- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഫ്രാൻസിലെ മുസ്ലിങ്ങൾ നബിദിനം ആഘോഷിക്കുന്നത് ഒഴിവാക്കണം; പ്രവാചക നിന്ദയുടെ പേരിൽ ഫ്രാൻസിൽ നടക്കുന്ന ഭീകരാക്രമണങ്ങളെ അപലപിച്ച് ഇന്ത്യയിലെ 100 പ്രമുഖ വ്യക്തികൾ
ന്യൂഡൽഹി: ഫ്രാൻസിൽ പ്രവാചകന്റെ കാർട്ടൂണിന്റെ പേരിൽ നടക്കുന്ന ഭീകരാക്രമണങ്ങളെ അപലപിച്ച് ഇന്ത്യയിലെ 100 പ്രമുഖ വ്യക്തികൾ. ഭീകരാക്രമണത്തെ അപലപിക്കുന്നതിന്റെ ഭാഗമായി ഫ്രാൻസിലെ മുസ്ലിങ്ങൾ നബിദിനം ആഘോഷിക്കുന്നത് ഇത്തവണ ഒഴിവാക്കണമെന്നും ഇവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. നടൻ നസ്റുദ്ദീൻ ഷാ, മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, സംവിധായകൻ കബീർ ഖാൻ, നർമ്മദ ബച്ചാവോ ആന്തോളൻ ആക്ടിവിസ്റ്റ് മേധാ പട്കർ, നടി സ്വര ഭാസ്കർ, ഷബാന അസ്മി തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള നൂറ് പ്രമുഖരാണ് സംയുക്ത പ്രസ്താവന ഇറക്കിയത്.
‘ വിശ്വാസത്തിന്റെ പേരിൽ രണ്ടു മതഭ്രാന്തന്മാർ അടുത്തിടെ ഫ്രാൻസിൽ നടത്തിയ കൊലപാതകങ്ങളെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. ഇന്ത്യൻ മുസ്ലിങ്ങളുടെ സ്വയംപ്രഖ്യാപിത രക്ഷാധികാരികളുടെയും ചില രാഷ്ട്രത്തലവന്മാരുടെയും നിന്ദ്യമായ പരാമർശങ്ങളിലും കൊലപാതകത്തെ ന്യായീകരിക്കുന്നതിലും ഞങ്ങൾ വളരെയധികം അസ്വസ്ഥരാണ്,' പ്രസ്താവനയിൽ പറയുന്നു. മതത്തിന്റെ പേരിൽ നടന്ന ഈ ആക്രമണത്തെ ‘പക്ഷെ, എങ്കിലും' തുടങ്ങിയ വാക്കുകളിലൂടെ ന്യായീകരിക്കുന്നതിനെ ഞങ്ങൾ എതിർക്കുന്നു,'
ഒപ്പം ഭീകരാക്രമണത്തെ അപലപിക്കുന്നതിന്റെ ഭാഗമായി ഫ്രാൻസിലെ മുസ്ലിങ്ങൾ നബിദിനം ആഘോഷിക്കുന്നത് ഇത്തവണ ഒഴിവാക്കണമെന്നും പ്രസ്താവനയിൽ പറയുന്നു.
പ്രവാചക നിന്ദ ആരോപിക്കപ്പെടുന്ന ഷാർലെ ഹെബ്ദോയുടെ കാർട്ടൂണുകൾ സെപ്റ്റംബറിലാണ് പുനപ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത്. പ്രവാചക നിന്ദ ആരോപിക്കപ്പെട്ട ഷാർലെ ഹെബ്ദോ കാർട്ടൂണിന്റെ പേരിൽ മൂന്ന് ഭീകരാക്രമണങ്ങളാണ് കഴിഞ്ഞ ദിവസങ്ങൾക്കുള്ളിൽ ഫ്രാൻസിൽ നടന്നത്. ഫ്രാൻസിലെ ലിയോയിൽ ഗ്രീക്ക് ഓർത്തഡോക്സ് പുരോഹിതന് നേരെ ശനിയാഴ്ച്ച വൈകുന്നേരം വെടിവെപ്പ് നടന്നു. ഇദ്ദേഹം ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വൈദികന് നേർക്ക് വെടിവെച്ചയാളെന്ന് കരുതുന്ന അക്രമിയെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച ചടങ്ങുകൾക്ക് ശേഷം പള്ളി അടക്കുന്നതിനിടെയാണ് ഗ്രീക്ക് ഓർത്തഡോക്സ് വൈദികന് അജ്ഞാതന്റെ വെടിയേറ്റത്. വെടിവെച്ചയുടനെ അക്രമി സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞെങ്കിലും ഇയാളെ പിന്നീട് പിടികൂടിയതായി ലിയോൺ പബ്ലിക് പ്രൊസിക്യൂട്ടർ നിക്കോളാസ് ജാക്വിറ്റ് അറിയിച്ചു.
നോത്രദാം പള്ളിയിൽ നടന്ന കത്തിയാക്രമണത്തിന്റെ നടുക്കത്തിൽ നിന്ന് ജനങ്ങൾ മോചിതരാകുന്നതിനിടെയാണ് വൈദികനായ നിക്കോളാസ് കാകാവെലാകിക്ക് നേരെ രണ്ട് തവണ വെടിവെയ്പുണ്ടായത്. അമ്പത്തിരണ്ടുകാരനായ ഇദ്ദേഹം ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ആക്രമണത്തിന്റെ ഉദ്ദേശം വ്യക്തമല്ല. സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തയാളുടെ കയ്യിൽ നിന്ന് ആയുധമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
മാനുഷിക തത്വങ്ങൾക്കെതിരെയുള്ള ഭീകരതയാണിതെന്ന് സംഭവത്തെ ഗ്രീക്ക് ഓർത്തഡോക്സ് ചർച്ച് ആർച്ച് ബിഷപ് ലെറോനിമോസ് അപലപിച്ചു. വ്യക്തിസ്വാതന്ത്രത്തിനും മതവിശ്വാസസ്വാതന്ത്ര്യത്തിനുമെതിരെ ആക്രമണത്തിന്റെയും കൊലപാതകത്തിന്റെയും മാർഗങ്ങളാണ് അസഹിഷ്ണരും മതഭ്രാന്തന്മാരുമായ അക്രമകാരികൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മതനിന്ദ ആരോപിച്ച് പാരീസിൽ അദ്ധ്യാപകനെ കഴുത്തറുത്തുകൊന്നതിന് പിന്നാലെയാണ് നീസിലെ പള്ളിക്ക് സമീപം രണ്ടു സ്ത്രീകളടക്കം മൂന്ന് പേരെ കൊലപ്പെടുത്തിയത്. ഇതിൽ ഒരു സ്ത്രീയെ കഴുത്തറുത്തും മറ്റ് രണ്ട് പേരെ കുത്തിയുമാണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം നടത്തിയ ബ്രഹിം ഐസേവി എന്ന 21-കാരനായ ടുണീഷ്യൻ അഭയാർഥിയെ വ്യാഴാഴ്ച സംഭവസ്ഥലത്ത് വെച്ചു തന്നെ പൊലീസ് വെടിവെച്ചു വീഴ്ത്തിയിരുന്നു.
അദ്ധ്യാപകനെ വധിച്ച സംഭവത്തെ തുടർന്ന് വിഘടനവാദത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഫ്രാൻസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ ഭാഗമായി നിയമപരിഷ്കാരങ്ങൾ നടപ്പിലാക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പറഞ്ഞിരുന്നു. മാക്രോണിന്റെ ചില പ്രതികരണങ്ങൾക്കെതിരെ അറബ് രാഷ്ട്രങ്ങൾ ഉൾപ്പെടെയുള്ളവയിൽ നിന്ന് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
കൊറോണവ്യാപന പശ്ചാത്തലത്തിൽ വെള്ളിയാഴ്ച മുതൽ ഫ്രാൻസിൽ രണ്ടാം ഘട്ട ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. നീസിലെ ആക്രമത്തെ തുടർന്ന് ഫ്രാൻസിലെ പള്ളികളിൽ സൈനിക നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്
മറുനാടന് ഡെസ്ക്