തിരുവനന്തപുരം: കാൻസർ ബാധിച്ച ഭാര്യയെ തലാഖ് ചൊല്ലി പുനർവിവാഹിതനായ കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. ടി സിദ്ദിഖിന് തുറന്ന കത്തെഴുതി മുൻഭാര്യ നസീമ രംഗത്തെത്തി. വിവാഹിതനായ സിദ്ദിഖിന് വിവാഹ ആശംസകൾ നേർന്നുകൊണ്ട് ഫേസ്‌ബുക്കിൽ തുറന്ന കത്തെഴുതിയാണ് സിദ്ദിഖിനെതിരെ ഭാര്യ രംഗത്തെത്തിയത്. തന്നെ മൊഴി ചൊല്ലിയത് മറ്റൊരു യുവതിയെ വിവാഹം കഴിക്കാനാണെന്ന ആരോപണങ്ങൾക്ക് കരുത്തു പകരുന്ന വാക്കുകളുമായാണ് കോഴിക്കോട് ഹയർസെക്കണ്ടറി സ്‌കൂളെ അദ്ധ്യാപിക കൂടിയായ നസീമ ഫേസ്‌ബുക്കിൽ തുറന്ന കത്തെഴുതിയത്. ഭാര്യയെ ഉപേക്ഷിച്ച് ഒരും മാസം തികയും വിവാഹം ചെയ്യാൻ സ്ത്രീയെ റെഡിമെയ്ഡ് ആയി എങ്ങനെ ലഭിച്ചുവെന്നാണ് നസീമ ചോദിക്കുന്നത്. ജനുവരി 12 ന് സിദ്ദിഖിന്റെ പുതിയ ഭാര്യ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളും തുറന്ന കത്തിനൊപ്പം നസീമ പുറത്തുവിട്ടു.

വിവാഹ മോചന വിഷയത്തിന് മുമ്പ് കോൺഗ്രസ് നേതാക്കളെ സമീപിച്ചിരുന്നുവെന്നും നസീമ വ്യക്തമാക്കുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വി എം സുധീരൻ, ഷാനി മോൾ ഉസ്മാൻ, ബെന്നി ബഹനാൻ തുടങ്ങിയ കോൺഗ്രസ് നേതാക്കളെ സമീപിച്ച് പ്രശ്‌നം തർത്തു തരാൻ ആവശ്യപ്പെട്ടിരുന്നതായും നസീമ വെളിപ്പെടുത്തി. പാത്തും പതുങ്ങിയും വിവാഹം കഴിച്ചപ്പോൾ രണ്ട് മക്കളെ കൂടി പങ്കെടുപ്പിക്കാമായിരുന്നില്ലേയെന്നും നസീമ തുറന്ന കത്തിലൂടെ വ്യക്തമാക്കി.

നീതി ന്യായ വ്യവസ്ഥയിൽ വിശ്വാസമുള്ളതുകൊണ്ട് അർഹമായ നഷ്ടപരിഹാരം നേടിയെടുക്കാൻ ശ്രമിക്കുമെന്നും നസീമ പറയുന്നു. അനുസരിക്കുന്നില്ല എന്ന കാരണം പറഞ്ഞ് മക്കളെയും എന്നെയും മൊഴി ചൊല്ലാൻ നാണമില്ലേയെന്നും അവർ ചോദിക്കുന്നു. നഷ്ടപരിഹാരം നൽകാൻ പണമില്ലെന്ന സിദ്ദിഖിന്റെ വാദത്തെയും അവർ തള്ളിക്കളയുന്നു. ഒരു ശമ്പളവുമില്ലാതെ, 'മറ്റു വരുമാനമില്ലാതെ' താങ്കൾ എങ്ങനെയാണ് ജീവിക്കുന്നത് എന്ന് ഈ സമൂഹത്തോട് വെളിപ്പെടുത്തണമന്നും സാമ്പത്തിക ആസ്തി വെളിപ്പെടുത്തണമെന്നും നസീമ ആവശ്യപ്പെട്ടു.

നസീമയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടേ:

ശ്രീ. ടി സിദ്ദിഖിന് എല്ലാ വിധ വിവാഹ മംഗളാശംസകളും നേരുന്നു. ഉപ്പയുടെ വിവാഹത്തിന് എന്റെ കൂടെയുള്ള ഈ രണ്ടു കുട്ടികളെയെങ്കിലും പങ്കെടുപ്പിക്കാമായിരുന്നു താങ്കൾക്കു എന്ന് എനിക്ക് തോന്നുന്നു. മാത്രമല്ല അതിങ്ങനെ ഒളിച്ചും, പാത്തും നിക്കാഹ് ചെയ്യുകയും, മാദ്ധ്യമ ചർച്ചയായപ്പോൾ ഫോട്ടോയിട്ട് ലൈക്ക് വാങ്ങി, ആ ലൈക്കുകൾ തനിക്കുള്ള പിന്തുണയാണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്യണ്ട ആവശ്യമുണ്ടായിരുന്നില്ല എന്നും അഭിപ്രായമുണ്ട്.

വെള്ളപ്പേപ്പറിൽ ഏകപക്ഷീയമായി തലാഖ് എഴുതിയയച്ച് മാസം തികയുമ്പോഴേക്ക് വേറെ വിവാഹം കഴിക്കുന്നതിന്റെ നീതിയൊക്കെ അവിടെ നിൽക്കട്ടെ. ആദ്യം അയാൾ പോതുസമൂഹത്തോട് മാപ്പ് പറയട്ടെ. അത് ഞാനെന്ന സ്ത്രീയോട് ചെയ്ത വന്യതയ്ക്കും, ക്രൂരതക്കും വേണ്ടിയല്ല. മറിച്ച് കേരളത്തിലെ മനുഷ്യരോട്, പ്രത്യേകിച്ച് കാസർകോട് ഉള്ള മനുഷ്യസ്‌നേഹികളോട് അയാൾ കാണിച്ച കാപട്യത്തിന്റെ പേരിൽ. ക്യാൻസർ രോഗിയായ ഭാര്യക്ക് വേണ്ടി ദുആ ചെയ്യാൻ ആവശ്യപ്പെടുന്ന ഹൃദയനന്മയുള്ള ഭർത്താവ് എന്ന കാപട്യം അഭിനയിച്ചതിനു. എന്റെ അസുഖ വാർത്ത അച്ചടിച്ചുവന്ന പത്രകട്ടിങ്ങുകൾ പ്രവാസി സംഘടനകൾക്കും, അവിടുത്തെ മനുഷ്യ സ്‌നേഹികൾക്കും അയച്ചു കൊടുത്തു ലക്ഷങ്ങൾ തട്ടിയെടുത്തതിന്. ചാനൽ സ്റ്റുഡിയോകളിൽ കയറി ആദർശ രാഷ്ട്രീയത്തിന്റെ വക്താവ് എന്ന മുഖം മൂടിയണിഞ്ഞു ഇന്നാട്ടിലെ യുവാക്കളെ തെറ്റിദ്ധരിപ്പിച്ചതിന്.മനുഷ്യരെ വിഡ്ഢികളാക്കിയതിന്..

എങ്ങനെയാണ് ശ്രീ. സിദ്ദിഖ് ഭാര്യയെ ഉപേക്ഷിച്ച് മാസം തികയുന്നതിനു മുമ്പ് നിങ്ങൾക്ക് വിവാഹം കഴിക്കാൻ ഒരു സ്ത്രീയെ ഇത്ര റെഡിമൈഡ് ആയി ലഭിക്കുന്നത്. താങ്കൾക്കു ആ സ്ത്രീയുമായി യാതൊരു ബന്ധവും മുന്പ് ഉണ്ടായിരുന്നില്ലേ? താഴെ കൊടുത്ത ഫോടോ (ജനുവരി 12 ന് നിങ്ങളുടെ പുതിയ ഭാര്യയിട്ട പോസ്റ്റ് ) നിങ്ങൾ അവരോടൊപ്പം ഹോട്ടലിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നതല്ലേ. ഭാവിയിൽ ഇവളെ വിവാഹം കഴിച്ചേക്കാം എന്ന യാതൊരുവിധ ധാരണപോലുമില്ലാതെ അപരിചിതയായ ഒരു സ്ത്രീയുമായാണോ താങ്കൾ ഭക്ഷണം പങ്കിടുന്നത്? അല്ലല്ലോ, എന്നുവച്ചാൽ ഈ സമയത്ത് താങ്കൾക്കു 'മൊഴി ചൊല്ലാത്ത' ഭാര്യയും, താങ്കൾ സംരക്ഷിക്കാത്ത മക്കളും വീട്ടിലുണ്ടായിരുന്നു എന്നർത്ഥം. എന്ന് വച്ചാൽ എന്നെ തലാഖ് ചൊല്ലുന്നതിനു മുൻപും താങ്കൾക്കു പരസ്ത്രീ ബന്ധം ഉണ്ടായിരുന്നു എന്ന് തന്നെയല്ലേ സാധാരണ മനുഷ്യർ വിശ്വസിക്കുക സിദ്ധീക്ക്?!

എങ്ങനെയാണ് ഈ സ്ത്രീയെ നിങ്ങൾ വിവാഹം കഴിക്കുന്നത്? അവർ മറ്റൊരുത്തന്റെ ഭാര്യയും, രണ്ടു പിഞ്ചുകുട്ടികളുടെ അമ്മയുമായിരുന്നില്ലേ? അവരുടെ ഭർത്താവിനെ നിങ്ങളുടെ രാഷ്ട്രീയ സ്വാധീനം കൊണ്ട് ഭീഷണിപ്പെടുത്തിയല്ലേ നിങ്ങൾ മൊഴി ചൊല്ലിച്ചത്? മക്കളെ നഷ്ട്ടമായ ആ മനുഷ്യൻ ഹൃദയം തകർന്നു നിങ്ങളെ ശപിച്ചു ജീവിക്കുന്നതിന്റെ പാപം നിങ്ങളുടെ ഖദർ ഷർട്ടിന്റെ ധവളിമയിൽ ഇല്ലാതാകുമെന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ?

താങ്കളെയും എന്നെയും മക്കളെപ്പോലെ കാണുന്ന, നമ്മുടെ പ്രശ്‌നങ്ങൾ അവസാനിപ്പിക്കാൻ ആഗ്രഹിച്ച കോഴിക്കോട് ജില്ലയിലെ ഏറ്റവും സീനിയർ അഭിഭാഷകനായ ശ്രീ . ഭാസ്‌കരൻ നായർ സാറിനു എന്റെ മൂന്നു കോടി ചോദിച്ചുള്ള ഭീഷണി നിവർത്തിച്ചുതരാൻ താങ്കൾക്കിടയിലെ ഇടനിലക്കാരൻ ആകലാണ് പണി എന്ന് പറഞ്ഞാൽ, കള്ളം മാത്രം പറഞ്ഞു ശീലമുള്ള താങ്കളെ ഈ നാട്ടിലെ മനുഷ്യർ വിശ്വസിക്കുമോ? എൻ . ഭാസ്‌കരൻ നായർ സാറിനു സിദ്ധീക്കിന്റെ മുൻഭാര്യയുടെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചു കളയും എന്ന ഭീഷണി നടപ്പിലാക്കലാണ് ജോലി എന്ന് പറഞ്ഞാൽ അദ്ദേഹത്തെ അറിയുന്ന ആരാണ് വിശ്വസിക്കുക?

എന്നെയും, ഉപ്പയെയും, ഉമ്മയെയും അനുസരിക്കുന്നില്ല, അതുകൊണ്ട് ഇവളെ വെള്ളേെപപ്പറിൽ ത്വലാക് എഴുതി ഉപേക്ഷിക്കുന്നു എന്ന് പന്ത്രണ്ടു വർഷക്കാലം ഒരു സ്ത്രീയുടെ കൂടെ ജീവിച്ചിട്ട്, ഒരു സുപ്രഭാതത്തിൽ ഉളുപ്പില്ലാതെ പറയാൻ താങ്കൾക്കു നാണമില്ലേ ? നിങ്ങള്ക്ക് എങ്ങനെയാണ് അങ്ങനെയെങ്കിൽ ഈ നാട് ഭരിക്കാൻ സാധിക്കുക? സ്വന്തം വീട് കൊണ്ട് നടക്കാൻ കഴിയാത്ത ഒരുത്തനായിരുന്നു ഞാൻ എന്ന് താങ്കൾ തന്നെ പരസ്യമായി സമ്മതിക്കുന്ന ഈ ഘട്ടത്തിൽ ചോദിച്ചു പോകുന്നതാണ്. പന്ത്രണ്ടു വർഷത്തെ ദാമ്പത്യ ജീവിതം 'അനുസരണക്കേട് ' എന്ന കാരണം കാണിച്ചു അവസാനിപ്പിക്കുന്നതിലെ പരിഹാസ്യതയോന്നും താങ്കളുടെ സുഹൃത്തുക്കൾ ആരും ചൂണ്ടിക്കാണിച്ചില്ലേ ? നല്ല സൗഹൃദങ്ങളിൽ താങ്കൾ ദാരിദ്രനെന്നു എനിക്കുമറിയാം, എങ്കിലും..!

ഭാര്യയുടെ ചികിത്സക്കായി താങ്കൾ പണത്തിനായി ഓടി നടക്കുകയും, ഭാര്യ അസുഖം പറഞ്ഞു മനുഷ്യരിൽ നിന്ന് പണം തട്ടിയെടുത്തു സമ്പത്ത് വാങ്ങികൂട്ടുകയും ചെയ്തപ്പോൾ മൂക സാക്ഷിയായി നിന്ന നിഷ്‌കളങ്കൻ ആയിരുന്നോ സിദ്ദീക്ക് താങ്കൾ? ഇതൊക്കെ ആരാണ് വിശ്വസിക്കാൻ പോകുന്നത് എന്നാണു താങ്കൾ കരുതുന്നത്? നിങ്ങളുടെ വീട്ടിലെ സഹോദരിയുടെയും, ഉമ്മയുടെയും പീഡനം സഹിക്കാതെയല്ലേ എന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലേക്ക്, മേരിക്കുന്നിലേക്ക് താമസം മാറിയത്. പരസ്ത്രീ ബന്ധത്തിന്റെ പുറകെ പോയ, ഒരു വർഷമായി വീട്ടിലേക്ക് കണ്ണുകൊണ്ട് പോലും നോക്കാത്ത താങ്കൾ എന്നെയും മക്കളെയും അന്വേഷിക്കുകയെങ്കിലും ചെയ്‌തോ? ഭക്ഷണം കഴിച്ചു ജീവിക്കുന്നോ എന്നെങ്കിലും ?! പിഞ്ചു ബാലന്മാരായ ഈ കുട്ടികൾ നിങ്ങളോട് എന്ത് തെറ്റ് ചെയ്തിട്ടാണ് അവരെ നിങ്ങൾ തിരിഞ്ഞു നോക്കാത്തത് ? ജന്മദിനത്തിനെങ്കിലും ഒന്ന് ഫോൺ വിളിക്കുക പോലും ചെയ്യാത്തത്? നിങ്ങളുടെ മാതാപിതാക്കളോ, സഹോദരങ്ങളോ പോലും എന്നെയും മക്കളെയും ഒരു മിനിറ്റ് നീളുന്ന ഒരു ഫോൺ സംഭാഷണം കൊണ്ടെങ്കിലും അന്വേഷിച്ചോ? നിങ്ങൾ ആരോപിക്കുന്ന എന്റെ 'തെറ്റുകൾ' കുട്ടികളെ എങ്ങനെയാണ് ബാധിക്കുക ? ഇതിനൊക്കെ നിങ്ങള്ക്ക് വല്ല ഉത്തരവും ഉണ്ടോ?

നിങ്ങൾ പണം കൊടുത്തും, പ്രലോഭിപ്പിച്ചും സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്യാനും ലൈക് ചെയ്യാനും ഏർപ്പാടാക്കിയ രാഷ്ട്രീയ ഗുണ്ടകൾ അല്ലാതെ ആരുണ്ട് നിങ്ങളുടെ കൂടെ? ബഹുമാന്യരായ ഉമ്മൻ ചാണ്ടി , രമേശ് ചെന്നിത്തല, വി എം സുധീരൻ, ഷാനി മോൾ ഉസ്മാൻ , ബെന്നി ബഹനാൻ തുടങ്ങി താങ്കളുടെ സുഹൃത്തുക്കൾ ഉൾപ്പടെയുള്ള സകല മനുഷ്യരുടെയും കാലു പിടിച്ചു ഈ പ്രശ്‌നം അവസാനിപ്പിച്ചു ജീവിതം തിരികെപ്പിടിക്കാൻ ഞാൻ ശ്രമിച്ചത് താങ്കൾക്കു അറിയില്ലേ?

പന്ത്രണ്ടു കൊല്ലം കൂടെ ജീവിച്ച ഒരുവളെ പെരുവഴിയിലാക്കി , മക്കളെപ്പോലും തിരിഞ്ഞു നോക്കാതെ വേരെയൊരു സ്ത്രീയെ ദിവസങ്ങൾക്കുള്ളിൽ വിവാഹം കഴിക്കാൻ സാധിക്കുന്ന താങ്കൾക്കു എന്ത് ക്രൂരതയാണ് സാധിക്കാത്തത് ? ഒരു വെള്ളപ്പേപ്പറിൽ മിനിറ്റുകൾകൊണ്ട് ബന്ധം അവസാനിപ്പിക്കുന്നതിലെ നീതിബോധമാണ് എത്ര ആലോചിച്ചിട്ടും പിടി കിട്ടാത്തത് ..!

എന്നെ വ്യക്തിപരമായി മോശക്കാരിയാക്കുന്ന രൂപത്തിലെ നിങ്ങളുടെ പോസ്റ്റുകൾ കാരണമാണ് ഞാൻ ഇത്രയെങ്കിലും പറയുന്നത്. മുഴുവൻ പറഞ്ഞാൽ താങ്കളുടെ സ്ഥിതിയെന്താകുമെന്നു ഞാൻ പറയേണ്ടതില്ലല്ലോ? താങ്കളുടെ ദാരിദ്ര്യം വല്ലാതെ പറയരുത്. മുഴുവൻ ബിനാമികളും അവരുടെ പണി നിർത്തി പോകും , അതിനു പ്രേരിപ്പിക്കരുത് ..! ഒരു ശമ്പളവുമില്ലാതെ, 'മറ്റു വരുമാനമില്ലാതെ' താങ്കൾ എങ്ങനെയാണ് ജീവിക്കുന്നത് എന്ന് ഈ സമൂഹത്തോട് പറയാമോ? വിദേശ യാത്രകളുടെ സാമ്പത്തിക സ്രോതസ് വെളിപ്പെടുത്താമോ ? നിങ്ങളുടെ സാമ്പത്തിക ആസ്തി സുതാര്യമായി പറയാമോ ? ധൈര്യമുണ്ടോ ? കവല പ്രസംഗം ചെയ്യുമ്പോഴുള്ള 'കയ്യടി ഡയലോഗുകൾ' അല്ല ഉദേശിച്ചത്.

എന്തായാലും ഫൈസ്ബുക്ക് ഉൾപ്പടെയുള്ള ഒരു മാദ്ധ്യമത്തിലേക്കും ഈ വിഷയം, മനുഷ്യ ജീവിതത്തിന്റെ സ്വകാര്യത, വലിച്ചിഴക്കാൻ ഞാനില്ല. ഒരക്ഷരമെങ്കിലും എഴുതാനും പറയാനുമില്ല. ഈ പോസ്റ്റ് പോലും താങ്കളുടെ പ്രകോപനമാണ്. എന്നെയും മക്കളെയും ന്യായമായി നഷ്ട്ടപരിഹാരം തന്നു സെറ്റിൽ ചെയ്യണ്ട ഉത്തരവാദിത്വം നിങ്ങൾക്കുണ്ട്. അതുകൊണ്ട് തന്നെ ക്യാൻസർ രോഗം വന്നു ശയ്യാവലംബിയായ എന്നെയും, സ്‌കൂൾ വിദ്യാർത്ഥികളായ രണ്ടു ബാലന്മാരെയും, താങ്കളെതന്നെയും കോടതി വരാന്തകളിലേക്ക് വലിച്ചിഴക്കരുത്. മാദ്ധ്യമങ്ങൾക്ക് വിരുന്നൊരുക്കരുത്; ഇതൊരു അപേക്ഷ മാത്രമാണ്. മറ്റൊരു പെണ്ണിനെ വിവാഹം കഴിച്ചു ജീവിക്കാൻ തുടങ്ങിയ സിദ്ദിഖിനെ ഞാൻ ഇനി ഒരു തേങ്ങൾ ശബ്ദം കൊണ്ട് പോലും ശല്ല്യം ചെയ്യാനില്ല. ഈ കുടുംബ പ്രശ്‌നത്തിൽ ഞാനിനി മാദ്ധ്യമങ്ങളിലെക്കില്ല .. എനിക്കാരുടെയും സഹതാപവും ആവശ്യമില്ല. ജീവിച്ചു കാണിച്ചു തരാം , ഞാനും എന്റെ മക്കളും. ഈ വഴിയിൽ ശല്യമായി വരാഞ്ഞാൽ മാത്രം മതി.

പ്രിയ മാദ്ധ്യമ സുഹൃത്തുക്കളെ,

എന്റെ കുടുംബ ജീവിതം ഒരു മാദ്ധ്യമത്തിലും ചർച്ചയാക്കാൻ എനിക്ക് ആഗ്രഹവും താൽപ്പര്യവുമില്ല. അതിനായി ആരും എന്നെ വിളിക്കുകയും , കാണാൻ ശ്രമിക്കുകയും ചെയ്യരുത്. ഇന്നാട്ടിലെ നീതി ന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ട്. പന്ത്രണ്ടു വർഷം ഉപയോഗിച്ചതിനു ശേഷം പെരുവഴിയിൽ ഉപേക്ഷിക്കപ്പെട്ടവൾക്ക് ഇന്നാട്ടിലെ നിയമമനുസരിച്ച് ലഭിക്കേണ്ട എല്ലാ നഷ്ട്ടപരിഹാരത്തിനും ഞാൻ ഏതറ്റം വരെയും പോരാടും. എന്റെ മക്കൾക്ക് കിട്ടേണ്ട ജീവിത സുരക്ഷിതത്വത്തിന് വേണ്ടിയും.