- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിമിഷജീവിതം - രാജശ്രീവാര്യരുടെ 'നർത്തകി'യിലെ ആത്മഭാഷണങ്ങളെക്കുറിച്ച്
ഇപ്രകാരം ജീവിക്കുന്ന നിമിഷത്തെ നന്നായി അറിഞ്ഞ് കലാസൃഷ്ടികളിലൂടെ ആഘോഷമാക്കി മാറ്റുന്നവരാണ് നർത്തകരും. ഒരു നിമിഷത്തിന്റെ അർത്ഥപൂർണ്ണതയെ ഉൾക്കൊള്ളാനുള്ള ശ്രമത്തിൽ കാഴ്ചകൾക്കു വ്യക്തതയേറും. കാഴ്ച ഉൾപ്പെടെയുള്ള ഇന്ദ്രിയാനുഭവത്തിന്റെ ഓർമ്മയും നർത്തകിയുടെ ഭാവനയുംകൂടി ചേർന്നാണ് കലാവിഷ്‌കാരമായി മാറുന്നത്. ഇവിടെ ഒരു നിമിഷത്തിന്
ഇപ്രകാരം ജീവിക്കുന്ന നിമിഷത്തെ നന്നായി അറിഞ്ഞ് കലാസൃഷ്ടികളിലൂടെ ആഘോഷമാക്കി മാറ്റുന്നവരാണ് നർത്തകരും. ഒരു നിമിഷത്തിന്റെ അർത്ഥപൂർണ്ണതയെ ഉൾക്കൊള്ളാനുള്ള ശ്രമത്തിൽ കാഴ്ചകൾക്കു വ്യക്തതയേറും. കാഴ്ച ഉൾപ്പെടെയുള്ള ഇന്ദ്രിയാനുഭവത്തിന്റെ ഓർമ്മയും നർത്തകിയുടെ ഭാവനയുംകൂടി ചേർന്നാണ് കലാവിഷ്‌കാരമായി മാറുന്നത്. ഇവിടെ ഒരു നിമിഷത്തിന്റെ പൂർണ്ണതയ്ക്ക് ഭൂതകാലത്തിന്റെ ഭാരിച്ച ചുമടില്ല. ഭാവിയുടെ ഉത്കണ്ഠയുമില്ല. 'നിങ്ങൾ നിങ്ങളുടെ നിമിഷത്തിൽ ജീവിക്കുക' എന്ന ബുദ്ധദർശനമാണ് നിമിഷബോദ്ധ്യത്തിലൂടെ, അതിന്റെ ഭാവനകലർന്ന ആവിഷ്‌കാരത്തിലൂടെ ഒരു നർത്തകി ചെയ്യുന്നത്'.
'ഉള്ളിലുള്ള ഭാവത്തെ അംഗചലനങ്ങൾവഴി പ്രകടിപ്പിക്കുക, ആ അംഗചലനങ്ങൾക്ക് നിശ്ചിതമായ ഒരു ഘടനയും രൂപവും ഉണ്ടാകുക, രൂപഘടന നയിക്കുന്ന തത്ത്വത്തിന് (മതപരമല്ലാത്ത) ആത്മീയാടിസ്ഥാനം ഉണ്ടായിരിക്കുക എന്നതൊക്കെയാണ് ശാസ്ത്രീയനൃത്തത്തെ സാധാരണ നൃത്തത്തിൽനിന്നു വേർതിരിക്കുന്ന ഘടകങ്ങൾ. ഭാവചലനങ്ങളുടെ പ്രകാശനത്തിന്റെ കൃത്യതയും വ്യക്തതയും ധാർമ്മികതയും നൃത്തത്തിന്റെ ശാസ്ത്രീയതയെ നിർണ്ണയിക്കുന്നു. ശാസ്ത്രബദ്ധമായ നൃത്തത്തിന് ഒരു സംസ്‌കാരമുണ്ട്. മൂല്യാധിഷ്ഠിതമായ കാഴ്ചപ്പാടിന്റെ നൈരന്തര്യമാണ് ഈ സംസ്‌കാരമുണ്ടാക്കുന്നത്'.
ദക്ഷിണേന്ത്യൻ ക്ലാസിക്കൽ നൃത്ത, സംഗീത സംസ്‌കാരങ്ങളുടെ സമകാലചരിത്രം പൂരിപ്പിക്കുന്നവരിൽ ശ്രദ്ധേയയായ കലാകാരിയാണ് രാജശ്രീവാരിയർ. മലയാളത്തിൽ ടെലിവിഷൻ സൃഷ്ടിച്ച ഏറ്റവും പ്രഗത്ഭയായ അവതാരക എന്നതിനൊപ്പം ഭരതനാട്യത്തിലും ശാസ്ത്രീയസംഗീതത്തിലും രാജശ്രീ കൈവരിച്ച ഉയരങ്ങൾ മേതിൽ ദേവിക, കപിലാവേണു, ഉഷാനങ്ങ്യാർ, നീനാപ്രസാദ് എന്നിങ്ങനെ ഒരു തലമുറ കേരളീയ കലാകാരികളുടെ മുൻനിരയിൽ അവരെ എത്തിക്കുന്നു. നൃത്തം, സംഗീതം എന്നീ കലകളുടെ ക്ലാസിക്കൽ, ഫോക്, ജനപ്രിയ അതിർവരമ്പുകൾ മായ്ചുകളയുന്ന കലാവിചിന്തനങ്ങളായെഴുതപ്പെട്ട പതിനെട്ടു ലേഖനങ്ങളും ഒരഭിമുഖവും ഉൾപ്പെടുന്നതാണ് 'നർത്തകി' എന്ന ഈ ഗ്രന്ഥം. നൃത്തത്തിലും സംഗീതത്തിലും അസാധാരണമായ സംവേദനക്ഷമതയും അക്കാദമിക നിലപാടുകളും സൗന്ദര്യശിക്ഷണവുമുള്ള ഒരു കലാകാരിയുടെ രചനയെന്ന നിലയിൽ ഈ ക്ലാസിക്കൽ കലകളുടെ രസവിചാരങ്ങളായി ഭാവനചെയ്യപ്പെട്ടിരിക്കുന്നുവെങ്കിലും തന്റെ പ്രിയ കലാമണ്ഡലങ്ങളിലെ നിരവധി പ്രതിഭകളെക്കുറിച്ചുള്ള ജീവിതവിചാരങ്ങളായും മാറുന്നു, ഈ ഗ്രന്ഥം.
നൃത്തത്തെക്കുറിച്ചുള്ള കലാചിന്തകളാണ് പത്തിലധികം രചനകൾ. ക്ലാസിക്കൽ നൃത്തത്തിന്റെ തത്വവിചാരങ്ങൾ മുതൽ സിനിമയിലെ ജനകീയ നൃത്തകലകളുടെ രസതന്ത്രങ്ങൾ വരെ ഇവയിൽ വിശദീകരിക്കപ്പെടുന്നു. ഏറ്റവും ശ്രദ്ധേയമായ വസ്തുത രാജശ്രീ ക്ലാസിക്കൽ നൃത്തകലയെ മതാത്മകമോ ഗൂഢാത്മകമോ ചരിത്രനിരപേക്ഷമോ ആയി മനസ്സിലാക്കുകയോ വിശകലനം ചെയ്യുകയോ ചെയ്യുന്നില്ല എന്നതാണ്. ഗുരുസ്ഥാനീയരായി അവർ കാണുന്ന പത്മാസുബ്രഹ്മണ്യം മുതൽ കലാവിജയൻ വരെയുള്ളവർ അങ്ങനെയായിരുന്നിട്ടും രാജശ്രീ തികച്ചും ഭിന്നമായി ഭരതനാട്യത്തെയും മോഹിനിയാട്ടത്തെയുമൊക്കെ അവയുടെ ചരിത്രപരതയിലും സാമൂഹികതയിലുമൂന്നി സമീപിക്കുന്നു. ഇതോടൊപ്പം മതേതര ആത്മീയതയുടെ ചുവടുപിടിച്ച് കലയുടെ ധ്യാനാത്മകഛായകൾ തിരിച്ചറിയാൻ രാജശ്രീ തയ്യാറാകുന്നുമുണ്ട്.
അഞ്ചോ ആറോ ലേഖനങ്ങളിൽ സംഗീതത്തെ നൃത്തത്തിന്റെ മാത്രമല്ല, സകല കലകളുടെയും അർഥപൂരകമാകുന്ന ബോധാനുഭവമായി ചിത്രീകരിക്കുന്നു രാജശ്രീ. നൃത്തത്തോട് ഈ കലാകാരിക്ക് അഭിനിവേശമാണുള്ളതെങ്കിൽ സംഗീതത്തോട് ആദരവുതന്നെയാണുള്ളത്. (അതു ചിലപ്പോൾ ചില നാലാംകിട സിനിമാനടന്മാരെപ്പോലും പ്രകീർത്തിക്കുന്ന തലത്തിലേക്കു വഴുതിവീഴുന്നുണ്ടെങ്കിലും.) നൃത്തം ഒരു കലയാണെങ്കിൽ സംഗീതം മുഴുവൻ കലകളുടെയും ലയമണ്ഡലമാണെന്ന് ഈ കലാകാരി കരുതുന്നു. അതുകൊണ്ടാവാം, തന്റെ ഏറ്റവും വലിയ സ്വപ്നം, തനിക്കേറ്റവും പ്രിയപ്പെട്ട ഗായകൻ പാടിത്തരുമ്പോൾ അതിനനുസരിച്ചു നൃത്തം ചെയ്യുകയാണ് എന്ന് അടുത്തിടെ ഒരു ടെലിവിഷൻ പരിപാടിയിൽ രാജശ്രീ പറഞ്ഞത്.
കൗതുകകരമായ രീതിയിൽ നൃത്ത, സംഗീതാദികളുടെ ക്ലാസിക്കൽ സ്വഭാവങ്ങളെ ജനകീയമായി വിശദീകരിക്കുന്നുവെന്നതാണ് ഈ ഗ്രന്ഥത്തിന്റെ സവിശേഷതകളിലൊന്ന്. നൃത്തപരിസരം എന്ന ലേഖനത്തിൽ, രാഗം, താനം, പല്ലവി എന്നിവയെ പ്രണയത്തിന്റെ മൂന്നവസ്ഥകളോടു സമീകരിച്ചു വിശദീകരിക്കുന്നത് ഉദാഹരണം.
എഴുതാൻ രാജശ്രീതന്നെ വേണമെന്നില്ല എന്നു തോന്നിപ്പിക്കുന്ന ചുരുക്കം ചില ലേഖനങ്ങളുള്ളപ്പോഴും, നൃത്ത, സംഗീത കലകളുടെ ആത്മാവ് തൊട്ടറിഞ്ഞ ഒരു സൗന്ദര്യചിന്തയുടെ കയ്യൊപ്പുള്ളവയാണ് ഈ ഗ്രന്ഥത്തിലെ നിരവധി ലേഖനങ്ങൾ. നൃത്തരൂപത്തിൽ രാജശ്രീ ചിട്ടപ്പെടുത്തിയ 'ലങ്കാലക്ഷ്മി'യിലെ പകർന്നാട്ടങ്ങളും 'നീലവർണ'ത്തിലെ പരകായപ്രവേശങ്ങളും 'മാധവ'ത്തിലെയും 'മീര'യിലെയും ഭാവസംപൃക്തമായ മനോനർത്തനങ്ങളും മൗലികമായാവിഷ്‌ക്കരിച്ച ഒരു പ്രതിഭയുടെ കലോപാസനയുടെ വാങ്മയരൂപങ്ങളായി മാറുന്നു, അവ.
രണ്ടു സന്ദർഭങ്ങൾ നോക്കുക. ഒന്ന്, ഒരു സംഘനൃത്താനുഭവത്തിന്റെ ആസ്വാദനമാണ്. 'സൂര്യനുവേണ്ടി വിരിഞ്ഞുനിറയുന്ന താമരപ്പൊയ്ക, ചന്ദ്രബിംബത്തിനു മുഖം കൊടുത്തുനില്ക്കുന്ന ആമ്പൽപുഷ്പങ്ങൾ. ഈ ബിംബങ്ങളിൽ പ്രകൃതിയുടെ ശൃംഗാരഭാവമില്ലേ? ഒരുകൂട്ടം നർത്തകരുടെ ശുദ്ധനൃത്തചലനം നിലാവിന്റെ തേജസ്സിൽ മുഖംവിടർത്തുന്ന ആമ്പൽപൂക്കളെ ആസ്വാദകന്റെ കണ്ണിൽ വിടർത്തുന്നു. നീലവെളിച്ചത്തിന്റെ പശ്ചാത്തലത്തിൽ ജവകണങ്ങളെ ഓർമ്മിപ്പിക്കുന്ന പ്രകാശവിതാനത്തിൽ രാത്രി എന്ന തോന്നൽ സൃഷ്ടിക്കപ്പെടുകയാണ്. മുട്ടുകളിലിരുന്നു കുനിഞ്ഞ് നിലത്തേക്കു ചാഞ്ഞിരിക്കുന്ന നർത്തകർ.
സായംസന്ധ്യയുടെ നിറവിലേക്കു മെല്ലെ പടരുന്ന കറുത്ത രാത്രി. രാത്രിയെ ജ്വലിപ്പിച്ചുകാട്ടുന്ന ചന്ദ്രബിംബം. അതിൽനിന്ന് പകർന്നൊഴുകുന്ന നിലാവ്. നിശയ്ക്കു നീലിമ ചാർത്തുന്ന ചന്ദ്രിക. നിശ്ചിതമായ അളവിൽ വേദിയിലേക്ക് ഒഴുകിയെത്തുന്ന വെളിച്ചം നിലാവിനെ സൃഷ്ടിക്കുന്നു. നർത്തകർക്കു പൂക്കളായി വിരിയണം. നീലിച്ച പ്രകാശത്തിന്റെ തേജാബലത്തിൽ ഉണരാനുറച്ച ഇതളുകളാകുന്നു നർത്തകർ. വെൺമയിലേക്കൊന്നൊന്നായി ഉണരുന്നു നർത്തകർ. തുടക്കത്തിൽ ഒരു പുഷ്പത്തെ മാത്രം ഓർമ്മിപ്പിച്ചേക്കാം. പിന്നെ ഓരോ പൂവിന്റെ ഇതളുകളായി ചമഞ്ഞ നർത്തകർ വേർതിരിഞ്ഞ് ഓരോരോ പൂർണ്ണപുഷ്പങ്ങളായി മാറുന്നു. പിന്നീടവ നിലാവിന്റെ വെട്ടത്തിൽ ചന്ദ്രബിംബത്തിലേക്ക് പ്രണയച്ചുവടുകൾ വച്ചുതുടങ്ങും. ഒരേ താളത്തിൽ, രാഗഭാവത്തിൽ നൃത്തമാരംഭിക്കുന്ന നർത്തകർ തനിയെനിന്നുള്ള നൃത്തചലനങ്ങളിലൂടെ സ്‌നേഹോദ്യാനംതന്നെ നിർമ്മിക്കുന്നു. ആമ്പൽപൊയ്കയിലെ ഓരോ പുഷ്പവും സ്വയം ഉദ്യാനമായിത്തീരുന്നു. ചാരികളിലൂടെ വശങ്ങളിലേക്കു നീങ്ങി ഉത്പ്ലവനങ്ങളിലൂടെ നിലാവിലേക്ക് കുതിച്ചുയർന്ന് ആത്മവിസ്മൃതിയുടെ ഭ്രമരികളിലൂടെ സ്‌നേഹം പരത്തുന്ന ആമ്പൽപുഷ്പങ്ങൾ'. മറ്റൊന്ന്, അലർമേൽ വള്ളിയുടെ നൃത്തവിലാസത്തെക്കുറിച്ചുള്ള ആത്മാവിൽതൊട്ട വർണ്ണനയാണ്.
'ഒരു സ്ത്രീ എന്ന നിലയിൽ തനിക്കുചുറ്റുമുള്ള എല്ലാ സർഗ്ഗപ്രേരണകളോടും നിരന്തരം സംവദിച്ച് തനിക്ക് വേണ്ടതുമാത്രം ഉൾക്കൊണ്ട് ലാസ്യഭാവത്തിന്റെ പരകോടിയിലേക്ക് നൃത്തത്തിലൂടെ എത്തിച്ചേർന്ന നർത്തകിയാണ് അലർമേൽ വള്ളി. നൃത്തമാകാനും നൃത്താവസ്ഥയിലേക്കെത്തിച്ചേരാനും അവരെ പ്രേരിപ്പിക്കുന്നത് ഒരു നൃത്തക്കാഴ്ച മാത്രമല്ല. നിശ്ചലമായ ഒരു തടാകവും ഒരിലപോലും അനങ്ങാതെ വിറങ്ങലിച്ചുനില്ക്കുന്ന ശൈത്യവും ഒരു നിമിഷംപോലും ഒന്നുനില്ക്കാതെ സമുദ്രസാന്നിദ്ധ്യത്തിലേക്ക് പാഞ്ഞെത്തുന്ന ജലപ്രവാഹങ്ങളും ഇളംകാറ്റിൽ ആടിയുലഞ്ഞ് സൈ്വരവിഹാരം നടത്തുന്ന കാട്ടരുവികളും ഒരു മഴത്തുള്ളിയുടെ പതനഭാരത്തിന്റെ ആകസ്മികത സൃഷ്ടിച്ച കിതപ്പുമാറ്റാൻ പാടുപെടുന്ന കുഞ്ഞു പച്ചിലകളും ഒക്കെ അവരെ നൃത്തമാക്കി മാറ്റുന്നുണ്ട്. പ്രപഞ്ചത്തിലെ ഇത്തിരിപ്പോന്ന ഓരോ ജീവജാലങ്ങളും തന്നിലേക്കെത്തുന്ന ആകസ്മികതകളോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് ഓരോ നർത്തകിയും കാണുന്നു. ഇടവിടാതെ പെയ്യുന്ന മഴത്തുള്ളികൾക്കൊപ്പം നൃത്തംവയ്ക്കുന്ന പച്ചിലക്കാടുകൾ. ആഞ്ഞുപതിക്കുന്ന നീർക്കോലങ്ങളോട് കലഹിച്ചുനില്ക്കുന്ന മുളംതണ്ടുകൾ... ഒരു ജലകണംപോലും തന്നിലേക്കെടുക്കാതെ മണ്ണിലേക്കൊഴുക്കിവിടുന്ന മുളംകാടുകൾ. നീണ്ട മുളംതണ്ടുകളുടെ കണ്ണില്പെടാതെ വീണുകിട്ടിയ ഒരു നീർമുത്തിനെ ഇലപ്പടർപ്പിലൊളിപ്പിക്കുന്ന കുസൃതിപ്പച്ചകളും ഒരു പ്രകാശരശ്മിയിൽ ഇവയെപ്പറ്റിച്ചും മറഞ്ഞുകളയുന്ന മഴക്കുഞ്ഞുങ്ങളും ഒക്കെ, പ്രകൃതിയുടെ ഇന്ദ്രിയാനുഭൂതികളായി മാറുന്നു. ഈ പ്രപഞ്ചക്കാഴ്ച നർത്തകിക്കു നൃത്തപ്രപഞ്ചമൊരുക്കുന്നു. പഞ്ചഭൂതങ്ങളുടെ ചലനഭാവത്തിന്റെ താളം, താളം കേൾപ്പിക്കുന്ന ശബ്ദം, കേൾപ്പിക്കാത്ത മൗനം, മൗനനിമിഷത്തിന്റെ സൗന്ദര്യം, സൗന്ദര്യം സൃഷ്ടിക്കുന്ന മനോവർണ്ണങ്ങൾ... ഇവയൊക്കെ പിന്നെ കാഴ്ചയ്ക്കും കേൾവിക്കുമതീതമായ ഏതോ ഒരു തലത്തിൽ നർത്തകിയിൽ തനിയെ ഉണ്ടായിത്തീരുന്നു'.
വൈജയന്തിമാല, പത്മാസുബ്രഹ്മണ്യം, സി.വി. ചന്ദ്രശേഖർ, ഇന്ദ്രാണി റഹ്മാൻ എന്നിവർ തൊട്ട് തന്റെ സമകാലികരായ യുവ നൃത്ത, സംഗീതകലാപ്രതിഭകളെവരെ അവതരിപ്പിക്കുന്നു, നിരവധി രചനകളിൽ രാജശ്രീ. ബാലസരസ്വതിയോടാകട്ടെ, അളവറ്റ ആരാധനയും മതിപ്പുമാണവർക്ക്. താൻ ഭരതനാട്യത്തിൽ രുക്മിണീദേവി അരുന്ധേലിന്റെ സ്‌കൂളല്ല, ബാലസരസ്വതിയുടെ സ്‌കൂളാണ് പിന്തുടരുന്നത് എന്ന് തുറന്നുപറയാനും രാജശ്രീ മടിക്കുന്നില്ല. നൃത്ത, സംഗീത മണ്ഡലങ്ങളിൽ താൻ കൈവരിച്ച സൗന്ദര്യശാസ്ത്രപരവും സാമൂഹികവുമായ പദവികളോട് സ്ത്രീയെന്ന നിലയിലുള്ള രാജശ്രീവാരിയരുടെ പ്രതികരണങ്ങളാണ് ഏറ്റവും ചുരുക്കിപ്പറഞ്ഞാൽ ഈ ആത്മഭാഷണങ്ങൾ. അവരുടെതന്നെ ഭാഷയിൽ പറഞ്ഞാൽ, നൃത്തത്തിന്റെ നിമിഷജീവിതങ്ങൾ.