യെമനാഷി : ജപ്പാനുമായി സുരക്ഷാ- സാമ്പത്തിക സഹകരണം ഇന്ത്യ ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിദിന ജപ്പാൻ സന്ദർശനത്തിന് മികച്ച തുടക്കം. ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുമായി അനൗദ്യോഗിക ചർച്ചയ്ക്ക് പിന്നാലെ റോബോട്ട് ഫാക്ടറിയും മോദി സന്ദർശിച്ചു.

വ്യാവസായിക ആവശ്യങ്ങൾക്കായി റോബോട്ടുകളെ നിർമ്മിക്കുന്നതാണ് ഈ ഫാക്ടറി. ഇരുവരും എട്ട് മണിക്കൂറാണ് ഒരുമിച്ച് ചെലവഴിച്ചത്. ഇന്ത്യയും ജപ്പാനും തമ്മിലുള്ള 13ാമത് വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് മോദി ശനിയാഴ്‌ച്ച ജപ്പാനിലെത്തിയത്. സുരക്ഷാ-സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുക എന്നതാണ് ഉച്ചകോടിയുടെ മുഖ്യ അജൻഡ.

മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ അടക്കമുള്ള വികസനപദ്ധതികളും ചർച്ചയാകും. ബിസിനസ് പ്രമുഖരുമായുള്ള കൂടിക്കാഴ്ചകൾക്കു പുറമേ ടോക്കിയോയിലെ ഇന്ത്യൻ സമൂഹത്തോടും മോദി സംസാരിക്കും.താൻ എക്കാലവും ഇന്ത്യയുടെ സുഹൃത്തായി തുടരുമെന്നും നരേന്ദ്ര മോദി താൻ ഏറ്റവും വിലമതിക്കുന്ന നേതാക്കളിലൊരാളാണെന്നും ആബെ പറഞ്ഞു.

രാജസ്ഥാനിലെ തനതുശിലകളിൽനിന്നു നിർമ്മിച്ച 2 കരകൗശല പാത്രങ്ങളും ജോധ്പുരി അലങ്കാര ചെപ്പും യുപിയിൽ നെയ്‌തെടുത്ത പരവതാനികളും ജപ്പാൻ പ്രധാനമന്ത്രിക്ക് മോദി സമ്മാനിച്ചു. ഷിൻസോ ആബെക്കായി പ്രത്യേകം നിർമ്മിച്ചതായിരുന്നു ഇവ.

ടോക്കിയോക്കു പടിഞ്ഞാറ് ഫുജി പർവതത്തിനു സമീപം യെമനാഷിയിലെ റോബട് നിർമ്മാണകേന്ദ്രമായ ഫാനുക് കോർപറേഷൻ സന്ദർശിച്ച മോദി പ്രവർത്തനം നടന്നുകണ്ടു. യെമനാഷിയിൽ പ്രത്യേക വിരുന്നിനുശേഷം ട്രെയിൻ മാർഗം ഇരുനേതാക്കളും ടോക്കിയോയ്ക്കു മടങ്ങി.

പ്രധാനമന്ത്രിയുടെ സ്വകാര്യ വസതിയിൽ മോദിക്കു വിരുന്നുനൽകി. ഇതാദ്യമാണ് വിദേശരാഷ്ട്രത്തലവനെ അദ്ദേഹം സ്വന്തം വീട്ടിലേക്കു ക്ഷണിക്കുന്നത്. കഴിഞ്ഞവർഷം സെപ്റ്റംബറിൽ ഷിൻസോ ആബെ ഗുജറാത്ത് സന്ദർശിച്ചിരുന്നു.