗുജറാത്തിൽ മോദി നയിക്കുന്ന റാലിയിൽ ആളെക്കൂട്ടാൻ പോലും കഴിയാത്ത ബിജെപി എങ്ങനെയാണ് അസംബ്ലിയിലെ 150 സീറ്റുകൾ തികയ്ക്കുകയെന്ന് ചോദിച്ചായിരുന്നു ജൈനേന്ദ്രകുമാർ പോസ്റ്റിട്ടത്. ബിജെപി തെരഞ്ഞെടുപ്പിൽ 150 സീറ്റുകൾ പിടിക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായ വിജയ് രൂപാണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു,അതിനെ ചോദ്യം ചെയ്താണ് ജൈനേന്ദ്രകുമാർ വീഡിയോ ഷെയർ ചെയ്തത്. മോദി സംസാരിക്കവേ വേദിയിൽ മിക്ക കസേരകളും ഒഴിഞ്ഞുകിടക്കുന്ന വീഡിയോ ട്വിറ്ററിൽ ഷെയർ ചെയ്തതിന് പിന്നാലെ വീഡിയോ വൈറലാവുകയായിരുന്നു.

 ഇതിന് മുമ്പ് ഗുജറാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത റാലിയിൽ ആളുകൾ ഇറങ്ങിപ്പോയിരുന്നു, ഏഴു ലക്ഷത്തോളം പേർ പങ്കെടുക്കുന്ന മെഗാ റാലിയായിരിക്കും അഹമ്മദാബാദിലേതെന്നു നേരത്തെ ബിജെപി നേതൃത്വം അവകാശപ്പെട്ടിരുന്നു. 

റാലിയിൽ അത്രയും ജനപങ്കാളിത്തം ഉണ്ടായില്ലെന്നു മാത്രമല്ല മോദി സംസാരിച്ചു കൊണ്ടിരിക്കെ ആളുകൾ വേദി വിട്ടുപോകുകയായിരുന്നെന്നും അന്ന് ജൻതാ കാ റിപ്പോർട്ട് ചെയ്തിരുന്നു. പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവേ മോദി പലപ്പോഴും തന്റെ സാമ്പത്തിക പരിഷ്‌കാരങ്ങളെയും ജിഎസ്ടി, നോട്ടുനിരോധനം തുടങ്ങിയവയേക്കുറിച്ചു സംസാരിച്ചിരുന്നു.

അതേ സമയം കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടേയും പട്ടേൽ സംവരണ നേതാവ് ഹർദിക് പട്ടേലിന്റേതും ജിഗ്നേഷ് മേവാനിയുടെയും റാലികളിൽ വൻ ജനാവലിയാണ് ഉള്ളത്, ഈ സമയത്ത് പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ ആളില്ലാത്തത് ബിജെപിക്ക് വലിയ തിരിച്ചടിയാണ് വരുത്തുന്നത്.