- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹാവീരനെ നമസ്ക്കരിക്കുന്ന ബുദ്ധന്റെ ചിത്രം വരച്ചതിന് വെട്ടിക്കൊന്നത് 18,000 പേരെ; അന്തഃപുരത്തിലെ അശോകവൃക്ഷം വെട്ടിയതിന് കൂട്ടക്കൊലചെയ്തത് നാനൂറോളം സ്ത്രീകളെ; ബുദ്ധഭിക്ഷുവായ സ്വന്തം സഹോദരനെയും വെട്ടിക്കൊന്നു; അശോക സ്തംഭത്തിലെ സിംഹത്തിന് രൗദ്രഭാവം തന്നെയാണ്!
ഇന്ത്യയുടെ ദേശീയ ചിഹ്നമായ അശോക സ്തംഭം വിവാദത്തിലായ സമയമാണല്ലോ ഇത്. പുതിയ പാർലമെന്റ് മന്ദിരത്തിൽ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത അശോക സ്തംഭത്തെ ചൊല്ലിയുള്ള തർക്കം തുടരുകയാണ്. സ്തംഭത്തിലെ സിംഹങ്ങളുടെ രൗദ്രഭാവം കേന്ദ്രസർക്കാരിനെ അടിക്കാനുള്ള വടിയാക്കി പ്രതിപക്ഷം മാറ്റി കഴിഞ്ഞു. ബിജെപിയുടെ ന്യായീകരണ ശ്രമത്തിന് പിന്നാലെയാണ് മന്ത്രി ഹർദീപ് സിങ് പുരിയെ ഇറക്കി വ്യക്തത വരുത്താനും കേന്ദ്ര സർക്കാർ നീക്കം നടത്തി. പുതിയ ദേശീയ ചിഹ്നത്തിന്റെ സ്‌കെച്ചടക്കം അവതരിപ്പിച്ചാണ് ഹർദീപ് സിങ് പുരിയുടെ വിശദീകരണം. സാരാനാഥിലെ അശോക സ്തംഭം തറനിരപ്പിലാണ് സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ പുതിയ പാർലമെന്റെ മന്ദിരത്തിൽ തറനിരപ്പിൽ നിന്ന് 33 മീറ്റർ ഉയരത്തിലാണ് സ്തൂപം വച്ചിരിക്കുന്നത്. സ്വാഭാവികമായും താഴെ നിന്ന് നോക്കുന്നവർക്ക് രൗദ്രഭാവം തോന്നാം. വിമർശിക്കുന്ന വിദഗ്ദ്ധർ ഈ സാമാന്യ തത്വം മനസ്സിലാക്കണമെന്നും മന്ത്രി പരിഹസിച്ചു. എന്നാൽ പുതിയ ദേശീയ ചിഹ്നത്തിൽ നിന്ന് 'സത്യമേവ ജയതേ' എന്ന വാക്യം ഒഴിവാക്കിയതിനെ കുറിച്ച് മന്ത്രി മറുപടി പറഞ്ഞിട്ടില്ല.
അതേസമയം വിമർശനത്തിന്റെ മൂർച്ച കൂട്ടിയിരിക്കുകയാണ് പ്രതിപക്ഷം. പാർലമെന്റിൽ പ്രതിഷ്ഠിച്ചിരിക്കുന്ന വികല സൃഷ്ടി മോദിയുടെ ഭരണത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് സിപിഎം വിമർശിച്ചു. ഇന്ത്യയുടെ ജനാഭിപ്രായത്തെ വെല്ലുവിളിക്കുന്ന നിർമ്മിതിയാണെന്നും എത്രയും വേഗം ഈ വൈകൃതം എടുത്തുമാറ്റണമെന്നും പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ആവശ്യപ്പെട്ടു. പല വിവാദങ്ങളിലും കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കുന്ന നടൻ അനുപം ഖേർ ഇക്കുറിയും പക്ഷം പിടിച്ചു. പല്ലുണ്ടെങ്കിൽ സിംഹം അത് കാണിച്ചിരിക്കുമെന്നും വേണ്ടി വന്നാൽ കടിക്കുമെന്നും അനുപം ഖേർ ട്വിറ്ററിലെഴുതി.
ചോര ചിന്തിയ അശോകവഴി
ബുദ്ധമതപ്രചാരണാർഥം അശോകചക്രവർത്തി സ്ഥാപിച്ചിട്ടുള്ള ശിലാസ്തംഭമാണ് അശോക സ്തംഭം. മൂന്ന് സിംഹങ്ങൾ മൂന്ന് ദിക്കിലേക്കും തിരിഞ്ഞ് നിൽക്കുന്ന രീതിയിലുള്ള ഈ ശിൽപ്പം ഉത്തർ പ്രദേശിലെ സാരാനാഥിൽ സ്ഥിതിചെയ്യുന്ന സ്തൂപത്തിന്റെ മുകളിലാണ് നിലനിന്നിരുന്നത്. അശോകസ്തൂപം എന്നറിയപ്പെടുന്ന ഈ സ്തൂപം ഇന്നും നിലനിൽക്കുന്നുണ്ട്. സ്തംഭം ഇപ്പോൾ സാരാനാഥ് കാഴ്ചബംഗ്ലാവിൽ പ്രദർശിപ്പിച്ചിരിക്കുകയാണ്. ഈ സ്തംഭത്തിൽ ആലേഖനം ചെയ്തിട്ടുള്ള ഇരുപത്തിനാല് ആരക്കാലുകളുള്ള ചക്രമാണ് ഇന്ത്യയുടെ ദേശീയപതാകയുടെ മദ്ധ്യത്തിൽ ആലേഖനം ചെയ്തിരിക്കുന്നത്.
പക്ഷേ യഥാർഥത്തിൽ അശോക സ്തംഭത്തിലെ സിംഹങ്ങൾക്ക് രൗദ്രഭാവം തന്നെയാണെന്നും, അശോക ചക്രവർത്തിയെക്കുറിച്ച് നമ്മൾ കേട്ട സംഭവങ്ങൾ എല്ലാം പെരുപ്പിച്ചതാണെന്നാണ്, ശാസ്ത്രലേഖകനും സോഷ്യൽ മീഡിയാ ആക്റ്റിവിസ്റ്റും, ബുദ്ധമതത്തെക്കുറിച്ച് ഏറെ പഠനം നടത്തിയ എഴുത്തുകാരനുമായ ഡോ മനോജ് ബ്രൈറ്റ അഭിപ്രായപ്പെടുന്നത്. ബുദ്ധമതത്തെക്കുറിച്ചുള്ള ധാരണകൾ പൊളിച്ചടുക്കുന്നതായിരുന്നു, ഡോ മനോജ്ബ്രൈറ്റ് എഴുതിയ 'ബോധി വൃക്ഷത്തിന്റെ മുള്ളുകൾ' എന്ന പുസ്തകം. 'ബുദ്ധമതത്തിന്റെ തുടക്കം ഇവിടെ ചിലർ സങ്കൽപ്പിക്കുന്നപോലെ കുറെ നിരാലംബർ ജാതിവ്യവസ്ഥ കൊണ്ടു പൊറുതിമുട്ടി ബുദ്ധമതത്തിൽ ചേരുന്നതൊന്നുമല്ല. പലരും വാദിക്കുന്ന പോലെ ബുദ്ധൻ ഒരു സാമൂഹ്യപരിഷ്‌കർത്താവൊന്നും ആയിരുന്നില്ല എന്നുമാത്രമല്ല, പൊതുജനങ്ങളുടെ പ്രീതി സമ്പാദിക്കാൻ അക്കാലത്തെ പരമാവധി പിന്തിരിപ്പൻ ധാരണകളെ പിന്തുണക്കുകയും ചെയ്തിരുന്നു. ബുദ്ധന്റെ പേരിൽ എന്ന് പറഞ്ഞ് ഇറങ്ങിയ പല ഉദ്ധരണികളും സത്യത്തിൽ അംബേദ്ക്കർ പറഞ്ഞവയാണ്. എല്ലാ മതങ്ങളെയും പോലെ വിഡ്ഡിത്തങ്ങളും അബദ്ധങ്ങളും തെറ്റായ ധാരണകളും ഏറെയുള്ള ഒരു മതം മാത്രമാണ് ബുദ്ധമതം''- ഡോ മനോജ് ബ്രൈറ്റ് ചൂണ്ടിക്കാട്ടുന്നു.
അതുപോലെ തന്നെ രാജാവ് അശോകന്റെ ജീവിതവും ഏറെ പൊലിപ്പിക്കപ്പെട്ടതാണെന്നും ബുദ്ധമതം സ്വീകരിച്ചതിനുശേഷവും അദ്ദേഹം കൊലകൾ തുടർന്നിരുന്നെന്നും ഡോ മനോജ് ബ്രൈറ്റ് ആധികാരിക ഗ്രന്ഥങ്ങളെ ഉദ്ധരിച്ച് ചൂണ്ടിക്കാട്ടുന്നു. അങ്ങനെ നോക്കുമ്പോൾ അശോകസ്തംഭത്തിലെ ചിഹ്നം ഗർജ്ജിക്കുന്നത് തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
കഥയിൽ പലതും കള്ളങ്ങൾ
തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ഡോ മനോജ് ബ്രൈ്റ്റ് ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. 'അഹിംസാവാദിയായ അശോകന്റെ പൂച്ചക്കുട്ടി പോലത്തെ സിംഹങ്ങളാണല്ലോ ഇപ്പോൾ വാർത്ത. യഥാർത്ഥ അശോക സ്തംഭത്തിൽ സിംഹം അലറുക തന്നെയാണ്. സിംഹങ്ങൾ നാലു ദിശകളിലേക്കും ഉച്ചത്തിൽ ധർമ്മം ഉദ്ഘോഷിക്കുന്നു എന്നാണ് സങ്കല്പം.'
നമ്മൾ അശോക സ്തംഭം ബുദ്ധനു തീറെഴുതി കൊടുത്തിട്ടുണ്ടെങ്കിലും അശോകചക്രം ജൈനമതത്തിനും ചേരും. ഇരുപത്തിനാല് ആരക്കാലുകളുള്ള ചക്രം ജൈനമതത്തിലുമുണ്ട്. ഇരുപത്തിനാല് ജൈന തീർത്ഥങ്കരന്മാരെ സൂചിപ്പിക്കുന്നതാണ് അത്. അശോകസ്തംഭത്തിലെ സിംഹങ്ങളും ബുദ്ധമതത്തിനു മാത്രം അവകാശപ്പെട്ടതല്ല. അതൊക്കെ ജൈനമതത്തിനും ചേരും. അശോകൻ സ്തംഭത്തിന്റെ അടിയിൽ കാണുന്ന കാളയും, കുതിരയും, പശുവുമെല്ലാം ജൈന തീർത്ഥങ്കരന്മാരെ സൂചിപ്പിക്കുന്നതാണ്. തമിഴ്‌നാട്ടിലെ മേൽസിത്തമൂർ ജൈന മഠത്തിൽ പതിനാറാം നൂറ്റാണ്ടിൽ കൊത്തിയെതെന്നു കരുതുന്ന അശോകസ്തംഭത്തിന്റെ രൂപമുണ്ട്. അശോക സ്തംഭത്തിന് ഇപ്പോൾ പറയുന്ന ബുദ്ധിസ്റ്റ് ഒറിജിനും സെക്കുലാർ അർത്ഥമൊക്കെ പിന്നീട് ഉണ്ടായതാണ്.
അശോകൻ കലിംഗ യുദ്ധത്തിൽ പശ്ചാത്തപിച്ച് ബുദ്ധമതത്തിൽ ചേർന്ന ശേഷം അക്രമം ഉപേക്ഷിച്ചു എന്നാണ് കഥ. അശോകൻ ബുദ്ധമതാനുയായി ആയതോടെ അഹിംസാ പാർട്ടിക്കാരനായി എന്നാണ് നമ്മുടെ ചരിത്രകാരന്മാരുടെ ഭാഷ്യം. അശോകനെക്കുറിച്ചു നമുക്ക് അറിയുന്നതിൽ അധികവും ബുദ്ധമത ഗ്രന്ഥങ്ങളിൽ കാണുന്ന അതിശയോക്തി കഥകളാണ്. സത്യം വളരെ വ്യത്യസ്തമാവാനാനിട. അശോകൻ എത്ര മാത്രം ബൗദ്ധ ആശയങ്ങൾ സ്വീകരിച്ചിരുന്നു എന്നു പോലും സംശയമാണ്. ശിലാശാസനങ്ങളിൽ നിന്ന് അശോകനെക്കുറിച്ച് കാര്യമായൊന്നും അറിയാൻ കഴിയില്ല. ഒന്നു രണ്ടിടത്തൊഴിച്ച് അശോകൻ എന്ന പേരു പോലും ഇല്ല. ഒരു പിയാദസിയാണ് അതിൽ സംസാരിക്കുന്നത്.
അശോകന്റെ ശിലാശാസനങ്ങളിൽ ഒരിടത്തുപോലും ബുദ്ധന്റെ പേരു പറയുന്നില്ല എന്നതും ശ്രദ്ധേയമാണ്. അതിലൊന്നും പലരും കരുതുന്നപോലെ അതിലൊന്നും ബുദ്ധിസ്റ്റ് ആശയ പ്രചരണവുമില്ല. നന്മ ചെയ്യണം, എല്ലാ മതങ്ങളും വഴക്കടിക്കാതെ നടക്കണം, രാജാവിന് പ്രജകളെല്ലാം മക്കളെപ്പോലെയാണ് എന്നൊക്കെയുള്ള പൊതുവായ ചില ഉപദേശങ്ങളും പ്രസ്താവനകളും മാത്രമേ ഉള്ളൂ. ശിലാലിഖിതങ്ങളിൽ ആവർത്തിച്ചു കാണുന്ന 'ധമ്മ' എന്ന വാക്ക് കടമ എന്ന അർത്ഥത്തിൽ ഹിന്ദു, ജൈന വിശ്വാസങ്ങളിൽ എല്ലാം ഉപയോഗിക്കുന്നതാണ്. ബുദ്ധിസ്റ്റ് ഗ്രന്ഥങ്ങൾ അശോകൻ അവരുടെ ആളാണ് എന്ന് പറയുന്നതുകൊണ്ട് ശിലാലിഖിതങ്ങളിലെ അശോകനും ബുദ്ധദർശനത്തെക്കുറിച്ചാണ് സംസാരിക്കുന്നത് എന്നു നമ്മൾ ഊഹിക്കുന്നതാണ്. അദ്ദേഹം എല്ലാ വിഭാഗങ്ങൾക്കും ഒരു വിവേചനവും കാണിക്കാതെ ധാരാളം സഹായങ്ങൾ ചെയ്തിരുന്നു.''
ചാണക്യസൂത്രങ്ങളുടെ പ്രയോജകൻ
'അശോകനെ ആഹിംസാവാദിയും, ശുദ്ധനുമായ ഒരു ബുദ്ധമതാനുയായിയായി കാണുന്നതിനു പകരം മുത്തച്ഛനായ ചന്ദ്രഗുപ്ത മൗര്യന്റെ മന്ത്രിയായിരുന്ന ചാണക്യന്റെ സൂത്രങ്ങൾ മുഴുവൻ പ്രയോഗത്തിൽ വരുത്തിയ, വളരെ കുശാഗ്രബുദ്ധിയായ ഒരു രാജാവായി കാണുന്നതായിരിക്കും ശരി. അല്ലാതെ ഇത്ര വലിയ ഒരു സാമ്രാജ്യം എങ്ങനെകൊണ്ടുനടക്കാനാകും? ബൗദ്ധരുടെ പുകഴ്‌ത്തൽ ചരിത്രത്തിൽ നമുക്ക് നഷ്ടപ്പെട്ടുപോയത് അശോകൻ എന്ന പൊളിറ്റിക്കൽ ജീനിയസ്സിനെയാണ് എന്നു വരാം. രാജ്യം പിടിച്ചെടുത്ത് നാലു വർഷമെങ്കിലും കഴിഞ്ഞാണ് അശോകന് കിരീടധാരണം നടത്താൻ സാധ്യമാകുന്നത്. കൊട്ടാരത്തിൽ അധികാര വടംവലികൾ നടന്നിരുന്നു എന്നത് വ്യക്തം. അശോകൻ തന്റെ സഹോദരങ്ങളെ വധിച്ച് അധികാരം പിടിക്കുമ്പോൾ മുത്തച്ഛൻ ചന്ദ്രഗുപ്ത മൗര്യന്റെ ഇഷ്ടക്കാരായ ജൈനരും, അച്ഛൻ ബിന്ദുസാരന്റെ ഇഷ്ടക്കാരായ അജീവകരും (ബിന്ദുസാരൻ ബ്രാഹ്മണ വിശ്വാസിയായിരുന്നു എന്നാണ് മഹാവംശം പറയുന്നത്.) ഉൾപ്പെട്ട കൊട്ടാരത്തിലെ ഉപജാപകസംഘത്തെ നിലക്കു നിർത്താൻ ബൗദ്ധരുടെ സഹായം തേടിയിട്ടുണ്ടാകാം. അതാവാം അദ്ദേഹം ബുദ്ധമതത്തിൽ ചേർന്നു എന്നു ബൗദ്ധർ പ്രചരിപ്പിക്കുന്നതിന്റെ പുറകിലെ സത്യം. അശോകൻ ആദ്യം ജൈനവിശ്വാസിയായിരുന്നു, ശിവന്റെ ആരാധകനായിരുന്നു എന്നൊക്കെ കഥകളുണ്ട്. അധികാരം ഉറപ്പിക്കാൻ ഇവരുടെ സഹായം നേടുന്നതിൽ പരാജയപ്പെട്ടപ്പോളായിരിക്കാം ബുദ്ധമതത്തോട് അനുഭാവം കാണിക്കുന്നത്. അശോകൻ ബുദ്ധമതത്തെ പ്രോത്സാഹിപ്പിച്ചത് അദ്ദേഹത്തിന്റെ ചാണക്യബുദ്ധി തന്നെയാണ് എന്നു കരുതുന്നതാണ് ന്യായം.
കൊട്ടാരത്തിൽ നേരത്തെ തന്നെ സ്ഥാനം പിടിച്ചിട്ടുള്ള ഉപജാപസംഘങ്ങളെ, മുത്തച്ഛന്റെ സിൽബന്ധികളായ ജൈനരെയും, അച്ഛന്റെ സിൽബന്ധികളായ അജീവകരെയും, അശോകൻ ധാരാളം സമ്മാനങ്ങൾ നൽകി പ്രീതിപ്പെടുത്തുന്നുണ്ട്. ക്രൂരത മൂലം ആദ്യകാലത്ത് 'ചണ്ഡശോകൻ' എന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ കലിംഗ യുദ്ധത്തിലുള്ള മനഃസ്താപം എന്നു നമ്മൾ മനസ്സിലാക്കുന്ന ശിലാശാസനം തനിക്കു കൊലയൊന്നും പുത്തരിയല്ല, നിലക്ക് നിന്നാൽ നിങ്ങൾക്കു കൊള്ളാം എന്നുള്ള ഒളിച്ചു വച്ചുള്ള ഒരു ഭീഷണി പോലെ മനസ്സിലാക്കുകയായിരിക്കും ശരി. അല്ലെങ്കിൽ കലിംഗയുദ്ധത്തിനു ശേഷമുള്ള മനഃസ്താപത്തിന്റെ വിവരണം വേറെ നാട്ടുകാരോടു പറയേണ്ട കാര്യമെന്ത്? അശോകന്റെ പ്രസിദ്ധമായ കുറ്റബോധം പ്രകടിപ്പിക്കുന്ന ശിലാശാസനത്തിൽ തന്നെ ആളുകളെ ഭീഷണിപ്പെടുത്തുന്നുമുണ്ട്. കലിംഗ യുദ്ധത്തിൽ നടന്ന കൊലകളിൽ ദുഃഖം പ്രകടിപ്പിച്ച ശേഷം, എന്നു കരുതി തലയിൽ കയറരുത് എന്ന് പറയുന്നുണ്ട്. താൻ മര്യാദക്കെങ്കിൽ മര്യാദക്ക്. വെറുതെ തന്നെക്കൊണ്ടു ടൂൾസ് എടുപ്പിക്കരുത്.
ആ ശാസനം വായിച്ചാൽ ഭീഷണിക്ക് ശക്തി കിട്ടാനാണ് ആദ്യം സമാധാന മുഖം കാണിച്ചത് എന്നു തോന്നും. പണ്ട് ധാരാവിയിലെ ചേരി ഒരൊറ്റ രാത്രികൊണ്ട് ഒഴിപ്പിച്ചിട്ടുള്ള തനിക്ക് ഇതൊക്കെ ഒരു പൂ പറിക്കുന്നപോലെയാണ് എന്നൊരു ധ്വനിയാണ് ഈ ലിഖിതം നൽകുന്നത്. വേറൊരു ശിലാശാസനത്തിൽ ഇങ്ങനെ കാണാം. അവനവന്റെ ജോലി ശരിക്ക് ചെയ്യുക. രാജാവിന്റെ പ്രീതി സമ്പാദിക്കുക. രാജാവിനോടുള്ള കടമ നിറവേറ്റുക. പൊതുവേ അശോകന്റെ ശാസനങ്ങളുടെ ധ്വനി നിങ്ങൾക്ക് എന്തു മതത്തിലും വിശ്വസിക്കാം. പക്ഷേ ഞാൻ അനുവദിക്കുന്ന പോലെ നടന്നുകൊള്ളണം. ഞാൻ പറയുന്നപോലെ നടക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും നിങ്ങൾക്കുണ്ട്.''
ബുദ്ധമതം സ്വീകരിച്ചിട്ടും കൊലകൾ
'അശോകൻ ബുദ്ധമതം സ്വീകരിച്ച ശേഷം (''ചണ്ഡശോകൻ'' മാറി ''ധർമ്മശോകൻ'' ആയശേഷം) ചുരുങ്ങിയത് മൂന്നു കൂട്ടക്കൊലകളെങ്കിലും നടത്തിയിട്ടുണ്ട് എന്ന് ബുദ്ധിസ്റ്റ് ഗ്രന്ഥങ്ങൾ തന്നെ അഭിമാനപൂർവ്വം പറയുന്നു. (അശോകന്റെ മകനായ കുനാലൻ അന്ധനാകാൻ കാരണക്കാരിയായ രാജ്ഞി തിഷ്യരക്ഷിതയെ ക്രൂരമായി ചിത്രവധം ചെയ്തു കൊന്നത് കണക്കിൽ പെടുത്തിയിട്ടില്ല.) ഈ കൂട്ടക്കൊലകൾ ഒന്നും രാജ്യദ്രോഹം പോലുള്ള കുറ്റങ്ങൾക്കൊന്നുമല്ല, തീരെ നിസ്സാരമായ കാര്യങ്ങൾക്കാണ് എന്നതാണ് രസം.
ഒരിക്കൽ ഒരു ജൈനവിശ്വാസി, മഹാവീരന്റെ കാൽക്കൽ ബുദ്ധൻ നമസ്‌ക്കരിക്കുന്നതായി കാണിക്കുന്ന ഒരു ചിത്രം വരച്ചത്രെ. ബുദ്ധനെ ഇപ്രകാരം 'കൊച്ചാക്കിയതിൽ' (മഹാവീരന്റെ വെറും ശിഷ്യനാണ് ബുദ്ധൻ എന്നാണല്ലോ സൂചന) കോപിച്ച അശോകൻ അവരിൽ 18000 പേരുടെ തല വെട്ടി എന്നാണ് അശോകാവദാന എന്ന ഗ്രന്ഥത്തിൽ അശോകന്റെ ബുദ്ധമതത്തോടുള്ള താൽപ്പര്യം എത്രമാത്രമാണ് എന്നു കാണിക്കാൻ അവർ തന്നെ വളരെ അഭിമാനപൂർവ്വം എഴുതിവച്ചിരിക്കുന്നത്..!.. (അശോകാവദാനയിൽ പറയുന്നത് 18000 അജീവകരുടെ തലവെട്ടി എന്നാണ്. ഒരു ജൈന വിശ്വാസി ബുദ്ധനെ 'അപമാനിച്ചതിന്' അജീവകരുടെ തല വെട്ടുന്നതെന്തിന്? ആജീവകർ തികച്ചും വേറൊരു ഗ്രൂപ്പാണല്ലോ. ഒരു പക്ഷേ ഈ അവദാന എഴുതിയവന് ഈ വ്യത്യാസമൊന്നും വലിയ പിടിയുണ്ടാകില്ലായിരിക്കാം.) ഒടുവിൽ അശോകന്റെ സ്വന്തം സഹോദരനും ഒരു ബുദ്ധഭിക്ഷുവുമായ വിത്തശോകന്റെ തല കൂടി അബദ്ധത്തിൽ വെട്ടിപ്പോയപ്പോഴാണ് അശോകൻ ഈ കൊലകൾ നിർത്തിയതത്രേ. എന്തോ അസുഖം മൂലം വിത്തശോകൻ ആ സമയത്ത് മറ്റു ബുദ്ധഭിക്ഷുക്കളേപോലെ തല മൊട്ടയടിച്ചിരുന്നില്ല. അതാണത്രെ ഈ കൺഫ്യൂഷൻ പറ്റിയത്. (ഭരണം പിടിച്ചെടുക്കാൻ അശോകൻ സ്വന്തം സഹോദരങ്ങളെ കൊന്നു തള്ളിയപ്പോൾ ഇദ്ദേഹത്തെ മാത്രമാണ് ബാക്കി വച്ചത്. ആ പാവം ജീവൻ രക്ഷിക്കാൻ ബുദ്ധസന്യാസിയായി മാറിയാതാകാനാണ് സാധ്യത.)
മറ്റൊരു അവസരത്തിലും ഇതുപോലെ ബുദ്ധനെ അപമാനിച്ചു ചിത്രം വരച്ചു എന്ന പേരിൽ അശോകൻ ജൈനരെ കൂട്ടക്കൊല ചെയ്തിട്ടുണ്ട് എന്ന് ഇതേ പുസ്തകത്തിൽ പറയുന്നുണ്ട്. ശ്രദ്ധിക്കേണ്ട കാര്യം ബുദ്ധിസ്റ്റ് ഗ്രന്ഥങ്ങളിൽ മാത്രമാണ് അശോകന്റെ ബുദ്ധിസത്തോടുള്ള അനുഭാവം കാണുന്നത്. ശിലാലിഖിതങ്ങൾ പ്രകാരം ആജീവകരെയും, ജൈനരെയും (അവരെ മാത്രമല്ല, ബ്രാഹ്മണരടക്കമുള്ള എല്ലാ മതവിഭാഗങ്ങളെയും) നന്നായി ബഹുമാനിച്ചിരുന്ന ആളാണ് അശോകൻ. ശിലാശാസനങ്ങളിൽ കാണുന്ന അശോകൻ ഒരു സർവ്വമത വിശ്വാസിയാണ്. വെറും ബൗദ്ധ വിശ്വാസിയല്ല. ഒരുപക്ഷേ നേരത്തെ സൂചിപ്പിച്ചപോലെ അശോകൻ അധികാരം പിടിച്ചെടുത്തപ്പോൾ മുത്തച്ഛന്റെയും, അച്ഛന്റെയും സിൽബന്ധികളായി കൊട്ടാരത്തിൽ സ്ഥാനം പിടിച്ചിരുന്ന ജൈനരുടേയും, അജീവകരുടേയും നേർക്ക് തരം പോലെ സാമ, ദാന, ഭേദ, ദണ്ഡങ്ങൾ ഒക്കെ പ്രയോഗിച്ചിരിക്കാം. അതിനെയായിരിക്കാം ബൗദ്ധർ ഇങ്ങനെ കഥകളുണ്ടാക്കി പ്രചരിപ്പിച്ചത്.
പിന്നൊരിക്കൽ അന്തഃപുരത്തിലെ ഒരു അശോകവൃക്ഷം വെട്ടിക്കളഞ്ഞതിന് (തന്റെ പേരുള്ള മരം) അന്തഃപുരത്തിലെ നാനൂറോളം സ്ത്രീകളെ ആഹിംസാവാദിയും, വളരെ ദയാലുവും എന്നു പറയപ്പെടുന്ന അശോകൻ കൊന്നുകളഞ്ഞിട്ടുണ്ട് എന്നും 'അശോകാവദാന' എന്ന പുസ്തകത്തിൽ പറയുന്നു. വെറും പ്രാണികളുടെ ജീവൻ പോലും പരിപാവനമായി കണക്കാക്കിയിരുന്ന അശോകൻ തന്റെ രാജ്യത്ത് വധശിക്ഷയൊക്കെ നടപ്പിലാക്കിയിരുന്നു എന്നതിന് ശിലാശാസനങ്ങൾ തന്നെ തെളിവുണ്ട്. മുൻഗാമികളിൽ നിന്ന് ഒരു പക്ഷേ ഒരു വ്യത്യാസം മരണശിക്ഷക്ക് മൂന്നു ദിവസത്തെ സാവകാശം കൊടുത്തു എന്നതാണ്. ഉടനെ കൊല്ലില്ല. മൂന്നു ദിവസങ്ങൾക്കുള്ളിൽ ബന്ധുക്കൾക്ക് വേണമെങ്കിൽ അപ്പീൽ കൊടുക്കാം. ബന്ധുക്കൾ ഇല്ലാത്തവർക്ക് ആ സമയം കൊണ്ട് ദാനധർമ്മങ്ങൾ ചെയ്ത് പുണ്യം നേടാം. അതൊരു വലിയ കാര്യം പോലെയാണ് അവതരിപ്പിക്കുന്നത്.
അശോകന്റെ അഹിംസാ താല്പര്യം കാണിക്കാൻ നമ്മുടെ ചരിത്രകാരന്മാർ എടുത്തലക്കുന്ന തെളിവുകൾ നല്ല രസമാണ്. വളരെ പ്രസിദ്ധമായ ഒന്ന് 257 ബിസിഇ ലെ ശാസനമാണ്. അഹിംസ ചർച്ച ചെയ്യുന്ന എല്ലായിടത്തും വലിയ കാര്യമായി ഈ ശിലാശാസനം ഉദ്ധരിച്ചിരിക്കുന്നത് കാണാം. നേരത്തെ അശോകന്റെ അടുക്കളയിൽ ദിവസവും ആയിരക്കണക്കിനു മൃഗങ്ങളെ കൊന്നിരുന്നത്. ഇപ്പോൾ രണ്ടു മയിലും ഒരു മാനും മാത്രമാക്കിയിരിക്കുന്നു. അതിൽ തന്നെ മാൻ എപ്പോഴുമില്ല. ഭാവിയിൽ അതുതന്നെ നിർത്താൻ പോകുകയാണ്.
തീർച്ചയായും ദിവസവും ആയിരക്കണക്കിന് മൃഗങ്ങളെ കൊന്നിരുന്നത് അശോകനു മാത്രം കഴിക്കാനായിരിക്കില്ലല്ലോ. സേവകർക്കും, സിൽബന്ധികൾക്കും കൂടിയായിരിക്കാം. അപ്പോൾ നിലവിൽ കൊന്നുകൊണ്ടിരിക്കുന്ന ആ രണ്ടു മയിലുകളുടെയും, ഒരു മാനിന്റെയും മാംസം ആർക്കു വേണ്ടിയാണ്? രാജാവ് മാംസം ഭക്ഷിക്കുന്നില്ലെങ്കിൽ ബാക്കിയുള്ളവർ ഭക്ഷിക്കുമോ? അത് അശോകനു വേണ്ടിയായിരിക്കും എന്ന് അനുമാനിക്കുന്നതാണ് യുക്തിസഹം. അതായത് ബാക്കിയുള്ള തന്റെ ആശ്രിതർക്ക് ഉടനടി മാംസഭക്ഷണം നിരോധിച്ചു. മയിലിറച്ചിയും, ഇടക്കൊക്കെ മാനിറച്ചിയും ഇനി മുതൽ അശോകൻ ഒറ്റയ്ക്ക് തട്ടും. ഇത് പണ്ടത്തെ ഒരു തറവാട്ടു കാരണവർ ചെലവ് കുറക്കാൻ തനിക്കു മാത്രം മൂന്നു നേരം ചോറും അനന്തിരവന്മാർക്കൊക്കെ ഒരു നേരം കഞ്ഞിയും ഏർപ്പാടാക്കിയ പോലെയാണ്. ചില കുടിയന്മാർ താൻ ഉടനെ കുടി നിർത്തും എന്ന് പറയുന്നപോലെ താനും ഭാവിയിൽ കുറേശ്ശേയായി മാംസ ഭക്ഷണം നിർത്താൻ ആലോചിക്കുന്നുണ്ട് എന്നും ശിലാശാസനത്തിൽ പറയുന്നുണ്ട്. ''- ഡോ മനോജ് ബ്രൈറ്റ് ചൂണ്ടിക്കാട്ടി. ബുദ്ധമത ഗ്രന്ഥങ്ങളുടെ ഒറിജിനൽ കണ്ടെത്തുകയും അവയുടെ ഇംഗ്ലീഷ് വേർഷൻ പരിശോധിച്ചും യഥാർഥ തർജ്ജമ കണ്ടെത്തിയുമാണ് ഡോ ബ്രൈറ്റ് തന്റെ പുസ്തകം രചിച്ചിരിക്കുന്നത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ