പയ്യന്നൂർ: ദേശീയ അദ്ധ്യാപക അവാഡ് ജേതാവും സ്‌കൗട്ട്&ഗൈഡ്‌സ് മുൻ സംസ്ഥാന സെക്രട്ടരിയുമായ കെ.മുരളീധരൻ (77) അന്തരിച്ചു.മഹാകവി കുട്ടമത്തിന്റെ ശിഷ്യനും ചിത്രകാരനുമായ ഈങ്ങയിൽ ഗോവിന്ദപ്പൊതുവാളിന്റെയും പുത്തൂരിലെ കൈപ്രത്ത് പാർവതിയുടെയും മകനായ മുരളീധരൻ ചെറുപ്പത്തിലേ കലാ രംഗത്ത് സജീവമായിരുന്നു. നിരവധി നാടകങ്ങളുടെ രചനയും സംവിധാനവും നിർവഹിച്ചു.

മികച്ച നടനുള്ള സംസ്ഥാന അവാഡ് ലഭിച്ചിട്ടുണ്ട്. പാവനാടകം, ഒറിഗാമി എന്നിവയിലും വിദഗ്ധനായിരുന്നു. സംസ്ഥാന സ്‌കൂൾ കലോൽസവങ്ങളിലും യൂനിവേഴ്‌സിറ്റി കലോൽസവങ്ങളിലും വിധികർത്താവായിരുന്നിട്ടുണ്ട്. ശാസ്ത്ര സാഹിത്യ പരിഷത്ത് ബാലവേദിയുടെ സംസ്ഥാന കൺവീനറായിരുന്നു.

പ്രൈമറി അദ്ധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ച മുരളീധരൻ പെരുമ്പ ജി.യൂ.പി.സ്‌കൂളിൽ നിന്ന് ഹെഡ്‌മാസ്റ്ററായാണ് വിരമിച്ചത്. ദീർഘകാലം വയക്കര ഗവ.ഹൈസ്‌കൂൾ അദ്ധ്യാപകനായിരുന്നു.2006 11 കാലത്ത് സ്‌കൗട്ട്& ഗൈഡ്‌സ് സംസ്ഥാന സെക്രട്ടരിയായി സേവനമനുഷ്ഠിച്ചു. മികച്ച അദ്ധ്യാപകനുള്ള ദേശീയ അവാഡും സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്.

നാൽപത്തഞ്ചോളം രാജ്യങ്ങൾ സന്ദർശിച്ച ഇദ്ദേഹം ലണ്ടൻ ഐ എന്ന യാത്രാ വിവരണവും അരിപ്പോ തിരിപ്പോ, മാന്യമഹാജനങ്ങളേ എന്നീ ഗ്രന്ഥങ്ങളും രചിച്ചു.യാത്രാവിവരണം, കുട്ടികൾക്കുള്ള കളികൾ, നാടകം തുടങ്ങിയ മേഖലകളിൽ പുസ്തകങ്ങൾ രചിച്ചു.ദീർഘകാലം പാടിയോട്ടുചാൽ കെ.പി.കെ. ക്ലബ്ബിന്റെ പ്രസിഡണ്ടായിരുന്നു. പുരോഗമന കലാ സാഹിത്യ സംഘം പെരിങ്ങോം മേഖലാ കമ്മിറ്റിയംഗമായും പ്രവർത്തിച്ചു.

എം. രുഗ്മിണി (റിട്ട. ഹെഡ്‌മിസ്ട്രസ്) യാണ് ഭാര്യ. സുനീഷ്, ഡോ.എം. സജീഷ് (കാർഡിയോളജിസ്റ്റ്, ആസ്റ്റർ മെഡിസിറ്റി എറണാകുളം) എന്നിവർ മക്കളും പ്രഭാവതി (ബി.എസ്.എൻ.എൽ കണ്ണൂർ ), പ്രശസ്ത പിന്നണി ഗായിക സിതാര എന്നിവർ മരുമക്കളാണ്. ചൊവ്വാഴ്ച രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 മണിവരെ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. സംസ്‌കാരം വൈകിട്ട് മൂന്നിന് പയ്യാമ്പലത്ത്.