മുംബൈ: ഒരു നിമിഷ നേരത്തെ അശ്രദ്ധമതി ആകാശത്ത് വിമാനങ്ങൾ കൂട്ടിയിടിച്ച് കത്തിയമരാൻ. മുംബൈ ആകാശത്ത് അത്തരമൊരു ദുരന്തം ഒഴിവായത് വെറും 25 സെക്കൻഡുകളുടെ വ്യത്യാസത്തിലായിരുന്നു. സീഷെൽസിലേക്ക് പോവുകയായിരുന്ന എത്തിഹാദ് വിമാനവും ദുബായിലേക്കുള്ള എമിറേറ്റ്‌സ് വിമാനവും ഒരേ പാതയിൽ നേർക്കുനേർ പറന്നടുത്തുവെങ്കിലും ദുരന്തം ഒഴിവാവുകയായിരുന്നു. രണ്ട് വിമാനങ്ങളിലെയും കോക്പിറ്റുകളിലുള്ള അപകട സൈറൺ മുഴങ്ങിയതിനെത്തുടർന്ന് അവസാന നിമിഷം വിമാനങ്ങളുടെ ദിശമാറ്റിയതോടെയാണ് ദുരന്തം വഴിമാറിയത്. 400-ഓളം യാത്രക്കാരാണ് രണ്ടുവിമാനങ്ങളിലുമായി ഉണ്ടായിരുന്നത്.

മാർച്ച് 29-നാണ് ഈ സംഭവമുണ്ടായത്. മുംബൈ വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളിലുണ്ടായിരുന്നവരുടെ അശ്രദ്ധയാണ് ഇതിന് വഴിവച്ചതെന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ചവർ കണ്ടെത്തിയിട്ടുണ്ട്. സീഷെൽസിലേക്ക് പോവുകയായിരുന്ന എത്തിഹാദ് വിമാനത്തോട് 36,000 അടി ഉയരത്തിൽ പറക്കാൻ എയർ ട്രാഫിക് കൺട്രോളർ ആവശ്യപ്പെട്ടു. എന്നാൽ, എതിർദിശയിൽനിന് എമിറേറ്റ്‌സ് വിമാനം പറന്നുവരുന്നുണ്ടെന്ന് മനസ്സിലാക്കാതെയാണ് ഈ നിർദ്ദേശം നൽകിയത്.

നേർക്കുനേർ കൂട്ടിയിടിക്കുമെന്ന് ഉറപ്പായ നിമിഷങ്ങൾ. പൊടുന്നനെ ഇരു കോക്പിറ്റുകളിലെയും ആന്റി-കൊളിഷൻ അലാറം അടിക്കുകയും വിമാനങ്ങൾ ഗതിമാറ്റുകയുമായിരുന്നു. ഇരുവിമാനങ്ങളും തമ്മിൽ 25 സെക്കൻഡിന്റെ മാത്രം അകലത്തിലായിരുന്നു അപ്പോഴെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

വിമാനങ്ങളുടെ ദിശ സംബന്ധിച്ച് എയർ ട്രാഫിക് കൺട്രോളിലുള്ളവർക്ക് അവസാന നിമിഷം വിവരം നൽകുന്നത് ഓട്ടോമാറ്റിക് ഡിപ്പൻഡന്റ് സർവൈലലൻസിൽ(എഡിഎസ്) നിന്നാണ്. റഡാറിന്റെ ദൃശ്യപരിധിക്കപ്പുറത്തുള്ള വിമാനങ്ങളുടെ ദിശ സംബന്ധിച്ച് ഏറ്റവും ആധികാരികമായ വിവരങ്ങൾ എഡിഎസിൽനിന്ന് ലഭിക്കും. എന്നാൽ, ഈ വിമാനങ്ങളുടെ ദിശ സംബന്ധിച്ച വിവരങ്ങൾ ട്രാഫിക് കൺട്രോളിലെ രേഖകളിൽനിന്ന് നീക്കം ചെയ്തതായാണ് കണ്ടെത്തിയിട്ടുള്ളത്. അതേക്കുറിച്ച് അന്വേഷിക്കുമെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.

സീഷെൽസിൽനിന്ന് ദുബായിലേക്ക് വന്ന എമിറേറ്റ്‌സിന്റെ ഇകെ 706 വിമാനം എയർ ട്രാഫിക് കൺട്രോളിലുണ്ടായ പിഴവിനെത്തുടർന്ന് അപകടമുഖത്തെത്തിയതായി എമിറേറ്റ്‌സ് വക്താവ് പറഞ്ഞു. എന്നാൽ, യാത്രക്കാരോ ജീവനക്കാരോ ഒരു ഘട്ടത്തിലും അപകടം നേരിടേണ്ടിവന്നില്ല. എത്തിഹാദ് എയർവേയ്‌സും സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്.