- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയിൽ ദേശീയ പതാക, മാലിന്യ കൂമ്പാരത്തിൽ കണ്ടെത്തിയത് എങ്ങനെ? വഴിയരികിൽ തള്ളിയത് മാലിന്യം നീക്കാൻ ഏൽപിച്ച കരാറുകാരൻ; കരാറുകാരന് ദേശീയ പതാക കിട്ടിയത് എങ്ങനെ? അന്വേഷിക്കാൻ കോസ്റ്റ് ഗാർഡിന്റെ പ്രത്യേക സംഘം; ഗുരുതര വീഴ്ച ആരോപിച്ച് പൊലീസ് കേസും
കൊച്ചി: ദേശീയ പതാകകളും കോസ്റ്റ്ഗാർഡിന്റെ പതാകകളും വഴിയരികിലെ മാലിന്യ കൂമ്പാരത്തിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് കോസ്റ്റ്ഗാർഡ്. മാലിന്യം നീക്കാൻ ഏൽപ്പിച്ച കരാറുകാരനാണ് വഴിയരികിൽ മാലിന്യം തള്ളിയത് എന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ കരാറുകാരന് ദേശീയ പതാകയും കോസ്റ്റ് ഗാർഡ് പതാകയും എങ്ങനെ കിട്ടി എന്നാണ് അന്വേഷിക്കുന്നത്. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് വിവരം ലഭിച്ചു.
പഴക്കമുള്ള പതാകകൾ നശിപ്പിക്കുവാൻ കേന്ദ്ര ഗവൺമെന്റ് പ്രത്യേക മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. തീർത്തും ഉപയോഗിക്കാനാകാത്ത വിധം മോശമായാൽ പതാകയെ അതിന്റെ അന്തസ്സിനു യോജിച്ച വിധം നിർമ്മാർജ്ജനം ചെയ്യണം. മണ്ണിൽ മറവു ചെയ്യുകയോ കത്തിച്ചു കളയുകയോ ചെയ്യണമെന്നാണ് ഇന്ത്യൻ പതാക നിയമത്തിൽ പറഞ്ഞിരിക്കുന്നത്. വൃത്തിയായി മടക്കി തടിപ്പെട്ടിയിലാണ് മറവ് ചെയ്യേണ്ടത്. അതു പോലെതന്നെ കത്തിക്കുമ്പോഴും മടക്കി മരക്കഷ്ണങ്ങൾക്കു മുകളിൽ വച്ചു വേണം തീ കൊളുത്താൻ. അങ്ങനെയുള്ളപ്പോഴാണ് വൃത്തിഹീനമായ സാധനങ്ങൾക്കിടയിൽ ദേശീയ പതാകകൾ കണ്ടെത്തിയിരിക്കുന്നത്.
ഭാരതീയ നിയമം ദേശീയപതാകയുടെ ബഹുമാന്യതയും വിശ്വസ്തതയും അന്തസ്സും കാത്തു സൂക്ഷിക്കാൻ അനുശാസിക്കുന്നുണ്ട്. ചിഹ്നങ്ങളുടേയും പേരുകളുടേയും അനുചിത ഉപയോഗം തടയുന്ന നിയമത്തിനു പകരമായി 2002-ൽ ഉണ്ടാക്കിയ 'ഇന്ത്യൻ പതാകാ നിയമം' ദേശീയപതാകയുടെ പ്രദർശനത്തേയും ഉപയോഗത്തേയും നിയന്ത്രിക്കുന്നു. ഔദ്യോഗിക നിയമം അനുശാസിക്കുന്നത് ദേശീയപതാക ഭൂമിയോ ജലമോ സ്പർശിക്കരുതെന്നാണ്. അതുപോലെ തന്നെ പതാക, മേശവിരിയായോ, വേദിക്കു മുൻപിൽ തൂക്കുകയോ, പ്രതിമകളേയോ ഫലകങ്ങളേയോ മൂലക്കല്ലുകളേയോ മൂടുന്നതിനായോ ഉപയോഗിക്കാൻ പാടില്ലെന്നും വ്യക്തമാക്കുന്നു. 2005 വരെ ദേശീയപതാക ആടയാഭരണങ്ങളുടെ ഭാഗമായോ യൂണിഫോമുകളുടെ ഭാഗമായോ ഉപയോഗിക്കാൻ കഴിയുമായിരുന്നില്ല. എന്നാൽ 2005-ൽ പാസാക്കിയ ഒരു ഭരണഘടനാഭേദഗതി ഇതിനു മാറ്റം വരുത്തി. എന്നിരുന്നാലും അരയ്ക്കു താഴേയ്ക്കുള്ള വസ്ത്രങ്ങളുടെ ഭാഗമായോ അടിവസ്ത്രമായോ ഉപയോഗിക്കുന്നതും തലയിണയുറയിലോ കൈതൂവാലകളിലോ ദേശീയപതാക തുന്നി ചേർക്കുന്നതും വിലക്കുന്നു. ദേശീയപതാകയുമായി ബന്ധപ്പെട്ട അനാദരവുകൾക്ക് ശിക്ഷയായി മൂന്നു വർഷം വരെയുള്ള തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ആണ് വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്.
ചൊവ്വാഴ്ച പുലർച്ചെയാണ് ഇരുമ്പനം കടത്തു കടവ് റോഡിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നിന്നുള്ള മാലിന്യക്കൂമ്പാരത്തിനിടയിൽ ദേശീയപതാകകൾ കണ്ടെത്തിയത്. കോസ്റ്റ് ഗാർഡ് യൂണിഫോമുകളും സുരക്ഷാ കവചകങ്ങളും പഴകിയ മറ്റ് സാധന സാമഗ്രികളുമായിരുന്നു മാലിന്യത്തിലുണ്ടിയരുന്നത്. സമീപവാസികൾ വിവരം കോസ്റ്റ്ഗാർഡിനെയും പൊലീസിനെയും അറിയിച്ചു. തൊട്ടു പിന്നാലെ ഹിൽപാലസ് പൊലീസ് സ്ഥലത്തെത്തുകയും പതാകകൾ മാലിന്യത്തിൽ നിന്നും പൊലീസ് വാഹനത്തിലേക്ക് മാറ്റി സ്റ്റേഷനിലേക്ക് കൊണ്ടു പോയി. ദേശീയ പതാകയോട് അനാദരവ് കാട്ടിയ സംഭവത്തിൽ പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. കോസ്റ്റ്ഗാർഡ് അധികാരികളോട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനും നിർദ്ദേശം നൽകി. കോസ്റ്റ്ഗാർഡ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുള്ള ഗുരുതര വീഴ്ചയാണ് ഇത്തരം ഒരു സംഭവത്തിനിടയായതെന്ന് പൊലീസ് പറയുന്നു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.