തിരുവനന്തപുരം : കേരളത്തിൽ നടന്ന ദേശീയ ഗെയിംസിൽ അഴിമതി നടന്നിട്ടല്ലെന്ന് സിബിഐ കണ്ടെത്തിയെന്നത് തെറ്റായ വാദം. കേന്ദ്ര ഫണ്ടിന്റെ കണക്കുകൾ മാത്രമാണ് സിബിഐ പരിശോധിച്ചത്. അറുന്നൂറ് കോടി രൂപയുടെ മൊത്തം ഇടപാടിൽ പരിശോധന സിബിഐ നടത്തിയിട്ടില്ലെന്നാണ് സൂചന. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഓഡിറ്റിന് ശേഷമേ അക്കാര്യത്തിലേക്ക് കേന്ദ്ര അന്വേഷണ ഏജൻസി നീങ്ങു. അതിനിടെ മൊത്തം ക്രമക്കേട് ആയതിനാൽ ഓഡിറ്റ് റിപ്പോർട്ട് സമർപ്പണം ഉന്നത കേന്ദ്രങ്ങൾ വൈകിപ്പിക്കുകയാണെന്നാണ് സൂചന. കോടികളുടെ തിരിമറിക്ക് ഓഡിറ്റ് റിപ്പോർട്ടിൽ തെളിവ് കിട്ടിയിട്ടുണ്ട്. അതിനിടെ എജിയുടെ പരിശോധന തൂടങ്ങിയാൽ കള്ളക്കളികൾ ഓരോന്നോരോന്നായി പുറത്തുവരും.

ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നശേഷം എല്ലാം സിബിഐ പരിശോധിക്കും. കേന്ദ്ര ഫണ്ടിന്റെ കണക്കുകൾ മാത്രമേ സിബിഐയ്ക്ക് ലഭിച്ചിട്ടുള്ളൂ. വിശദ കണക്കുകൾ ഓഡിറ്റ് വകുപ്പിലായതിനാൽ പരിശോധിക്കാൻ കഴിഞ്ഞതുമില്ല. ഈ സാഹചര്യത്തിലാണ് അഴിമതിയിൽ അടിമുടി പരിശോധന സാധ്യമാകാത്തത്. കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നിട്ടുണ്ടാകാമെന്ന് തന്നെയാണ് പ്രാഥമിക നിഗമനം. അതിനിടെ കേന്ദ്ര ഫണ്ടിനെ കുറിച്ച് മാത്രമേ കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐയ്ക്ക് പരിശോധിക്കാൻ കഴിയൂ എന്ന വാദവും ഉയരുന്നുണ്ട്.

അതിനിടെ ഗെയിംസിനുവേണ്ടി കരാർപണികൾ ഏറ്റെടുത്തവർ പ്രതിഷേധവുമായി രംഗത്തെത്തി. കരാർ ലഭിക്കാൻ കെട്ടിവച്ച നിരതദ്രവ്യം മടക്കിനൽകാത്തതാണു കാരണം. ആകെത്തുകയുടെ 10% വരുന്ന നിരതദ്രവ്യം കോടികൾ വരും. പണം ചോദിച്ച് ഗെയിംസ് സെക്രട്ടേറിയറ്റിനെ സമീപിച്ചവരോട് ഗെയിംസ് വില്ലേജിലെ സാധനങ്ങൾ ലേലം ചെയ്തു വിറ്റശേഷം പണം നൽകാമെന്ന മറുപടിയാണു നൽകിയത്. പണത്തിനു പകരം ഗെയിംസ് വില്ലേജിലെ സാധനങ്ങൾ എടുത്തുകൊള്ളാമെന്നു കരാറുകാർ വാദിച്ചെങ്കിലും സർക്കാർ വകുപ്പുകൾക്ക് ആവശ്യമുള്ളവ ഒഴികെയുള്ളവയേ ലേലം ചെയ്യൂവെന്ന നിലപാടിലാണു ഗെയിംസ് സെക്രട്ടേറിയറ്റ്.

ഗെയിംസിന്റെ വരവുചെലവു കണക്കുകൾ പരിശോധിച്ച സംസ്ഥാന ഓഡിറ്റ് വകുപ്പ് ധനവകുപ്പിനു നൽകിയ പ്രാഥമിക റിപ്പോർട്ടിൽ ഗുരുതരമായ പിഴവുകൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ഗെയിംസ് വില്ലേജിൽ സ്ഥാപിക്കാനായി ചെമ്പിലുള്ള (കോപ്പർ) ദീപശിഖയാണു വാങ്ങാൻ തീരുമാനിച്ചത്. എന്നാൽ വാങ്ങിയതാകട്ടെ ഇരുമ്പ് ദീപശിഖയും. ചെമ്പ് ദീപശിഖയുടെ വിലകൊടുത്താണ് ഇതു വാങ്ങിയത്. റിപ്പോർട്ട് പുറത്തുവന്നതോടെ വരവുചെലവു കണക്കുകൾ പരിശോധിച്ച സംസ്ഥാന ഓഡിറ്റ് വകുപ്പും ഗെയിംസ് സെക്രട്ടേറിയറ്റും തമ്മിലുള്ള തർക്കം രൂക്ഷമായി.

ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമപ്രകാരം ഒരു വകുപ്പിൽ പരിശോധന തുടങ്ങുമ്പോൾ അതിന്റെ മേധാവിയേയും ഓഡിറ്റ് നടത്തുന്ന ഉദ്യോഗസ്ഥരെയും വിളിച്ചുകൂട്ടി എൻട്രി കോൺഫറൻസ് നടത്തണം. റിപ്പോർട്ട് നൽകുന്നതിനു മുമ്പ്, പരിശോധന നടത്തുന്ന സ്ഥാപനത്തിന്റെ മേധാവിയുൾപ്പെടെയുള്ളവരെ വിളിച്ചുകൂട്ടി റിപ്പോർട്ട് കാണിച്ച് ഒപ്പു വാങ്ങണം. മിനിട്‌സിൽ രേഖപ്പെടുത്തുകയും വേണം. ഇക്കാര്യങ്ങൾ പാലിച്ച് റിപ്പോർട്ട് സമർപ്പിച്ചാലേ നിയമസാധുത ലഭിക്കൂ. ദേശീയ ഗെയിംസിന്റെ ഓഡിറ്റിങ്ങിൽ അതു നടന്നിട്ടില്ല. 17 പേർ നടത്തിയ ഓഡിറ്റ് വിശദാംശങ്ങൾ ഡെപ്യൂട്ടി ഡയറക്ടർ പെരുമ്പാവൂരിൽവച്ച് ഏകോപിപ്പിച്ചു നൽകുകയായിരുന്നു. ഗെയിംസ് സിഇഒ. ജേക്കബ് പുന്നൂസുമായും ഇതേക്കുറിച്ചു ചർച്ചചെയ്തിട്ടില്ലെന്നാണു ഗെയിംസ് സെക്രട്ടേറിയറ്റിന്റെ നിലപാട്.