പത്തനംതിട്ട: ചന്ദ്രബോസ് വധക്കേസിൽ ആരോപണവിധേയനായ ജേക്കബ് ജോബ് തന്റെ തൊപ്പി തെറിക്കുന്നതു തടയാൻ അവസാനനിമിഷം വരെ ശ്രമിച്ചു. പത്തനംതിട്ട ജില്ലക്കാരനായ കോൺഗ്രസിന്റെ കേന്ദ്രനേതാവാണു കൊലയാളി വ്യവസായിക്കു കുട പിടിച്ച ഉദ്യോഗസ്ഥനു വേണ്ടി ആഭ്യന്തരമന്ത്രിക്കു മേൽ സമ്മർദം ചെലുത്തിയത്. ഇതേ നേതാവുതന്നെയാണ് ജേക്കബ് ജോബിനെ എസ്‌പിയാക്കി കൊണ്ടുവന്നതും.

നടപടി സ്ഥലം മാറ്റത്തിൽ ഒതുക്കണമെന്ന് ഇദ്ദേഹം ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നുവത്രേ. എ.ഡി.ജി.പിയുടെ റിപ്പോർട്ട് പരിശോധിച്ചു മാത്രമേ എന്തെങ്കിലും ചെയ്യൂവെന്നും കടുത്ത തീരുമാനം ഉണ്ടാകില്ലെന്നുമാണ് മന്ത്രി കേന്ദ്രനേതാവിനോട് ഏറ്റിരുന്നത്. ഇതിനു വിപരീതമായി ഇന്നലെ രാവിലെ ആഭ്യന്തരമന്ത്രി തന്നെ നേരിട്ട് ജേക്കബ് ജോബിനെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു.

ആഭ്യന്തരമന്ത്രി പദം ഏറ്റെടുത്ത ശേഷം രമേശ് ചെന്നിത്തല തന്റെ ഇമേജ് നോക്കിയാണ് പ്രമാദമായ എല്ലാ കേസുകളിലും നിലപാട് എടുത്തിരുന്നത്. രാഹുൽ ആർ. നായർ കേസ്, ടി.ഒ. സൂരജ് കേസ്, കൊക്കെയ്ൻ കേസ്, ആപ്പിൾ ട്രീ ചിട്ടിതട്ടിപ്പ് എന്നിവയെല്ലാം ഇതിന് ഉദാഹരണമാണ്. ഇതു തന്നെയാണ് ജേക്കബ് ജോബിന് വിനയായതും. പ്രബല സമുദായത്തിന്റെയും അതിന്റെ അധ്യക്ഷന്മാരുടെയും തണലിൽ പടർന്നു വളർന്നയാളാണ് ജേക്കബ് ജോബ്. സർവീസിലിരിക്കുമ്പോൾ നിരവധി കേസുകൾ ഇദ്ദേഹത്തിന് എതിരേ ഉണ്ടായിരുന്നു. ക്രമസമാധാനപാലന ചുമതല ഇദ്ദേഹത്തിനു നൽകരുതെന്ന് മുൻ ഡി.ജി.പിമാരിൽ ഒരാൾ കർശന നിർദേശവും നൽകിയിരുന്നതാണ്. ഒരു മതമേലധ്യക്ഷന്റെ ശിപാർശയിന്മേൽ, സമീപകാലത്ത് സ്ഥാനമൊഴിഞ്ഞ ഒരു ഡി.ജി.പി നൽകിയ റിപ്പോർട്ടിന്റെ സഹായത്തിലാണ് ജേക്കബ് ജോബിന് സർക്കാർ ഐ.പി.എസ് നൽകിയത്.

സസ്‌പെൻഷൻ കൊണ്ടുമാത്രം ജേക്കബ് ജോബിനെതിരായ അന്വേഷണം തീരില്ല. എ.ഡി.ജി.പിയുടെ റിപ്പോർട്ടിൽ ഗുരുതരമായ ആരോപണങ്ങളാണ് ഇദ്ദേഹത്തിന് എതിരേയുള്ളതെന്ന് അറിയുന്നു. നിസാമിനെ കേസിൽനിന്ന് ഒഴിവാക്കാൻ വിലപേശൽ നടത്തി എന്നതാണ് അതിൽ പ്രധാനപ്പെട്ടത്. ഒരു കോടി രൂപയാണ് കോഴ ചോദിച്ചതെന്നും അഡ്വാൻസായി 25 ലക്ഷം കൈപ്പറ്റിയെന്നുമാണ് രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ചിരിക്കുന്ന രഹസ്യവിവരമെന്നാണ് സൂചന.

ജില്ലാ പൊലീസ് മേധാവിയായി ചുമതലയേറ്റെങ്കിലും നിസാം കേസിൽ ഏതു നിമിഷവും സസ്‌പെൻഷൻ ഉണ്ടാകുമെന്ന് ജേക്കബ് ജോബ് പ്രതീക്ഷിച്ചിരുന്നു. ഇക്കാര്യം മറുനാടൻ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ 19 ന് വൈകിട്ട് ചുമതലയേറ്റ എസ്‌പി ഇന്നലെ സസ്‌പെൻഷൻ ഉത്തരവ് കൈപ്പറ്റുന്നതു വരെ ക്യാമ്പ് ഓഫീസിലേക്ക് താമസം മാറിയിരുന്നില്ല. റെസ്റ്റ് ഹൗസിൽ മുറിയെടുത്ത് താമസിച്ച് ക്യാമ്പ് ഓഫീസും ഇവിടെത്തന്നെയാക്കുകയായിരുന്നു.

തൃശൂർ സിറ്റി പൊലീസ് കമ്മിഷണറായിരുന്ന ജേക്കബ് ജോബിനെ എസ്‌പിയാക്കി പത്തനംതിട്ടയിലേക്ക് വിട്ടപ്പോൾ തന്നെ കൂടുതൽ നടപടി ഉറപ്പായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ഏഴംകുളം അപകടം നടന്ന സ്ഥലം എ.ഡി.ജി.പി പത്മകുമാറിനൊപ്പം പരിശോധിക്കുമ്പോഴാണ് എസ്‌പി ജേക്കബ് ജോബിനെ സസ്‌പെൻഡ് ചെയ്തുവെന്ന വാർത്ത ചാനലുകളിൽ മിന്നിമറിഞ്ഞത്. അപ്പോഴും എസ്‌പി കാര്യമറിഞ്ഞില്ല. പിന്നാലെ ചില പൊലീസുകാർ പറഞ്ഞ് അറിഞ്ഞയുടൻ തന്നെ ഇദ്ദേഹം വാഹനത്തിൽ കയറി സ്ഥലം വിടുകയായിരുന്നു.

ചുമതലയേറ്റെങ്കിലും ദൈനംദിന ജോലികളിലൊന്നും അദ്ദേഹം ഇടപെട്ടിരുന്നില്ല. ഏഴംകുളം അപകടം നടന്ന ചൊവ്വാഴ്ച വൈകിട്ട് ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ കോൺഫറൻസ് പുതിയ എസ്‌പി വിളിച്ചു കൂട്ടിയിരുന്നു. വിഷണ്ണനായിട്ടായിരുന്നു അദ്ദേഹം യോഗത്തിൽ പങ്കെടുത്തത്. ശരീരഭാഷയിലും നിരാശ പ്രകടമായിരുന്നു. ഏഴംകുളത്ത് മൂന്നുപേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിലടക്കം പ്രതികരണമാരായാൻ മാദ്ധ്യമപ്രവർത്തകർ എസ്‌പിയുടെ ഔദ്യോഗിക ഫോണിൽ വിളിച്ചെങ്കിലും അറ്റൻഡ് ചെയ്തില്ല.
എന്നാൽ, എസ്‌പി താവളമടിച്ചിരുന്ന റെസ്റ്റ് ഹൗസിലെ മുറിയിൽ ചില വൻതോക്കുകൾ സന്ദർശനത്തിന് എത്തിയിരുന്നുവെന്നു പറയുന്നു.