- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചുവന്ന ഗ്രഹത്തിന്റെ പ്രതലത്തിൽ തന്നെ സുരക്ഷിതമായി ഇറക്കിയശേഷം അകലേക്ക് മാറി സ്വയം തകർന്ന സ്കൈ ക്രെയിനിന്റെ ചിത്രം അയച്ച് പെർസിവറൻസ്; ചൊവ്വാഗ്രഹത്തിലെ പൊടിപടലം നിറഞ്ഞ ഭൂപ്രകൃതിയുടെ 360 ഡിഗ്രി പനോരമ ചിത്രവും അയച്ചു; നാസയുടെ ചൊവ്വാ ദൗത്യത്തിന്റെ കൂടുതൽ വിശേഷങ്ങൾ
പെർസിവറൻസ് റോവറിനെ സുരക്ഷിതമായി ചൊവ്വയുടെ ഉപരിതലത്തിലെത്തിച്ചശേഷം സ്വയം തകർന്ന സ്കൈ ക്രെയിനിന്റെ ചിത്രം ഇന്നലെ നാസ പുറത്തുവിട്ടു.നീണ്ട യന്ത്രക്കൈകൾ ഉപയോഗിച്ചാണ് സ്കൈ ക്രെയിൻ ഒരു കാറിന്റെ വലിപ്പമുള്ള റോവറിനെ ചൊവ്വയിൽ ഇറക്കിയത്. അതിനുശേഷം, അത് റോവറിൽ നിന്നും അകലേക്ക് മാറി സ്വയം തകരുകയായിരുന്നു. അന്തരീക്ഷത്തിലുയർന്ന പുകയുടെ പശ്ചാത്തലത്തിലുള്ള തകർന്ന സ്കൈ ക്രെയിനിന്റെ ചിത്രമാണ് നാസ പങ്കുവച്ചത്.
ഭീകരതയുടെ ഏഴ് നിമിഷങ്ങൾക്ക് ശേഷം, പെർസിവറൻസിനെ ചൊവ്വയുടെ പ്രതലത്തിലിറക്കി സ്വയം തകരുന്ന രീതിയിലാണ് സ്കൈ ക്രെയിൻ രൂപകല്പന ചെയ്തിരിക്കുന്നത്. തകരുന്നതിനിടയിൽ പെർസിവറൻസിലെ കാമറകൾക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാനായി ഇത് കുറേ ദൂരേക്ക് മാറിപ്പോവുകയും വേണം. ആസൂത്രണം ചെയ്തതുപോലെത്തന്നെയാണ് എല്ലാം നടന്നത് എന്നത് നാസയുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. ചൊവ്വയുടെ അന്തരീക്ഷത്തിലേക്ക് കടന്നപ്പോൾ ഉണ്ടായ അമിത താപം പെർസിവറൻസിനെ 2000 ഡിഗ്രി ഫാരൻഹീറ്റ് വരെ ചൂടാക്കിയിരുന്നു. അതിതാപത്തിൽ നിന്നും ഇതിനെ രക്ഷിക്കാൻ ഉണ്ടായിരുന്ന താപ കവചവും, ചൊവ്വയിൽ ഇറങ്ങുന്നതിനു മുൻപായി അടർന്നു പോയിരുന്നു.
നാസ പ്രതീക്ഷിക്കുന്നതുപോലെ ചൊവ്വയുടെ ദൃശ്യങ്ങളും പെർസിവറൻസ് അയയ്ക്കാൻ തുടങ്ങി. 360 -ഡിഗ്രിയിലുള്ള പനോരമ ചിത്രങ്ങളാണ് ഉയർന്ന റെസലൂഷനിലുള്ള കാമറകൾ അദ്യമായി പകർത്തിയത്. പൊടിമൂടിയ ഭൂപ്രകൃതിയുടെ വിശദാംശങ്ങൾ അവിശ്വസനീയമാം വിധത്തിൽ ഇതിൽ കാണാം. കഴിഞ്ഞയാഴ്ച്ച ഇതിറങ്ങിയ സ്ഥലത്തെ ജെസേറോ ക്രറ്ററിന്റെ ഭാഗങ്ങൾ ഇതിൽ കാണാം. പിന്നെ എന്നോ വറ്റിപ്പോയ ഒരു പുരാതന നദിയുടെ നദീമുഖത്തെ തുരുത്തിന്റെ തൂക്കായ ഭാഗങ്ങളും കാണാൻ കഴിയുന്നുണ്ട്. റോവർ സ്ഥിതിചെയ്യുന്ന സ്ഥലത്തുനിന്നും ഒരല്പം ദൂരെമാറിയാണ് ഈ നദീമുഖം കാണപ്പെടുന്നത്.
മസ്റ്റ്കാം സെഡ് ഡുവൽ ഹൈ ഡെഫിനിഷൻ കാമറ ഉപയോഗിച്ചാണ് ഈ ചിത്രം പകർത്തിയിരിക്കുന്നത്. റോവറിന്റെ ഏറ്റവും ഉയരം കൂടിയ ഭാഗത്താണ് ഇത് ഘടിപ്പിച്ചിരിക്കുന്നത് എന്നതിനാൽ, വാഹനത്തിന്റെ ചില ഭാഗങ്ങളും ഇതിൽ ദൃശ്യമാണ്. ഇതിനു മുൻപ് ചൊവ്വയിൽ നിന്നും ലഭിച്ച ചിത്രങ്ങളിൽ കാണുന്ന ഭൂപ്രകൃതിയോട് സമാനമായ പ്രകൃതിയാണ് ഇതിലും കാണുന്നത്.
ചൊവ്വയുടേ ജിയോളജിക്കൽ ചരിത്രവും അന്തരീക്ഷനിലകളും പഠിക്കുവാൻ റോവറിലെ കാമറകൾ സഹായിക്കും എന്നാണ് സ്പേസ് ഏജൻസി പറയുന്നത്. അതുകൂടാതെ അവിടത്തെ പാറകളുടെ ഘടന, അവശിഷ്ടങ്ങൾ എന്നിവയെ കുറിച്ചും പഠിക്കാനാകും. റോവറിനോട് അടുത്ത് 3 മുതൽ 5 മില്ലീമീറ്റ വരെയും അകല 2 മുതൽ 3 മീറ്റർ വരെയുമുള്ള വിശദാംശങ്ങൾ ഇതിലെ കാമറകൾക്ക് ഒപ്പിയെടുക്കാനാവും.
ഈ ചിത്രങ്ങൾക്കൊപ്പം, ചൊവ്വയിലെ കാറ്റിന്റെ മൂളൽ അടങ്ങിയ ഒരു ഓഡിയോക്ലിപ്പും നാസ പങ്കുവച്ചിട്ടുണ്ട്. പ്രിസർവൻസിന്റെ പേജിൽ ഇപ്പോൾ തന്നെ 5,600 ൽ അധികം ചിത്രങ്ങളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇതിൽ പലതുമിനിയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചേക്കും. പുരാതന സൂക്ഷ്മാണു ജീവിതം ഉൾപ്പടെയുള്ള അസ്ട്രോ ബയോളജ്ജി പഠനമാണ് പെർസിവെറൻസിന്റെ ഇപ്പോഴത്തെ മുഖ്യ ദൗത്യം. ഗ്രഹത്തിന്റെ ജിയോളജി, കാലാവസ്ഥ തുടങ്ങിയവയുടെ സൂക്ഷമപഠനത്തിനു ശേഷം ചൊവ്വഗ്രഹത്തെ മനുഷ്യന് ഉപയോഗിക്കാവുന്ന തരത്തിലാക്കിയെടുക്കുക എന്നതാണ് അന്തിമ ലക്ഷ്യം.
ഭാവിയിൽ യൂറോപ്യൻ സ്പേസ് ഏജൻസിയുമായി ചേർന്ന് നാസ നടത്താൻ ഉദ്ദേശിച്ചിട്ടുള്ള ദൗത്യങ്ങളിൽ, ചൊവ്വയിലെ മണ്ണിന്റെയും മറ്റും സാമ്പിളുകൾ ഭൂമിയിലെത്തിച്ച് സസൂക്ഷ്മ പഠനത്തിന് വിധേയമാക്കും.