ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിലെ ഒരു കൊച്ചു വീട്ടിൽ കഴിയുന്ന നമ്മൾ എന്താണ് കരുതുന്നത് ? ഈ ലോകത്തെ ഏറ്റവും വലിയവൻ ഞാൻ ആണ് എന്നല്ലെ? എന്നാൽ കേട്ടോളു, നമ്മുടെ ഈ ഭൂമി പോലും ശതകോടി ഗ്രഹങ്ങളിൽ ഒരു കടുകുമണിയുടെ പോലും പ്രാധാന്യമില്ലാത്തതാണ്. നമ്മൾ ഇതുവരെ കണ്ടെത്തിയ പ്രപഞ്ചത്തെക്കുറിച്ചുള്ള സങ്കല്പം പാടെ മാറ്റി മറിക്കുകയാണ് നാസ ശാസ്ത്രജ്ഞർ. അവർ പറയുന്നത് സൗരയുഥത്തിനു വെളിയിൽ ഭൂമിയെപ്പോലെ 10 കോടി ഗ്രഹങ്ങൾ എങ്കിലും ഉണ്ടാവുമെന്നാണ്. വരുന്ന 20 വർഷത്തിനകമായി അവയിൽ ഏതെങ്കിലുമൊന്നിൽ നിന്നു ജീവൻ കണ്ടെടുക്കുമെന്നാണ് നാസ പറയുന്നത്.

തിങ്കളാഴ്ച വാഷിംഗടണിൽ നടന്ന ഒരു പൊതു പ്രഭാഷണത്തിനിടെയാണ് നാസ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഈ ദൗത്യത്തിന്റെ റോഡ്മാപ്പിന്റെ ഒരു രൂപരേഖ ഇതിനോടനുബന്ധിച്ച് പ്രദർശിപ്പിക്കുകയുമുണ്ടായി. ഇന്നു നിലവിലുളളതും ഭാവിയിൽ കണ്ടു പിടിക്കുന്നതുമായ ടെലിസ്‌കോപ്പുകളിലൂടെ പ്രപഞ്ചത്തിലെ ഏതു കോണിലുമുള്ള ജീവനെ കണ്ടെത്താനുള്ള തിരച്ചിലിന്റെ റോഡ് മാപ്പായിരുന്നു അത്.

പ്രപഞ്ചത്തിൽ മനുഷ്യനു പുറമെ മറ്റിടങ്ങളിലെവിടെയെങ്കിലും ജീവനുണ്ടാവാനുള്ള സാധ്യതയേറെയാണെന്ന് തനിക്കും സഹപ്രവർത്തകർക്കും ഇപ്പോൾ ഉറപ്പിച്ച് പറയാനാവുമെന്നാണ് മുൻ ബഹിരാകാശയാത്രികനും നാസയുടെ അഡ്മിനിസ്‌ട്രേറ്ററുമായ ചാൾസ് ബോൾഡൻ പ്രസ്താവിച്ചിരിക്കുന്നത്.

ചന്ദ്രനിലും സൗരയൂഥത്തിലെ മറ്റു ഗ്രഹങ്ങളുടെ ഉപഗ്രഹങ്ങളിലും ജീവന്റെ സാന്നിധ്യമുണ്ടോ എന്ന അന്വേഷണമാരംഭിച്ചിട്ട് പതിറ്റാണ്ടുകളായി. വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയിൽ ജീവനുണ്ടാവാൻ സാധ്യതയുണ്ടെന്ന് ആസ്‌ട്രോണമറായ കെൽവിൻ ഹാൻഡ് അടുത്തിടെ പറഞ്ഞിട്ടുണ്ട്. എന്നാൽ സൗരയൂഥത്തിന് പുറത്തുള്ളതും മറ്റ് നക്ഷത്രങ്ങൾക്ക് ചുറ്റും കറങ്ങുന്നതുമായ ഗ്രഹങ്ങളിലെ ജൈവികസാന്നിധ്യത്തെ അന്വേഷിക്കുന്നതിനെക്കുറിച്ചാണ് നാസയുടെ ശാസ്ത്രജ്ഞന്മാരുടെ പാനൽ ഇപ്പോൾ സൂചിപ്പിച്ചിരിക്കുന്നത്.

ഭാവിയിൽ മറ്റേതെങ്കിലുമൊരു നക്ഷത്രത്തിന് ഭൂമിയെപ്പോലൊരു ഗ്രഹമുണ്ടെന്നും അതിൽ ജീവനുണ്ടെന്നും പറയാൻ കഴിയുമെന്നാണ് സാറ സീഗെർ ഇതിനെക്കുറിച്ച് പറഞ്ഞത്. മസാച്ചുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്ലാനറ്ററി സയൻസ് ആൻഡ് ഫിസിക്‌സ് പ്രൊഫസറാണ് സാറ. മിൽക്കി വേയിലെ ഓരോ നക്ഷത്രത്തിന് ചുറ്റും കറങ്ങുന്ന ഒരു ഗ്രഹത്തിലെങ്കിലും ജിവന്റെ നിലനില്പിന് ഉചിതമായ സാഹചര്യമുണ്ടാകുമെന്നാണ് ശാസ്ത്രജ്ഞന്മാർ പ്രതിക്ഷിക്കുന്നത്. ദൗത്യത്തിന്റെ ഭാഗമായി മറ്റ് നക്ഷത്രങ്ങൾക്ക് ചുറ്റും കറങ്ങുന്ന ഗ്രഹങ്ങളെക്കുറിച്ച് വിശദമായി പഠിക്കാൻ ശാസ്ത്രജ്ഞന്മാർ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ഗ്രഹങ്ങളുടെ ഉപരിതലത്തെ കേന്ദ്രീകരിച്ചു കൊണ്ടുള്ള പഠനമാണ് ആദ്യഘട്ടത്തിൽ നാസ നടത്തുക. തുടർന്ന് ഗ്രഹങ്ങളുടെ അന്തരീക്ഷത്തെയും ബഹിരാകാശത്തെക്കുറിച്ചും പഠിക്കും. ഹബിൾ സ്‌പേസ് ടെലിസ്‌കോപ്പ്, സ്പിറ്റ്‌സർ സ്‌പേസ് ടെലിസ്‌കോപ്പ്, കെപ്ലർ സ്‌പേസ് ടെലിസ്‌കോപ്പ് തുടങ്ങിയ ഉപകരണങ്ങൾ ഇതിന് ശാസ്ത്രജ്ഞന്മാരുടെ സഹായത്തിനെത്തും. ജലം നിലനിൽക്കാൻ പാകത്തിലുള്ള ദൂരം ഈ ഗ്രഹങ്ങൾക്കും നക്ഷത്രത്തിനുമിടയിലുണ്ടോയെന്ന് കണക്കാക്കാൻ ഈ ടെലിസ്‌കോപ്പുകൾക്ക് കഴിയും. ജീവൻ നിലനിൽക്കാനാവശ്യമായ അടിസ്ഥാന ഘടകമാണല്ലോ ജലം.

2017ൽ ട്രാൻസിറ്റിങ് എക്‌സ്‌പ്ലോനെറ്റ് സർവേയിങ് സാറ്റലൈറ്റ് (ടെസ്സ്) വിക്ഷേപിക്കാനൊരുങ്ങുകയാണ് നാസ. 2018ൽ ജെയിംസ് വെബ് സ്‌പേസ് ടെലിസ്‌കോപ്പും വിക്ഷേപിക്കും. അന്യഗ്രജീവനുകളെക്കുറിച്ച് ആഴത്തിലുള്ളതും കൃത്യമാർന്നതുമായ പഠനം നടത്താൻ ഇവയിലുടെ സാധിക്കും.