കോഴിക്കോട്: കേരളത്തിൽ വൻകലാപം ആസൂത്രണം ചെയ്ത് ബോംബ് നിർമ്മിക്കുന്നതിനിടെ അഞ്ചു യുവാക്കൾ മരിച്ച നരിക്കാട്ടേരി സ്‌ഫോടന കേസ് അന്വേഷണം മരവപ്പിക്കാൻ ഇടപെട്ടത് ആഭ്യന്തര വകുപ്പിലെ ഉന്നതർ. ദുബായ് കേന്ദമാക്കി കേരളത്തിലെ വിധ്വംസക പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന സംഘം പണം വാരിയെറിഞ്ഞാണ് അന്വേഷണം മരവിപ്പിച്ചത്.

അന്വേഷണം മരവിപ്പിച്ചത് സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ച് സംസ്ഥാന പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗങ്ങളായ സ്റ്റേറ്റ് സ്‌പെഷൽ ബ്രാഞ്ചും സിറ്റി സ്‌പെഷൽ ബ്രാഞ്ചും പലതവണ റിപ്പോർട്ട് നൽകിയിട്ടും ഇക്കാര്യത്തിൽ അന്വേഷണച്ചുമതലയുള്ള ഉദ്യോഗസ്ഥരോട് വിശദീകരണം പോലും തേടിയിട്ടില്ല. കേസ് മരവിപ്പിച്ചതിനു പിന്നിലെ ശക്തികളുടെ സ്വാധീനം ഇതിൽനിന്ന് വ്യക്തമാണ്. തൃശൂരിൽ സെക്യൂരിറ്റിക്കാരനെ മർദ്ദിച്ചു കൊലപ്പെടുത്തിയ വ്യവസായി മുഹമ്മദ് നിസാം പണം വാരിയെറിഞ്ഞ് പൊലീസിനെ നിഷ്‌ക്രിയമാക്കി എങ്ങനെ തന്റെ വീരകൃത്യങ്ങൾ നടത്തിയോ അതിനു സമാനമാണ് നരിക്കാട്ടേരി സ്‌ഫോടന കേസ് അന്വേഷണത്തിന്റെ തടയിടൽ.

കഴിഞ്ഞ രണ്ടു വർഷമായി കേസിന്റെ അന്വേഷണത്തെക്കുറിച്ചോ അന്വേഷണ പുരോഗതിയെക്കുറിച്ചോ മേലുദ്യോഗസ്ഥർ അന്വേഷിക്കുന്നുപോലുമില്ല.ക്രൈംബ്രാഞ്ച് എസ്‌പിയുടെ മേൽനോട്ടത്തിൽ ഡിവൈ എസ് പി അന്വേഷിച്ചിരുന്ന കേസിന്റെ ചുമതല ഇപ്പോൾ നൽകിയിരിക്കുന്നത് സബ് ഇൻസ്‌പെക്റ്റർക്കാണ്. ക്രൈംബ്രാഞ്ച് എസ്‌ഐ കീർത്തി ബാബുവിനാണ് ഇപ്പോൾ അന്വേഷണച്ചുമതല. ചുമതല നൽകിയെങ്കിലും അന്വേഷണ സംഘത്തിലേക്ക്് മതിയായ പൊലീസുകാരെയാരെയും നൽകിയിട്ടില്ല. ഇതേക്കുറിച്ച്് ആശങ്ക പ്രകടിപ്പിച്ച ഉദ്യോഗസ്ഥരോട്് നരിക്കാട്ടേരി സ്‌ഫോടന കേസിൽ വലിയ ഉത്സാഹമൊന്നും കാണിക്കേണ്ട എന്നാണത്രേ മേലുദ്യോഗസ്ഥർ പറഞ്ഞത്. രണ്ടു വർഷം മുമ്പ് അന്വേഷണം എവിടെ നിർത്തിയോ അവിടെ തന്നെയാണിപ്പോഴും. ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന അധോലോകസംഘത്തിന്റെ സ്വാധീനത്തോടൊപ്പം മുസ്ലിം ലീഗിന്റെ ഭരണതലത്തിലുള്ള സ്വാധീനവും കേസ് മരവിപ്പിച്ചു നിർത്തിയതിനു പിന്നിലുണ്ടെന്നാണ് സംശയിക്കുന്നത്.

2011 ഫെബ്രുവരി 26-നാണ് നാദാപുരത്തിനടുത്ത നരിക്കാട്ടേരിയിൽ സ്‌ഫോടനമുണ്ടായത്. അണിയാരിക്കുന്നിലെ ആളൊഴിഞ്ഞ പറമ്പിലായിരുന്നു. സ്‌ഫോടനം. സ്‌ഫോടനത്തിൽ അഞ്ചു പേർ മരിക്കുകയും ഒമ്പതുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരും പരുക്കേറ്റവരുമെല്ലാം മുസ്‌ലിം ലീഗ് പ്രവർത്തകരായിരുന്നു. കലാപം ആസൂത്രണം ചെയ്തു നിർമ്മിച്ച ബോംബുകൾ എടുത്തുമാറ്റുമ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവം ആഭ്യന്തര വകുപ്പ് അതീവഗൗരവമായി കാണുകയും ഡിജിപി സംഭവസ്ഥലം സന്ദർശിച്ച് ക്രൈംബ്രാഞ്ചിനെ നേരിട്ട് അന്വേഷണം ഏൽപ്പിക്കുകയുമായിരുന്നു. അന്നത്തെ ക്രൈംബ്രാഞ്ച് എസ്‌പി സി.എം പ്രദീപ് കുമാറിന്റെ മേൽനോട്ടത്തിൽ ഡിവൈ എസ് പി ധനഞ്ജയ ബാബുവിനായിരുന്നു അന്വേഷണ ചുമതല.

നാദാപുരത്തെ പതിവു രാഷ്ടീയസംഘർഷത്തിന്റെ ഭാഗമായിരുന്നില്ല ഈ സ്‌ഫോടനമെന്നും മറിച്ച് വർഗീയകലാപം ആസൂത്രണം ചെയ്ത് ഒരു സംഘം നടത്തിയ ഗൂഢാലോചനയായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി. നാദാപുരം മേഖലയിൽ വ്യാപകമായി ആക്രമണം നടത്തി കലാപത്തിലേക്കു നയിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി നിർമ്മിച്ചതായിരുന്നു ബോംബുകൾ എന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. കലാപത്തിനായുള്ള ആസൂത്രണം നടന്നത് ദുബായിൽ വച്ചായിരുന്നു. തീവ്രവാദബന്ധമുള്ള വൻതോക്കുകൾ ഉൾപ്പെട്ടതായിരുന്നു സംഘമെന്നും സൂചന ലഭിച്ചിരുന്നു.

ദുബായിൽ നടത്തിയ ആസൂത്രണത്തിനു ശേഷം ടെലിഫോൺ മാർഗം നാദാപുരത്ത് ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി. 26-ന് അർദ്ധരാത്രിയോടെ നാദാപുരത്തെ വീടുകൾക്കു നേരെ ബോംബെറിയാനായിരുന്നു തീരുമാനിച്ചത്. ആക്രമണത്തിൽ പങ്കെടുക്കാൻ നാദാപുരം സ്വദേശികളായ ഏഴു യുവാക്കൾ ദുബായിൽനിന്ന് 26 -ന്് രാത്രി എട്ടുമണിയോടെ കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങി. വീട്ടുകാരെയോ ബന്ധുക്കളെയോ അറിയിക്കാതെ വളരെ രഹസ്യമായിട്ടായിരുന്നു ഇവരുടെ വരവ്. കരിപ്പൂർ വിമാനത്തവാളത്തിൽനിന്ന് കാർമാർഗം നരിക്കാട്ടേരിയിലേക്ക് പുറപ്പെട്ട ഇവർ കൊയിലാണ്ടി എത്തിയപ്പോഴേക്കും നരിക്കാട്ടേരിയിൽ ബോംബ് എടുത്തു മാറ്റുതിനിടെ സ്‌ഫോടനമുണ്ടായതായി ഫോണിൽ വിവരം ലഭിച്ചു. ഇതോടെ ഇവർ നരിക്കാട്ടേരിയിലേക്ക് പോകാതെ വടകരയിലെ ലോഡ്ജിൽ തങ്ങി. രണ്ടാം ദിവസം തന്നെ അഞ്ചുപേർ ചെന്നൈ വിമാനത്താവളത്തിൽനിന്നും രണ്ടു പേർ നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നും ദുബായിലേക്ക് പറക്കുകയും ചെയ്തു.

വളരെ ആസൂത്രിതമായ ഒരുക്കങ്ങളാണ് ഇവർ കലാപത്തിനായി പ്ലാൻ ചെയ്തിരുന്നത്. കലാപത്തിനിടെ റോഡുകൾ എവിടെയൊക്കെ ബ്ലോക്ക് ചെയ്യണം. അപകടത്തിൽ സ്വന്തം ആളുകൾക്ക് പരിക്കുപറ്റിയാൽ കൊണ്ടുപോകാനുള്ള ആംബുലൻസ്, ബോംബെറിഞ്ഞ് ആക്രമിച്ചാൽ ഉണ്ടാകുന്ന തിരിച്ചാക്രമണത്തെ നേരിടേണ്ടതെങ്ങനെ എന്നൊക്കെ ഇവർ കൃത്യമായി ആസൂത്രണവും ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിച്ചപ്പോൾ ഇത്തരത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് വെളിവായത്. കലാപം നടത്താനായി ദുബായിൽനിന്ന് എത്തിയ നാദാപുരം സ്വദേശികളുടെ വിവരങ്ങൾ ശേഖരിച്ച് ലുക്കൗട്ട് സർക്കുലർ ഇറക്കാൻ നടപടികളുമായി മുന്നോട്ടുപോയതോടെ ഡിവൈ എസ്് പി ധനഞ്ജയ ബാബുവിെന സ്ഥലംമാറ്റി. കേസ് അന്വേഷണം അവസാന ഘട്ടത്തിലാണെന്നും ഡിവൈ എസ് പി ധനഞ്ജയബാബുവിനെ തിരിച്ചു കൊണ്ടുവരണമെന്നും അന്നത്തെ ക്രൈംബ്രാഞ്ച് എസ്‌പി സി.എം. പ്രദീപ് കുമാർ ആവശ്യപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല. തൊട്ടുപിന്നാലെ എസ് പി യെയും അന്വേഷണ സംഘത്തിലെ മറ്റുള്ളവരെയും സ്ഥലംമാറ്റുകയും ചെയ്തു. 2012 നവംബറിലാണ് ഈ സ്ഥലംമാറ്റം നടന്നത്. ഇതിനുശേഷം നരിക്കാട്ടേരി സ്‌ഫോടനക്കേസ് തുടരന്വേഷണമൊന്നും നടത്താതെ മരവിപ്പിച്ചുനിർത്തിയിരിക്കയാണ്.

വിലയപീടികയിൽ അബ്ദുള്ളയുടെ മകൻ ഷബീർ (19 ), കരയത്ത് മൂസയുടെ മകൻ ഷബീർ (25) ചാലിൽ മമ്മുവിന്റെ മകൻ റിയാസ് (21), ചെറിയ തയ്യിൽ ഹംസയുടെ മകൻ ഷമീർ (23), പുത്തൂരിടത്ത് മൊയ്തുവിന്റെ മകൻ റഫീഖ് (29) എന്നിവരാണ് നരിക്കാേട്ടരിയിൽ സ്റ്റീൽ ബോംബുകൾ പൊട്ടിത്തെറിച്ച് മരണപ്പെട്ടത്.