മെൽബൺ: മെൽബണിലെ നാഷണൽ ഗാലറി ഓഫ് വിക്ടോറിയയിൽ (എൻ. ജി. വി) 'ഗോഡ്‌സ്, ഹീറോസ് ആൻഡ് ക്ലൗൺസ്' എന്ന ബാനറിൽ സംഘടിപ്പിച്ചിരിക്കുന്ന പ്രദർശനത്തിൽ ഇന്ത്യൻ പുരാണത്തിലെ ദൈവങ്ങളായ ശ്രീകൃഷ്ണ ഭഗവാനെയും ശ്രീരാമ ദേവനേയും പ്രദർശിപ്പിക്കുന്നു. ഒക്ടോബർ 4 വരെയാണ് പ്രദർശനം. ഇന്ത്യയിൽ നിന്നും മറ്റ് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള, പതിനെട്ടാം നൂറ്റാണ്ടിലേയ്ക്ക് വരെ രചനാകാലം നീളുന്ന, വളരെ അപൂർവമായ അൻപതിലധികം ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

    'ഇന്ത്യയിൽ നിന്നും കൊണ്ടുവന്ന പട്ടചിത്ര (തുണിയിൽ വരയപ്പെടുന്ന ചുരുൾച്ചിത്രങ്ങൾ) എന്ന വിഭാഗത്തിൽ പെട്ട പെയിന്റിംഗിൽ ശ്രീകൃഷ്ണന്റെ ജീവിതത്തിലെ വൈവിധ്യപൂർണ്ണമായ ജിവിത സന്ദർഭങ്ങളുടെ ആവിഷ്‌കാരമാണ് ഇതൾ വിരിയുന്നത്. ജനനം, ബാല്യകാല കുസൃതികൾ, ഗോപികമാരുമായുള്ള വികൃതികൾ, രാധയോടുള്ള പ്രണയം, കാളീയമർദ്ദനം തുടങ്ങിയ കൃഷണജീവിതത്തിലെ പ്രധാന സംഭവങ്ങൾ ഈ ചിത്രത്തിൽ ഉണ്ട്' എൻ. ജി. വിയുടെ പത്രക്കുറിപ്പ് പറയുന്നു.

    ക്ഷേത്രോത്സവങ്ങളിൽ ഉപയോഗിക്കുന്ന തൊങ്ങലുകളും തൂക്കുവിളക്കുകളും, മഹാഭാരത്തിലേയും രാമായണത്തിലേയും കഥപറയുന്ന പാവക്കളികളിൽ ഉപയോഗിക്കുന്ന കലാവസ്തുകളും പ്രദർശനത്തിൽ ഉണ്ട്. പത്തൊൻപതാം നൂറ്റാണ്ടിൽ വരയപ്പെട്ട ഒരു ഭഗവത്ഗീതാ ചിത്രീകരണം, ഭീമന്റെ കഥ പറയുന്ന 1886  ലെ ചിത്രസമുച്ചയം ഒക്കെ പ്രദർശനത്തിൽ ഉൾപ്പെട്ടിരിക്കുന്നു.

    പ്രശസ്ത ഹിന്ദു ആചാര്യനായ രാജൻ സെഡ് എൻ. ജി. വിയുടെ ഉദ്യമത്തെ മുക്തകണ്ഡം പ്രശംസിച്ചു. ഹിന്ദുമതത്തിനും അനുബന്ധ സംസ്‌കൃതസാഹിത്യത്തിനും കലയുടെയും വിവിധതരം കലാസങ്കേതങ്ങളുടെയും സമ്പന്നമായ പാരമ്പര്യമുണ്ടെന്ന്, അമേരിക്കയിൽ നെവാദയിൽ ഇറക്കിയ പത്രക്കുറിപ്പിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.

    'യൂണിവേർസൽ സൊസൈറ്റി ഓഫ് ഹിന്ദൂയിസം' എന്ന സംഘടനയുടെ അദ്ധ്യക്ഷനായ രാജൻ സെഡ്, ലോകത്തിലെ പ്രശസ്തമായ മ്യൂസിയങ്ങളോട് ഇതുപോലുള്ള ഹൈന്ദവകലയിൽ ഊന്നിയ പ്രദർശനങ്ങൾ സംഘടിപ്പിക്കണമെന്നും അങ്ങനെ സമ്പന്നമായ ഹിന്ദുകലാപാരമ്പര്യം ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ അവസരമൊരുക്കണമെന്നും ഇതിനോടൊപ്പം അഭ്യർത്ഥിച്ചു.

    1861ൽ സ്ഥാപിതമായ എൻ. ജി. വിയിൽ ഇന്ന് എഴുപതിനായിരത്തിലധികം കലാവസ്തുക്കൾ ശേഖരിക്കപ്പെട്ടിരിക്കുന്നു. രാജ്യത്തെ ഏറ്റവും പുരാതനത്വം അവകാശപ്പെടുന്നതും ഏറ്റവും കൂടുതൽ സന്ദർശകർ എത്തുന്നതുമായ ആർട്ട് ഗാലറിയത്രേ ഇത്. ടോണി എൽവുഡ് ആണ് ഇപ്പോൾ എൻ. ജി. വിയുടെ ഡയറക്റ്റർ. ബ്രൂസ് പാൻകട്ട് ട്രസ്റ്റി കൗൺസിൽ അദ്ധ്യക്ഷനായും കരോൾ കെയിൻസ് എക്‌സിബിഷൻ ക്യൂറെറ്ററായും സേവനമനുഷ്ഠിക്കുന്നു.