പാലക്കാട്ടു നിന്ന് കുട്ടികൾക്കു നേരെയുള്ള നഗ്‌നതാപ്രദർശനത്തിന്റെ പേരിലുള്ള കുറ്റവാളികളുടെ അറസ്റ്റ് വാർത്ത പുറത്തു വരുമ്പോൾ അതിലേറെ ലജ്ജിക്കേണ്ടതു കുട്ടികൾക്ക് നേരെയുള്ള ഈ അതിക്രമം നടന്നിട്ടു ഈ അറസ്റ്റ് വരെ ആ കുട്ടികൾ നേരിടേണ്ടി വന്ന മാനസികസംഘർഷത്തെ കുറിച്ചും അതിൽ ഒരു കുട്ടിയെ ആത്മഹത്യാശ്രമം വരെ എത്തിയ നമ്മുടെ നിലവിലുള്ള സാമൂഹികവ്യവസ്ഥയെകുറിച്ചും ഓർത്തിട്ടാണ്.

ഇന്ത്യൻ നിയമവ്യവ്യസ്ഥയിൽ 18 വയസ്സു വരെയുള്ള വ്യക്തിയെ ഒരു കുട്ടിയായികണ്ടു, അവർക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും തടയുന്നതിനായി കേന്ദ്രമന്ദ്രാലയത്തിന്റെ പരിധിയിൽ വരുന്ന പോക്‌സോ (പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസ്സ്) കുട്ടികൾക്കു ലൈംഗിക അതിക്രമങ്ങൾ നേരിട്ടു റിപ്പോർട്ട് ചെയ്യാൻ ഒരു ഇ-ബോക്‌സ് സംവിധാനം ഏർപ്പെടുത്തി ദിവസങ്ങൾക്കുള്ളിലാണ്, പാലക്കാട് കുട്ടികൾക്ക് എതിരെ ഈ അതിക്രമം ഉണ്ടാവുകയും അത് റിപ്പോർട്ട് ചെയ്തു എന്നതിന്റെ പേരിൽ ഒരു പെൺകുട്ടി ആത്മഹത്യയുടെ വക്കിൽ വരെ എത്തുകയും ചെയ്തതു.

53 % ഇൽ ഏറെ കുട്ടികൾ ലൈംഗിക പീഡനത്തിനു ഇരയാകുന്നെന്നു റിപ്പോർട്ട് ചെയ്യപ്പെടുന്ന നാടാണ് നമ്മുടേതു. എന്നാൽ റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്ന കേസ്സുകൾ ഏതാണ്ട് ഇതേ നിരക്കിൽ തന്നെയാണ് എന്ന് ഈ മേഖലയിൽ പഠനം നടത്തുന്ന വിവിധ സംഘടനകളും, റിസേർച് സ്‌കോളർസും ഒരേ സ്വരത്തിൽ പറയുന്നു. കുട്ടികൾക്കു എതിരെയുള്ള ലൈംഗിക ആക്രമണങ്ങൾ വർദ്ധിക്കുന്നതിനുള്ള പ്രധാന കാരണം ഈ അണ്ടർ റിപ്പോർട്ടിങ്ങും, ഇനി റിപ്പോർട്ട് ചെയ്താൽ തന്നെ ആ കുട്ടികളും അവരുടെ കുടുംബവും നേരിടേണ്ടി വരുന്ന മാനസിക പീഡനവുമാണ്. ഈ വിഷയത്തെ അധികരിച്ചു മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത വിവരങ്ങളും, കേസ്സിന്റെ ഇത് വരെയുള്ള നടപടി ക്രമങ്ങളിൽ വന്ന കാലതാമസവും കണക്കിലെടുത്താൽ അത് കൃത്യമായി വിരൽ ചൂണ്ടുന്നത് പീഡനത്തിനു ഇരകളായ കുട്ടികൾക്കു മതിയായ നിയമ സുരക്ഷയും സൈക്കോളജിക്കൽ (physcological) സപ്പോർട്ടും നൽകുന്നതിൽ നമ്മുടെ വ്യവസ്ഥ പരാജയപ്പെട്ടു എന്ന് തന്നെയാണ്.

ഒരു ലൈംഗിക പീഡനം റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ അതിന്റെ ഇരകളായവർക്കു ആ വൈകാരികമായ ആഘാതത്തിൽ നിന്നു മുക്തി നേടുന്നതിനുള്ള എല്ലാ സഹായവും ചെയ്തു കൊടുക്കുകയും ഒപ്പം നിയമം അനുശാസിക്കുന്ന സ്വകാര്യതയും സംരക്ഷണവും ചെയ്തു കൊടുക്കുകയുമാണ് പൊലീസ് ഏജൻസികൾ ഏറ്റവും ആദ്യം ചെയേണ്ടത്. കുറ്റാരോപിതനായ ആളെ കണ്ടെത്തുന്നതു പോലെതന്നെ മുഖ്യമായതാണ് സാക്ഷികൾക്കു നൽകേണ്ട മാനസിക ധൈര്യം. ഒരു പീഡനത്തിലൂടെ കടന്നു പോകുന്ന കുട്ടിയുടെ വ്യക്തിത്വത്തിൽ ഈ ലൈംഗിക ആക്രമണം ആ നിമിഷം തന്നെ വളരെ ആഴത്തിലുള്ള മുറിവുകളും മെന്റൽ ട്രോമായും സൃഷ്ടിക്കുകയായ., ആ കുട്ടികൾ പിന്നീട് മൊഴി രേഖപ്പെടുത്താനും, തങ്ങളെ ഉപദ്രവിച്ച വ്യക്തിയെ ഐഡന്റിറ്റിഫൈ ചെയ്യാനും ഒക്കെയുള്ള നടപടിക്രമങ്ങളിൽ കൂടി കടന്നു പോകുമ്പോൾ വീണ്ടും ആ പീഡനശ്രമം അവരിൽ പുനർ സൃഷ്ടിക്കപ്പെടുകയും അവർ ഒരു മാനസികപീഡനത്തിനു കൂടി ഇരകളാക്കുകയും ചെയ്യുകയാണ്.

റീ വിക്ക്റ്റി മൈസെഷൻ (RE VICTIMISATION ) എന്ന ഈ അവസ്ഥ ഒഴിവാക്കാൻ ശ്രമിക്കണമെന്ന് നാഷണൽ സെന്റർ ഫോർ വിക്ടിംസ് ഓഫ് ക്രൈമിന്റെ റിപ്പോർട്ടുകളും ഈ വിഷയത്തിൽ വിധി പുറപ്പെടുവിച്ചിട്ടുള്ള കോടതികളുടെ ഒബ്‌സർവേഷൻസും നിലനിൽക്കുന്ന സാഹചര്യത്തിലാണ്, അതിനെ ഒന്നും കണക്കിലെടുക്കാത്തെ കുട്ടികളുടെ മനോനില തെറ്റിക്കുന്നതും ആത്മവീര്യം കെടുത്തുന്നതുമായ നടപടി ക്രമങ്ങളിലേയ്ക്ക് ഉത്തരവാദിത്തപ്പെട്ടവർ നീങ്ങിയത്. ഇത് ഗൗരവതരമായ കൃത്യവിലോപമാണ്.

വളരെ സാമൂഹികബോധമുള്ളവരും, നിയമവ്യവസ്ഥയെ വിശ്വസിക്കുന്നതുമായ ഒരു യുവതലമുറയുടെ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസത്തെയാണ് നമ്മൾ ഇവിടെ ഒറ്റു കൊടുത്തത്, അതിൽ ഒരു കുഞ്ഞിനെ മരണത്തിലേയ്ക്ക് തള്ളി വിടാൻ നോക്കിയത്. നഗ്നതാ പ്രദർശനം മാത്രമല്ല കുട്ടികളുടെ സമ്മതമില്ലാതെ അവരുടെ ചിത്രം പകർത്തുകയും ചെയ്യുകവഴി വളരെ ഗൗരവതരമായ ഈ കുറ്റകൃതങ്ങളാണ്. കാർ നമ്പർ അടക്കം കുട്ടികൾ അധികാരികൾക്കു റിപ്പോർട്ട് ചെയ്തതു. എന്നാൽ അതിനു ശേഷം കുട്ടികളെ മൊഴി എടുക്കാനെന്ന വ്യാജേന വിളിച്ചു ഭീഷണിപ്പെടുത്തി എന്ന വാർത്ത ശരിയാണെങ്കിൽ അതിൽ ഉൾപ്പെട്ടിരിക്കുന്ന വ്യക്തി കൃത്യവിലോപം മാത്രമല്ല ഒരു കുറ്റകൃത്യം കൂടിയാണ് ചെയ്തിരിക്കുന്നത്. പല കേസ്സുകളും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നതിന്റെയും, പിന്നീട് ഒത്തു തീർപ്പാകുന്നതിന്റെയും കാരണം ഇത്തരം ഇടപെടലുകളാണ്. ഇതിന്റെയൊക്കെ അനന്തരഫലം കുറ്റവാളികൾ രക്ഷപ്പെടുകയും കൂടുതൽ ആത്മ വിശ്വാസത്തോടെ ലൈംഗിക അതിക്രമം അടക്കമുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും ചെയ്യും. ഇരകളായവർ ജീവിതാവസാനം വരെ തങ്ങൾക്ക് ഏർപ്പെട്ട ദുരന്തത്തിന്റെ ബാക്കിപത്രമായി കിട്ടുന്ന നിരാശയും, ആത്മ വിശ്വാസമില്ലായ്മയും ആത്മഹത്യാ പ്രവണതയുമായി കഴിയാൻ വിധിക്കപ്പെടുകയും ചെയുന്നു.

ഒരു സൗമ്യയോ, ജിഷയോ ഉണ്ടാകുമ്പോൾ മാത്രം ഉണരേണ്ട ഒന്നല്ല സാമൂഹ്യബോധം. കുറ്റവാളികൾ ഉണ്ടാകുന്നതിനുള്ള സാഹചര്യം ഒരുക്കാതിരിക്കുന്നതും, ഇത്തരം കുറ്റ കൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ അത് റിപ്പോർട്ട് ചെയ്യുന്നവർക്ക് നിയമം അനുശാസിക്കുന്ന എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുന്നതും, അതിൽ എന്തെങ്കിലും തരത്തിലുള്ള വീഴ്ച വന്നിട്ടുണ്ടെകിൽ അതിനെതിരെ കർശന നട പടികൾ സ്വീകരിക്കുന്നതിനും ഗവൺമെന്റിന്റെ ഉത്തരവാദിത്തമാണ്. ഒപ്പം ഈ അതിക്രമത്തിനു ഇരകളായ കുട്ടികൾക്കു വേണ്ട നിയമസഹായവും സൈക്കോളജിക്കൽ സപ്പോർട്ടും എത്രയുംപെട്ടെന്നു അവർക്ക് എത്തിക്കുക എന്നതു കൂടി സർക്കാരിന്റെ കടമയാണ്. എങ്കിൽ മാത്രമേ നാളെ ഇതേ സാഹചര്യത്തിലൂടെ കടന്നു പോകുന്ന കുട്ടികൾ യാതൊരു ഭയവുമില്ലാതെ അത് റിപ്പോർട്ട് ചെയ്യാൻ മുന്നോട്ടു വരൂ. അതോടൊപ്പം തന്നെ ഇത്തരം കുറ്റ കൃത്യങ്ങൾ ത്വരിത ഗതിയിൽ നേരിട്ടു റിപ്പോർട്ട് ചെയ്യാൻ കഴിയുന്ന ഇ-ബോക്‌സ് (e-box) സംവിധാനത്തെ കുറിച്ചുള്ള അവബോധം കൂടുതൽ കുട്ടികളിൽ എത്തിക്കുകയും വേണം, എന്നാൽ ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ട ഈ കേസ്സിൽ ഉള്ളതുപോലെയുള്ള കാലതാമസവും തത്പര കക്ഷികളുടെ ഇടപെടലുമൊക്കെ ഒരു പരിധിവരെ ഒഴിവാക്കാൻ കഴിയും. 100 ദിവസം പിന്നിടുന്ന സർക്കാർ സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും എതിരെയുള്ള കുറ്റകൃത്യങ്ങൾ തടയുന്ന കാര്യത്തിൽ കൂടുതൽ ജാഗരൂകരാകേണ്ടതുണ്ടു. നമ്മുടെ കുട്ടികൾ അഭിമാനമുള്ളവരാണ് അവരുടെ മാനത്തിനു വിലയിടരുത്.