ഞായറാഴ്ച രാഷ്ട്രതിയുടെ ഓഫിസിൽ നിന്നും വിളിക്കുമ്പോൾ സുനിൽ ടീച്ചർ പതിവു പോലെ തന്റെ സാമൂഹിക പ്രവർത്തനങ്ങളുടെ തിരക്കിലായിരുന്നു. പാവപ്പെട്ട ഒരു കുടുംബത്തിന് വീട് നിർമ്മിച്ചു നൽകാനുള്ള നെട്ടോട്ടത്തിൽ. രാഷ്ട്രപതി ഭവനിൽ നിന്നും തന്നെ അന്വേഷിച്ചു വിളിവന്നപ്പോൾ ടീച്ചർക്ക് ആദ്യം വിശ്വസിക്കാനായില്ല. ആദ്യമൊക്കെ തന്നെ ആരോ പറ്റിക്കുകയാണെന്നാണ് കരുതിയത്. പിന്നീടാണ് പോയ വർഷത്തെ നാരി ശക്തി പുരസ്‌ക്കാരം ടീച്ചർക്കാണെന്ന് ആ ഫോൺ സന്ദേശത്തിൽ പറഞ്ഞത്. ഒരു നിമിഷം ഇതെല്ലാം വിശ്വസിക്കണമോ എന്ന് ടീച്ചർ ശങ്കിച്ചു.

ഇന്ത്യയിലെ ഏറ്റവും പരമോന്നതമായ വനിതാ പുരസ്‌ക്കാരം തനിക്ക് ലഭിച്ചു എന്ന വാർത്തയോട് പതുക്കേ പതുക്കേ ടീച്ചർ പൊരുതപ്പെട്ടു. വനിതാ ദിനമായ മാർച്ച് എട്ടിന് രാഷ്ട്രപതി ഭവനിൽ വെച്ച് ടീച്ചർ ഈ സമ്മാനം ഏറ്റുവാങ്ങും. അതും ഇന്ത്യയുടെ തലവനായ രാഷ്ട്രപതിയിൽ നിന്നും. എളിമയോടെ തന്നെ തനിക്ക് കിട്ടിയ ഈ അവാർഡിനെ കുറിച്ചും വാചാലയാവുകയാണ് ടീച്ചർ.

ഒരുപാട് അംഗീകാരം ടീച്ചറെ തേടി എത്തിയിട്ടുണ്ടെങ്കിലും ഒട്ടും പ്രതീക്ഷിക്കാതെ ഇങ്ങോട്ട് തേടി എത്തിയ ഈ അവാർഡിന് മധുരം കൂടുതലാണെന്നാണ് ടീച്ചർ പറയുന്നത്. ആദ്യമൊന്നും രാഷ്ട്രപതിയിൽ നിന്നും തനിക്ക് അവാർഡ് ലഭിക്കുന്നു എന്ന വാർത്ത ടീച്ചർക്കും വിശ്വസിക്കാനായില്ല. പിന്നീട് രാഷ്ട്രപതി ഭവനിൽ നിന്നും കൺഫർമേഷൻ ചെയെ്ത് ഈമെയിൽ എത്തിയതോടെയാണ് ടീച്ചർ ശരിക്കും തനിക്ക് അവാർഡ് കിട്ടിയതായി വിശ്വസിച്ചത്. ടീച്ചറ കെൂടാതെ ലിസിമോൾ, ശ്യാമള കുമാരി എ്‌നിവർക്കും നാരി ശക്തി പുരസ്‌ക്കാരത്തിന് അർഹരായിട്ടുണ്ട്.

ടീച്ചറെ കുറിച്ച് അറിഞ്ഞാൽ എന്തേ ഈ അവാർഡ് നേരത്തെ ടീച്ചർക്ക് ലഭിച്ചില്ല എന്ന് തോന്നിപ്പോകും. അത്രയ്ക്കുണ്ട് സ്ത്രീ സ്വാതന്ത്യത്തിന് മുറവിളി കൂട്ടുന്ന സ്ത്രീകളുടെ നാട്ടിൽ ഒറ്റയ്ക്ക് ഒരു സംഘടനയായി പ്രവർത്തിച്ച് സുനിൽ ടീച്ചർ ചെയ്ത പുണ്യ പ്രവൃത്തികൾ. പുസ്തകങ്ങളിലെ അറിവ് വിദ്യാർത്ഥികൾക്ക് പകർന്നു കൊടുക്കുന്ന ഈ ടീച്ചർ മനുഷ്യ സ്‌നേഹത്തിന്റെ നല്ല പാടം കൂടി പകർന്ന് നൽകിയാണ് വിദ്യാർത്ഥികള കലാലയത്തിൽ നിന്നും പുറത്തേക്ക് ഇറക്കുന്നത്.

88 വീടുകളാണ് ടീച്ചർ മുന്നിട്ടിറങ്ങി പാവങ്ങളിൽ പാവങ്ങളായ മനുഷ്യർക്ക് വേണ്ടി നിർമ്മിച്ചു നൽകിയിരിക്കുന്നത്. പിന്നോക്കാവസ്തയിൽ നിൽക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി കൈ മെയ് മറന്ന് പ്രവർത്തിച്ച ടീച്ചർ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അവാർഡിന് അർഹയാക്കിയത്. പാവപ്പെട്ട മനുഷ്യർക്ക് നേരെ ഇരു കൈകളം നീട്ടുന്ന ടീച്ചർ ഇതുവരെ ചെയ്തിട്ടുള്ളത് നിരവധി സാമൂഹിക പ്രവർത്തനങ്ങളാണ്.

നൂറ് വീടുകൾ പാവങ്ങൾക്ക് വെച്ചു നൽകാനാണ് ടീച്ചറിന്റെ ലക്ഷ്യം. പത്തനംതിട്ട കാത്തോലിക്കേറ്റ് കോളേജ് അദ്ധ്യാപികയാണ് സുനിൽ ടീച്ചർ. കോളേജിലെ ഒരു വിദ്യാർത്ഥിക്ക് വീടുവെച്ച് കൊടുക്കുന്ന പദ്ധതിയിൽ ഭാഗമായതോടെയാണ് സുനിൽ ടീച്ചർ വീടുവെച്ച് നൽകി തുടങ്ങിയത്. സ്വദേശത്തും വിദേശത്തുമുള്ള നിരവധി ആളുകളുടെ സഹായത്തോടെയാണ് ടീച്ചർ വീടുവെച്ച് നൽകുന്നത്.

പത്തനംതിട്ട ജില്ലയുടെ മിക്ക പ്രദേശങ്ങളിലും ടീച്ചറുടെ സാന്നിധ്യമുണ്ടാകും. ചിലപ്പോൾ ഡോക്ടറായും ചിലപ്പോൾ നഴ്‌സായും മറ്റു ചിലപ്പോൾ ഡ്രൈവറായും അതുമല്ലെങ്കിൽ സാന്ത്വനമായുമൊക്കെ.

സാമൂഹ്യ വിഷയങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന ടീച്ചറിനെ തേടി കോളേജിലെ എൻഎസ്എസ് യൂണിറ്റിന്റെ ചുമതല ലഭിക്കുന്നതാണ് പിന്നീടുള്ള കഥകളുടെ തുടക്കം. ഒരു കോളേജിൽ നിന്നും ഒരു വീട് എന്ന് നിർദ്ദേശമുണ്ടായപ്പോഴാണ് ടീച്ചറുടെയും കുട്ടികളുടേയും മറ്റനേകം പേരുടെയും കാരുണ്യത്തിൽ ആദ്യ വീട് പിറക്കുന്നത്. പിന്നീട്് ടീച്ചർ ഒറ്റയ്ക്ക് വീടില്ലാത്തവരെ തേടി ഇറങ്ങിത്തിരിച്ചു. അതു വളർന്ന് 88 വീടുകളായി. ഇനി നൂറിലെത്തിക്കണം അതാണ് ടീച്ചറുടെ ലക്ഷ്യം.

58കാരിയായ ടീച്ചറ തേടി ഈ പ്രായത്തിനകം നിരവധി അവാർഡുകളാണ് എത്തിയിട്ടുള്ളത്. പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ടീച്ചർ മുന്നിട്ടിറങ്ങി. കഴിഞ്ഞ പത്തു വർഷമായി ചാലക്കയം മൂഴിയാർ എന്നിവിടങ്ങളിലെ പാവപ്പെട്ട ആദിലാസികളുടെ ജീവിതത്തിന് വേണ്ടി പ്രവർത്തിക്കുന്നു. എല്ലാ മാസവും ടീച്ചർ ഇവിടെ നേരിട്ടെത്തി ഭക്ഷണവും, വസ്ത്രവും സോപ്പും എണ്ണയും ബിസ്‌ക്കറ്റും അടക്കമുള്ളവ നൽകി വരുന്നു. 28 ഹട്ടുകൾ വൊളന്റിയർമാരുടെ സഹായത്തോടെ വെച്ചു നൽകി.

പാവപ്പെട്ട അംഗവൈകല്യം വന്നവർക്കായി 276 വീൽ ചെയറുകൾ നൽകി. 2008ൽ മൂന്ന് കുട്ടികളെ ദത്തെടുത്തു പഠിപ്പിക്കാൻ തുടങ്ങി. ബന്ധുക്കൾക്കൊപ്പം താമസിക്കുന്ന അനാഥരായ 15 കുട്ടികൾക്ക് സഹായം നൽകുന്നുണ്ട്. ഇതിന് പുറമേ 20 ലൈബ്രറികളും ഇവരുടെ നേതൃത്വത്തിൽ പണിതിട്ടുണ്ട്. രക്തദാന ക്യാമ്പ്, റോഡ് നിർമ്മാണം, ട്രാഫിക് ബോധവത്ക്കരണ പരിപാടികൾ, എയിഡ്‌സ് ബോധവത്ക്കരണം, മെഡിക്കൽ കാമ്പ്, വിവാഹ സഹായം, കനാൽ നിർമ്മാണം തുടങ്ങി സുനിൽ ടീച്ചറുടെ കൈകൾ എത്താത്ത മേഖലകളില്ല.

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ സുവോളജി വിഭാഗം മേധാവിയാണ് ഡോ. എംഎസ് സുനിൽ. മൂത്തത് ആൺകുഞ്ഞായിരിക്കുമെന്ന കണക്കു കൂട്ടലിൽ അച്ഛൻ കരുതി വെച്ച പേരായിരുന്നു സുനിൽ. കണക്കു കൂട്ടൽ തെറ്റിയെങ്കിലും പേര് തെറ്റിച്ചില്ല. അങ്ങനെ വേറിട്ടൊരു പേരായി ആ പെൺകുട്ടിക്ക്. പേര് കേട്ടു ഇത് പെണ്ണിന്റെ പേരോ എന്നോർത്ത് ഞെട്ടുന്നവരെ ഒക്കെ തന്റെ പവൃത്തി കൊണ്ടും ഞെട്ടിക്കുകയാണ് സുനിൽ ടീച്ചർ.