മലപ്പുറം: സംശയാസ്പദമായ സാഹചര്യത്തിൽ ഒരുവീട്ടിൽ കണ്ടെന്ന കാരണംപറഞ്ഞ് വീടിന്റെ കതക് ചവിട്ടിത്തുറന്ന് യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തി. മങ്കടയ്ക്കടുത്ത് കൂട്ടിൽ സ്വദേശി കുന്നശ്ശേരി നസീർ ഹുസൈനാണ് (40) കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ചിലരെ മങ്കട പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നു പുലർച്ചെ രണ്ടരയോടെ നസീറിന്റെ വീടിന് ഒരു കിലോമീറ്റർ അകലെയുള്ള കുട്ടിഹസൻ എന്നയാളുടെ വീട്ടിൽ വച്ചാണ് നസീറിന് മർദ്ദനമേറ്റത്. ഗൾഫിലുള്ള കുട്ടിഹസന്റെ വീട്ടിൽ അസമയത്ത് കയറിയതിനെച്ചൊല്ലി കുറേപ്പേർ മർദ്ദിക്കുകയായിരുന്നുവെന്ന് പറയുന്നു. പുലർച്ചെ സ്ത്രീ ഒറ്റക്ക് താമസിക്കുന്ന വീട്ടിൽ നസീറിനെ കണ്ടതിനെ തുടർന്നായിരുന്നു ആക്രമണം.

കുട്ടിഹസൻ എന്ന പ്രവാസി മലയാളിയുടെ വീട്ടിൽ കതക് ചവിട്ടിത്തുറന്ന് അകത്തുകയറി ചിലർ നസീറിനെ മർദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഈ സമയത്ത് വീട്ടിൽ കുട്ടിഹസന്റെ ഭാര്യമാത്രമേ ഉണ്ടായിരുന്നുള്ളൂ. സദാചാരകാരണങ്ങൾ പറഞ്ഞ് നസീറിനെ വടികൊണ്ടും മറ്റും ക്രൂരമായി മർദ്ദിച്ചു. പിന്നീട് വീടിനുപുറത്തേക്ക് വലിച്ചിഴച്ചും മർദ്ദനം തുടർന്നു. വീടിന്റെ ചുമരിൽ തലയിടിച്ചതിന്റെ പാടുകളുണ്ടെന്നും തറയിൽ രക്തം ഇറ്റുവീണ പാടുകളുണ്ടെന്നും പൊലീസ് പറഞ്ഞു.

സദാചാരക്കാർ ചമഞ്ഞ് ഏഴോളം പേർ യുവാവിനെ ആക്രമിച്ചതായാണ് സൂചനകൾ. മർദ്ദനം ഏറെനേരം തുടർന്നതായാണ് വിവരം. വിവരം ലഭിച്ച പൊലീസ് മൂന്നരയോടെ സ്ഥലത്തെത്തിയെന്നും നസീറിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നാലരയോടെ മരിച്ചെന്നും മങ്കട എസ്‌ഐ ഹരിദാസ് പറഞ്ഞു. അഞ്ചുപേർ നിരീക്ഷണത്തിലാണെന്നും ഉടൻ അറസ്റ്റുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. വീട്ടിൽ ഫോറൻസിക് സംഘവും പരിശോധന നടത്തിയിട്ടുണ്ട്.

അതേസമയം നസീർ മരിച്ചുവെന്ന് ഉറപ്പാക്കുംവരെ പ്രതികൾ മർദ്ദിച്ചതായും കുട്ടിഹസന്റെ ബന്ധുക്കളാണ് അക്രമം നടത്തിയതെന്നും നസീറിന്റെ സഹോദരൻ നവാസ് പറഞ്ഞു. നസീറിനെ മർദ്ദിക്കുന്ന വിവരമറിഞ്ഞ് നവാസും മറ്റും സ്ഥലത്തെത്തിയെങ്കിലും അക്രിമികൾ അടുത്തേക്കുചെല്ലാൻ സമ്മതിച്ചില്ല. നിലത്തുവീണുകിടന്ന നസീറിനെ ചവിട്ടിയും വടികൾകൊണ്ട് തല്ലിയും അക്രമം തുടർന്നു. ഇടയ്ക്ക് കുടിക്കാൻ വെള്ളംവേണമെന്ന് നസീർ കരഞ്ഞുപറഞ്ഞെങ്കിലും കൊടുക്കാൻ സമ്മതിക്കാതെ അക്രമികൾ ഭീഷണിമുഴക്കി നിലകൊള്ളുകയായിരുന്നുവെന്ന് നവാസ് പറഞ്ഞു. എല്ലാ വിഷയങ്ങളും രാവിലെ പറഞ്ഞുതീർക്കാമെന്നും ഇപ്പോൾ ആശുപത്രിയിലെത്തിക്കട്ടെയെന്നും കേണപേക്ഷിച്ചിട്ടും അക്രമികൾ വിട്ടില്ല. ഒടുവിൽ പൊലീസെത്തി നസീറിനെ രക്ഷിച്ച് പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അതേസമയം സദാചാര പൊലീസ് ചമഞ്ഞെത്തിയ ചിലരാണ് അക്രമികളെന്നും ഇവർക്കെതിരെ ശക്തമായ നടപടിയുണ്ടാവണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. യുവാവിന്റെ സ്ഥിതി വഷളായിട്ടും വെള്ളംകൊടുക്കാൻപോലും സമ്മതിക്കാതെ അക്രമികൾ കാവൽനിന്നതായും ആശുപത്രിയിൽ കൊണ്ടുപോകാൻ അനുവദിക്കാതെ അരമണിക്കൂറോളം ഇങ്ങനെ റോഡരികിൽ കിടത്തിയതായും നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ നാലുമുതൽ ഏഴുവരെ പ്രതികൾ ഉണ്ടാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ചുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്യ പെരുന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിൽ ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയി.