- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രി പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ച ശേഷവും അധികൃതർക്ക് തെറ്റ് മനസിലായില്ല; എഡിഎമ്മും ജില്ലാ പൊലീസ് മേധാവിയും വീഴ്ചയ്ക്ക് കാഴ്ചക്കാരായി; കാസർഗോഡ് മന്ത്രി ദേവർകോവിൽ ദേശീയ പതാക ഉയർത്തിയത് തലതിരിച്ച്; അബദ്ധമെന്ന് ഔദ്യോഗിക വിശദീകരണം; അന്വേഷണത്തിന് ഉത്തരവ്
കാസർഗോഡ്: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കാസർഗോട്ട് നടന്ന ചടങ്ങിൽ ഉണ്ടായത് വൻ വീഴ്ച. മന്ത്രി അഹമ്മദ് ദേവർകോവിൽ ദേശീയ പതാക ഉയർത്തിയത് തലതിരിച്ചായിരുന്നു. തെറ്റ് ബോധ്യപ്പെട്ടതോടെ പതാക താഴ്‌ത്തി ശരിയായി ഉയർത്തി. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
മന്ത്രി പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ച ശേഷവും അധികൃതർക്ക് തെറ്റ് മനസിലായിരുന്നില്ല. പിന്നീട് സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകരാണ് പതാക തലതിരിഞ്ഞുപോയത് ശ്രദ്ധയിൽപെടുത്തിയത്. ഇതോടെ ഉദ്യോഗസ്ഥരെത്തി പതാക താഴ്‌ത്തി ശരിയായി വീണ്ടും ഉയർത്തുകയായിരുന്നു. പതാക ഉയർത്താനായി തയാറാക്കിയ ഉദ്യോഗസ്ഥന് വന്ന പിഴവാണെന്നാണ് അധികൃതരുടെ വിശദീകരണം. സംഭവത്തിൽ മന്ത്രി പ്രതികരിച്ചില്ല.
കാസർകോട് ജില്ലാ ആസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷത്തിലാണ് ദേശീയ പതാക തലകീഴായി ഉയർത്തിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് റിപ്പബ്ലിക് ദിനാഘോഷവും പരേഡും സംഘടിപ്പിച്ചിരുന്നത്. മന്ത്രി അഹമ്മദ് ദേവർകോവിലിന് പുറമേ എ.ഡി.എം, ജില്ലാ പൊലീസ് മേധാവി തുടങ്ങിയ ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിലുണ്ടായിരുന്നു.
എന്നാൽ തലകീഴായി പതാക ഉയർത്തിയിട്ടും ഇവർക്കാർക്കും വീഴ്ച സംഭവിച്ചത് മനസിലായില്ല. അവധിയിലായതിനാൽ ജില്ലാ കളക്ടർ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുത്തിരുന്നില്ല. കളക്ടർ സ്ഥലത്തില്ലാതിരുന്നതിനാൽ എഡിഎമ്മിനായിരുന്നു ചടങ്ങിന്റെ ഒരുക്കങ്ങളുടെ ചുമതല. പതാക ഉയർത്തുന്നതിനുള്ള ഒരുക്കങ്ങൾ നടത്തേണ്ട ഉദ്യോഗസ്ഥനു പറ്റിയ പിഴവാണ് ഇത്തരത്തിൽ ഒരു അബദ്ധം ഉണ്ടാകാൻ കാരണമായതെന്നാണ് അധികൃതർ അറിയിച്ചത്.
മറുനാടന് മലയാളി ബ്യൂറോ