രണാധികാരികളുടെ വ്യക്തിവിവരങ്ങൾ ചൈനയിൽ ഔദ്യോഗിക രഹസ്യങ്ങളാണ്. പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ പിറന്നാളടക്കമുള്ള കാര്യങ്ങൾ പുറത്തുപറയുന്നത് കുറ്റകരവും. എന്നാൽ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അവരുടെ കണക്കുകൂട്ടലൊക്കെ തെറ്റിച്ചത് ഒരൊറ്റ ട്വീറ്റിലൂടെയാണ്. ട്വിറ്ററിന് സമാനമായ ചൈനീസ് വെബ്‌സൈറ്റ് സിന വെയ്‌ബോയിൽ ജിൻപിങ്ങിന് പിറന്നാൾ ആശംസ നേർന്നതോടെയാണ് മോദി ചൈനയുടെ രഹസ്യച്ചരട് പൊട്ടിച്ചത്.

ചൈനയിലെ ഇന്റർനെറ്റ് ഉപയോക്താക്കൾക്കാകെ അമ്പരപ്പുണ്ടാക്കിയ ട്വീറ്റായിരുന്നു മോദിയുടേത്. അറിയാമെങ്കിലും അറിയില്ലെന്ന് അവർ നടിച്ചിരുന്ന കാര്യം ഇന്ത്യൻ പ്രധാനമന്ത്രി വെളിപ്പെടുത്തിയത് സഹിക്കാവുന്നതിനും അപ്പുറത്തായിരുന്നു. ഷി ജിൻപിങ്ങിന്റെ പിറന്നാൾ ദിനത്തിൽ, ഞാൻ അദ്ദേഹത്തെ അനുമോദിക്കുന്നു. നൂറുവയസ്സുവരെ ആരോഗ്യത്തോടെ ജീവിക്കാൻ അദ്ദേഹത്തിനാവട്ടെ എന്നും ആശംസിക്കുന്നു-ഇതായിരുന്നു മോദിയുടെ ട്വീറ്റ്.

മന്ദാരിൻ ഭാഷയിലാണ് മോദി ട്വീറ്റ് ചെയ്തത്. ഏതാനും ദിവസം മുമ്പ് താനും ജിൻപിങ്ങും ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ കണ്ടിരുന്നുവെന്നും ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടുന്നതിന് സഹായിക്കുന്ന ചർച്ചകളിൽ ഏർപ്പെട്ടുവെന്നും മോദി ട്വീറ്റ് ചെയ്തു. എന്നാൽ, മോദിയുടെ ട്വീറ്റ് എല്ലാവരും കണ്ടെങ്കിലും അതിന് ലൈ്ക്ക് ചെയ്യാനും കമന്റ് ചെയ്യാനും അധികം പേർ തയ്യാറായില്ലെന്നതാണ് സത്യം.

800-ഓളം പേരാണ് ട്വീറ്റ് ലൈക്ക് ചെയ്തത്. 2000-ഓളം പേർ ട്വീറ്റിനടിയിൽ കമന്റ് ചെയ്തു. ചൈനയിൽ സിന വെയ്‌ബോ സർക്കാരിന്റെ സൂക്ഷ്മ നിരീക്ഷണത്തിലായതുകൊണ്ടാണ് അധികം പേരും ആ വഴിക്ക് തിരിയാതിരുന്നതെന്നാണ് സൂചന. സെൻസറിങ് ശക്തമായ ചൈനയിൽ നേതാക്കളുടെ വ്യക്തിവിവരങ്ങൾ പങ്കുവെക്കുന്നത് കുറ്റകരമാണ്. പിറന്നാൾ ദിനങ്ങളും കുടുംബാംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പങ്കുവെക്കാൻ പാടില്ല.

നേതാക്കളുടെ വ്യക്തിവിവരങ്ങൾ പങ്കുവെക്കുന്നതിന് കർശന നിയന്ത്രണമേർപ്പെടുത്താൻ കാരണം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉറച്ച ചില തീരുമാനങ്ങളാണ്. മാവോയെപ്പോലൊരു നേതാവ് ഇനിയുണ്ടാകരുതെന്ന നിലപാടാണ് അതിന് പിന്നിൽ. വ്യക്തിവിവരങ്ങൾ പങ്കുവെക്കപ്പെടുന്നത് വ്യക്തിയാരാധനയ്ക്ക് വഴിയൊരുക്കുമെന്നും പാർട്ടി കരുതുന്നു. അതൊഴിവാക്കാനാണ് പിറന്നാളടക്കമുള്ള കാര്യങ്ങൾ മറച്ചുവെക്കപ്പെടുന്നത്.