ന്യൂഡൽഹി: രാജ്യത്ത് മൂന്നിലൊന്ന് സ്ത്രീകളും ശാരീരികമോ ലൈംഗികമോ ആയ അതിക്രമങ്ങൾ നേരിടുന്നുവെന്ന് ദേശീയ കുടുംബാരോഗ്യ സർവ്വേ റിപ്പോർട്ട്. വീടുകളിൽ സ്ത്രീകൾക്കെതിരായി നടക്കുന്ന അതിക്രമങ്ങളിൽ നേരിയ കുറവ് ഉണ്ടായിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് റിപ്പോർട്ട് പ്രകാശനം ചെയ്തത്.

18 വയസിനും 49 വയസിനും ഇടയിലുള്ള മുപ്പത് ശതമാനം സ്ത്രീകൾ 15 വയസ് മുതൽ അതിക്രമങ്ങൾക്ക് ഇരയാകുന്നുവെന്ന് പഠന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ ആറ് ശതമാനം സ്ത്രീകൾ ജീവിതകാലം മുഴുവൻ ലൈംഗിക അതിക്രമം നേരിടുന്നുവെന്നും സർവേ റിപ്പോർട്ട്. 14 ശതമാനം സ്ത്രീകൾ മാത്രമാണ് അതിക്രമങ്ങളെ കുറിച്ച് പുറത്തുപറയുന്നതെന്ന് പഠന റിപ്പോർട്ടിൽ പറയുന്നുണ്ട്.

30 ശതമാനം പേർ ശാരീരികമായ അതിക്രമങ്ങൾക്ക് ഇരയായി. ആറ് ശതമാനം സ്ത്രീകൾ ലൈംഗിക അതിക്രമങ്ങൾക്കും ഇരയാക്കപ്പെട്ടു. വീടുകളിൽ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന അക്രമങ്ങൾ കഴിഞ്ഞ സർവ്വേ കാലത്ത് 31.2 ശതമാനം ആയിരുന്നുവെങ്കിൽ ഇത്തവണ അത് 29.3 ശതമാനമായി കുറഞ്ഞു. മൂന്ന് ശതമാനം സ്ത്രീകൾ ഗർഭ കാലത്ത് പോലും അതിക്രമങ്ങൾക്ക് ഇരയായതായും 2019-21 കാലത്ത് നടത്തിയ സർവ്വേ റിപ്പോർട്ട് വ്യക്തമാക്കുന്നു.

വിവാഹ ശേഷം ഭർതൃവീട്ടിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളിൽ ഏറെയും ശാരീരിക ആക്രമണമാണ്. സർവ്വേയിൽ പങ്കെടുത്ത 28 ശതമാനം ആളുകൾ ശാരീരിക ആക്രമണത്തിന് ഇരകളായി. 14 ശതമാനം പേർ മാനസിക പീഡനത്തിന് ഇരയാക്കപ്പെട്ടു. ആറ് ശതമാനം സ്ത്രീകൾ ലൈംഗിക അതിക്രമങ്ങൾ നേരിട്ടുവെന്നും സർവ്വേ വ്യക്തമാക്കുന്നു.

എന്നാൽ ഭർത്താവിന്റെ വീട്ടിൽ നിന്ന് ഈ അതിക്രമങ്ങൾ നേരിടേണ്ടി വരുന്നതിൽ 77 ശതമാനവും എല്ലാം ഉള്ളിലൊതുക്കി സഹിച്ച് ജീവിക്കുന്നു. നേരിടുന്ന അക്രമങ്ങളെക്കുറിച്ച് ഇവർ ആരോടും പറയുന്നില്ല. 14 ശതമാനം സ്ത്രീകൾ മാത്രം നിയമസഹായം തേടുകയോ വിവാഹബന്ധം ഉപേക്ഷിക്കുകയോ ചെയ്യുന്നു.

40 മുതൽ 49 വയസ്സുവരെയുള്ള സ്ത്രീകളാണ് വീടുകളിൽ കൂടുതലും അക്രമത്തിനിരയാകുന്നത്. പുതു തലമുറയിലെ പെൺകുട്ടികൾക്ക് നേരെ അതിക്രമങ്ങൾ കുറവാണ് എന്ന് ദേശീയ കുടുംബാരോഗ്യ സർവ്വേ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ ഗാർഹിക പീഡനങ്ങൾ 31.2 ശതമാനത്തിൽ നിന്ന് 29.3 ശതമാനമായി കുറഞ്ഞു. 18-49 പ്രായപരിധിയിലുള്ള വിവാഹിതരായ 32 ശതമാനം സ്ത്രീകൾ പല തരത്തിലുള്ള പീഡനങ്ങൾ അനുഭവിക്കുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇതിൽ 80 ശതമാനം കേസുകളിലും ഭർത്താവാണ് അതിക്രമം നടത്തുന്നത്.

നാല് ശതമാനം പുരുഷന്മാർ മാത്രമാണ് ഗാർഹിക പീഡനത്തിന് ഇരയാകുന്നതെന്നും കണ്ടെത്തലുണ്ട്. സ്ത്രീകൾക്കെതിരെയുള്ള ഗാർഹിക പീഡനം ഏറ്റവും കൂടുതൽ കർണാടകയിലാണ്.