തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ മെഡൽപട്ടികയിൽ കേരളം രണ്ടാം സ്ഥാനത്ത് എത്തി. വനിതകളുടെ സൈക്കിളിങിൽ പോയിന്റ് റേസിങ്ങിൽ മഹിതാ മോഹൻ നേടിയ സ്വർണ്ണത്തോടെയാണ് കേരളം മെഡൽ പട്ടികിയിൽ കുതിപ്പ് നടത്തിയത്. ഇന്ന് ഇതുവരെ കേരളം മൂന്ന് സ്വർണം നേടി. 30 സ്വർണ്ണമാണ് ആതിഥേയർ ഇതുവരെ നേടിയത്. മഹിതാ മോഹന്റെ മൂന്നാം സ്വർണ്ണമാണ് ഇത്. സൈക്കിളിങ് പെർസ്യൂട്ടിലെ ടീമിനത്തിലും കേരളം സ്വർണം നേടിയിരുന്നു. കയാക്കിങ് വനിതാ വിഭാഗത്തിലും ഇന്ന് സ്വർണം നേടി.

സൈക്ലിങ് പോയിന്റ് റേസിങ് വിഭാഗം കേരളം തൂത്തുവാരുകയായിരുന്നു. ഈയിനത്തിൽ കേരളത്തിന്റെ പാർവതി വെള്ളിയും ബിസ്മി വെങ്കലവും നേടി. സൈക്കിളിംഗിൽ കേരളത്തിന്റെ അഞ്ചാം സ്വർണ്ണമാണിത്. ഇന്ന് നടന്ന കയാക്കിങ്, സൈക്ലിങ് എന്നീ ഇനങ്ങളിൽ കേരളം സ്വർണം നേടിയിരുന്നു. സൈക്ലിങ്ങിൽ ടീം പെർസ്യൂട്ട് വിഭാഗത്തിലാണ് മഹിത മോഹൻ, വി. രജനി, പാർവതി, ലിഡിയ എന്നിവരടങ്ങിയ ടീം സ്വർണം നേടിയത്.

വനിതാ വിഭാഗം കയാക്കിങ്ങിൽ അനുഷ, ട്രീസ, മിനിമോൾ, ജസ്റ്റിമോൾ എന്നിവരടങ്ങിയ ടീമാണ് കേരളത്തിനു വേണ്ടി സ്വർണം നേടിയത്. തുഴച്ചിലിൽ കേരളത്തിന്റെ ഏഴാം സ്വർണ്ണമാണ്. കൂടാതെ സൈക്ലിങ്ങിലും ജൂഡോയിലും കേരളം മെഡൽ നേട്ടം ആവർത്തിച്ചു. സൈക്ലിങ് സ്പ്രിന്റ് വിഭാഗത്തിൽ ലിഡിയമോൾ വെങ്കലവും ജൂഡോയിൽ 70 കിലോ വിഭാഗത്തിൽ ദേവീ കൃഷ്ണ വെങ്കലവും നേടി.

മെഡൽ നേട്ട്ത്തിൽ ഹരിയാനയ്ക്കും 30 സ്വർണ്ണമുണ്ട്. എന്നാൽ കുടുതൽ മെഡലുകളുടെ ആനുകൂല്യവുമായാണ് കേരളം രണ്ടാമത് എത്തിയത്. ഇനി നടക്കാനിരിക്കുന്ന അത്‌ലറ്റിക്‌സ് മത്സരങ്ങളിലും കേരളത്തിന് മുൻതൂക്കമുണ്ട്. ട്രാക്കിലെ മികവുമായി രണ്ടാം സ്ഥാനം നിലനിർത്താമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ. 68 സ്വർണ്ണമുള്ള സർവ്വീസാണ് ഒന്നാമത്. മെഡൽ നേട്ടത്തിൽ ഏറെ മുന്നിലായതിനാൽ സർവ്വീസസ് ഇതിനോടകം തന്നെ ദേശീയ ഗെയിംസ് കിരീടം ഉറപ്പിച്ചു കഴിഞ്ഞു.

മേളയിൽ രണ്ടാത് എത്താനായിൽ തന്നെ അത് കേരളത്തിന് വലിയ നേട്ടമാകും. ഇന്ന് നടക്കുന്ന അത്‌ലറ്റ്ക് മത്സരങ്ങളിൽ കരുത്ത് കാട്ടി കൂടുതൽ സ്വർണം നേടാനാകുമെന്നാണ് കേരളാ ക്യാമ്പിന്റെ പ്രതീക്ഷ. അഴിമതിയിൽ മുങ്ങിക്കുളിച്ച ഗെയിംസ് എന്ന ചീത്തപ്പേരിൽ നിന്ന് കായികതാരങ്ങളുടെ പ്രകടനമികവിൽ മുക്തി നേടാമെന്ന് സർക്കാരും വിലയിരുത്തുന്നുണ്ട്. ഇതിന് കരുത്ത് പകരുന്നതാണ് ഗെയിംസിലെ കേരളത്തിന്റെ പ്രകടനം.