തിരുവനന്തപുരം: ഏറെ പ്രതീക്ഷയോടെയാണ് ദേശീയ ഗെയിംസിനായി കേരളം കാത്തിരിക്കുന്നത്. കായിക ഭൂപടത്തിൽ കൊച്ചു കേരളത്തിന്റെ സ്ഥാനം ഊട്ടിയുറപ്പിക്കുകയാണ് ലക്ഷ്യം. സംസ്ഥാന മുഴുവൻ പന്തലിക്കുന്ന ഗെയിംസ്. പത്ത് വർഷം മുമ്പ് തന്നെ ഒരുക്കങ്ങൾ തുടങ്ങിയതാണ്.

എന്നിട്ടും ഒരിടത്തും എത്തിയില്ല. എന്നാലും അതിഗംഭീരമാകണം. അതിനുള്ള വഴിയായിരുന്നു ഏറ്റവും കൂടുതൽ സർക്കുലേഷനുള്ള പത്രത്തെ ഗെയിംസിന്റെ നടത്തിപ്പിലെ പ്രധാന ചുമതല നൽകുക. അങ്ങനെ മലയാള മനോരമ, ഗെയിംസിന്റെ ഇവന്റ് മാനേജ്‌മെന്റ് ഏജൻസിയുമായി. പെട്ടെന്ന് ഗെയിംസിനെ പുകഴ്‌ത്തി മനോരമ വാർത്തകൾ നൽകി. മാനോരമ പറയുന്നത് മാതൃഭൂമിയെ ഏറ്റു ചൊല്ലും. അങ്ങനെ കേരളത്തിലെ എല്ലാ പത്രങ്ങളും അനുകൂലമാകുമെന്ന് സംഘാടകർ കരുതി. എന്ത് പരിപാടിയും മനോരമയ്ക്ക് തന്നെ തീറെഴുതി കൊടുക്കുകയാണ് അതുകൊണ്ട് തന്നെ സംഘാകർ.

ദേശീയ ഗെയിംസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജനുവരി 20ന് നടത്താൻ പോകുന്ന കൂട്ടയോട്ടങ്ങളുടെ (റൺ കേരള റൺ) നടത്തിപ്പും മനോരമയ്ക്ക് തന്നെ. ഒരു കോടി പേരെ പങ്കെടുപ്പിച്ചുകൊണ്ട് സംസ്ഥാനത്തെ 7000 പോയിന്റുകളിൽ നിന്ന് വെവ്വേറെ കൂട്ടയോട്ടം സംഘടിപ്പിക്കാനാണ് കരാർ. തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെ മനുഷ്യച്ചങ്ങലയും മനുഷ്യമതിലുമൊക്കെ ജനപങ്കാളിത്തത്തോടെ യാഥാർത്ഥ്യമാക്കിയിട്ടുണ്ട് കേരളം.

എന്നിട്ടും  കൂട്ടയോട്ടത്തിന്റെ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കിയതിന് മാത്രം നൽകുന്നത് രണ്ട് കോടിയിലേറെ രൂപയാണ് മനോരമയ്ക്ക് നൽകിയത്. കൂട്ടയോട്ടം നടത്തിപ്പിന് മനോരമയ്ക്ക് സംസ്ഥാന സർക്കാർ 10.61 കോടിയുടെ കരാർ നൽകി. കൂട്ടയോട്ടത്തിന് അരങ്ങൊരുക്കാൻ മാത്രമാണ് ഇതിൽ 4.49 കോടി രൂപ. 6.12 കോടി രൂപ പബ്‌ളിസിറ്റിക്കാണ്. മറ്റ് മാദ്ധ്യമങ്ങളെ നിശബ്ദമാക്കുകയെന്ന ലക്ഷ്യത്തോടെ നീക്കിവച്ചിട്ടുള്ള ഈ തുകയിലും 80 ശതമാനവും മനോരമയ്ക്ക് തന്നെ.

അങ്ങനെ ദേശീയ ഗെയിംസ് എല്ലാം കൊണ്ടും മനോരമയുടേതാകുകയാണ്. തലസ്ഥാനത്താണ് ഗെയിംസിന്റെ പ്രധാന വേദി. അതുകൊണ്ട് തന്നെ തിരുവനന്തപുരത്തെ മാദ്ധ്യമ പ്രവർത്തകരെ ഒപ്പം നിർത്തിയേ മതിയാകൂ. അതുറപ്പിക്കാൻ പ്രസ് ക്ലബ്ബിനും ഒരു കോടി രൂപ നൽകി. നാഷണൽ ഗെയിംസിന്റെ പ്രധാന മീഡിയാ സെൽ പ്രസ് ക്ലബ്ബിന് മുകളിലാണ്. മൊത്തം എസിയിലിൽ റൂഫ് ടോപ്പിൽ പുതിയ സംവിധാനം പ്രസ് ക്ലബ്ബിനായി നിർമ്മിക്കുകയാണ് സംഘാടകർ. അങ്ങനെ മാദ്ധ്യമ സ്ഥാപനങ്ങൾക്കൊപ്പം മാദ്ധ്യമ പ്രവർത്തകർക്കും നക്കാപിച്ച ഗെയിംസ് സംഘാടകർ നൽകി.

ഇതിനിടെയിൽ മത്സരം നടക്കുന്ന സ്ഥലങ്ങളിൽ മാദ്ധ്യമ പ്രവർത്തകർക്ക് അത്യാവശ്യ സംവിധാനങ്ങൾ പോലും ഒരുക്കാൻ മറന്നു പോയെന്നും സൂചനയുണ്ട്. എന്തായാലും ട്രാഫിക് ബ്ലോക്കിനിടയിൽ ഗ്രൗണ്ടുകളിൽ നിന്ന് വിവരങ്ങൾ എടുക്കാൻ പ്രസ് ക്ലബ്ബിൽ വരേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഇതിനൊപ്പമാണ് മാനോരമയ്ക്ക് നൽകുന്ന അനധികൃത സഹായങ്ങളും വാർത്തകളിൽ നിറയുന്നത്. മനോരമ കാശ് കീശയിലാക്കുന്നത് കണ്ട കുട്ടുപ്പത്രങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്ത് തുടങ്ങിയെന്നതാണ് വസ്തുത.

ജനപങ്കാളിത്തം ഉറപ്പാക്കിയാൽ പ്രത്യേകിച്ച് ഒരു ചെലവും കൂടാതെ സംഘടിപ്പിക്കാവുന്നതേയുള്ളൂ ഈ കൂട്ടയോട്ടം. ഭരണമുന്നണിയെ പിന്തുണച്ചുപോരുന്ന മനോരമ കൂട്ടയോട്ടം സംഘടിപ്പിക്കുന്നതാകട്ടെ, സർക്കാർ സംരംഭമെന്ന് തോന്നും വിധമാണ്. പ്രോജക്ട് റിപ്പോർട്ടിൽ വാഗ്ദാനം ചെയ്തത് പോലെ ഒരു കോടി പേരെ എങ്ങനെ പങ്കെടുപ്പിക്കുമെന്ന് കണ്ടറിയണം. ഇങ്ങനെയൊക്കം വിമർശനങ്ങളുമായി മറ്റ് പത്രങ്ങളും സജീവമായിക്കഴിഞ്ഞു.

ഓരോ പോയിന്റിലും നിന്നുള്ള 'ഓട്ട'ത്തിൽ എത്രപേർ പങ്കെടുക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ജില്ലാ ആസ്ഥാനത്തെ 'മെഗാ ഓട്ട'ത്തിൽ 5000 പേർ പങ്കെടുക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്. 14 ജില്ലകളിലും കൂടി 'മെഗാ ഓട്ട'ത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം പോലും മുക്കാൽ ലക്ഷം വരില്ലെന്ന് അർത്ഥം. ഒരു കോടി തികയണമെങ്കിൽ ബാക്കിയുള്ള 6986 'മിനി ഓട്ട'ങ്ങളിൽ ശരാശരി 1420 പേർ വീതം പങ്കെടുക്കണം.

ഓരോ പോയിന്റിലും രണ്ട് ടീഷർട്ടും രണ്ട് തൊപ്പിയും ഒരു ബാനറുമാണ് നൽകുക. മറ്റ് ചെലവുകൾ സ്‌പോൺസർഷിപ്പിലൂടെ വേണം കണ്ടെത്താൻ. പഞ്ചായത്തുകളുടെയും സ്‌കൂളുകൾ അടക്കമുള്ള വിദ്യാലയങ്ങളുടെയും മറ്റ് സ്ഥാപനങ്ങളുടെയും സഹകരണത്തോടെ 7000 പോയിന്റുകളും ഉറപ്പാക്കാനാണ് തീരുമാനം. മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, വിദ്യാഭ്യാസ സെക്രട്ടറി ഷാജഹാൻ, ദേശീയ ഗെയിംസ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസർ ജേക്കബ് പുന്നൂസ് എന്നിവരുടെ കത്തുകളുടെ ബലത്തിലായിരിക്കും സഹകരണം ഉറപ്പാക്കുക. വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുമെന്ന് വിദ്യാലയ മേധാവികൾ രേഖാമൂലം ഉറപ്പ് നൽകേണ്ടതുണ്ട്. സർക്കാർ നേരിട്ട് സംഘടിപ്പിക്കുന്നതാണെന്ന മട്ടിലായിരിക്കും ഉറപ്പ് വാങ്ങുക.

ദേശീയ ഗെയിംസ് സെക്രട്ടേറിയറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കൂട്ടയോട്ടത്തിന്റെ ചുമതല മനോരമയ്ക്ക് മാത്രമായി നൽകുന്നതിനെതിരെ ശക്തമായ വിയോജിപ്പ് ഉയർന്നിരുന്നു. സംസ്ഥാന സർക്കാരിന്റെ പ്രത്യേക താത്പര്യപ്രകാരം, ഈ വിയോജിപ്പ് തള്ളിക്കളഞ്ഞുകൊണ്ടാണ് കഴിഞ്ഞ 16ന് ചേർന്ന പബ്‌ളിസിറ്റി കമ്മിറ്റിയുടെ കോർ ഗ്രൂപ്പ് യോഗം തീരുമാനം കൈക്കൊണ്ടത്.

പത്രത്തിന്റെ 11 യൂണിറ്റുകളിലെ ഡിവിഷണൽ മേധാവികളുടെ നേതൃത്വത്തിലാണ് ജില്ലാ കമ്മിറ്റികൾ രൂപീകരിക്കുക. കാസർകോട്, വയനാട്, ഇടുക്കി ജില്ലകൾ സമീപ യൂണിറ്റിന്റെ കീഴിലായിരിക്കും. കമ്മിറ്റിയെ സഹായിക്കേണ്ട ചുമതല അതത് ജില്ലാ കളക്ടർമാർക്കാണ്. ജില്ലാ കമ്മിറ്റിയുടെ കീഴിൽ നാല് മുതൽ എട്ടു വരെ സോണുകൾ പ്രവർത്തിക്കും. അവയുടെ ചുമതല പത്രത്തിന്റെ സർക്കുലേഷൻ ഇൻസ്‌പെക്ടർമാർക്കും പ്രാദേശിക ലേഖകർക്കുമാണ്. ഇതിനേയും മറ്റ് പത്രങ്ങൾ ചോദ്യം ചെയ്യുന്നു. ദേശീയ ഗെയിംസ് എല്ലാഅർത്ഥത്തിലും മനോരമാ ഗെയിംസ് ആ്‌യെന്നാണ് പരാതി.

ഈവന്റ് മാനേജ്‌മെന്റ് നൽകിയതോടെ മനോരമ മനം മാറ്റി. ഗെയിംസിന്റെ തുടക്കത്തിൽ പ്രധാന വിമർശകരായിരുന്നു മനോരമ. എന്നാൽ കോടികൾ സർക്കാർ ഖജനാവിൽ നിന്ന് മനോരമയിലേക്ക് എത്തിയതോടെ കഥമാറി. ദേശീയ ഗെയിംസിന്റെ എല്ലാം പക്കാ പക്കാ. ഗുഹവാട്ടിയിലേയും റാഞ്ചിയിലേയും ദേശീയ ഗെയിംസിന്റെ സംഘാടന മികവ് കണ്ടറിഞ്ഞ മാദ്ധ്യമ കേസരികൾ തന്നെ കേരളത്തിലെ ഗെയിംസ് വലിയ സംഭവമാകുമെന്ന് പ്രവചിച്ചു കഴിഞ്ഞു. ദേശീയ ഗെയിസിന്റെ കോടികളുടെ ഫണ്ടുപയോഗിച്ച് ക്രിക്കറ്റ് സ്‌റ്റേഡിയം നിർമ്മിക്കുന്നതു പോലും അൽഭുതകരമെന്ന് മനോരമ എഴുതി. അങ്ങനെ ഗെയിംസ് വാർത്തകളിൽ മഹാതാരമായിക്കഴിഞ്ഞു.