ന്യൂയോർക്ക്: പ്രപഞ്ചത്തെ വിശാലമായി നോക്കി നാം ഇവിടെ വെറുമൊരു ആറ്റം മാത്രമാണോ എന്ന് നെടുവീർപ്പിടുകയാണ് ശാസ്ത്രപ്രേമികൾ. ഭൂമിയും ആകാശവും ചേർന്ന പ്രപഞ്ചദൃശ്യങ്ങൾ പകർത്തി അത് നേരിൽ കാണാൻ സാധിക്കുക എന്ന് ചിന്തിക്കാൻ പോലും കഴിയാത്ത ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ആ സ്ഥിതിക്ക് മാറ്റം വന്നിരിക്കുന്നു. ലോകത്തെ അത്ഭുതപ്പെടുത്തുന്ന ദൃശ്യങ്ങൾ വന്നു കഴിഞ്ഞു. ഭൂമിക്ക് സമാനമായ ജീവനുള്ള മറ്റു ഗ്രഹങ്ങൾ ഉണ്ടാകുമോ എന്ന് ആകാംക്ഷയാണ് ഈ പ്രപഞ്ച ചിത്രങ്ങൾ കാണുമ്പോൾ നമുക്ക് തോന്നുക. അതോ മനുഷ്യനേക്കാൾ കരുത്തനായ മറ്റ് അന്യഗ്രഹജീവികൾ കാണുമോ?

അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. അടുത്തയിടെ നാസ വിക്ഷേപിച്ച ജെയിംസ് വെബ്ബ് സ്പേസ് ടെലസ്‌കോപ്പ് പകർത്തിയ, ഔദ്യോഗികകമായ പുറത്തിറക്കിയ ദൃശ്യങ്ങൾ ലോകത്തെ അമ്പരപ്പിക്കുകയും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുകയും ചെയ്യുകയാണ്. യു.എസ്.പ്രസിഡന്റ് ജോ ബൈഡൻ ചിത്രത്തിന്റെ പ്രകാശനം നിർവ്വഹിച്ചു.

ആകാശത്ത് ഒരു മണൽത്തരിയോളം പോന്ന ഇടത്തിലൂടെ ആ ബഹിരാകാശ ടെലസ്‌കോപ്പ് ബാഹ്യപ്രപഞ്ചത്തിലേക്ക് ആഴത്തിൽ നോക്കിയപ്പോൾ ലഭിച്ച ദൃശ്യമാണിതെന്ന് നാസ അഡ്‌മിനിസ്ട്രേറ്റർ ബിൽ നെൽസൺ പറഞ്ഞു. ചിത്രത്തിന്റെ മുന്നിൽ പ്രകാശവാലുകളുള്ളവ നമ്മുടെ ഗാലക്സിയായ ക്ഷീരപഥത്തിലെ നക്ഷത്രങ്ങളാണ്. അതിന് പിന്നിലായി കാണപ്പെടുന്നത് ആയിരക്കണക്കിന് ഗാലക്സികളാണ്. ലോകത്തെ ഏറ്റവും ശക്തിയേറിയ ബഹിരാകാശ ടെലസ്‌കോപ്പാണ് ജെയിംസ് വെബ്ബ് എന്നകാര്യം സ്ഥിരീകരിക്കുന്നതാണ് പുറത്തിറക്കിയ ദൃശ്യം. #UnfoldTheUniverse എന്ന പേരിൽ നാസ ആരംഭിക്കാനിരിക്കുന്ന ദൗത്യത്തിന്റെ ആദ്യപടിയായാണ് ഈ ചിത്രം പുറത്തുവിട്ടത്.

അമേരിക്കയ്ക്ക് വലിയ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് ഈ ചിത്രങ്ങൾ ലോകത്തെ അറിയിക്കുന്നു. മാത്രമല്ല, നമ്മുടെ കുട്ടികളെ അവരുടെ കഴിവിനപ്പുറം മറ്റൊന്നുമില്ലെന്ന് ഇത് ഓർമ്മിപ്പിക്കുകയും ചെയ്യുന്നം- നാസയുടെ ചിത്രം പുറത്തിറക്കിക്കൊണ്ട് പ്രസിഡന്റ് ബൈഡൻ പറഞ്ഞു. ഇതുവരെ ആർക്കും കഴിയാത്ത സാധ്യതകൾ നമുക്ക് കാണാനാകും, ഇതുവരെ ആരും പോയിട്ടില്ലാത്ത സ്ഥലങ്ങളിലേക്ക് നമുക്ക് പോകാനുമാകുമെന്ന് അദ്ദേഹം പറഞ്ഞു. 2021 ഡിസംബർ 25 നാണ് ജെയിംസ് വെബ്ബ് സ്പേസ് ടെലിസ്‌കോപ്പ് വിക്ഷേപിച്ചത്. ജെയിംസ് വെബ്ബ് ടെലിസ്‌കോപ്പിന്റെ മുൻഗാമിയായ ഹബ്ബിൾ സ്പേസ് ടെലസ്‌കോപ്പിന്, പ്രപഞ്ചത്തിന്റെ ഇത്ര വ്യക്തതയുള്ള ദൃശ്യം പകർത്താനായിട്ടില്ല.

മഹാപ്രപഞ്ചത്തിന്റെ രഹസ്യങ്ങളിലേക്ക് കൂടുതൽ വെളിച്ചം വീശുന്നതാണ് ചിത്രങ്ങൾ. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ആദ്യം പുറത്തുവിട്ട ചിത്രം എസ്എംഎസിഎസ് 0723 എന്ന താരാപഥങ്ങളുടെ ക്ലസ്റ്ററിന്റേതാണ്. അതിനു പിന്നാലെയാണ് നാസ മറ്റു ചിത്രങ്ങൾ പുറത്തുവിട്ടത്. ഈ ക്ലസ്റ്ററുകൾ ഇങ്ങനെയാണ്.

കാരിന നെബുല

ആകാശത്തെ ഏറ്റവും തിളക്കമേറിയതും വലുപ്പമുള്ളതുമാണ് കാരിന നെബുല. ഭൂമിയിൽ നിന്ന് 7600 പ്രകാശവർഷം അകലെയാണ് കാരിന. 1752 ജനുവരി 25നാണ് ഇത് ആദ്യമായി കണ്ടെത്തിയത്. നക്ഷത്രങ്ങൾ ജനിക്കുന്നിടം എന്നാണ് കാരിന നെബുലയെ വിശേഷിപ്പിക്കാറ്. ഇവിടെ നിന്നാണ് വമ്പൻ നക്ഷത്രങ്ങൾ പിറവിയെടുക്കുന്നത്. ക്ഷീരപഥത്തിൽ സ്ഥിതിചെയ്യുന്ന കാരിന നെബുലയ്ക്കുള്ളിൽ പിണ്ഡമേറിയ വിവിധ നക്ഷത്രങ്ങളുണ്ട്. ഇവയിൽ പലതിനും സൂര്യനേക്കാൾ പതിന്മടങ്ങു വലിപ്പമുണ്ട്.

സതേൺ റിങ് നെബുല

സതേൺ റിങ് നെബുല എന്നറിയപ്പെടുന്ന എൻജിസി 3132 എന്ന പ്ലാനറ്ററി നെബുലയുടെ ഏറ്റവും പുതിയ ചിത്രവും ജെയിംസ് വെബ്ബ് പകർത്തി. ഭൂമിയിൽ നിന്ന് ഏകദേശം 2,500 പ്രകാശവർഷം അകലെയാണ് നെബുല. മരിച്ചുകൊണ്ടിരിക്കുന്ന നക്ഷത്രങ്ങളെയാണ് ചിത്രത്തിൽ കാണുന്നത്. ചിത്രങ്ങളിൽ മധ്യഭാഗത്ത് കാണാൻ കഴിയുന്ന മങ്ങിയ നക്ഷത്രം എല്ലാ ദിശകളിലേക്കും വാതകത്തിന്റെയും പൊടിയുടെയും വളയങ്ങൾ പ്രസരിപ്പിക്കുന്നു. ഈ പ്രതിഭാസം ആയിരക്കണക്കിന് വർഷങ്ങളായി നടക്കുകയാണ്. 'മരിക്കുന്ന നക്ഷത്രത്തിന്റെ അവസാന നൃത്തം' എന്ന വിശേഷണത്തോടെയാണ് നാസ ചിത്രം പങ്കുവച്ചത്.

പെഗസസ്

സൂര്യനിൽനിന്ന് 290 ദശലക്ഷം പ്രകാശവർഷം അകലെ പെഗസസ് എന്ന നക്ഷത്രസമൂഹത്തിൽ സ്ഥിതി ചെയ്യുന്നതാണ് സ്റ്റെഫാൻസ് ക്വിന്ററ്റിനെയും ജെയിംസ് വെബ്ബ് പകർത്തി. 1877ൽ എഡ്വേഡ് സ്റ്റെഫാൻ എന്ന ജ്യോതിശാസ്ത്രജ്ഞനാണ് 5 താരസമൂഹങ്ങളടങ്ങിയ ഈ ഗാലക്‌സി ഗ്രൂപ്പ് കണ്ടെത്തിയത്. താരസമൂഹങ്ങളിൽ എൻജിസി 7320 എന്നു പേരുള്ളതാണ് ഏറ്റവും തിളക്കമേറിയത്.

ജെയിംസ് വെബ്ബ്

ലോകത്ത് ഇതുവരെ നിർമ്മിച്ചതിൽ ഏറ്റവും ശേഷിയേറിയ ടെലസ്‌കോപ്പാണ് ജെയിംസ് വെബ്ബ്. ഹെബ്ബിൾ സ്‌പെസ് ടെലസ്‌കോപ്പിന്റെ പിൻ?ഗാമിയാണ് ജോയിംസ് വെബ്ബ്. 31 വർഷമായി ബഹിരാകാശത്തുള്ള ഹെബ്ബിൾ ടെലസ്‌കോപ്പിന്റെ 100 മടങ്ങ് കരുത്താണ് ഈ ടെലസ്‌കോപ്പിനുള്ളത്. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള എൽ2 ഭ്രമണപഥത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. അനേക പ്രകാശവർഷം അകലെയുള്ള പ്രപഞ്ചമേഖലകളെ പഠിക്കാൻ ഈ ടെലിസ്‌കോപ്പിന് കരുത്തുണ്ട്. 1000 കോടി യുഎസ് ഡോളർ ചെലവിലാണ് ഇത് നിർമ്മിച്ചത്.