മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഗാന്ധി ഘാതകനായ ഹിന്ദുത്വവാദി നാഥുറാം വിനായക് ഗോഡ്‌സെയെ വാഴ്‌ത്തുന്ന ട്വീറ്റുകൾ ട്വിറ്ററിൽ ട്രെൻഡിങ്. നാഥുറാം ഗോഡ്‌സെ അമർ രഹെ, നാഥുറാം ഗോഡ്‌സെ എന്നീ ഹാഷ് ടാഗുകളാണ് ട്രെൻഡിങ് ആയിരിക്കുന്നത്. ട്വിറ്ററിൽ ഇന്ത്യൻ നെറ്റിസൺമാർ ഗോഡ്സെയെ പ്രശംസിക്കുകയും അദ്ദേഹത്തെ "ഒരു യഥാർത്ഥ ദേശീയവാദി" എന്ന് വിളിക്കുകയും ചെയ്തു.

2019 ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തി ദിനത്തിലും ഹിന്ദുമഹാസഭാ അനുകൂലികളും ഹിന്ദുത്വവാദികളും ചേർന്ന് ഗോഡ്‌സെയെ പ്രകീർത്തിക്കുന്ന ഹാഷ് ടാഗുകൾ ട്രെൻഡിങ് ലിസ്റ്റിൽ എത്തിച്ചിരുന്നു. ഗാന്ധിജയന്തി ദിനത്തിൽ വൈകിട്ടാണ് #GodseAmarRahe എന്ന ഹാഷ് ടാഗ് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. ഇതിന് സമാനമായാണ് ഇന്നും സംഭവിച്ചത്. ട്വീറ്റ് ഹാഷ് ടാഗുകളിൽ ഗാന്ധി വധവുമായും ഗാന്ധി സ്മൃതിയുമായും ബന്ധമുള്ള ഹാഷ് ടാഗുകളായിരുന്നു രാവിലെ മുതൽ ടോപ് ലിസ്റ്റിൽ.

ഗാന്ധി ജയന്തി ദിനത്തിൽ ​ഗാന്ധി ഘാതകന്റെ വാഴ്‌ത്തുപാട്ട് ട്വിറ്ററിൽ ട്രെൻഡിം​ഗായിരുന്നു. തീവ്ര ഹിന്ദുത്വ പ്രൊഫൈലുകളാണ് രാജ്യത്തിനാകെ നാണക്കേടായി ​‘നാഥുറാം ഗോഡ്‌സെ സിന്ദാബാദ്' എന്ന ഹാഷ് ടാഗ് ട്രെൻഡിം​ഗാക്കിയത്. ഗാന്ധിക്കെതിരായും ഗാന്ധി ഘാതകനായ ഗോഡ്‌സെയ്ക്ക് സിന്ദാബാദ് വിളിച്ചും നിരവധി ട്വീറ്റുകളാണ് ഹിന്ദു തീവ്രവാദികൾ അന്ന് പ്രചരിപ്പിച്ചത്. ബിജെപി നേതാവും ഡൽഹി കലാപാത്തിൽ ആരോപണവിധേയനുമായ കപിൽ മിശ്ര അടക്കമുള്ളവർ ഫോളോ ചെയ്യുന്ന ട്വിറ്റർ അക്കൗണ്ടുകളാണ് നാഥുറാം ഗോഡ് സെ സിന്ദാബാദ് എന്ന ഹാഷ് ടാഗ് ട്രെന്റ് ആക്കിയത്. സമാനമായ അവസ്ഥയാണ് ഇന്നും ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ കുറേ നാളുകളായി സമൂഹ മാധ്യമങ്ങളിലൂടെ ​ഗോഡ്സെയെ മഹത്വവത്ക്കരിക്കാനും ​ഗാന്ധിജിയെ ഇകഴ്‌ത്തിക്കാട്ടാനും നടക്കുന്ന ശ്രമങ്ങളുടെ അവസാന ഉ​ദാഹരണമായാണ് ഇതിനെ ചൂണ്ടിക്കാണിക്കപ്പെടുന്നത്. നേരത്തെ ഗോഡ്‌സെ ദേശഭക്തനാണെന്ന് ലോക്‌സഭയിൽ ബിജെപി എംപി പ്രഗ്യാ സിങ് ടാക്കൂർ പറഞ്ഞിരുന്നു. തുടർന്ന് സഭാ രേഖകളിൽ നിന്ന് പ്രജ്ഞയുടെ പരാമർശം നീക്കം ചെയ്തിരുന്നു. ഗോഡ്സെയെ പ്രകീർത്തിച്ച് നിരവധി തവണ പ്രജ്ഞ രംഗത്തെത്തിയിരുന്നു. ഗോഡ്സെ ദേശഭക്തനാണെന്നും അദ്ദേഹത്തെ തീവ്രവാദിയെന്ന് വിളിക്കുന്നവർ പുനഃപരിശോധന നടത്തണമെന്നുമായിരുന്നു പ്രജ്ഞയുടെ പരാമർശം. ഗോഡ്സെയെ തീവ്രവാദി എന്ന് വിളിക്കുന്നവർക്ക് തെരഞ്ഞെടുപ്പിൽ മറുപടി ലഭിക്കുമെന്നും പ്രജ്ഞ പറഞ്ഞിരുന്നു. ഇന്ത്യയിലെ ആദ്യ ഭീകരവാദി ഹിന്ദുവായ ഗോഡ്സെയാണെന്ന കമൽഹാസന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു പ്രജ്ഞ.

അന്ന് ആദ്യം മൗനം പാലിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രതിപക്ഷ പാർട്ടികളിൽ നിന്നും രൂക്ഷവിമർശനമാണ് നേരിടേണ്ടി വന്നത്. പിന്നീട് പ്രജ്ഞയെ ഭോപ്പാലിലെ ബിജെപി സ്ഥാനാർത്ഥിയാക്കിയത് താനാണെങ്കിലും മഹാത്മാ ഗാന്ധിയെ അവഹേളിച്ചതിന് തനിക്ക് ഒരിക്കലും ക്ഷമിക്കാൻ കഴിയില്ലെന്നും മോദിക്ക് പറയേണ്ടിവന്നിരുന്നു.

പത്ത് രൂപയുടെ കറൻസി നോട്ടിൽ നിന്നും ഗാന്ധിയുടെ ചിത്രം മാറ്റി പകരം ഗാന്ധി ഘാതകനായ ഗോഡ്സെയുടെ ചിത്രം ചേർത്ത് എബിവിപി നേതാവ് പ്രചരിപ്പിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇയാൾ പ്രചരണം നടത്തിയിരിക്കുന്നത്. ഗാന്ധി ഘാതകൻ നാഥൂറാം വിനായക് ഗോഡ്സെയുടെ 111ാം ജന്മവാർഷിക ദിനമായ മെയ് 19ാം തിയതിയാണ് ഇത്തരത്തിൽ പോസ്റ്റ് നടത്തിയത്. മധ്യപ്രദേശിലെ എബിവിപി നേതാവ് ശിവം ശുക്ലയാണ് ഇത്തരത്തിൽ പോസ്റ്റ് നടത്തിയത്. ഗോഡ്സേ അമർ രഹേ എന്ന് അടിക്കുറിപ്പുമായാണ് ചിത്രം പോസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷവും ഇയാൾ ഗോഡ്സേയുടെ ചിത്രം ഇത്തരത്തിൽ പോസ്റ്റ് ചെയ്തിരുന്നു.

ഒരു ചെറിയ ഹാഷ്‌ടാഗ് ഉപയോഗിച്ച് ഒരു ചെറിയ ഇടത്തിനുള്ളിൽ ധാരാളം ട്വീറ്റുകൾ ഉണ്ടെങ്കിൽ, അത് ട്രെൻഡിങ്ങായി മാറും. മറ്റ് ട്രെൻഡുകൾക്ക് പ്രാധാന്യമില്ലാത്ത ഒരു സമയത്ത് ഈ പ്രവർത്തനം നടക്കുമ്പോൾ, ഹാഷ്‌ടാഗ് ഒരു മികച്ച ട്രെൻഡായി മാറാനുള്ള ഉയർന്ന സാധ്യതയുണ്ട്. കിഹോൾ ഡോട്ട് കോയുടെ അനാലിസിസ് പ്രകാരം ഒക്ടോബർ 2 രാവിലെ അഞ്ച് മണി മുതൽ (നാഥുറാം ഗോഡ്സെ സിന്ദാബ്ദ്) എന്ന ഹാഷ്ടാഗോടുകൂടിയ ട്വീറ്റുകൾ വലിയ രീതിയിൽ പ്രത്യക്ഷപ്പെട്ടു. മഹാത്മാഗാന്ധിയുമായും ഗാന്ധിജയന്തിയുമായും ബന്ധപ്പെട്ട ഹാഷ്ടാഗുകളോടുകൂടിയ ട്വീറ്റുകൾ എത്തുന്നതിന് ഒരു മണിക്കൂറോളം മുന്നെയായിരുന്നു ഇത്. ഇക്കാരണത്താലാണ് നാഥുറാം ഗോഡ്സെ സിന്ദാബ്ദും ട്വിറ്ററിൽ ട്രെൻഡിങ്ങായത്.

1948ൽ ജനുവരി 30നാണ് ബിർള ഹൗസിൽ ഹിന്ദു വലതുപക്ഷ തീവ്രവാദിയായ നാഥുറാം ഗോഡ്സെയുടെ വെടിയേറ്റ് ഗാന്ധിജി കൊല്ലപ്പെടുന്നത്. 1948 ജനുവരി 30 -ന് വൈകുന്നേരം തന്റെ പതിവ് പ്രാർത്ഥനായോഗത്തിൽ സംബന്ധിക്കുവാനായി മനുവിനും ആഭയ്ക്കുമൊപ്പം ബിർളാ ഹൗസിലെ പുൽത്തകിടിയിലേക്ക് നടന്നുപോവുകയായിരുന്ന ആ വയോധികന്റെ നെഞ്ചത്തേക്ക് മൂന്നു വെടിയുണ്ടകൾ പായിച്ച് നഥൂറാം തന്റെ വൈരാഗ്യം അവസാനിപ്പിച്ചു. ആജീവനാന്തം അഹിംസയ്ക്കുവേണ്ടി മാത്രം ശബ്ദമുയർത്തിയ നാവുകൊണ്ട് അവസാനമായി 'ഹേ... റാം ' എന്നുവിളിച്ച്, പ്രതിഷേധലേശമില്ലാതെ ആ മഹാത്മാവ് മരണത്തിന് കീഴടങ്ങി. മഹാത്മാവിന്റെ മരണം അവിടെ പൂർത്തിയായി, ആ വധം നടപ്പിലാക്കിയ നഥൂറാം വിനായക് ഗോഡ്‌സെയുടെ കുപ്രസിദ്ധി മരണാനന്തരവും ആ പേരിനെ പിന്തുടരുന്നു.

കോടതിമുറിയിൽ നൽകിയ അവസാന മൊഴിയിൽ ഗോഡ്‌സെ താൻ ആ കൊലപാതകം എന്തിനാണ് ചെയ്തത് എന്ന് വിശദമായി പറയുന്നുണ്ട്. ഹിന്ദിക്ക് പകരം ഹിന്ദിയും ഉർദുവും കലർന്ന ഹിന്ദുസ്ഥാനി എന്നൊരു ഭാഷ ദേശീയ ഭാഷയാക്കണം എന്ന ഗാന്ധിജിയുടെ ആവശ്യവും, വിഭജനത്തിൽ ഗാന്ധിജിയുടെ പങ്കും ഒക്കെയാണ് കാരണങ്ങളായി ഗോഡ്‌സെ എടുത്തെടുത്ത് പറഞ്ഞത്. അതിനു പ്രതികാരമായി താൻ പ്രവർത്തിച്ച കർമ്മത്തിന് കോടതി തരുന്ന എന്തുശിക്ഷയും താൻ സസന്തോഷം ഏറ്റുവാങ്ങുമെന്ന് ഗോഡ്‌സെ പറഞ്ഞു.

ഗാന്ധിജിയുടെ വധം കഴിഞ്ഞ് ഗോഡ്‌സെ പിടിക്കപ്പെട്ട്, പിന്നെയും ഒരു മാസത്തിനു ശേഷം ഫെബ്രുവരി 3 -നാണ് ഗ്വാളിയോറിലെ ഷിൻഡെ ദി ചൗക്ക് നിവാസിയായിരുന്ന ഡോ. പർച്ചുരെയെ ഗാന്ധിവധത്തിലെ ഗൂഢാലോചന ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. നാരായൺ ആപ്‌തെ,ഗംഗാധർ ജാധവ്, സൂര്യദേവ് ശർമ്മ തുടങ്ങി പിന്നീട് എട്ടുപേർ കൂടി ഗൂഢാലോചനയിൽ പ്രതികളായി. രണ്ടാഴ്ച കഴിഞ്ഞ് അറസ്റ്റ് ഔപചാരികമായി രേഖപ്പെടുത്തുമ്പോഴേക്കും ഗൂഢാലോചനയിലെ പങ്കിനെപ്പറ്റി ഗ്വാളിയോർ ഫസ്റ്റ് കേസ് മജിസ്‌ട്രേറ്റിനു മുന്നിൽ ഡോ.പർച്ചുരെ കുറ്റസമ്മതം നടത്തിക്കഴിഞ്ഞിരുന്നു. പിന്നീട് ആ കുറ്റസമ്മതമൊഴി അയാൾ തന്നെ നിഷേധിച്ചു എങ്കിലും. ഗോയലിൽ നിന്ന് ദന്തവതെ വഴി ഡോ. പർച്ചുരെയിലേക്ക്, അവിടെ നിന്ന് ഗോഡ്സേയിലേക്ക്.

എന്നാൽ, തനിക്ക് ആ തോക്ക് എവിടുന്ന് കിട്ടി എന്നതിനെപ്പറ്റി ഗോയൽ ഒരക്ഷരം വെളിപ്പെടുത്തിയിട്ടില്ല. 149 പേരെ വിസ്തരിച്ച് നടത്തിയ വിചാരണ ഒരുവർഷത്തിനുള്ളിൽ തന്നെ പൂർത്തിയാക്കപ്പെട്ടു. 1949 നവംബർ 8 -ന് നാഥുറാം ഗോഡ്സേയ്ക്കും നാരായൺ ആപ്തെയ്ക്കും വധശിക്ഷ വിധിച്ചു. മറ്റ് എട്ടുപേരെ തടവുശിക്ഷയ്ക്ക് വിധിച്ചു. അച്ഛനെക്കൊന്നവർക്ക് മാപ്പുനൽകണം എന്നാവശ്യപ്പെട്ട് ഗാന്ധിപുത്രന്മാരായ മണിലാലും രാംദാസും തന്നെ ദയാഹരജി നൽകിയെങ്കിലും നെഹ്‌റുവും പട്ടേലും രാജഗോപാലാചാരിയും ചേർന്ന് അത് നിരാകരിച്ചു. 1949 നവംബർ 15 ന് വധശിക്ഷ നടപ്പാക്കുകയുമായിരുന്നു.