ണ്ടുവർഷത്തിനിടെ ഇത്രയേറെ തവണ അമേരിക്കയിൽ ഔദ്യോഗിക സന്ദർശനം നടത്തിയ രാഷ്ട്ര നേതാക്കളുണ്ടാവില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി നാലാം തവണയാണ് അമേരിക്കയിലെത്തുന്നത്. മൂന്നുദിവസത്തെ സന്ദർശനത്തിനായി എത്തിയിട്ടുള്ള മോദി ഇന്ത്യയും അമേരിക്കയുമായുള്ള ബന്ധത്തിൽ നിർണായക മുന്നേറ്റത്തിന് വഴിയൊരുക്കുമെന്നാണ് കരുതുന്നത്.

പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം യു.എൻ.സെഷനിൽ പങ്കെടുക്കുന്നതിനുവേണ്ടിയാണ് മോദി ആദ്യം അമേരിക്കയിലെത്തുന്നത്. തനിക്ക് വിസ നിഷേധിച്ചിരുന്ന അമേരിക്കയിൽനിന്ന് ഇങ്ങോട്ടുവന്ന് ക്ഷണിക്കുന്ന നിലയിലായിരുന്നു ഈ സന്ദർശനം. പിന്നീട് പ്രസിഡന്റ് ഒബാമയുമായി വൈറ്റ് ഹൗസിലെത്തി കൂടിക്കാണാൻ ഒരിക്കൽക്കൂടി പോയി. ഇക്കഴിഞ്ഞ ഏപ്രിലിൽ ആണവ സുരക്ഷാ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി വീണ്ടും അമേരിക്കയിൽ പോയി.

ഇന്ന് ഇരുരാജ്യങ്ങളുമായുള്ള ഉഭയകക്ഷി ചർച്ചയ്ക്കുശേഷം വൈറ്റ് ഹൗസ് ഒരുക്കുന്ന ഉച്ചഭക്ഷണത്തിലും മോദി സംബന്ധിക്കും. 2015-ലെ റിപ്പബ്ലിക് ദിനാഘോഷത്തിന് ഒബാമ എത്തിയതുൾപ്പെടെ ആറാം തവണയാണ് രണ്ടുവർഷത്തിനിടെ ഒബാമയും മോദിയും ചർച്ച നടത്തുന്നത്.

ഇത്തവണത്തെ സന്ദർശനത്തിനിടെ യു.എസ്. കോൺഗ്രസ്സിന്റെ സംയുക്ത സമ്മേളനത്തെയും മോദി അഭിസംബോധന ചെയ്യും. ഇതിനവസരം ലഭിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാകും മോദി. രാജീവ് ഗാന്ധി (1985), നരസിംഹ റാവു (1994), എ.ബി.വാജ്‌പേയി (2000), മൻ മോഹൻ സിങ് (2005) എന്നിവരാണ് ഇതിന് മുമ്പ് അമേരിക്കൻ കോൺഗ്രസ്സിൽ പ്രസംഗിച്ചിട്ടുള്ളവർ.

ഒബാമയുടെ ഭരണകാലയളവ് ഇനി ഏതാനും മാസങ്ങൾ കൂടി മാത്രമാണ് ശേഷിക്കുന്നത്. അമേരിക്കയിൽ പുതിയതായി അധികാരമേൽക്കുന്ന സർക്കാരുമായി ഇതേനിലയ്ക്കുള്ള അടുപ്പം സൃഷ്ടിക്കുകയെന്ന ലക്ഷ്യവും മോദിക്കുണ്ട്. നവംബറിലാണ് അമേരിക്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. ഡമോക്രാറ്റിക് പാർട്ടിയിലെയും റിപ്പബ്ലിക്കൻ പാർട്ടിയിലെയും നേതാക്കളെയും പ്രസിഡന്റ് സ്ഥാനത്തേയ്്ക് മത്സരരംഗത്തുള്ളവരെയും മോദി സന്ദർശിക്കും.

സൗത്ത് ചൈന കടലിലെ സാന്നിധ്യത്തെച്ചൊല്ലി അമേരിക്കയും ചൈനയും ഇടഞ്ഞുനിൽക്കുന്ന സമയത്താണ് മോദിയുടെ സന്ദർശനം എന്ന പ്രത്യേകതയുമുണ്ട്. അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് അടിയന്തിര സാഹചര്യത്തിൽ ഇന്ത്യൻ തുറമുഖങ്ങളിൽ അടുക്കുന്നതുൾപ്പെടെയുള്ള സൈനിക സഹകരണത്തിന്റെ പാതയിലാണ് ഇന്ത്യയും അമേരിക്കയുമിപ്പോൾ. ന്യൂക്ലിയർ സപ്ലയേഴ്‌സ് ഗ്രൂപ്പിൽ അംഗത്വത്തിന് ശ്രമിക്കുന്ന ഇന്ത്യയ്ക്ക് അമേരിക്കയുടെ പിന്തുണ ഉറപ്പാക്കേണ്ടതുണ്ട്. ഇതും മോദിയുടെ സന്ദർശന ലക്ഷ്യങ്ങളിലൊന്നാണ്.