ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ കായിക പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഇക്കുറി ഏറെ പ്രത്യേകതകളുണ്ട്. മെറിറ്റ് മാനദണ്ഡമായതോടെയാണ് ഇക്കുറി 12 പേർക്ക് ഖേൽരത്‌ന അടക്കം ലഭിച്ചതിരിക്കുന്നത്. ഒളിമ്പിക്‌സ് ഹോക്കിയിൽ വെങ്കല മെഡൽ ജേതാവായ ശ്രീജേഷിന് ഇക്കുറി ഖേൽരത്‌ന ലഭിക്കുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. ശ്രീജേഷിന്റെ മികവിൽ നിരവധി ടൂർണമെന്റുകൾ ഇന്ത്യ വിജയിച്ചിരുന്നു എന്നതു തന്നെയാണ് ഇതിനു കാരണം. പതിവിൽ നിന്നും വ്യത്യസ്തമായി ഇത്തവണത്തെ കായിക പുരസ്‌ക്കാരങ്ങൾ അത് അർഹിച്ച കൈകളിലേക്ക് എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. അതുകൊണ്ട് തന്നെ മോദി സർക്കാറിന്റെ കായിക രംഗത്തെ തീരുമാനങ്ങൾക്ക് കൈയടിക്കേണ്ട അവസ്ഥയിലാണ് കാര്യങ്ങൾ.

മുൻകാലങ്ങളിൽ കായിക മികവിനേക്കാൾ സ്വാധീനമായിരുന്നു എല്ലാം തീരുമാനിച്ചിരുന്നത് എങ്കിൽ ഇക്കുറി ആ സ്ഥിതിക്ക് മാറ്റം വന്നു. മെറിറ്റ് മാനദണ്ഡമായപ്പോൾ ശ്രീജേഷിനെ കൂടാതെ മൂന്ന് മലയാളികൾക്കും സുപ്രധാന പുരസ്‌ക്കാരം തേടിയെത്തി. 75ാം വയസിൽ ദ്രോണാചാര്യാ പുരസ്‌ക്കാരം തേടിയെത്തിയ ടി പി ഔസേപ്പാണ് കേന്ദ്രസർക്കാറിന്റെ നീതിക്ക് പാത്രമായ സുപ്രധാന വ്യക്തി. അതുപോലെ തന്നയാണ് മേരി കോമിനോളം മികവുണ്ടായിരുന്ന ബോക്‌സർ കെ സി ലേഖയും. മുൻകാലങ്ങളിൽ അവഗണനകൾ നേരിട്ട ലേഖയെ തേടി ധ്യാൻചന്ദ് പുരസ്‌ക്കാരമാണ് എത്തിയത്.

ഇന്ത്യയിലെ സുപ്രധാന കായിക നേട്ടങ്ങളിൽ മുഖ്യ പങ്കുവഹിച്ച വ്യക്തിയാണ് ടി പി ഔസേപ്പ് എന്ന പരിശീലകൻ. ടി.പി.ഔസേപ്പിനു കീഴിൽ പരിശീലിച്ചു ദേശീയ, അന്തർദേശിയ മെഡൽ നേടിയ താരങ്ങളുടെ പട്ടിക വളരെ നീണ്ടതാണ്. പല കായികതാരങ്ങളുടെ ജീവിതത്തിൽ വഴിത്തിരിവായിരുന്നത് ഔസേപ്പാണ്. കരിയറിന്റെ തുടക്കത്തിൽ ലോങ്ജംപിൽ അഞ്ജു ബോബി ജോർജിനെയും ഹൈജംപിൽ ബോബി അലോഷ്യസിനെയും ഒരുക്കിയ ഔസേപ്പിന്റെ പരിശീലനമാണ്. കാലങ്ങളായി തുടങ്ങിയ അദ്ദേഹത്തിന്റെ പ്രയാണം ഇപ്പോഴും തുടരുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ ലോങ്ജംപിലെ നിലവിലെ ദേശീയ ജൂനിയർ ചാംപ്യൻ സാന്ദ്ര ബാബുവാണ് ഔസേപ്പിന്റെ പുതിയ കണ്ടെത്തൽ.

കഴിഞ്ഞ 43 വർഷമായി അത്‌ലറ്റിക്‌സ് പരിശീലന രംഗത്തെ സജീവ സാന്നിധ്യമായ ഈ 75 വയസ്സുകാരനോളം അനുഭവ സമ്പത്തുള്ള പരിശീലകർ ഇന്ത്യൻ കായികരംഗത്തു വിരളം. കായികതാരങ്ങളെ കണ്ടെത്തി, വളർത്തി, നേട്ടങ്ങളിലേക്കു നയിക്കുന്നതിനായി ജീവിതം സമർപ്പിച്ചതിനാണ് ആജീവനാന്ത മികവിനുള്ള ദ്രോണാചാര്യ പുരസ്‌കാരം ടി.പി.ഓസേപ്പിനു ലഭിച്ചത്. കഴിഞ്ഞ ഏതാനും വർഷമായി ദ്രോണാചാര്യ പുരസ്‌കാരത്തിൽ നിന്നു അദ്ദേഹം തഴയപ്പെട്ടിരുന്നു. മോദി സർക്കാർ അധികാരത്തിൽ എത്തിയതോടെ കാലം അദ്ദേഹത്തോട് കടം വീട്ടുകയാണ്.

ഓരോ പരിശീലന മുറകളും ഇനങ്ങളും കൃത്യമായി പഠിച്ച് അത് തന്റെ ശിഷ്യരിലേക്ക് പകരുകയാണ് ഔസേപ്പിന്റെ ശൈലി. 1978ൽ ഇന്ത്യൻ വ്യോമസേനയുടെ പരിശീലകനായി തുടങ്ങിയ ടി.പി.ഔസേപ്പ് 75ാം വയസ്സിൽ ഇപ്പോൾ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ടീമിന്റെ ജംപിങ് പരിശീലകനാണ്. 1994 മുതൽ 4 വർഷക്കാലും ഇന്ത്യൻ ദേശീയ അത്‌ലറ്റിക് ടീമിന്റെ പരിശീലകനായിരുന്നു. കരിയറിന്റെ തുടക്കത്തിൽ ലോങ്ജംപിൽ അഞ്ജു ബോബി ജോർജിനെയും ഹൈജംപിൽ ബോബി അലോഷ്യസിനെയും ഒരുക്കി. ലേഖ തോമസ്, എസ്.മുരളി, ജിൻസി ഫിലിപ് എന്നിവരുൾപ്പെടെ രാജ്യാന്തര തലത്തിൽ മെഡൽ നേടിയ ശിഷ്യരുടെ നീണ്ടനിര അദ്ദേഹത്തിനുണ്ട്. ശിഷ്യരിൽ 16 പേർ ഇപ്പോൾ അത്‌ലറ്റിക്‌സ് പരിശീലകരാണ്.

കെസി ലേഖയ്ക്ക് വൈകിയെത്തിയ നീതി

മേരിക്കോമിനേക്കാൾ മികവു പുലർത്തിയ താരമായിരുന്നു കെ സി ലേഖ എന്ന മലയാളി ബോക്‌സർ. അക്കാലത്ത് ഇന്ത്യയിൽ വനിതാ ബോക്‌സിങ് അത്രയ്ക്ക് ശ്രദ്ധ നേടിയിരുന്നില്ലെന്ന മാത്രം. ആ വേദിയിൽ ചുവടുവെച്ച് തൊട്ടതെല്ലാം പൊന്നാക്കിയ താരമായിരുന്നു ലേഖ. ബോക്‌സിങ്ങിൽ ലോകചാംപ്യനായിട്ടും പുരസ്‌കാരങ്ങളിൽനിന്നു തഴയപ്പെട്ട കെ.സി.ലേഖയ്ക്ക് ഒടുവിൽ ധ്യാൻചന്ദ് പുരസ്‌കാരത്തിലൂടെ രാജ്യം ആദരിക്കുന്നത് വലിയ കാര്യം തന്നെയാണ്.

ലോക ചാംപ്യൻഷിപ്പിൽ സ്വർണം, ഏഷ്യൻ ചാംപ്യൻഷിപ്പിൽ ഒരു സ്വർണമടക്കം 3 മെഡലുകൾ. 9 വർഷം തുടർച്ചയായി ദേശീയ ചാംപ്യൻ. നേട്ടങ്ങളുടെ പട്ടിക ഇങ്ങനെ നീളുന്നതായിരുന്നെങ്കിലും കെ.സി.ലേഖയിൽ നിന്ന് അർജുന അവാർഡ് പല തവണ വഴിമാറിപ്പോയിരുന്നു. ആ മുറിപ്പാടാണു കായിക രംഗത്തെ ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്‌കാരത്തിലൂടെ ഇന്ത്യൻ കായികലോകം ഇന്നലെ മായ്ച്ചത്. പിൽക്കാലത്ത് മേരി കോമിനെ തേടി ഈ പുരസ്‌ക്കാരങ്ങളെല്ലാമെത്തി. എന്നാൽ, ലേഖ തഴയപ്പെടുകയും ചെയ്തു.

ഒരു കായിക ഇനത്തിൽ ലോക ചാംപ്യനാകുന്ന ആദ്യ മലയാളിയെന്ന വിശേഷണം മാത്രം മതി കെ.സി.ലേഖയുടെ നേട്ടങ്ങളുടെ വലിപ്പമറിയാൻ. 2006ൽ ഡൽഹിയിൽ നടന്ന ലോക ബോക്സിങ് ചാംപ്യൻഷിപ്പിൽ 75 കിലോ വിഭാഗത്തിലായിരുന്നു ലേഖയുടെ 'പഞ്ചുള്ള' ജയം. അന്നത്തെ ഫൈനലിൽ ലേഖ തോൽപിച്ച ജപ്പാൻകാരി ജിൻസ്സി ലി പിന്നീട് ഏഷ്യൻ ഗെയിംസിൽ സ്വർണവും ഒളിംപിക്‌സിൽ വെങ്കലവും നേടിയതോടെയാണു ലേഖയുടെ വിജയത്തിന്റെ മാറ്റ് ഇന്ത്യ തിരിച്ചറിഞ്ഞത്. അന്നു ലേഖയ്‌ക്കൊപ്പം സ്വർണം നേടിയ എം.സി.മേരികോമിനെയും സരിതാ ദേവിയെയും അർജുന പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തെങ്കിലും അർഹതപ്പെട്ട അംഗീകാരം തേടിയുള്ള ലേഖയുടെ അപേക്ഷകൾ പലതവണയായി തഴയപ്പെട്ടു. 2005ൽ ഏഷ്യൻ ചാംപ്യൻഷിപ്പിൽ സ്വർണം നേടിയ ലേഖ 2003, 2008 വർഷങ്ങളിൽ വെള്ളി നേട്ടത്തോടെ വീണ്ടും തിളങ്ങി.

കണ്ണൂർ പെരുമ്പടവ് ചാത്തമംഗലം സ്വദേശിനിയായ ലേഖ 2016ലാണ് ബോക്‌സിങ്ങിൽനിന്നു വിരമിച്ചത്. ധനകാര്യ വകുപ്പിൽ അക്കൗണ്ട്‌സ് ഓഫിസറാണ്. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗവുമാണ്. ഇപ്പോൾ പുരസ്‌ക്കാരം തേടി എത്തുമ്പോൾ അത് ലേഖയ്ക്ക് വൈകി എത്തിയ നീതി എന്നേ പറയാൻ സാധിക്കൂ.

അത്‌ലറ്റിക്‌സിൽ സ്വർണം നേടിയ ഇന്ത്യയുടെ മുഖ്യ പരിശീലകൻ എന്ന നിലയിലാണ് പി രാധാകൃഷ്ണൻ നായരെ തേടി ദ്രോണാചാര്യ പുരസ്‌ക്കാരം എത്തുന്നത്. ലോക അത്‌ലറ്റിക്‌സ് ചാപ്യൻഷിപ്, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് എന്നിവ അടുത്തവർഷം നടക്കാനിരിക്കുകയാണ്. ഒളിംപിക്‌സിൽ ചീഫ് കോച്ചിന്റെ നേതൃത്വത്തിൽ തുടങ്ങിവച്ച അദ്ഭുത നേട്ടങ്ങൾ അത്‌ലറ്റിക്‌സ് സംഘം ഇനിയും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ കായിക ലോകം.

ആലപ്പുഴ ചേർത്തല കഞ്ഞിക്കുഴി സ്വദേശിയായ രാധാകൃഷ്ണൻ നായർ 19-ാം വയസ്സിൽ വ്യോമസേനയിൽ ചേർന്നതാണ്. തുടക്കത്തിൽ വ്യോമസേന, കേരള സർവകലാശാല ടീമുകളെ പരിശീലപ്പിച്ചു. പിന്നീട് മാലദ്വീപ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ദേശീയ ടീമുകളുടെ പരിശീലകനുമായി.