കണ്ണൂർ: ഞാൻ മാപ്പ് പറയാൻ പോയതല്ല. മുഖ്യമന്ത്രിയെ കല്ലെറിഞ്ഞിട്ടുമില്ല. പാർട്ടി താനറിയാതെ പ്രതിപട്ടികയിൽ ചേർത്തതാണ്. തലശ്ശേരി മുൻ നഗര സഭാംഗവും സിപിഐ.(എം). ലോക്കൽ കമ്മിറ്റി മുൻ അംഗവുമായ സി.ഒ.ടി നസീർ 'മറുനാടൻ മലയാളിയോട് ' പറഞ്ഞു.

കഴിഞ്ഞ രാത്രി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കാണാൻ നസീർ തലശ്ശേരി റസ്റ്റ് ഹൗസിലെത്തിയിരുന്നു. താങ്കളെ കണ്ണൂരിൽ വെച്ച് കല്ലെറിഞ്ഞ കേസിൽ താൻ പങ്കാളിയല്ലെന്നും പ്രതിപട്ടികയിൽ ചേർക്കപ്പെടുകയാണെന്നും നസീർ ഉമ്മൻ ചാണ്ടിയോട് നേരിട്ട് പറഞ്ഞു. റസ്റ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരെ കാണുന്നതിനിടയിലാണ് മുൻ സിപിഐ.(എം). പ്രവർത്തകനായ നസീറിന്റെ വരവ്.

2013 ഒക്ടോബർ 27 ന് കണ്ണൂരിൽ നടന്ന സംസ്ഥാന പൊലീസ് കായികമേളയുടെ സമാപന ചടങ്ങിനെത്തിയ ഉമ്മൻ ചാണ്ടിക്ക് നേരെ ഡി.വൈ. എഫ്.ഐ. പ്രവർത്തകർ കല്ലേറു നടത്തുകയായിരുന്നു. കല്ലേറിൽ ഉമ്മൻ ചാണ്ടിയുടെ നെറ്റിയിൽ പരിക്കേൽക്കുകയുണ്ടായി. നൂറിലേറെ പേർ പ്രതികളായുള്ള കേസിൽ സി.ഒ.ടി. നസീർ 80 ാം പ്രതിയാണ്.

അന്ന് നടന്ന പ്രതിഷേധ പ്രകടനത്തിൽ ഞാനും പങ്കെടുത്തിരുന്നു. എന്നാൽ മനസ്സിൽ പോലും സങ്കൽപ്പിക്കാത്ത കാര്യമാണ് എനിക്കുമേൽ കുറ്റമായി ആരോപിക്കപ്പെട്ടത്. മറ്റാരോ ഇടപെട്ടാണ് ന്നൈ പ്രതിയാക്കിയത്. ഇത് നേരത്തെ തന്നെ താങ്കളെ കണ്ട് നേരിട്ട് അറിയിക്കണമെന്നുണ്ടായിരുന്നു. എന്നാൽ നടന്നില്ല. തന്റെ അനുജൻ യൂനിസിന്റെ കല്ല്യാണത്തിന് ഉമ്മൻ ചാണ്ടിയെ ക്ഷണിച്ചിരുന്നു.

അദ്ദേഹത്തിന് വരാൻ സാധിക്കാത്തതിനാൽ ആശംസകൾ നേർന്ന് കത്തും അയച്ചിരുന്നു. പിന്നീട് അനുജനും ഭാര്യയും ആലപ്പുഴയിൽ വെച്ച് ഉമ്മൻ ചാണ്ടിയെ കണ്ടപ്പോൾ ആദ്ദേഹം ദമ്പതികളെ ആശീർവദിച്ചിരുന്നു. അതിനു നന്ദി പറയാൻ കൂടിയാണ് താൻ ഉമ്മൻ ചാണ്ടിയെ കണ്ടതെന്നും നസീർ പറയുന്നു.

എന്നാൽ ഇക്കാര്യത്തിൽ തനിക്ക് താങ്കളോട് പരാതിയോ പ്രയാസമോ ഇല്ലെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രതികരണം. പൊതു പ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ഇത്തരം അനുഭവങ്ങൾ സ്വാഭാവികമാണ്. താങ്കളുടെ നിരപരാധിത്വം തനിക്ക് അറിയാമെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു. പാർട്ടി അംഗത്വം പുതുക്കുമ്പോൾ മതവിഭാഗം വ്യക്തമാക്കുന്ന കോളം പൂരിപ്പിക്കണമെന്ന നിബന്ധനയിൽ പ്രതിഷേധിച്ച് മൂന്ന് വർഷം മുമ്പാണ് നസീർ അംഗത്വം നിഷേധിച്ചത്.

അതോടെ പാർട്ടി പ്രവർത്തനത്തിൽ നിന്നും അദ്ദേഹം വിട്ടു നിൽക്കുകയായിരുന്നു. അതിനിടെ വിദേശങ്ങളിൽ ബിസിനസ്സ് നടത്തി വരുന്ന നസീറിന്റെ പാസ്പ്പോർട്ട് പൊലീസ് പിടിച്ചുവെച്ചുവെന്നാരോപിച്ച് നസീർ കോടതിയിൽ പരാതി നൽകിയിരുന്നു. കോടതി നിർദ്ദേശ പ്രകാരം പാസ്പ്പോർട്ട് തിരിച്ച് നൽകപ്പെടുകയുമുണ്ടായി. ഇതെല്ലാം സിപിഐ.(എം). ലെ ചിലരാണ് ചെയ്യിക്കുന്നതെന്നും നസീർ ആരോപണം ഉന്നയിച്ചിരുന്നു. നിലവിൽ പാർട്ടി ്അനുഭാവിയായി തുടരുമെന്നും നസീർ പറഞ്ഞു.