- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്യാൻസർ രോഗം വന്ന് ഉമ്മ മരിച്ചപ്പോൾ വീടു ഭരിക്കാൻ രണ്ടാനമ്മ എത്തി; സഫാനും അസീസും രണ്ട് സഹോദരിമാരും ഒരമ്മ പെറ്റ മക്കൾ; വീട്ടിലെ വഴക്ക് പത്താംക്ലാസുകാരന്റെ മരണമായി; ബന്ധുവിന്റെ ഭർത്താവ് പിണങ്ങിയപ്പോൾ വീഡിയോ ലീക്കായി; ഈ ക്രൂരതയെ ആത്മഹത്യാക്കാൻ ഇപ്പോഴും പൊലീസിന് അമിത താൽപ്പര്യം; നരിക്കാട്ടേരിയിൽ സത്യം പുറത്താകുമ്പോൾ
കോഴിക്കോട്: ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ പതിനാറുകാരന്റെ മരണം കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടുന്ന തരത്തിൽ മർദ്ദന ദൃശ്യം പുറത്ത് വന്നിട്ടും ആത്മഹത്യയാണ് എന്ന് വരുത്തി തീർക്കാനാണ് പൊലീസ് ശ്രമമെന്ന് ആക്ഷൻ കമ്മറ്റി അംഗങ്ങൾ ആരോപിക്കുന്നു. ആത്മഹത്യയാണ് എന്ന മുൻവിധിയോടെയാണ് പൊലീസ് അന്വേഷണമെന്നും മരണപ്പെട്ട അസീസിന്റെ പിതാവിന് പൊലീസുകാരുമായുള്ള അവിഹിത ബന്ധവുമാണ് കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുന്നതെന്നും ആക്ഷൻ കമ്മറ്റി അംഗങ്ങൾ മറുനാടനോട് പറഞ്ഞു.
ക്രമിനൽ പശ്ചാത്തലമുള്ളയാളാണ് എന്നും അവർ വ്യക്തമാക്കി. അതിനാൽ നിലവിലെ അന്വേഷണ സംഘത്തെ മാറ്റി പുതിയ ടീമിനെ രൂപീകരിക്കണമെന്നും അതിന് തയ്യാറായില്ലെങ്കിൽ പൊലീസ് സ്റ്റേഷൻ ഉപരോധമടക്കമുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. എസ്.എസ്.എൽ.സി പരീക്ഷയുടെ അവസാന മൂന്നു പരീക്ഷകൾ ബാക്കി നിൽക്കെ 2020 മെയ് 17നാണ് നരിക്കാട്ടേരി കറ്റാരത്ത് അബ്ദുൽ അസീസിനെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിലെ ചില പ്രശ്നങ്ങളാണ് മരണ കാരണമെന്നും അസീസ് തൂങ്ങി മരിച്ചതാകാൻ സാധ്യത ഇല്ലെന്നും ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു.
കോഴിക്കോട് നാദാപുരം നരിക്കാട്ടേരിയിലെ 16 വയസുകാരന്റെ മരണത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് തുടരന്വേഷണം ആരംഭിച്ചിട്ടുണ്ട്. അബ്ദുൾ അസീസിന്റെ മരണം കൊലപാതകമെന്ന സംശയത്തെതുടർന്നാണിത്.. അസീസിനെ സഹോദരൻ കഴുത്ത് ഞെരിക്കുന്നതിന്റേയും മർദിക്കുന്നതിന്റേയും ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കുകയാണ് അന്വേഷണ സംഘം ആദ്യം ചെയ്യുക. തിരഞ്ഞെടുപ്പിന് ശേഷം ഇത് ഫോറൻസിക് ലാബിലയച്ച് പരിശോധിക്കും. അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് ഡി.വൈ.എസ്‌പി നരിക്കാട്ടേരിയിലെത്തി നാട്ടുകാരുടെ മൊഴി രേഖപ്പെടുത്തി. അസീസിന്റെ മരണം കൊലപാതകമെന്ന മൊഴിയാണ് നാട്ടുകാർ നൽകിയത്. അസീസിന്റെ പിതാവിനെ ചോദ്യം ചെയ്തിരുന്നു.
രണ്ടാനമ്മയും അവരുടെ ബന്ധുക്കളും അസീസിനെ മനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്നും മരിച്ച ദിവസം അസീസിനെ ഇവർ മർദ്ദിച്ചെന്നും ആക്ഷേപമുയർന്നു. സംഭവത്തിലെ ദുരൂഹത അകറ്റാൻ സമഗ്രമായ അന്വേഷണം നടത്തി നിജസ്ഥിതി പുറത്തു കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ കർമ്മസമിതിക്ക് രൂപം നൽകുകയും ചെയ്തു. എന്നാൽ, വീട്ടുകാർ ഇത് നിഷേധിക്കുകയും പൊലീസ് അന്വേഷണം മരവിക്കുകയും ചെയ്തതിനിടയിലാണ് അസീസിനെ സഹോദരൻ മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇതോടെ ആക്ഷൻ കൗൺസിൽ ഉന്നയിച്ച ആരോപണങ്ങൾ ശരിവയ്ക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തുകയായിരുന്നു.
അസീസിനെ വീടിനകത്തുവെച്ച് സഹോദരനായ യുവാവ് ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യമാണ് സമൂഹമാധ്യമത്തിൽ രണ്ട് ദിവസമായി പ്രചരിക്കുന്നത്. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ സഹോദരനായ യുവാവ് വീടിനകത്ത് വെച്ച് അസീസിനെ മർദിക്കുന്നുണ്ട്. കഴുത്തിൽ ചുറ്റിപിടിച്ച് നിലത്ത് വീഴ്‌ത്തി ശ്വാസം മുട്ടിക്കുന്നതും നെഞ്ചിലും മുഖത്തും ശക്തിയായി ഇടിക്കുന്നതും ശ്വാസം ലഭിക്കാനാകാതെ അസീസ് പിടയുന്നതും ദൃശ്യത്തിൽ വ്യക്തമാണ്.
അസീസിന്റെ ഉമ്മ മൂന്ന് വർഷം മുൻപ് ക്യാൻസർ ബാധിതയായി മരണപ്പെടുകയായിരുന്നു. പിന്നീടാണ് പിതാവ് മറ്റൊരു യുവതിയെ വിവാഹം കഴിക്കുന്നത്. ഈ വിവാഹത്തിൽ നിലവിൽ കുട്ടികളൊന്നും ഇല്ല. ആദ്യ വിവാഹത്തിൽ രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണുള്ളത്. വീട്ടിൽ നടന്ന വഴക്കിനിടയിലാണ് പുറത്ത് വന്ന ദൃശ്യങ്ങളിൽ കാണുന്ന മർദ്ദനം നടക്കുന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സമയം വീട്ടിലുണ്ടായിരുന്ന ബന്ധുവായ യുവതി മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു.
എന്നാൽ പിന്നീട് യുവതി ഈ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തിരുന്നു. എന്നാൽ ഡിലീറ്റ് ചെയ്യുന്നതിന് മുൻപ് യുവതി മറ്റൊരാൾക്ക് അയച്ചു കൊടുത്തു. അയച്ചു കൊടുത്ത ദൃശ്യങ്ങൾ ഈ യുവതിയുടെ ഭർത്താവാണ് പുറത്തു വിടുകയായിരുന്നു. അസീസിന്റെ മരണവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവും അസീസിന്റെ പിതാവും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. ഇതിന് പിന്നാലെയാണ് ദൃശ്യങ്ങൾ പുറത്തു വിട്ടതെന്നാണ് ലഭിക്കുന്ന വിവരം.
അതേ സമയം ബന്ധുക്കളെയും മാതാപിതാക്കളെയും ഇതുവരെ ചോദ്യം ചെയ്യാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ജനരോഷം മൂലം മറ്റൊരു സ്ഥലത്തേക്ക് മാറ്റിപാർപ്പിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിൽ സംഭവം നടക്കുന്ന സമയം വീട്ടിലുണ്ടായിരുന്നവരെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യും. വീഡിയോ പകർത്തിയ ബന്ധുവായ യുവതിയെ ആദ്യം ചോദ്യം ചെയ്യും. പിന്നീടാവും മറ്റുള്ളവരെ ചോദ്യം ചെയ്യുക. ഇവരുടെ മൊഴി എടുത്ത ശേഷം മാത്രമേ വിദേശത്തുള്ള സഫ്വാനെ കസ്റ്റഡിയിലെടുക്കുകയുള്ളൂ.
കൂടാതെ കൊലപാതകമാണെന്ന് ഉറപ്പായാൽ മൃതദേഹം ലുങ്കിയിൽ കെട്ടിത്തൂക്കി ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ കൂട്ടു നിന്നവരെയും അറസ്റ്റ് ചെയ്യും. ഇവരുമായി അസീസ് വഴക്കിട്ടിരുന്നു എന്നും ഇതിനെ തുടർന്നുള്ള കയ്യാങ്കളിയാണ് മരണത്തിൽ കലാശിച്ചതെന്നുമാണ് വീഡിയോ ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.