- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആചാരദീപങ്ങൾ തെളിയുന്ന ഭൂമിയുടെ മറ്റൊരു വശത്ത് നാസയിലെ പെണ്ണുങ്ങൾ ചെയ്യുന്നത്; നമ്മുടെ കുലസ്ത്രീകളൊട് നാസയിലെ പെണ്ണുങ്ങൾക്ക് ഓർമ്മപ്പെടുത്താനുള്ളത്- രജീഷ് പാലവിള എഴുതുന്നു
1997 നവംബർ 17ന് ഇന്ത്യൻ വംശജ കല്പനാ ചൗള നാസയിലെ തന്റെ ആദ്യ ബഹിരാകാശയാത്രയുടെ അനുഭവത്തെക്കുറിച്ച് പറഞ്ഞ വാക്കുകൾ 'You are just your intelligence' എന്നായിരുന്നു! 2003ൽ തന്റെ രണ്ടാം ബഹിരാകാശയാത്രയുടെ അവസാനത്തിൽ ഭൂമിയിൽ എത്തുന്നതിന് നിമിഷങ്ങൾക്ക്മുൻപ് 'കൊളംബിയ' ബഹിരാകാശവാഹനാപകടത്തിൽ അവർ കൊല്ലപ്പെട്ടു. അതുകഴിഞ്ഞ് ഏതാണ്ട് പതിനഞ്ച് വർഷങ്ങൾക്കിപ്പറവും കേരളത്തിൽ ഒരുകൂട്ടം സ്ത്രീകൾ ലോകത്തോട് പറയുന്നു ''we are just our body''. കല്പനാ ചൗള, ശരീരത്തിന്റെ ഭാരമറിയാൻ കഴിയാത്ത ശൂന്യതയിൽ താൻ പ്രജ്ഞ മാത്രമാണെന്ന് അനുഭവിച്ചെങ്കിൽ ഇവിടെ 'പ്രജ്ഞ' പ്രാകൃത മതബോധങ്ങൾക്ക് പണയംവച്ച് തങ്ങൾ ശരീരങ്ങൾ മാത്രമാണ് എന്ന് കുറച്ച് പെണ്ണുങ്ങൾ പറയുന്നു! പ്രജ്ഞ മറഞ്ഞുപോകാനും ശരീരം മാത്രമായി നിൽക്കാനും അങ്ങനെ ആണധികാരങ്ങളെയും പുരുഷനിർമ്മിത മതകഥാപുസ്തകങ്ങളെയും അർത്ഥപൂർണ്ണമാക്കാൻ അവർ ആഗ്രഹിക്കുമ്പോൾ ധിഷണാശാലികളായ നൂറുനൂറു കല്പനാ ചൗളമാർ മാനവചരിത്രത്തെ ഊറ്റംകൊള്ളിക്കുന്നു. അവരുടെ ദിവസങ്ങൾ പുതിയ ചരിത്രങ്ങളും നൂറ്റാണ്ടുകളും കുറിക്കുന്ന
1997 നവംബർ 17ന് ഇന്ത്യൻ വംശജ കല്പനാ ചൗള നാസയിലെ തന്റെ ആദ്യ ബഹിരാകാശയാത്രയുടെ അനുഭവത്തെക്കുറിച്ച് പറഞ്ഞ വാക്കുകൾ 'You are just your intelligence' എന്നായിരുന്നു! 2003ൽ തന്റെ രണ്ടാം ബഹിരാകാശയാത്രയുടെ അവസാനത്തിൽ ഭൂമിയിൽ എത്തുന്നതിന് നിമിഷങ്ങൾക്ക്മുൻപ് 'കൊളംബിയ' ബഹിരാകാശവാഹനാപകടത്തിൽ അവർ കൊല്ലപ്പെട്ടു. അതുകഴിഞ്ഞ് ഏതാണ്ട് പതിനഞ്ച് വർഷങ്ങൾക്കിപ്പറവും കേരളത്തിൽ ഒരുകൂട്ടം സ്ത്രീകൾ ലോകത്തോട് പറയുന്നു ''we are just our body''. കല്പനാ ചൗള, ശരീരത്തിന്റെ ഭാരമറിയാൻ കഴിയാത്ത ശൂന്യതയിൽ താൻ പ്രജ്ഞ മാത്രമാണെന്ന് അനുഭവിച്ചെങ്കിൽ ഇവിടെ 'പ്രജ്ഞ' പ്രാകൃത മതബോധങ്ങൾക്ക് പണയംവച്ച് തങ്ങൾ ശരീരങ്ങൾ മാത്രമാണ് എന്ന് കുറച്ച് പെണ്ണുങ്ങൾ പറയുന്നു! പ്രജ്ഞ മറഞ്ഞുപോകാനും ശരീരം മാത്രമായി നിൽക്കാനും അങ്ങനെ ആണധികാരങ്ങളെയും പുരുഷനിർമ്മിത മതകഥാപുസ്തകങ്ങളെയും അർത്ഥപൂർണ്ണമാക്കാൻ അവർ ആഗ്രഹിക്കുമ്പോൾ ധിഷണാശാലികളായ നൂറുനൂറു കല്പനാ ചൗളമാർ മാനവചരിത്രത്തെ ഊറ്റംകൊള്ളിക്കുന്നു. അവരുടെ ദിവസങ്ങൾ പുതിയ ചരിത്രങ്ങളും നൂറ്റാണ്ടുകളും കുറിക്കുന്നു!
ആർത്തവത്തിന്റെ പാപബോധത്തെ ആചാരത്തിന്റെ പേരിൽ സംരക്ഷിക്കാൻ ഭൂമിയിലൊരിടത്ത് പെണ്ണുങ്ങൾ വഴിനീളെ വിളക്ക് കത്തിക്കുകയുണ്ടായി. തങ്ങളുടെ 'അശുദ്ധികളെ' ലോകം അംഗീകരിക്കണം എന്ന വിളംബരമായിരുന്നു അത്. ആ സമയം ഭൂമിയിൽ മറ്റൊരിടത്ത് ഒരുപെണ്ണ് നൂറ്റിതൊണ്ണൂറ്റിയേഴ് ദിവസത്തെ ബഹിരാകാശജീവിതത്തിന്റെ വേറിട്ട അനുഭവങ്ങളുമായി ശാസ്ത്രലോകത്തിന്റെയും സ്ത്രീസമൂഹത്തിന്റെയും അഭിമാനദീപം തെളിക്കുകയായിരുന്നു. നാസയുടെ 'ബഹിരാകാശ ഫ്ളൈറ്റ് ഡോക്ടറായ' സെറീന മറിയ അനോൺ (Serena Maria Auñón) തന്റെ ആദ്യ ബഹിരാകാശയാത്രയുടെ ത്രസിപ്പിക്കുന്ന ഓർമ്മകളിലാണ്. 2018 ജൂൺ 6ന് ഭൂമിയിൽ നിന്നും പുറപ്പെട്ട് 196 ദിവസവും 17 മണിക്കൂറും 49 മിനിറ്റും കഴിഞ്ഞാണ് അവർ സഹയാത്രികരായ റഷ്യൻ സ്പേസ് ഏജൻസിയുടെ സെറി പ്രൊകോപ് യെവ്‌നും(Sergey Prokopye്) യൂറോപ്യൻ സ്പേസ് ഏജൻസിയുടെ അലക്‌സാണ്ടർ ജസ്റ്റിനും(Alexander Gerst) ഒപ്പം ഡിസംബർ 19ന് ഭൂമിയിലേക്ക് മടങ്ങി ബഹിരാകാശ യാത്രാപദ്ധതി (എക്‌സ്‌പെഡിഷൻ 57 )വിജകരമായി പൂർത്തിയാക്കിയത്. മൂവായിരത്തി ഒരുന്നൂറ്റി അമ്പത്തിരണ്ടു തവണ ഭൂമിയെ വലംവച്ച് ഏതാണ്ട് 136 കോടി കിലോമീറ്ററുകൾ സഞ്ചരിച്ചാണ് യാത്രികർ മണ്ണിലിറങ്ങിയത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ അറ്റകുറ്റപണികളും കാൻസർ രോഗനിർണ്ണയത്തിലെ പുതിയ സാധ്യതകൾ ഉൾപ്പടെ സ്തുത്യർഹമായ അനവധി പരീക്ഷണനിരീക്ഷണങ്ങളും നടത്തിയാണ് സംഘത്തിന്റെ മടക്കം. ബഹിരാകാശയാത്രയ്ക്കും യാത്രികകർക്കും പരീക്ഷണങ്ങൾക്കും ആവശ്യമായ മെഡിക്കൽ സഹായങ്ങൾ നൽകുകയായിരുന്നു സെറീനയുടെ ദൗത്യം. നാസയുടെ ബഹിരാകാശയാത്രികയായ ആൻ മാക്ക്‌ലയിൻ ഉൾപ്പടെ മറ്റൊരു ദൗത്യസംഘം (എക്‌സ്‌പെഡിഷൻ 58) ബഹിരാകാശനിലയത്തിൽ എത്തിചേർന്നതിൽ പിന്നെയാണ് സെറീനയും സംഘവും മടങ്ങിയത്.
ഈ ദൗത്യങ്ങൾ സെറീനയിൽ ആരംഭിച്ചതോ അവാസാനിക്കുന്നതോ അല്ല. അമ്പത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ് 1963ലാണ് ഒരുസ്ത്രീ ചരിത്രത്തിലാദ്യമായി ബഹിരാകാശത്തേക്ക് സഞ്ചരിച്ചത്. U.S.S.R ന്റെ വ്‌ളാഡിമിറോവ്ന ടെറീഷ്‌കോവ(Valentina Vladimirovna Tereshkova) ആയിരുന്നു അത്. 1937ൽ ജനിച്ച അവർ തന്റെ ജീവിതസായഹ്നത്തിൽ പറയുന്നത് പറ്റുമെങ്കിൽ 2023ലെ ചൊവ്വായാത്രയിൽ പങ്കെടുക്കണമെന്നാണ്!
എൺപത്തിയൊന്നാം വയസ്സിലും ആ മഹതിയുടെ ശാസ്ത്രാഭിരുചിയും ആവേശവും ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. നാസയിലാകട്ടെ സ്ത്രീകൾക്ക് ബഹിരാകാശ ദൗത്യങ്ങളിൽ പങ്കെടുക്കാൻ അവസരം തുടങ്ങിയത് മുതൽ എണ്ണമറ്റ സ്ത്രീകളാണ് അതിനുവേണ്ടിയുള്ള പരീക്ഷകളിലും പരിശീലനങ്ങളിലും പങ്കെടുത്ത് വിജയകരമായ അനവധി യാത്രകൾ പൂർത്തിയാക്കിയതും കാത്തിരിക്കുന്നതും. ഏറ്റവുമധികം സ്ത്രീകളെ ശൂന്യാകാശത്തേക്ക് കൊണ്ടുപോയ നാസയുടെ 'പെൺ ദൗത്യങ്ങൾ ' അമേരിക്കയിലെ ലിംഗവിവേചനങ്ങൾ നിയമപരമായി നിരോധിക്കപ്പെട്ട 1978മുതൽ തുടങ്ങിയതാണ്. 1983ൽ സാലി റൈഡ്(Sally Ride)എന്ന അമേരിക്കൻവനിത ആദ്യ ബഹിരാകാശയാത്ര ചെയ്തപ്പോൾ ആർത്തവത്തെയും സ്ത്രീ സുരക്ഷയേയും സംബന്ധിക്കുന്ന ചൂടൻ സംവാദങ്ങൾ നടക്കുകയുണ്ടായി. ശൂന്യാകാശത്തിൽ ആർത്തവം സാധാരണമായിരിക്കുമോ മറ്റെന്തെങ്കിലും കുഴപ്പമുണ്ടാകുമോ എന്ന ആശങ്കകളും ചർച്ചകളും പങ്കുവയ്ക്കപ്പെട്ടു.
ബഹിരാകാശയാത്ര ചെയ്യാൻ ഒരുങ്ങുന്നവർ പിന്തുടരേണ്ട കഠിനമായ പരിശീലങ്ങളും പരിശോധനകളും സ്ത്രീകൾക്ക് അപ്രാപ്യമാണ് എന്ന യാഥാസ്ഥിതിക സങ്കൽപ്പത്തെ അപ്പാടെ തകർത്ത് അനവധി സ്ത്രീകളാണ് അമേരിക്കയിൽ വിജയകരമായി ഒരുങ്ങിവന്നത്. യാഥാസ്ഥിതികർ അതുകൊണ്ടും അവരെ അംഗീകരിക്കാൻ തയ്യാറായില്ല, ആർത്തവമായിരുന്നു മറ്റൊരു ചോദ്യചിഹ്നം. ബഹിരാകാശജീവിതത്തിൽ ഹൃദയത്തിന്റെ രക്തചംക്രമണ പ്രക്രിയകൾ മന്ദീഭവിക്കുന്നതും അതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളും അവിടെ ഉയർന്നുവന്നു. ഗുരുത്വബലമില്ലാത്ത ശൂന്യാകാശത്ത് പേശികളും മസിലുകളും ഒരർത്ഥത്തിൽ ഉപയോഗശൂന്യമാകുകയും അതുവഴി ഹൃദയം മന്ദതയുള്ളതായി തീരുകയും ചെയ്യുമെന്നാണ് പഠനം. ബഹിരാകാശയാത്ര കഴിഞ്ഞ് ഭൂമിയിലേക്ക് വരുന്നവർക്ക് പേശീബലവും തുലനവും വീണ്ടെടുക്കാൻ കുറച്ചുസമയം എടുക്കേണ്ടിവരുന്നതും അതുകൊണ്ടാണ്. സ്വാഭാവികമായും ആർത്തവരക്തപ്രവാഹം ബഹിരാകാശത്ത് ഏതുവിധത്തിലായിരിക്കും എന്നത് ഒരു ചർച്ചാവിഷയമായി. നാസ ആ വിഷയത്തിൽ നടത്തിയ പഠനങ്ങൾ അവസാനിപ്പിച്ചത് ബഹിരാകാശത്ത് പോകുന്നതിനോ താമസിക്കുന്നതിനോ സ്ത്രീകൾക്ക് ആർത്തവം ഒരു തടസ്സമല്ല എന്നനിലയ്ക്കാണ്. നാഡീഞരമ്പുകളിലെ രക്തചംക്രമണ സംവിധാനങ്ങളിൽ നിന്നും വ്യത്യസ്തമായി ഹോർമോണുകളാണ് ആർത്തവ രക്തസംവിധാനത്തെ നിയന്ത്രിക്കുന്നത് എന്ന മെഡിക്കൽ റിപ്പോർട്ടുകളിൽ നിന്നാണ് നാസ 'ആർത്തവപേടിയെ' കയ്യൊഴിഞ്ഞത്.
പാഡുകളോ പിൽസുകളോ ആർത്തവസംവിധാനം നിയന്ത്രിക്കുന്ന ഹോർമോണുകളെ താത്കാലികമായി ഒഴിവാക്കുന്ന ഉപകരണങ്ങൾ [Intrauterine device (IUD)]ഉപയോഗിക്കുകയോ വഴി ബഹിരാകാശവൈമാനികരായ സ്ത്രീകൾക്ക് ആർത്തവത്തിന്റെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാമെന്ന് സ്ഥിരീകരിച്ചു. ഏതായാലും നാളിതേവരെ അനേകം സ്ത്രീകൾ നാസയുടെ ബഹിരാകാശദൗത്യങ്ങളുടെ ഭാഗമായി. ആർക്കും ആർത്തവം അവിടെ പ്രശ്‌നമായി തോന്നിയിട്ടില്ല എന്ന് ചുരുക്കം!
'ഞങ്ങൾ അശുദ്ധകളാണ്.. ഞങ്ങളെ മാറ്റിനിർത്തൂ' എന്ന് കുറച്ചു സ്ത്രീകൾ ഇവിടെ വിളംബരം ചെയ്യുമ്പോൾ അവിടെ നാസയിലെ പെണ്ണുങ്ങൾ ബഹിരാകാശത്ത് പറന്നുനടക്കാൻ ഉത്സാഹത്തോടെ പരിശീലനങ്ങളിൽ ഏർപ്പെടുകയാണ്.കോടാനുകോടി കിലോമീറ്ററുകൾക്ക് അകലെ അന്താരാഷ്ട്രബഹിരാകാശ നിലയത്തിൽ അവരിൽ ചിലർ ഭൂമിയിലെ മനുഷ്യർക്ക് വേണ്ടി ശാസ്ത്രത്തിന്റെ പുഷ്പങ്ങൾ വിരിയിക്കുകയാണ്. കല്പനാ ചൗള അന്ന് പറഞ്ഞത് പോലെ ''You are your intelligence too' എന്നാവും നാസയിലെ പെണ്ണുങ്ങൾക്ക് നമ്മുടെ കുലസ്ത്രീകളെ ഓർമ്മപ്പെടുത്താനുള്ളത്.