കണ്ണൂർ: ഫിലിപ്പീൻസും ഇൻഡോനേഷ്യയും ശ്രീലങ്കയും നാളികേര ഉത്പ്പന്നങ്ങൾ ഉണ്ടാക്കി വിപണനം ചെയ്യുന്നുവെന്ന് അസൂയയോടെ പറയുകയായിരുന്നു ഇതുവരെ നാം. എന്നാൽ ഇന്ത്യയിൽ ആദ്യമായി കണ്ണൂരിൽ നിന്നും തേങ്ങാവെള്ളത്തിൽ നിന്നും തിന്നാൻ മധുരമുള്ള ഉത്പ്പന്നം രൂപമെടുത്തിരിക്കുകയാണ്.

വിദേശങ്ങളിൽ നിന്നും ഇറക്കുമതി ചെയ്താണ് നാളികേരത്തിന്റെ നാട്ടിലേക്ക് നാറ്റാഡി കൊക്കൊ എത്തിയിരുന്നത്. കണ്ണൂർ നാറാത്തെ എം.അബ്ദുള്ളയെന്ന യുവാവ് ഈ നാളികേര ഉത്പ്പന്നം വ്യവസായികാടിസ്ഥാനത്തിൽ ഉണ്ടാക്കി വിപണനം ആരംഭിച്ചിരിക്കയാണ്. ശുദ്ധമായ തേങ്ങാ വെള്ളത്തിൽ നിന്നും രുചിച്ച്്്്്് തിന്നാൻ മധുരമുള്ള നാറ്റാ ബിറ്റ്‌സ് ഒരിക്കൽ കഴിച്ചാൽ മറക്കാനാവാത്ത അനുഭവമാണ്. ഭക്ഷണശേഷം മധുരം ആസ്വദിക്കുന്ന ഡെസേർട്ട് പോലെ കഴിക്കാനുള്ള ഒരു പ്രകൃതിദത്ത പുഡ്ഡിങ്ങാണ് നാറ്റാ ബിറ്റ്‌സ്.

നാറ്റാ ന്യൂട്രിക്കോ കോക്കനട്ട് ഫുഡ് പ്രോഡക്ട്‌സിന്റെ നാറ്റാബിറ്റ്‌സ് കണ്ണൂരിലെ പ്രധാനമാളുകളിൽ സ്ഥാനം പിടിച്ചുകഴിഞ്ഞു. വെള്ളത്തിൽ അലിയാത്ത ഫൈബറാണ് നാറ്റാഡി കൊക്കോ. എന്നാൽ ഉമിനീരിൽ ഇത് പെട്ടെന്ന് അലിയും. ഫൈബർ കൂടുതലുള്ള നാറ്റാഡി കൊക്കോയിൽ കൊളസ്‌ട്രോളില്ല. കൊഴുപ്പു കുറവാണ്. നാറ്റാ എന്ന സ്പാനിഷ് ഭാഷയിൽ നിന്നാണ് നാറ്റാഡികൊക്കോ എന്ന പേര് വന്നത്. ഇംഗ്ലീഷിൽ ക്രീം ഓഫ് കോക്കനട്ട് എന്ന് സാരം. വിദേശങ്ങളിലെ തീൻ മേശകളിൽ നാറ്റാഡി കൊക്കോ സ്ഥാനം നേടിയിട്ട് കാലം ഏറെയായി. എന്നാൽ നാളികേരത്തിന്റെ നാട്ടിൽ നിന്നല്ല ഈ ഉത്പ്പന്നം എത്തിച്ചേരുന്നത്. മലേഷ്യ, ഫിലിപ്പെൻസ്, ഇൻഡോനേഷ്യ എന്നിവിടങ്ങളിൽ നിന്നാണ് ഡെസേട്ട്, കാന്റി, ഫ്രൂട്ട് സലാഡ്, ഐസ്‌ക്രീം, പുഡ്ഡിങ്ങ് എന്നിവയെല്ലാം അതിൽപ്പെടും.

നാറ്റാ ഡികൊക്കോയുടെ നിർമ്മാണം ഇങ്ങനെ. ഗുണമേന്മയുള്ള വിളഞ്ഞ തേങ്ങയുടെ വെള്ളമാണ് നാറ്റഡി കൊക്കോ നിർമ്മിക്കാൻ ശേഖരിക്കേണ്ടത്. തേങ്ങവെള്ളത്തിൽ 12 ശതമാനം പഞ്ചസാരയും ഈസ്റ്റും ചേർത്ത് ഏഴു ദിവസം സൂക്ഷിക്കും. തുടർന്ന് ബാക്ടീരിയയിൽ പെർമെന്റേഷനായി പല പാത്രങ്ങളിലായി അണുബാധ ഏൽക്കാതെ 15 ദിവസം വെക്കണം. 15 ദിവസം കഴിഞ്ഞാൽ രണ്ടു സെന്റീമീറ്ററോളം ഊറൽ പൊങ്ങി വന്നിരിക്കും. ഇത് പുറത്തെടുത്ത് പുളിപ്പ് കളയാൻ വേണ്ടി ഒരു ദിവസം മുഴുവൻ വെള്ളത്തിലിട്ട് വെക്കണം. തുടർന്ന് വേവിച്ചെടുത്ത് പുളിപ്പ് പൂർണ്ണമായും കളയണം. വെള്ളം പൂർണ്ണായും ഊറ്റിയ ശേഷം പഞ്ചസാര ലായനിയിൽ ഇടും. പിന്നീട് ആവശ്യമായ ഫ്‌ളേവർ ചേർത്തു ആദ്യപാക്കിങ്ങ്. തുടർന്ന് 120 ഡിഗ്രിയിൽ ചൂടാക്കണം. മൂന്നു മാസം വരെ കേടാകാതെ സൂക്ഷിക്കാം. ശീതീകരിച്ചാൽ ഒമ്പതുമാസം വരെയും സൂക്ഷിക്കാം.

ആപ്പിൾ, ലിച്ചി, സ്‌ട്രോബറി, എന്നീ ഫ്‌ളേവറുകളിലാണ് നാറ്റാ ഡികൊക്കോ നിർമ്മിക്കുന്നത്. ഫ്‌ളേവറില്ലാതെയും ഇത് നിർമ്മിക്കുന്നുണ്ട്. വർഷങ്ങളോളം പഠനം നടത്തിയാണ് അബ്ദുള്ള നാറ്റാ ഡികൊക്കോ ഉത്പാദനം തുടങ്ങിയത്. വെളിച്ചെണ്ണ ഉത്പ്പാദനത്തിൽ നിന്നുമാണ് അബ്ദുള്ള നാറ്റ ബിറ്റ്‌സിലേക്ക് എത്തിയത്. നാളികേര വികസന ബോർഡിന്റെ അംഗീകാരവും സഹകരണവും തന്റെ ഉത്പ്പന്നത്തിന് ലഭിച്ചു വരുന്നതായി അബ്ദുള്ള പറയുന്നു. അയ്യായിരം തേങ്ങയുടെ വെള്ളമാണ് ന്യൂട്രിക്കോ കോക്കനട്ട് ഫുഡ്‌പ്രോഡക്ട് കമ്പനി ഉത്പ്പന്നം നിർമ്മിക്കാൻ ഉപയോഗിക്കുന്നത്. ശ്രദ്ധയോടെ ചെയ്താൽ അമ്പതു ശതമാനം ലാഭം കൈവരിക്കാനാവുമെന്ന് അബ്ദുള്ള പറയുന്നു.

കേരളത്തിൽ നാറ്റാ ഡി കൊക്കോക്ക് പ്രചാരം ഏറിയാൽ നാളികേര കർഷകന് അതൊരു താങ്ങായിരിക്കുമെന്ന് അബ്ദുള്ള പറയുന്നു. മറുനാട്ടിൽനിന്ന് വരുന്ന ചോക്ലേറ്റ് കഴിക്കുന്നവർക്ക് പുതിയ അനുഭവമാവുകയാണ് നാറ്റാ ഡി കൊക്കോ.