തിരുവനന്തപുരം: ദേശീയ ഗെയിംസിനെത്തിയ മഹാരാഷ്ട്ര താരം മയൂരേഷ് പവാർ (21) മരിച്ചത് വെള്ളത്തിൽ മുങ്ങിയെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. മഹാരാഷ്ട്രയുടെ നെറ്റ്‌ബോൾ താരമായ മയൂരേഷ് പവാർ ഇന്നുരാവിലെയാണ് മരിച്ചത്.

ശംഖുമുഖത്ത് കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. നെറ്റ്‌ബോൾ ടീം പരിശീലനം നടത്തുന്നതിനിടെയായിരുന്നു സംഭവമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. മയൂരേഷ് കുഴഞ്ഞു വീഴുകയായിരുന്നു എന്നാണ് സഹതാരങ്ങൾ പറഞ്ഞിരുന്നത്. താരത്തെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഹൃദയാഘാതം കാരണമാണ് മരണമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന പോസ്റ്റുമോർട്ടത്തിനുശേഷമാണ് മരിച്ചതു വെള്ളത്തിൽ മുങ്ങിയാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നത്.

രാവിലെ ഛത്തീസ്‌ഗഢുമായി നടന്ന മത്സരത്തിനുശേഷമാണ് മയൂരേഷ് കുഴഞ്ഞുവീണത്. താരത്തെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അതീവ ദുഃഖകരമായ സംഭവമാണ് ഉണ്ടായതെന്ന് കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു. സർക്കാർ ചെലവിൽ മൃതദേഹം നാട്ടിലെത്തിക്കുമെന്നും കായികമന്ത്രി അറിയിച്ചു.

മയൂരേഷ് പവാറിന്റെ മരണവാർത്തയറിഞ്ഞ് ഗെയിംസിനെത്തിയ മറ്റൊരു താരം കുഴഞ്ഞുവീണു. മഹാരാഷ്ട്രയുടെ ഹർഷിതയെന്ന താരമാണു കുഴഞ്ഞു വീണത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗെയിംസ് വില്ലേജിലെ ആശുപത്രിയിലാണ് ഹർഷിതയെ പ്രവേശിപ്പിച്ചിരിക്കുന്നത്.