ഭൂമിയിൽ അല്ലാതെ ഈ വിശാലമായ പ്രപഞ്ചത്തിൽ മറ്റേതെങ്കിലുമൊരു ഗ്രഹത്തിലോ ഉപഗ്രഹത്തിലോ ജീവനുണ്ടോയെന്ന അന്വേഷണം ശാസ്ത്രജ്ഞന്മാർ നടത്താൻ തുടങ്ങിയിട്ട് കുറച്ച് കാലമായി. പക്ഷേ ഇതിന് വ്യക്തമായ തെളിവ് സഹിതമുള്ള ഒരുത്തരമേകാൻ നാളിത് വരെ ശാസ്ത്രത്തിന് സാധിച്ചിട്ടില്ല. എന്നാൽ ഭൂമിക്കപ്പുറം ജീവനുള്ള ഒരു ആവാസവ്യവസ്ഥ ഒടുവിൽ നാസ കണ്ടെത്തിയെന്നാണ് ഏറ്റവും പുതിയ സൂചന. ഇതമായി ബന്ധപ്പെട്ട് ലോകത്തെ അത്ഭുതപ്പെടുത്തുന്ന പ്രഖ്യാപനങ്ങൾക്കായി നാസ ഒരുങ്ങുന്നുവെന്നും റിപ്പോർട്ടുണ്ട്. അതായത് ശനിയുടെ ഉപഗ്രഹങ്ങളിലൊന്നിൽ ഏതാണ്ട് ഭൂമിക്ക് സമാനമായ കാലാവസ്ഥയാണെന്നും ഇതിനാൽ ഇവിടെ ജീവനുണ്ടാകാൻ സാധ്യതയുണ്ടെന്നുമാണ് നാസ ആസ്ട്രോഫിസിസ്റ്റായ തോമസ് സർബാചെൻ നിർണായകമായ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

യുഎസ് ഹൗസ് ഓഫ് റപ്രസെന്റേറ്റീവ് കമ്മിറ്റി ഓൺ സയൻസ്, സ്പേസ് ആൻഡ് ടെക്നോളജിയിൽ ഇന്നലെ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തങ്ങളുടെ ഇത് സംബന്ധിച്ച ഏറ്റവും പുതിയ ദൗത്യത്തിൽ നിർണായകമായ കണ്ടെത്തലുകൾ നടത്തിയെന്നും അദ്ദേഹം സൂചന നൽകുന്നു.ശനി ഗ്രഹത്തിൽ പര്യവേഷണം നടത്താനയച്ച സ്പേസ് ക്രാഫ്റ്റായ കാസിനി നടത്തിയ അന്വേഷണത്തിലാണ് ശനിയുടെ ഉപഗ്രഹമായ എൻസിലാഡസിൽ ജീവനുണ്ടാകാനുള്ള സാധ്യത കണ്ടെത്തിയിരിക്കുന്നത്. ഇത് യാഥാർത്ഥ്യമാണെന്ന് തെളിഞ്ഞാൽ പ്രപഞ്ചത്തിൽ മറ്റെവിടെയും ജീവനുണ്ടാകുന്നതിനുള്ള സാധ്യതകൾ വർധിക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നു.

കാസിനി ദൗത്യത്തിന്റെ ഭാഗമായി എൻസിലാഡസിനെ സൂക്ഷ്മമായി വിശകലനം ചെയ്യുകയും ഇതിന്റെ ഐസ് സാന്നിധ്യമുള്ള പ്രതലത്തിനടിയിലെ പാറകൾക്കും ജലത്തിനുമിടയിൽ ഹൈഡ്രോതെർമൽ റിയാക്ഷൻ നടക്കുന്നുവെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.ജീവന്റെ ഏറ്റവും ലളിതമായ രൂപം ആരംഭിക്കുന്നതിന് മുമ്പ് ഈ പ്രക്രിയ അനിവാര്യമാണെന്ന് ഗവേഷകർ പറയുന്നു. എൻസിലാഡസിൽ ജീവന്റെ ഏറ്റവും ലളിതമായ രൂപമായ മൈക്രോ ഓർഗാനിസങ്ങൾ രൂപമെടുത്തിട്ടുണ്ടോയെന്ന അന്വേഷണവും നടന്ന് വരുന്നുണ്ട്.

ഇത് ശരിയാണെന്ന് തെളിഞ്ഞാൽ പ്രപഞ്ചത്തിലെ മറ്റ് ചിലയിടങ്ങളിലും ജീവനുണ്ടാകുന്നതിനുള്ള സാധ്യത വർധിക്കുന്നുവെന്നാണ് സർബാചെൻ പറയുന്നത്. രണ്ടാഴ്ച മുമ്പ് നാസയുടെ കാസിനി മിഷനിലൂടെ എൻസിലാഡസിലെ മേഘങ്ങളിൽ ഹൈഡ്രജനുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നാണ് അദ്ദേഹം എടുത്ത് കാട്ടുന്നത്.

അതിന് പുറമെ നാസയുടെ ഹബിൾ സ്പേസ് ടെലിസ്‌കോപ്പ് ടീം വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയിൽ ഇത്തരത്തിലുള്ള മേഘങ്ങൾ കണ്ടെത്തിയിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ഇത് ഇവയിൽ ഏതെങ്കിലും രൂപത്തിലുള്ള ജീവനുണ്ടാകാനോ വരും കാലത്ത് ഉടലെടുക്കാനോ ഉള്ള സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് അദ്ദേഹം ആവർത്തിക്കുന്നു. പുരാതന ചൊവ്വാഗ്രഹത്തിൽ സൂക്ഷ്മ ജീവികൾക്ക് ജീവിക്കാൻ അനുയോജ്യമായ രസതന്ത്രം നിലനിന്നിരുന്നുവെന്നതിന് നാസയുടെ മാർസ് ക്യൂരിയോസിറ്റി റോവർ തിരിച്ചറിഞ്ഞ കാര്യവും സർബാചെൻ ഈ അവസരത്തിൽ എടുത്ത് കാട്ടുന്നു.