- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേരളത്തിൽ 'നാർക്കോട്ടിക് ജിഹാദ്' ഉണ്ടോ? പാലാ ബിഷപ്പിന്റെ പരാമർശം വിവാദമാകുമ്പോൾ അന്വേഷിക്കാൻ കേന്ദ്ര ഏജൻസികളും എത്തിയേക്കും; കോൺഗ്രസും സിപിഎമ്മും പ്രതിരോധത്തിലായ വിഷയത്തിൽ നേട്ടമുണ്ടാക്കാൻ ബിജെപി; 'ക്രിസംഘി'കളെ നോട്ടമിട്ട് സുവർണാവസരമാക്കും
തിരുവനന്തപുരം: പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞ 'നാർക്കോടിക് ജിഹാദ്' എന്ന പരാമർശം ആഗോള തലത്തിൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. പ്രത്യേകിച്ചും താലിബാന്റെ കാലത്ത്. ഈ നാർക്കോട്ടിക് ജിഹാദ് കേരളത്തിലുമുണ്ടോ? ഇതുവരെ ഒരു ഏജൻസികളും ഇക്കാര്യം ശരിയാണെന്ന് പറഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ വിവാദമായ വിഷയം അന്വേഷിക്കാൻ കേന്ദ്ര ഏജൻസികളും ഒരുങ്ങിയേക്കും. പാലാ ബിഷപ്പിനെ കണ്ട് കൂടുതൽ വിവരങ്ങൾ കേന്ദ്രഏജൻസികൾ തേടിയേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. കേരളത്തിൽ പ്രധാനമായും രാഷ്ട്രീയ വിഷയായി മാറിയ സംഭവത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയരുന്നത്. യുഡിഎഫും എൽഡിഎഫും ഈ വിഷയത്തിൽ കരുതലോടെയാണ് നീങ്ങുന്നത്. എന്നാൽ, ബിജെപിയെ സംബന്ധിച്ചിടത്തോളം ഇതൊരു സുവർണാവസരമാണ്. അടുത്ത കാലത്തായി സോഷ്യൽ മീഡിയയിൽ 'ക്രിസംഘി' എന്ന ുപട്ടം കിട്ടിയ ക്രൈസ്തവ വിശ്വാസികളെ തങ്ങളിലേക്ക് അടുപ്പിക്കാനുള്ള വലിയ അവസരമാണ് ബിജെപിക്ക് മുന്നിലുള്ളത്. ഈ അവസരം മുതലാക്കാൻ ലക്ഷ്യമിട്ടുള്ള അന്വേഷണങ്ങൾ പിന്നാലെ എത്തുമെന്നാണ് നേതാക്കൾ പറയുന്നത്.
പ്രശ്നത്തിലെ ഇടപെടലുകൾ സമുദായങ്ങളുടെ പിന്തുണ നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് ഇടതു-വലതുമുന്നണികൾ കരുതലോടെ പ്രതികരിക്കുന്നത്. പാലാ ബിഷപ്പിന്റെ പരാമർശത്തെത്തുടർന്ന് കഴിഞ്ഞദിവസം ശക്തമായ പ്രതികരണം നടത്തിയ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഇന്നലെ ഇരു വിഭാഗങ്ങളേയും ഒപ്പം നിർത്തുന്ന തരത്തിലുള്ള പ്രതികരണമാണ് നടത്തിയത്. കോൺഗ്രസ് വർക്കിങ് പ്രസിഡന്റുകൂടിയായ പി.ടി. തോമസ് വിഷയത്തിൽ രണ്ടുദിവസമായി ശക്തമായ പ്രതികരണം നടത്തുന്നുണ്ടെങ്കിലും മറ്റാരും ഇക്കാര്യത്തിൽ പ്രതികരിക്കാൻ തയാറായിട്ടില്ല. കെപിസിസിയുടെ നിലപാടുകൾ പ്രസിഡന്റ് പറയുന്നതാണ് പുതിയ രീതിയെങ്കിലും ഇതുവരെ കെ. സുധാകരൻ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
കോൺഗ്രസിന്റെ കേരളത്തിലെ പ്രധാനപ്പെട്ട വോട്ടുബാങ്കാണ് ക്രൈസ്തവ വിഭാഗം. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ അവർക്കുണ്ടായ വലിയ തിരിച്ചടിയുടെ ഒരുകാരണം ഈ വോട്ട് ബാങ്കിലുണ്ടായ ചോർച്ചയാണ്. ഇത് മനസിലാക്കിയാണ് അവരുടെ പ്രതികരണം. മാത്രമല്ല, എതിർവശത്ത് നിൽക്കുന്നത് മുസ്ലിം ന്യൂനപക്ഷവിഭാഗവുമാണ്. അവരും യു.ഡി.എഫിൽനിന്നും അകന്നുകൊണ്ടിരിക്കുകയാണ്. ഈ രണ്ടുവിഭാഗങ്ങളേയും ഒപ്പം കൊണ്ടുവരാൻ ശ്രമിക്കുന്ന സാഹചര്യത്തിലാണ് വിഷയത്തിൽ ഇരുസമുദായത്തേയും ഒപ്പം നിർത്തിക്കൊണ്ടുള്ള പ്രതികരണത്തിനാണ് അവർ മുതിരുന്നതും. ഈ വിഷയം യു.ഡി.എഫിനുള്ളിൽ തന്നെ പ്രശ്നങ്ങൾക്കും വഴിവച്ചേയ്ക്കും. മുസ്ലിംലീഗ് ഈ പരാമർശത്തിനെതിരെ രംഗത്തുവന്നുകഴിഞ്ഞു.
ഇടതുമുന്നണിയുടെയും സ്ഥിതി വ്യത്യസ്തമല്ല. മുമ്പ് ക്രിസ്തീയ സഭാ അധ്യക്ഷന്മാരെ രൂക്ഷമായി വിമർശിച്ച സ്ഥിതിയിലല്ല ഇപ്പോൾ സിപിഎമ്മും ഇടതുമുന്നണിയും. പുതുതായി മുന്നണിയിലെത്തിയ ജോസ് കെ. മാണിയുടെ കേരള കോൺഗ്രസിന്റെ വികാരം കണക്കിലെടുക്കേണ്ടിവരും. മാത്രമല്ല, കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ ക്രിസ്തീയവിഭാഗങ്ങൾ ഇടതുമുന്നണിയുമായി അടുക്കുകയും ചെയ്തിരുന്നു. അതേസമയം മുസ്ലിംസമുദായവും ഇടതുമുന്നണിയുമായി പ്രത്യേകിച്ച് സിപിഎമ്മുമായി വളരെയധികം അടുക്കുകയാണ്. ഇതും അവരെ വല്ലാതെ വലയ്ക്കുന്നുണ്ട്. കഴിഞ്ഞദിവസം വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചിരുന്നെങ്കിലും മുൻകാലങ്ങളിൽ നടത്തിയ വിമർശനത്തിന്റെ മൂർച്ച അതിനുണ്ടാകാതിരുന്നതിന്റെ കാരണം ഇതൊക്കെയാണെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. സിപിഎം ആക്ടിങ് സെക്രട്ടറിയും വിഷയത്തിൽ വളരെ കരുതലോടെയാണ് ഇക്കാര്യത്തിൽ പ്രതികരിച്ചത്.
അതേസമയം ഇതു സുവർണാവസരമാക്കാനാണ് ബിജെപിയുടെ നീക്കം. കഴിഞ്ഞദിവസം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പാലാ ബിഷപ്പിനു പിന്തുണയുമായി രംഗത്തുവന്നിരുന്നു. കേന്ദ്ര മന്ത്രി വി. മുരളീധരനും ഇന്നലെ ഇതിന് പിന്തുണ പ്രഖ്യാപിച്ചു. പ്രസ്താവന നടത്തിയ പുരോഹിതനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ലെന്ന് മുരളീധരൻ വ്യക്തമാക്കി. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പ് സമയത്ത് തന്നെ ബിജെപിയുമായി ക്രിസ്തീയ സഭകളെ അടുപ്പിക്കാനുള്ള ശ്രമം നടന്നിരുന്നു. അന്ന് അത് പൂർണമായും ഫലം കണ്ടിരുന്നില്ല. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് അത് ഫലവത്താക്കിയെടുക്കാനാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നത്.
അതേസമയം മുസ്ലിം സംഘടനകൾ ഈ വിഷയത്തിൽ കൂടുതൽ വിമർശനങ്ങളുമായി രംഗത്തു വരുന്നുണ്ട്. പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തെ വിമർശിച്ച് സമസ്ത മുഖപത്രം രംഗത്തുവന്നു. ബിഷപ്പിന്റെ പരാമർശങ്ങൾ മുസ്ലിം വിരോധം വളർത്താൻ ലക്ഷ്യം വെച്ചെന്ന് സുപ്രഭാതം എഡിറ്റോറിയലിൽ പറയുന്നു. കർക്കശമായ നടപടി ആവശ്യമായ സംഭവമാണിത്. ബ്രാഹ്മണർക്കെതിരെ സംസാരിച്ച പിതാവിനെ അറസ്റ്റ് ചെയ്ത ഛത്തിസ്ഗഡ് മുഖ്യമന്ത്രിയെ സംസ്ഥാന സർക്കാർ കണ്ടു പഠിക്കട്ടെയെന്നും സുപ്രഭാതം പറയുന്നു.
വിഷം ചീറ്റുന്ന നാവുകളും മൗനംഭജിക്കുന്ന മനസുകളും എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം. ബിഷപ്പിന്റെ പ്രസ്താവനയെ പിന്തുണക്കുന്നവരുടെ കയ്യിൽ തെളിവുകളുണ്ടെങ്കിൽ അത് ബന്ധപ്പെട്ടവരെ ഏൽപ്പിക്കുകയാണ് ചെയ്യേണ്ടതെന്നും മുഖപ്രസംഗത്തിൽ പറയുന്നു. അതേസമയം മതാധ്യക്ഷന്മാർ പാലിക്കുന്ന പൊതുധാരണക്ക് വിരുദ്ധമാണ് പാലാ ബിഷപ്പിന്റെ പരാമർശമെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളും പറഞ്ഞു. വിദ്വേഷം ഉണ്ടാക്കാതിരിക്കേണ്ട മതങ്ങളുടെ പൊതു തത്വത്തെ ലംഘിക്കുന്നതാണ് ബിഷപ്പിന്റെ പ്രസ്താവനയെന്നും ജിഫ്രി തങ്ങൾ പ്രതികരിച്ചു.
മാന്യത നിലനിർത്തുന്നതും വിദ്വേഷം ഉണ്ടാക്കാതിരിക്കലുമാണ് മതങ്ങളുടെ പൊതുതത്വം. ഇത് ലംഘിക്കുന്നതാണ് ബിഷപ്പിന്റെ പ്രസ്താവന. ഉന്നയിച്ച വിഷയത്തോട് മറുപടി പറയുന്നില്ലെന്നും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. മുസ്ലിം നാമധാരി എന്തെങ്കിലും ചെയ്താൽ ആ സമൂഹത്തെ ആകെ അപമാനിക്കുന്ന സാഹചര്യമാണുള്ളതെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. തൃപ്പനച്ചി ഉറൂസ് സമാപന സംഗമ വേദിയിലെ പ്രസംഗത്തിലായിരുന്നു ജിഫ്രി തങ്ങളുടെ പ്രതികരണം.
ഇതിനിടെ പാല ബിഷപ്പിനെ പിന്തുണച്ച് കേരള വനിതാ കോൺഗ്രസ് (എം) രംഗത്തുവന്നിട്ടുണ്ട്. ബിഷപ്പ് പറഞ്ഞ കാര്യങ്ങളിൽ കേന്ദ്ര- സംസ്ഥാന ഏജൻസികൾ അന്വേഷണം നടത്തണമെന്നും സംസ്ഥാന അധ്യക്ഷ നിർമ്മല ജിമ്മി പറഞ്ഞു. നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പിനെ പിന്തുണച്ച് കേരള വനിതാ കോൺഗ്രസ് (എം). ബിഷപ്പ് പറഞ്ഞത് നിലവിൽ ഉള്ള കാര്യമാണെന്നും കേന്ദ്ര- സംസ്ഥാന ഏജൻസികൾ ഇതിൽ അന്വേഷണം നടത്തണമെന്നും സംസ്ഥാന അധ്യക്ഷ നിർമ്മല ജിമ്മി പറഞ്ഞു.
ലൗ ജിഹാദിന്നെതിരെയും നാർക്കോട്ടിക് ജിഹാദിനെതിരെയുമാണ് ബിഷപ്പ് സംസാരിച്ചത്. താൻ പറയുന്നത് വിശ്വാസിയെന്ന പേരിലാണെന്നും പാർട്ടിയുടെ നിലപാട് പാർട്ടി നേതാക്കൾ പറയുമെന്നും നിർമ്മല ജിമ്മി വ്യക്തമാക്കി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ നിർമ്മല ജിമ്മി പാലയിൽ എത്തി ബിഷപ്പിനെ കണ്ടു. പാലാ നഗരസഭാ ചെയർമാനും പിന്തുണയുമായി ബിഷപ്പ് ഹൗസിലെത്തി.
വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ റാലിയാണ് ബിഷപ്പ് ഹൗസിനു മുന്നിൽ നടക്കുന്നത്. ബിഷപ്പ് ഉന്നയിച്ച ആശങ്ക പരിശോധിക്കപ്പെടേണ്ടതാണെന്നും ബിഷപ്പിനുനേരെ പ്രതിഷേധങ്ങളല്ല വേണ്ടതെന്നുമാണ് പ്രതിഷേധക്കാരുടെ നിലപാട്. അതേസമയം, പരാമർശത്തിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടാണ് പാലാ ബിഷപ്പ് സ്വീകരിച്ചിരിക്കുന്നത്. ദീപിക പത്രത്തിൽ പ്രസംഗത്തിന്റെ പൂർണ്ണരൂപം പ്രസിദ്ധീകരിച്ചാണ് പ്രതിഷേധങ്ങൾക്കുള്ള മറുപടി ബിഷപ്പ് നല്കുന്നത്. കൂടാതെ 'അപ്രിയസത്യങ്ങൾ ആരും പറയുന്നരുതെന്നോ' എന്ന തലക്കെട്ടിൽ ദീപിക എഡിറ്റോറിയലും എഴുതിയിട്ടുണ്ട്. പിന്നാലെ കെസിബിസിയും പിന്തുണച്ചു.
മറുനാടന് മലയാളി ബ്യൂറോ