തിരുവന്തപുരം: ഇനിയുള്ള രണ്ട് മൂന്ന് ദിവസങ്ങൾ ഇന്ത്യൻ ശാസ്ത്രലോകത്തെ സംബന്ധിച്ചിടത്തോളം അതീവ പ്രധാന്യമാണുള്ളത്. ചൊവ്വാഗ്രഹം തേടിയുള്ള ഇന്ത്യ മംഗൾയാൻ പദ്ധതി തുടങ്ങിയപ്പോൾ അതിനെ കളിയാക്കിയ പാശ്ചാത്യലോകത്തിന് മറുപടി നൽകാനുള്ള അവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത്. അമേരിക്കയുടെ ചൊവ്വാ പര്യവേഷണ പേടകമായ മാവെൻ ഇന്ന് ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിക്കും. ഇതിന് പിന്നാലെ നാളെ ഇന്ത്യയുടെ അഭിമാനമായ മംഗൾയാനും ചൊവ്വയുടെ പാതയിലേക്ക് ചുവടുവെക്കും.

രാത്രി 9.50നാണ് മാവെൻ 33 മിനിറ്റ് ദ്രവ എൻജിൻ പ്രവർത്തിപ്പിച്ച് പുതിയ പഥത്തിലെത്തുന്നത്. ചൊവ്വയുടെ ഉത്തരധ്രുവത്തിലൂടെ മിനിറ്റിൽ 44. 2 കോടി മൈൽ വേഗതയിൽ കയറുന്ന മാവെൻ ചൊവ്വയുടെ മുകളിൽ 380 കിലോമീറ്റർ വരെ അടുത്തെത്തും. തൊട്ടുപിന്നാലെ കയറാനൊരുങ്ങുന്ന മംഗൾയാൻ ഇതിനായി രണ്ടുനാൾ കൂടിയെടുക്കും. മംഗൾയാൻ ഇന്നു മുതൽ അതീവ ജാഗ്രതാ മോദിലായിരിക്കുമെന്ന് ഐഎസ്ആർ. ഒ. അറിയിച്ചു. പേടകത്തിലെ പ്രധാന ഉപകരണങ്ങൾ, സെൻസറുകൾ, വൈദ്യുത ഉപകരണങ്ങൾ, പഥം മാറ്റുന്നതിന് ആവശ്യമായ മറ്റ് സംവിധാനങ്ങൾ എന്നിവ ഇന്നു മുതൽ ചെറുതായി പ്രവർത്തിക്കും. പേടകത്തിന്റെ ഗതി നിയന്ത്രണ സംവിധാനങ്ങൾ ഇന്ന് പരിശോധിക്കും. ഗതി കൃത്യമാണെന്ന് ഉറപ്പു വരുത്തുകയും ചെയ്യും.

നാളെയാണ് പ്രധാന ദ്രവ എൻജിന്റെ പ്രാഥമിക പരീക്ഷണം. ഉച്ചയ്ക്ക് രണ്ടരയ്ക്ക് അത് നാലുസെക്കൻഡ് പ്രവർത്തിപ്പിക്കും. ഈ എൻജിൻ പ്രവർത്തിച്ചില്ലെങ്കിൽ അത് തിരിച്ചടിയാകും. എന്നാലും പ്രതീക്ഷയ്ക്ക് വകുയുണ്ട്. അത്തരം അടിയന്തിര സാഹചര്യം നേരിടാൻ എട്ട് ചെറു യന്ത്രങ്ങൾ പേടകത്തിൽ കരുതിയിട്ടുണ്ട്.

ചൊവ്വാ പ്രദക്ഷിണ താരയിലേക്ക് പേടകത്തെ തള്ളിവിടാൻ ഉപയോഗിക്കുന്ന ലാം എന്ന് വിളിക്കുന്ന പ്രധാന ദ്രവ എൻജിൻ വികസിപ്പിച്ചത് തിരുവന്തപുരത്ത് വട്ടിയൂർക്കാവിലുള്ള ഐ എസ് ആർ. ഒയുടെ ഇനേർഷ്യൽ സിസ്റ്റം യൂണിറ്റിലാണ്. നാളെ ഇതിന്റെ പരീക്ഷണം നടത്തുന്നതിന് മുന്നോടിയായി വട്ടിയൂർ ക്കാവ് കേന്ദ്രത്തിലെ പ്രധാന ശാസ്ത്രഞ്ജർ ബാംഗ്‌ളൂരിലെ ഇസ്രോ കേന്ദ്രത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

സെക്കൻഡിൽ 22 കിലോമീറ്റർ വേഗത്തിൽ കുതിക്കുന്ന മംഗൾയാന്റെ വേഗം കുറച്ച് സഞ്ചാരപഥം ക്രമീകരിച്ച് 24ന് ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് പ്രവേശിപ്പിക്കുന്നതും പ്രധാന വെല്ലുവിളിയാണ്. അതേസമയം, 24ന് മംഗൾയാൻ ചൊവ്വാ ഭ്രമണപഥത്തിലേക്ക് സുഗമമായി പ്രവേശിക്കുന്നതിനുള്ള സന്ദേശങ്ങൾ അപ്ലോഡ് ചെയ്തതായി ഐ.എസ്.ആർ.ഒ സയന്റിഫിക് സെക്രട്ടറി വി. കോട്ടേശ്വര റാവു അറിയിച്ചു.

പേടകത്തെ ഭൂമിയുടെ ആകർഷണവലയത്തിൽനിന്ന് സൂര്യന്റെ ഭ്രമണപഥത്തിലേക്ക് മാറ്റാൻ കഴിഞ്ഞ ഡിസംബർ ഒന്നിനാണ് പ്രധാന യന്ത്രം പ്രവർത്തിപ്പിച്ചത്. ഇത് വിജയമായിരുന്നു. പത്തുമാസത്തെ ഇടവേളയ്ക്കുശേഷം യന്ത്രത്തിന്റെ പ്രവർത്തനക്ഷമത പരിശോധിക്കുകയാണ് 22ന് ചെയ്യുന്നത്. അന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് പേടകത്തിലെ പ്രധാന ദ്രവ എൻജിൻ നാല് സെക്കൻഡ് പ്രവർത്തിപ്പിക്കുന്നത്. ഇത് വിജയിച്ചാൽ എളുപ്പത്തിൽ പേടകത്തെ ചൊവ്വയുടെ വലയത്തിലേക്ക് മാറ്റാനാകും. സഞ്ചാരപഥത്തിലെ തിരുത്തലും അന്ന് നടത്തും. കഴിഞ്ഞ ഞായറാഴ്ച പഥക്രമീകരണം നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും സാങ്കേതികകാരണങ്ങളാൽ 22ലേക്ക് മാറ്റുകയായിരുന്നു.