ഭൂമിക്കുപരി മറ്റേതെങ്കിലും ഗ്രഹങ്ങളിൽ ജീവനുണ്ടോയെന്നത് മനുഷ്യനിൽ എക്കാലത്തും ആകാംക്ഷ ജനിപ്പിച്ച വസ്തുതയാണ്. അക്കാരണത്താൽ ശാസ്ത്രമേഖലയിലുണ്ടായ പുരോഗതിക്കനുസൃതമായി ഇതിനു വേണ്ടിയുള്ള അന്വേഷണത്തിനായി വിവിധ ദൗത്യങ്ങൾ ശാസ്ത്രജ്ഞന്മാർ സംഘടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഭൂമിക്കുപരി മറ്റെവിടെയെങ്കിലും ജീവനുള്ളതിന് വ്യക്തമായ തെളിവുകൾ ഇതുവരെ നമുക്ക് ലഭിച്ചിട്ടില്ല. എങ്കിലും ശാസ്ത്രജ്ഞന്മാർ ഇതുമായി ബന്ധപ്പെട്ടുള്ള പര്യവേഷണം തുടരുകയാണ്. എന്നാൽ ചൊവ്വയിൽ ശരിക്കും ജീവൻ കണ്ടെത്തിയെന്ന അവ്യക്തമായ സൂചനകൾ ഉയരുന്നുണ്ട്. ഇന്ന് നാസ തിരക്കിട്ട് പത്രസമ്മേളനം വിളിച്ചത് ഇത് പ്രഖ്യാപിക്കാനാണോയെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. ഇതിനായി ലോകം ആകാംക്ഷയോടെ കാതോർക്കുകയാണ്.

ഇതുമായി ബന്ധപ്പെട്ട് വിദഗ്ധരുടെ കോൺഫറൻസ് വാഷിങ്ടണിലെ നാസയുടെ ഹെഡ് ക്വാർട്ടേർസിൽ വിളിച്ച് കൂട്ടിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.ചൊവ്വയെ ചുറ്റിപ്പറ്റിയുള്ള വലിയ നിഗൂഢത ഇതിലൂടെ ചുരുളഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് മുമ്പ് നാസ ഇതുമായി ബന്ധപ്പെട്ട് നിർണായകമായ കണ്ടെത്തലുകളാണ് നടത്തിയിരുന്നത്. അതായത് ജൂലൈയിൽ ഭൂമിക്ക് സമാനമായ കെപ്ലർ 452ബി എന്ന ഗ്രഹം ഇതിന്റെ ഭാഗമായി കണ്ടെത്തിയിരുന്നു. നാസയിലെ പ്ലാനറ്ററി സയൻസ് ഡയറക്ടർ ജിം ഗ്രീൻ, മാർസ് എക്‌സ്പ്ലറേഷൻ പ്രോഗ്രാമിന്റെ ലീഡ് സയന്റിസ്റ്റായ മൈക്കൽ മെയർ എന്നിവരും പ്രസ്തുത ചടങ്ങിൽ പങ്കെടുക്കും. ആ ചടങ്ങിൽ വച്ച് ചൊവ്വയിലെ സൂക്ഷ്മ ജീവികളെക്കുറിച്ചുള്ള പ്രഖ്യാപനവും ഗ്രഹത്തിലെ ജനസാന്നിധ്യത്തെക്കുറിച്ചുള്ള വിശദമായ വിശദീകരണവുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അറ്റ്‌ലാന്റയിലെ ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ശാസ്ത്രജ്ഞനായ ലുജേന്ദ്ര ഓജ്ഹ ചൊവ്വയിലെ ജലത്തെക്കുറിച്ച് നിർണായകമായ കണ്ടെത്തലുകൾ നടത്തിയിരുന്നു.ചൂടുള്ള മാസങ്ങളിൽ ഉപ്പുജലം ചൊവ്വയുടെ ഉപരിതലത്തിലൂടെ ഒഴുകുന്നുണ്ടെന്നാണ് അദ്ദേഹം സമർത്ഥിച്ചിരുന്നത്. ഇതിന് നാസ പ്രഖ്യാപനത്തിൽ വച്ച് സ്ഥിരീകരണമുണ്ടാകുമെന്നും സൂചനയുണ്ട്. ജീവന് ജലം അത്യാവശ്യമായതിനാൽ ചൊവ്വയിലെ ജലസാന്നിധ്യം ഇവിടെ ജീവനുണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുകയാണ്. ഇതുവരെ ജലത്തിന് നിലനിൽക്കാൻ സാധിക്കാത്ത വിധം തണുത്ത ഗ്രഹമാണ് ചൊവ്വയെന്നായിരുന്നു ശാസ്ത്രജ്ഞന്മാർ ധരിച്ചിരുന്നത്.

എന്നാൽ ഈ വർഷം ഏപ്രിലിലാണ് നാസയുടെ ഫോർ വീൽ ഡ്രൈവറായ  ക്യൂരിയോസിറ്റി റോവർ ദ്രാവകരൂപത്തിലുള്ള ജലത്താൽ ചൊവ്വയുടെ ഉപരിതലം നനഞ്ഞതിന്റെ സൂചനകൾ കണ്ടെത്തിയത്. ഇത് നിർണായകമായ കണ്ടെത്തലായിരുന്നു. മൂന്ന് വർഷങ്ങളായി ക്യൂരിയോസിറ്റി ഈ ഗ്രഹത്തിൽ പര്യവേഷണം നടത്തിവരികയാണ്. ഉപരിതലത്തിൽ നിന്നും ഒരു മീറ്റർ താഴെയുള്ള പാറകളിൽ ഇതിന് മുമ്പ് കണക്കു കൂട്ടിയതിനേക്കാൾ നാലിരട്ടി ജലമുണ്ടെന്നാണ് ക്യൂരിയോസിറ്റി കഴിഞ്ഞ മാസം കണ്ടെത്തിയിരുന്നത്. ചൊവ്വയിൽ ഉണ്ടായിരുന്ന നദീതടങ്ങൾ പോലുള്ള ഭാഗങ്ങളുടെ സാറ്റലൈറ്റ് ചിത്രങ്ങളിൽ നിന്ന് വെളിവാകുകയും ചെയ്തിരുന്നു. ഒരിക്കൽ അവിടെ ജലമൊഴുകിയിരുന്നുവെന്നതിന്റെ സൂചനകളാണിത് നൽകുന്നത്.

ചൊവ്വയിലെ കറുത്ത പാറകളുടെ ചിത്രങ്ങൾ ക്യൂരിയോസിറ്റി തുടർന്ന് അയച്ചിരുന്നു. ഒരിക്കൽ ഈ ഗ്രഹത്തിൽ ജലമുണ്ടായിരുന്നുവെന്നതിന്റെ സൂചനയായാണ് ഇതിനെ കണക്കാക്കുന്നത്. ഭൂമിയോട് സാമ്യമുള്ള പ്രകൃതിയാണിതിന് ഒരിക്കൽ ഉണ്ടായിരുന്നതെന്നും സൂചനയുണ്ട്. ചൊവ്വ ഒരിക്കൽ ഭൂമിക്ക് സമാനമായ ഗ്രഹമായിരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നാണ് യുഎസ് സയൻസ് എഴുത്തുകാരനായ കെവിൻ കോപാസ് പറയുന്നത്. ഇവിടെ സമുദ്രങ്ങളാൽ വേർതിരിക്കപ്പെട്ട ഭൂഖണ്ഡങ്ങളും സൂക്ഷ്മജീവികളും വരെ നിലനിന്നിരുന്നുവെന്നും അദ്ദേഹം വാദിക്കുന്നു. ഏതായാലും ഇന്നത്തെ നാസ പത്ര സമ്മേളനം ഇക്കാര്യങ്ങളിൽ കൂടുതൽ വിശദീകരണമേകുമെന്നാണ് കരുതുന്നത്.